LIMA WORLD LIBRARY

വല്യമ്മച്ചിയും മഴയും -(ഗോപൻ അമ്പാട്ട്)

എന്റെ കപ്പടാ വല്യമ്മച്ചിയെ ഓർക്കുന്നുണ്ടോ? വല്യമ്മച്ചിക്ക് കുറേ പ്രത്യേകതകളുണ്ടായിരുന്നു. ഏഴാംക്ലാസ്സുവരെ മാത്രം പഠിച്ച ഒരാളുടെ അറിവും വിവരവുമല്ല ഉണ്ടായിരുന്നത്. പഴഞ്ചൊല്ലുകളുടെ അക്ഷയഖനിയായിരുന്നു, നല്ല ഓർമ്മയും. തൊണ്ണൂറു വയസ്സുവരെ സ്വന്തം കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യുമായിരുന്നു. സ്വയം തുണികൾ നനച്ചുണക്കി തടികൊണ്ടുള്ള ഒരു കാൽപ്പെട്ടിയിൽ അടുക്കിവെക്കും. ആ പെട്ടിക്ക് ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു.

ഈ സംഭവം നടക്കുന്നത് ഒരു ജൂൺമാസമാണ്. വല്യമ്മച്ചി വീട്ടിനുള്ളിലുള്ള കുളിമുറിയിൽ കുളിക്കില്ല… ക്ലോസറ്റ് ഇരിക്കുന്ന മുറിയിൽ കുളിക്കുവാനുള്ള മടിയാവാം. വെളിയിൽ കിണറിനോട് ചേർന്നൊരു കുളിമുറിയുണ്ട്. തൊണ്ണൂറാം വയസ്സിലും അവിടെയാണ് കുളിക്കുക. മൺസൂൺ എത്തിനോക്കുന്നൊരു ജൂൺമാസം. രാവിലെ പതിനൊന്നുമണിക്കാണ് വല്യമ്മച്ചിയുടെ കുളി. ഒരു കൈയ്യിൽ അലക്കി വെടിപ്പാക്കിയ മുണ്ടും ജമ്പറും മറുകയ്യിൽ തോർത്തും ഇഞ്ചയുമൊ ക്കെയായി വല്യമ്മച്ചി കുളിക്കാൻപോയി. എനിക്കന്ന്‌ പന്ത്രണ്ടുവയസ്സ് പ്രായം. ഞങ്ങൾ രണ്ടുമേ വീട്ടിലുള്ളു. എന്നെ വല്യമ്മച്ചിക്കു കൂട്ടിരുത്തിയിട്ട് ബാക്കിയെല്ലാവരും ഒരു കല്യാണത്തിന് പോയതാണ്.

വല്യമ്മച്ചി കുളിച്ചിറങ്ങിയപ്പോൾ ചെറിയ വെയിലുണ്ട്… കാലവർഷാരംഭത്തിൽ കാണുന്ന വിളർച്ചയുള്ള സൂര്യപ്രകാശം. ഇട്ടിരുന്ന വസ്ത്രങ്ങൾ നനച്ചു കൈത്തണ്ടയിൽ ഇട്ടിട്ടുണ്ട്. മുറ്റത്തുള്ള അഴയിൽ അവയോരോന്നായി ഉണക്കാനിട്ടു. മെല്ലെ നടന്നു വരാന്തയിൽ കയറിയപ്പോൾ ചെറിയ ചാറ്റൽ തുടങ്ങി. വല്യമ്മച്ചി തിരിഞ്ഞുനിന്ന് മുറ്റത്തേക്കുനോക്കി. വലിയ മഴക്കാറില്ല. പക്ഷേ ചാറുന്നുണ്ട്. സാവധാനം നടകളിറങ്ങി അഴയിൽനിന്നും തുണികളെടുത്തു എന്തോ പിറുപിറുത്ത് നടകൾ കയറി വരാന്തയിലെത്തി. എന്നിട്ട് തിരിഞ്ഞു മുറ്റത്തേക്ക് നോക്കി, നല്ല പ്രകാശമുള്ള വെയിൽ, ഒരു രണ്ടുമിനിറ്റ് വല്യമ്മച്ചി അവിടെ നിന്നു. മഴപെയ്യാൻ സാദ്ധ്യതയുണ്ടോ എന്നുനോക്കി. ഇല്ല… നല്ല വെയിലാണ്… വീണ്ടും അല്പം ആയാസപ്പെട്ടു നടകളിറങ്ങി അഴയിൽ തുണികൾ വിരിച്ചു. അവസാനത്തെ തുണിയിട്ടതും മഴചാറാൻ തുടങ്ങി. വല്യമ്മച്ചി അല്പം അസഹ്യതയോടെ മുകളിലേക്കു നോക്കി, എന്നിട്ട് അടുത്ത വീട്ടിലുള്ള ഒരു ബന്ധുവിനോടു ചോദിക്കുന്ന സ്വാതന്ത്ര്യത്തിൽ ചോദിച്ചു
” ദൈവമേ! തരവഴിയാണല്ലോ കാണിക്കുന്നത്!

അകത്തെ മുറിയുടെ ജനാലയിലൂടെ ഇത് കണ്ടുകൊണ്ടിരുന്ന ഞാൻ ചിരിച്ചു ചിരിച്ചു നിലത്തു വീണു.ഞാൻ ജീവിതത്തിൽ ഇത്രയും ചിരിച്ച മറ്റൊരവസരം ഉണ്ടെന്നുതോന്നുന്നില്ല

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px