ലല്ലുക്കരടിക്ക് ഭക്ഷണത്തിനോട് വലിയ ആർത്തിയാണ്..രാവിലഅമ്മ കൊടുക്കുന്ന ഭക്ഷണമെല്ലാംവയറു നിറച്ച് കഴിച്ച് അവൻ കിടന്നുറങ്ങും. ഉറക്കമുണരുമ്പോൾ അവൻ അയൽപക്കത്തുള്ള മൃഗങ്ങളുടെയെല്ലാം വീടുകളിൽ കയറിച്ചെല്ലും.ആദ്യമൊക്കെ അയൽക്കാർ സ്നേഹത്തോടെ അവനെ സ്വീകരിച്ച് ഭക്ഷണം നൽകുമായിരുന്നു .പിന്നീടത് പതിവായപ്പോൾ എല്ലാവർക്കുംഅവനൊരു ശല്യമായി മാറി.
ഏതെങ്കിലും വീട്ടിൽ
പ്രത്യേകമായി എന്തെങ്കിലും വിഭവം തയ്യാറാക്കിയാൽ മണം പിടിച്ച് ലല്ലു അവിടെയെത്തും.
“ദേ ,ആ പെരുവയറൻ ലല്ലുക്കരടി വരുന്നുണ്ട്.ആഹാരം ഉണ്ടാക്കിയതെല്ലാംഎടുത്തു മാറ്റിക്കോ.നമുക്കാർക്കും ഒരു തരി പോലും ബാക്കിവയ്ക്കാതെ അവനതെല്ലാം ശാപ്പിടും.”ചിഞ്ചുകുരങ്ങന്റെ വീട്ടിൽ ചെന്നപ്പോൾ
അവൻ അമ്മയോട് വിളിച്ചു പറയുന്നത് കേട്ടിട്ടും
ലല്ലുവിന് ഒരു നാണക്കേടും തോന്നിയില്ല. വീട്ടിലുള്ളവരുടെ സമ്മതമൊന്നും നോക്കാതെ
അവൻ അടുക്കളയിൽ കയറി അവിടെയുണ്ടാക്കിയ
ആഹാരത്തിന്റെ നല്ലൊരു പങ്കും എടുത്ത് ഭക്ഷിച്ചു.ദേഷ്യം വന്ന ചിഞ്ചുക്കുരങ്ങൻ കയ്യിൽ
കിട്ടിയ പന്തെടുത്ത് അവനൊരു ഏറു കൊടുത്തു.
“നമ്മുടെ വീട്ടിൽ അമ്മ നിനക്ക് ആവശ്യത്തിന് ഭക്ഷണം നൽകുന്നുണ്ടല്ലോ.മറ്റു വീടുകളിൽ ആവശ്യമില്ലാതെ കയറിച്ചെല്ലുന്നതും .ഭക്ഷണം ആവശ്യപ്പെടുന്നതും ശരിയല്ല.ജീവിതത്തിൽ ചില മര്യാദകളും ,ചിട്ടകളുമെല്ലാം പാലിക്കേണ്ടതുണ്ട്.അല്ലെങ്കിൽ മറ്റുള്ളവർ
നിന്നെ വെറുക്കും”.ലാലിക്കരടി പറഞ്ഞു.
“ദൊപ്പു അണ്ണാൻ ഉണ്ടാക്കുന്ന മാമ്പഴക്കറിക്ക്
എന്തു രുചിയാണെന്നോ.ചിപ്പു മുയലിന്റെ
അമ്മ ഇന്നലെ തയ്യാറാക്കിയ ക്യാരറ്റ് പായസത്തിന്റെ സ്വാദ് ഓർക്കുമ്പോഴേ വായിൽ
വെള്ളമൂറുന്നു “കൊതിയോടെ അവൻ നാവു നീട്ടി
നുണഞ്ഞു.അമ്മയുണ്ടാക്കുന്നതിലും രുചിയുള്ള ഭക്ഷണങ്ങൾ അടുത്ത വീടുകളിൽ ഉണ്ടാക്കുന്നുണ്ട്.
കുറച്ച് എനിക്കു കൂടി നൽകിയാൽ അവർക്കെന്താണ് കുഴപ്പം.”ലല്ലു തർക്കിക്കും.
പാവം ,അമ്മ അവനോട് പറഞ്ഞു മടുക്കും.മകനെ
നല്ല ശീലങ്ങൾ പഠിപ്പിച്ച് കൊടുക്കാത്തതിൽ എല്ലാ
മൃഗങ്ങളും ലാലിക്കരടിയെ കുറ്റപ്പെടുത്തി.
അങ്ങനെയിരിക്കെ ലാലിക്കരടിക്ക് കലശലായ
പനി വന്നു. സുഖമില്ലാതെ വന്നപ്പോൾ
ലല്ലുവിന് ആഹാരം തയ്യാറാക്കുവാൻ അമ്മക്ക്
കഴിഞ്ഞില്ല.വിശന്ന് വലഞ്ഞ് ലല്ലു ചിഞ്ചുക്കുരങ്ങന്റെ വീട്ടിനടുത്തെത്തി.
ലല്ലു ദൂരെ നിന്നും വരുന്നത് കണ്ട ചിഞ്ചുക്കുരങ്ങൻ വാതിൽ കൊട്ടിയടച്ചു.
“ചിഞ്ചു വാതിൽ തുറക്ക്. അമ്മക്ക് സുഖമില്ലാത്തത്
കൊണ്ടാണ് ഞാനിന്ന് ഭക്ഷണത്തിനായി വന്നത്. ഇനിയൊരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല.”ലല്ലു കരഞ്ഞു പറഞ്ഞെങ്കിലും ചിഞ്ചു കതക് തുറന്നില്ല.
അയൽപക്കത്തുള്ള എല്ലാ വീടുകളിലും ചെന്ന്
അവൻ കതകിനു മുട്ടിയെങ്കിലും ആരും അവനെ
ശ്രദ്ധിച്ചില്ല.
ലല്ലു കരഞ്ഞു തളർന്ന് ഒരു മരച്ചുവട്ടിൽ ഇരിക്കുന്നത് ജനാലയിലൂടെ ചിഞ്ചുക്കുരങ്ങൻ
കണ്ടു. ലല്ലു പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കിയ ചിഞ്ചുക്കുരങ്ങന് താൻ ചെയ്ത
പ്രവൃത്തിയോർത്ത് കുറ്റബോധം തോന്നി.
അവൻ ലല്ലുവിനും ,അമ്മക്കും വേണ്ട ഭക്ഷണം
കൊണ്ടുക്കൊടുത്തു..
“ലല്ലൂ ,ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ എപ്പോഴും
മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാൽ ഒരാവശ്യം വരുമ്പോൾ
ആരും കാണുകയില്ലെന്ന്.നമ്മുടെ വീട്ടിൽ ഉള്ള സൗകര്യങ്ങളിൽ ജീവിക്കുവാൻ അറിയണം.പാചകവും ,വീട്ടിലെ
ജോലികളുമെല്ലാം കുട്ടികളും പഠിക്കണം.”ലാലിക്കരടി ഉപദേശിച്ചു.
“അമ്മ പറഞ്ഞത് ശരിയാണ്. ഭക്ഷണം തയ്യാറാക്കുവാൻ’ പഠിച്ചിരുന്നെങ്കിൽ എനിക്ക്
ഇന്ന് ബുദ്ധിമുട്ട് ഉണ്ടാകുകയില്ലായിരുന്നു.സ്വന്തം
വീട്ടിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്തിപ്പെടാതെ നടന്നത് കൊണ്ട് മറ്റുള്ളവർ
വെറുക്കുകയും ചെയ്തു. ഇനി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എല്ലാ കാര്യങ്ങളും സ്വയം
ചെയ്ത് ശീലിക്കാം.”ലല്ലുവിന് വന്ന മാറ്റത്തിൽ
അമ്മക്കരടിക്ക് വലിയ സന്തോഷമായി.
അവൻ അമ്മയെ ജോലികളിലെല്ലാം സഹായിക്കുകയും ,എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്
പഠിക്കുവാൻ ഉത്സാഹം കാണിക്കുകയും ചെയ്തു.അതോടെ ഭക്ഷണത്തോടുള്ള
ആർത്തി മാറി അവൻ മിടുക്കനായി.
“നിന്നെ ഇപ്പോൾ വീട്ടിലേക്കൊന്നും കാണാറേയില്ലല്ലോ ലല്ലൂ. “ചിഞ്ചുക്കുരങ്ങനും ,അമ്മയും ലാലിക്കരടിയുടെ
രോഗവിവരം അന്വേഷിച്ച് അവരുടെ വീട്ടിൽ ചെന്നു.
“നിങ്ങളെയെല്ലാം ശല്യപ്പെടുത്തിയതിൽ എനിക്ക് മാപ്പു നൽകണം.
മറ്റുള്ളവരെ ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുതെന്ന്
ഞാൻ മനസ്സിലാക്കി.കൂടാതെ സ്വന്തം കാര്യങ്ങൾ
സ്വയം ചെയ്ത് ശീലിക്കുവാനും തുടങ്ങി” ലല്ലു
പറയുന്നത് കേട്ട് ചിഞ്ചുക്കുരങ്ങനും ,അമ്മക്കും
സന്തോഷമായി. ലല്ലു അവർക്ക് തേൻ കൊണ്ട് തയ്യാറാക്കിയ പലഹാരം നൽകി.
“നല്ല സ്വാദുള്ള പലഹാരം”ചിഞ്ചുവിന്റെ അമ്മ
അവനെ അഭിനന്ദിച്ചു.
തനിക്ക് കഴിയുന്ന സഹായങ്ങൾ മറ്റു മൃഗങ്ങൾക്കും ,പക്ഷികൾക്കും ലല്ലു ചെയ്തു കൊടുത്തു.ലല്ലുവിന്റെ നന്മകൾ തിരിച്ചറിഞ്ഞ
എല്ലാവരും അവനെ സ്നേഹിച്ചു.
About The Author
No related posts.