ബാലിയിലെ ഗഫൂർകാക്കയുടെ വിളിപ്പേര് ഹരി – (ഡോ. പ്രമോദ് ഇരുമ്പുഴി)

Facebook
Twitter
WhatsApp
Email

ഇൻഡോനേഷ്യയിലെ ബാലിദ്വീപിലൂടെ അഞ്ച് വർഷം മുമ്പ് നടത്തിയ യാത്രയിൽ ഉണ്ടായ അനുഭവം ആണ് ഇവിടെ പറയുന്നത്.

അന്ന് ഉബുഡ് എന്ന പട്ടണത്തിലായിരുന്നു. യാത്ര ചെയ്തുകൊണ്ടിരുന്നത്.ഭക്ഷണപ്രിയരായ ഞാനും സഹയാത്രികനായ ഗിരീഷ് മാഷും (Gireesh Marengalath )ഓരോ നേരവും വ്യത്യസ്ത ഭക്ഷണങ്ങളായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. അന്ന് വൈകീട്ട് എവിടെനിന്ന് ഭക്ഷണം കഴിക്കണം എന്ന് ഒരു തെരുവിൽ നിന്ന് ചിന്തിച്ചപ്പോൾ തൊട്ടടുത്തുള്ള ഒരു ഉമ്മ (മുസ്ലിം സ്ത്രീ) നടത്തുന്ന കട കണ്ടു.കടയിൽ ആ സമയത്ത് കഴിക്കാനായി ആരും ഉണ്ടായിരുന്നില്ല. അവരെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ താത്തമാരെപ്പോലെ തോന്നി. മറ്റൊന്നും ആലോചിക്കാതെ അവിടെ കയറി. എന്താണ് കഴിക്കാനുള്ളത് എന്ന് ചോദിച്ചപ്പോൾ അവർക്ക് ഇംഗ്ലീഷറിയാത്തതിനാൽ
ഒന്നും മനസ്സിലായില്ല.ആംഗ്യഭാഷയിൽ ചോദിച്ചപ്പോൾ വിഭവങ്ങൾ ചൂണ്ടിക്കാട്ടി.വിലയും മനസ്സിലായി. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടാ
യിരുന്നെങ്കിലും ഭാഷ മനസ്സിലാകില്ലല്ലോ എന്നതിൽ വിഷമം തോന്നി.
അപ്പോഴാണ് ഒരാൾ അവിടേക്ക് വന്നത്. ഭാഗ്യം,അയാൾക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു! പിന്നീടുള്ള സംസാരത്തിൽനിന്നും താത്തയുടെ ഭർത്താവാണെന്ന് മനസ്സിലായി.പേരു ചോദിച്ചപ്പോൾ ഞെട്ടിപ്പോയി.ഹരി എന്നാണു
ത്തരം പറഞ്ഞത്. അത് ഹിന്ദുക്കളുടെ പേരല്ലേ എന്ന് സംശയിച്ചപ്പോൾ ബാലിയിൽ മുസ്ലിങ്ങളുടെ വിളിപ്പേരുകളിൽ ഹിന്ദുപ്പേരു
ണ്ടെന്ന് പറഞ്ഞു. യഥാർത്ഥ പേര് അബ്ദുൽ ഗഫൂർ ആണെന്ന് പറഞ്ഞു. മലപ്പുറം ജില്ലയിലെ മുസ്ലിം സാന്നിധ്യത്തെ കുറിച്ചും ഹിന്ദുക്കളും മുസ്ലിങ്ങളും ഇഷ്ടത്തോടെ ജീവിക്കുന്നതിനെപ്പറ്റിയുമെല്ലാം പിന്നീട് സംസാരിച്ചു. ബാലിയിലും ഹിന്ദു മുസ്ലിം വിഭാഗങ്ങൾ തമ്മിൽ ഇഷ്ടത്തോടെയാണ് ജീവിക്കുന്നത് എന്നും അങ്ങനെയാണ് വേണ്ടതെന്നും ‘ഹരികാക്ക’ ( ഗഫൂർക്ക ) പറഞ്ഞു. മലയാളത്തിൽ പ്രായം കൊണ്ട് മൂത്തവരായ മുസ്ലിങ്ങളെ കാക്ക എന്നാണ് പറയുക എന്ന് പറഞ്ഞപ്പോൾ ബാലിയിലും അങ്ങനെത്തന്നെയാണ് വിളിക്കുക എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. (താത്തകളെ മറ്റെന്തോ ആണ് വിളിക്കുക – ഗഫൂർജി പറഞ്ഞിരുന്നു – മറന്നു പോയി )
ആ സമയം എസ്.കെ.പൊറ്റക്കാടിനെ ഓർത്തുപോയി. കേരളവും ബാലിയും തമ്മിലുള്ള സമാനതകളെപ്പറ്റിയാണല്ലോ അദ്ദേഹം 1958ൽ പുറത്തിറങ്ങിയ ബാലിദ്വീപിലും പറയുന്നത്.1997ൽ ബാലിദ്വീപ് വായിച്ച അനുഭവം നേരിൽ കാണാനാണല്ലോ ഇവിടെയെത്തിയത് .കേരളവുമായുള്ള സമാനത ഭൂമിശാസ്ത്രപരമായ പ്രത്യേകത മാത്രമല്ല ഭാഷയിലും കടന്നു വന്നിട്ടുണ്ടല്ലോ എന്നാലോചിച്ചപ്പോൾ രസം തോന്നി.
ഞങ്ങൾ ബാലി സന്ദർശിച്ചത് കഴിഞ്ഞ (2019) റംസാൻ മാസത്തിൽ ആയിരുന്നു. മലപ്പുറം ജില്ലയിൽ മുസ്ലിങ്ങൾ റംസാൻ മാസത്തിൽ ഹോട്ടൽ തുറക്കാറില്ല എന്ന് പറഞ്ഞപ്പോൾ ഇൻഡോനേഷ്യൻ തലസ്ഥാന
മായ ജക്കാർത്തയിലും മറ്റും അങ്ങനെത്ത
ന്നെയാണ് ഇത് ടൂറിസ്റ്റ് സ്ഥലമല്ലേ അതുകൊണ്ടാ തുറക്കുന്നത് എന്ന് ഗഫൂർക്ക വിശദീകരിച്ചു. ഭാര്യ ഭക്ഷണം ഉണ്ടാക്കും രുചിയറിയാനായി നാവിൽ ഭക്ഷണം വെച്ച് അപ്പോൾ തന്നെ തുപ്പിക്കളയും എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ഭക്ഷണം കഴിഞ്ഞിട്ടും
അരമണിക്കൂറിലധികം സംസാരം തുടർന്നു.ബാലി നല്ല നാടാണെന്നും എന്നാലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കണമെന്നും പറഞ്ഞ് ഫോൺ നമ്പറും തന്നു. ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചപ്പോൾ കാക്കയും താത്തയും സന്തോഷത്തോടെ കൂടെ നിന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *