ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേര്‍ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകള്‍ എടുക്കുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു.
അല്പം അകലെ കുറെപ്പേര്‍ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്‌നാനം, ജീവിതത്തില്‍ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളില്‍ നിന്നും മോചനം നല്‍കി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും.
ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ…
ഗംഗയില്‍ മുങ്ങി നിവരുമ്പോള്‍ ഹൃദയത്തില്‍ വന്നു നിറയുന്ന ആത്മീയമായ അനുഭൂതി…
ഗംഗയെത്തഴുകിയെത്തുന്ന കുളിര്‍കാറ്റ് മനസ്സിനുള്ളലെ ശാന്തിയുടെ തീരങ്ങളെ തഴുകിത്തലോടുമ്പോള്‍ ഹൃദയത്തില്‍ നിറയുന്ന .ആനന്ദം….
എല്ലാമെല്ലാം ഗംഗയുടെ ഓളങ്ങളിലെ പാദസ്പര്‍ശത്തില്‍ നിന്നു തന്നെ എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെല്ലെ മെല്ലെ ആ കുളിര്‍ ജലത്തില്‍ മുങ്ങിത്താഴുമ്പോള്‍ കൈയ്യില്‍ ചിതാഭസ്മകലശമുണ്ടായിരുന്നു.
പൂജാരിയുടെ ക്രീയകള്‍ക്കു ശേഷം വേണം അതു നിമഞ്ജനം ചെയ്യുവാന്‍… ഒന്നു മുങ്ങി നിവര്‍ന്ന ശേഷം കരയില്‍ നിരനിരയായി നിവര്‍ത്തി വച്ചിരിക്കുന്ന ബലിക്കൂടകളിലൊന്നില്‍ ചെന്നിരുന്നു.
മുന്നിലെ പൂജാരിയുടെ നിര്‍ദ്ദേശമനുസരിച്ച് ബലിയിടല്‍ കര്‍മ്മം ആരംഭിച്ചു. ആദ്യം പിതൃക്കള്‍ക്കു വേണ്ടിയുള്ള ക്രീയകള്‍,
മൂന്നുവട്ടം ഗംഗയില്‍ മുങ്ങി നിവര്‍ന്ന് തിരികെയെത്തുമ്പോള്‍, ആദ്യം അമ്മയ്ക്കുവേണ്ടി… പിന്നീട് നരേട്ടന്… ഏറ്റവും ഒടുവില്‍ രാഹുല്‍മോന്…
എല്ലാ പേര്‍ക്കും പൂജാരിയുടെ നിര്‍ദ്ദേശമനുസരിച്ച് ദര്‍ഭയണിഞ്ഞ് ചോറ്, എള്ള്, പൂവ് എന്നിവ സമര്‍പ്പിച്ച് തൊഴുതു. പിന്നീട് മൂന്നും കൂടി കൈകളില്‍ വാരിയെടുത്ത് ഗംഗയില്‍ താഴ്ത്തി മുങ്ങി നിവര്‍ന്നു. ചിതാഭസ്മകലശത്തിലും പൂജാരി ക്രീയകള്‍ ചെയ്തിരുന്നു.
ഒടുവില്‍ അത് ഗംഗയുടെ ഓളങ്ങളില്‍ ഒഴുക്കി വിടുമ്പോള്‍ മനസ്സ് നിയന്ത്രണം വിട്ട്‌കേണു. അമ്മേ… ഈ മകള്‍ക്ക് മുക്തി തരൂ… എല്ലാ പാപങ്ങളില്‍ നിന്നും, ജനിമൃതികളില്‍ നിന്നും മുക്തി…
ഒഴുകുന്ന കണ്ണീര്‍ ഗംഗയുടെ ഓളങ്ങളിലലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഹൃദയ ശുദ്ധി കൈവന്ന പോലെ മനസ്സു ശാന്തമായപ്പോള്‍ ഇരുകൈകളും കൂപ്പിത്തൊഴുതു.
”അമ്മേ… ഗംഗേ… ഇനിയുമൊരിയ്ക്കല്‍ കൂടി പാപങ്ങള്‍ ചെയ്യാനിട വരുത്തരുതേ… അറിയാതെ ചെയ്തു പോയ പാപകര്‍മ്മങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ജന്മം ഞാന്‍ അവിടത്തെ മാറില്‍ ഹോമിക്കും. ഇതുറപ്പ്…
ഞാന്‍ അറിയാതെ മുന്നോട്ടു പോകുന്നതു കണ്ട് അരുണ്‍ പരിഭ്രമത്തോടെ വിളിച്ചു.
”അരുത് മാഡം… മുന്നോട്ടു നീങ്ങിയാല്‍ ആഴമുണ്ട്… മുങ്ങിപ്പോകും…’
ഹൃദയത്തിന്റെ ഏതോ പ്രേരണ കൊണ്ടാണെന്നു തോന്നുന്നു, അറിയാതെ കാലുകള്‍ മുന്നോട്ടു നീങ്ങിയത് അറിഞ്ഞില്ല. ഒരാത്മഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണര്‍ന്നുവോ? ആവോ?… എനിക്കറിയില്ല.
മുന്നോട്ടു ചലിച്ച കാലുകളെ പിന്‍വലിച്ച് കരയിലേയ്ക്കു കയറുമ്പോള്‍ ഭയചകിതനായി നില്‍ക്കുന്ന അരുണിനെ കണ്ടു. ഒരു വിളറിയ ചിരിയോടെ പറഞ്ഞു.
”അരുണ്‍ വല്ലാതെ ഭയന്നു എന്നു തോന്നുന്നു. ശരിയാണ് അരുണ്‍… അറിയാതെ ഒരു ആത്മാഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണര്‍ന്നുവോ എന്ന് സംശയം..സകലപാപസംഹാരിണിയായ ഗംഗ… ജനി-മൃതികളില്‍ നിന്നുള്ള മോക്ഷപ്രാപ്തി… ഇതൊക്കെയല്ലെ ഇവിടെ മരിച്ചാല്‍ നമുക്കു ലഭിക്കുക. അങ്ങിനെ ഒരു മോഹം ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സിലുണര്‍ന്നുവെന്നു തോന്നുന്നു…’
പിന്നീട് സ്തംഭനായി നില്‍ക്കുന്ന അരുണിനെ നോക്കി സാന്ത്വനിപ്പിക്കും മട്ടില്‍ പറഞ്ഞു.
”പേടിയ്‌ക്കേണ്ട അരുണ്‍… ആ ഒരു നിമിഷത്തിന്റെ പ്രേരണയെ ഞാന്‍ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് മോക്ഷപ്രാപ്തി ലഭിക്കേണ്ടത് ഈ ജന്മത്തിലെ തന്നെ പാപപരിഹാര കര്‍മ്മങ്ങളിലൂടെയാണ്. അത് ഞാന്‍ ജീവിച്ചു തന്നെ നേടണം…’
എന്റെ വാക്കുകളിലെ സത്യസന്ധത ബോധ്യമായിട്ടെന്നവണ്ണം അരുണ്‍ ആശ്വാസ നിശ്വാസങ്ങളുതിര്‍ക്കുന്നതു കണ്ടു. പെട്ടെന്ന് ദശാശ്വമേധഘട്ടിലെ പടിക്കെട്ടുകള്‍ കയറിക്കൊണ്ട് അരുണ്‍ പറഞ്ഞു.
”വരൂ… മാഡം നനഞ്ഞ വസ്ത്രങ്ങളോടെ നില്‍ക്കണ്ട. നമുക്ക് ഇവിടെയെവിടെ യെങ്കിലും റൂം കിട്ടുമോ എന്നന്വേഷിക്കാം. സൂര്യോദയം കാണാനുള്ള ധൃതിയില്‍ ഇങ്ങോട്ടു പോരുമ്പോള്‍ റൂമിനെക്കുറിച്ച് അന്വേഷിക്കാന്‍ പറ്റിയില്ല. ഇനിയിപ്പോള്‍ ആരൊടെങ്കിലും ചോദിച്ചു നോക്കാം. ഇവിടെ നല്ല ഹോട്ടല്‍ എവിടെയാണുള്ളതെന്ന്…’
ദശാശ്വമേധഘട്ടില്‍ നിറയെ ബനാറസ് സില്‍ക്ക് സാരിക്കടകളും മറ്റു വ്യാപാര ശാലകളും ഉണ്ടായിരുന്നു. അവിടെ ഒരു കടയില്‍ക്കയറി അരുണ്‍ ”ഇവിടെ എവിടെയാണ് നല്ല താമസസ്ഥലം ഉള്ളതെന്ന്” ഹിന്ദിയില്‍ അന്വേഷിച്ചു.
”നല്ല ഹോട്ടലുകളെല്ലാം മിക്കവാറും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. അടുത്തു തന്നെ ഒരു നല്ല സത്രമുണ്ട്. നിങ്ങള്‍ക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് അവിടെ തങ്ങാം…’
കടയുടമ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. പോകുമ്പോള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. ശാന്തമായി ഒഴുകുന്ന ഗംഗ… മുകള്‍പ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബലിശിഷ്ടമായ അരിയും, പൂവും പിന്നെ നിരവധി തോണികളും… തോണിയില്‍ വിദേശികളും, സ്വദേശികളുമായ നിരവധി യാത്രക്കാര്‍… അരുണ്‍ സ്വന്തം ക്യാമറയില്‍ ഗംഗയുടെ ആ മനോഹര ചിത്രം ഒതുക്കുവാന്‍ ശ്രമിച്ചു കൊണ്ട് ദശാശ്വമേധഘട്ടിന്റെ പടവുകളൊന്നില്‍ നിന്നു.പിന്നെ എന്നോടൊപ്പം ചേര്‍ന്ന് നടന്നു തുടങ്ങി.
വഴിയരികില്‍ അപ്പോള്‍ കണ്ട സൈക്കിള്‍ റിക്ഷകളൊന്നില്‍ കയറിക്കൊണ്ട് അരുണ്‍ സത്രത്തിന്റെ പേരു പറഞ്ഞു. അപ്പോഴേയ്ക്കും സൂര്യവെളിച്ചം പൂര്‍ണ്ണമായി ഭൂമിയിലെത്തിത്തുടങ്ങിയിരുന്നു.
വാഹനങ്ങളും ജനങ്ങളും കൊണ്ട് നിബിഢമായ നിരത്തിലൂടെ വൃദ്ധനായ ആ റിക്ഷാക്കാരന്‍ ഞങ്ങളേയും കൊണ്ട് പാഞ്ഞു.
വഴിയരികില്‍ പലയിടത്തും, പശുക്കളേയും കാളകളേയും പട്ടികളേയും കണ്ടു. ഇവയെല്ലാം അവിടെ യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു.
ഞങ്ങള്‍ സത്രത്തിലെത്തി നനഞ്ഞ വസ്ത്രങ്ങള്‍ മാറിയുടുത്തു. അതു കഴിഞ്ഞ് സത്രത്തില്‍ നിന്നു തന്നെ ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചു. വീണ്ടും വൈകുന്നേരം ഗംഗാസ്‌നാനം ചെയ്ത് വിശ്വനാഥക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ഗംഗാസ്‌നാനം, മനസ്സിനെ എന്ന പോലെ ശരീരത്തിനും വിശുദ്ധി നല്‍കിയിരുന്നു.
ആ വിലയ ക്ഷേത്രത്തിനു ചുറ്റും നടന്നു കണ്ടു. പിന്നെ ഭൈരോ നാഥ ക്ഷേത്രത്തിലെത്തി. ഭൈരോ നാഥില്‍ കാലഭൈരവ പ്രതിഷ്ഠയാണുള്ളത്. ഭൈരവന്റെ വാഹനമായ നായയുടെ പ്രതിമയും അവിടെ കണ്ടു. അപ്പോള്‍ മനസ്സിലോര്‍ത്തു. ഇവിടെയുള്ളവര്‍ വെറുതെയല്ല നായയെ യഥേഷ്ടം അലയാന്‍ വിട്ടിരിക്കുന്നത്. ഈ ക്ഷേത്രത്തില്‍ അതിനേയും പൂജിക്കുന്നുണ്ടല്ലോ.
ചുറ്റമ്പലത്തിലെ നവഗ്രഹങ്ങള്‍, ഗണപതി, പാര്‍വ്വതി, രാധാകൃഷ്ണന്മാര്‍ എന്നിവരേയും തൊഴുതു. അപ്പോള്‍ ആരോ പറഞ്ഞു.
”ഇവിയെത്തി ഒരു ദര്‍ശനം കൊണ്ടു മാത്രം പല ജന്മങ്ങളിലേയും പാപം ഇല്ലാതാകും.”
മരണശേഷം നരകത്തില്‍ ചെല്ലുമ്പോള്‍ കഠിനവേദന നല്‍കി, ലൗകീക ജീവിതത്തിലെ പാപകര്‍മ്മങ്ങളുടെ കണക്കു തീര്‍ക്കുന്ന കാലഭൈരവന്‍…. വെള്ളിയില്‍ തീര്‍ത്ത കൊമ്പന്‍ മീശയുള്ള ഭൈരവ പ്രതിഷ്ഠ തൊഴുതു നില്‍ക്കുമ്പോള്‍ ഇഹലോകത്തിലെ എല്ലാപാപങ്ങളും, സംസാര ഭയവും ഇല്ലാതാകുന്നതു പോലെ തോന്നി. ഇവിടെ വന്നു തൊഴുതില്ലെങ്കില്‍ അതു വലിയ നഷ്ടമാകുമായിരുന്നു എന്നു മനസ്സു പറഞ്ഞു.
പൂജാരി നല്‍കിയ ഭസ്മം നെറ്റിയിലണിഞ്ഞ് തിരിച്ചു നടക്കുമ്പോള്‍ മനസ്സ് സംതൃപ്തിയോടെ മന്ത്രിച്ചു. അറിഞ്ഞോ, അറിയാതെയോ ചെയ്ത എല്ലാ പാപഭാരവും ഇവിടെ ഇറക്കി വച്ച്, ശൂന്യമായ മനസ്സോടെ ഞാന്‍ യാത്ര തുടരട്ടെ…
സത്രത്തിലെത്തി വിശ്രമിച്ച ശേഷം ഞങ്ങള്‍ മണികര്‍ണ്ണികയിലേയ്ക്ക് യാത്ര പുറപ്പെട്ടു. മനുഷ്യന്‍ എത്ര നിസ്സാരനെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നിടം. പലതും വെട്ടിപ്പിടിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ ഒടുവില്‍ വെറും മാംസ പിണ്ഡമായി, ചാരമായി ഇവിടെ അവശേഷിക്കുന്നു.
പലപ്പോഴും പാതി ദഹിച്ച ശരീരമായി പുഴയില്‍ ഒഴുകി നടക്കുന്നു. അല്ലെങ്കില്‍ നായ്ക്കള്‍ക്ക് ആഹാരമായിത്തീരുന്നു. ഇവിടെ വിലയില്ലാത്ത ഒന്ന് മനുഷ്യന്‍ മാത്രമാണെന്ന് തോന്നിപ്പോകുന്നു.
എങ്കിലും ലൗകിക ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളും അനുഭവിച്ച് ഒടുവില്‍ മരണത്തെ പുല്‍കുവാനായി മാത്രം മനുഷ്യന്‍ ഇവിടെയെത്തുന്നു.
എല്ലായ്‌പ്പോഴും നിരവധി മനുഷ്യ ശരീരങ്ങള്‍ ദഹിപ്പിക്കുന്നതിനാല്‍ മണികര്‍ണ്ണികയുടെ ആകാശം പുകപടലങ്ങളാല്‍ കറുത്തിരുണ്ടിരിക്കും. ഹരിശ്ചന്ദ്രഘട്ടിലും ശവങ്ങള്‍ ദഹിപ്പിക്കുന്നതു കണ്ടു. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ എല്ലാം ദൂരെ നിന്നു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ആ കാഴ്ച തന്നെ മനസ്സിനെ മരവിപ്പിക്കുന്നതായി തോന്നി.
പുണ്യം തേടി കാശിയിലെത്തുന്നവരുടെ അന്ത്യവിശ്രമ സ്ഥലം, ഹൃദയത്തില്‍ അസ്വസ്ഥത പടര്‍ത്തി. അതുവരെ മനസ്സില്‍ നിറഞ്ഞു നിന്ന പ്രശാന്തത എങ്ങോ മറയുന്നതു പോലെ. ഒരിക്കല്‍ കൂടി ജീവിത നൈരാശ്യത്തിന്റെ പടുകുഴിയിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നതു പോലെ…
മോക്ഷപ്രാപ്തിയ്ക്ക് വെമ്പുന്ന ഒരു വൈരാഗിയുടെ ഭാവം എന്നില്‍ പടരുന്നതു കണ്ടാകാം, ഒരിക്കല്‍ കൂടി രാവിലത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന് ഭയന്ന് അരുണ്‍ പറഞ്ഞു.
”വരൂ…. മാഡം .അധിക സമയം ഇവിടെ നില്‍ക്കണ്ട. മാഡത്തിന്റെ മനസ്സു ശരിയല്ല. നമുക്ക് ദശാശ്വമേധാഘട്ടിലേയ്ക്കു പോകാം. അവിടെ സന്ധ്യയ്ക്ക് ഗംഗാ മാതാവിനര്‍പ്പിക്കുന്ന ആരതി ഉണ്ട്. അതില്‍ പങ്കെടുത്തു കഴിയുമ്പോള്‍ മനസ്സിന്റെ എല്ലാ മ്ലാനതയും അകലും. ഹൃദയം ശാന്തമാകും…’
ഞങ്ങള്‍ എത്രയും വേഗം അവിടെ നിന്നും മടങ്ങി. ദശാശ്വമേധഘട്ടിലെത്തി അരുണ്‍ പറഞ്ഞതു പോലെ സന്ധ്യയ്ക്കുള്ള ഗംഗാമാതാവിനുള്ള ആരതിയില്‍ പങ്കെടുത്തു. ആ ദീപാരാധനയില്‍ പങ്കെടുത്തു കഴിഞ്ഞപ്പോള്‍ ഹൃദയം പഴയതു പോലെ ശാന്തമായി. ഭക്തിയുടെ ആ പരിവേഷത്തില്‍ എല്ലാ ദുഃഖങ്ങളും ഓടിയൊളിച്ചു. അതുവരെയനുഭവിക്കാത്ത ഏതോ ആനന്ദം മനസ്സിനെ പുല്‍കി.
ആരതി കഴിഞ്ഞ് പ്രസാദവും വാങ്ങി രാത്രിയോടെ സത്രത്തിലെത്തി. അപ്പോള്‍ അരുണ്‍ പറഞ്ഞു,
”ഞാന്‍ തിരിച്ചുള്ള യാത്രയ്ക്ക് ഫ്‌ളൈറ്റ് ബുക്കു ചെയ്തു കഴിഞ്ഞു. ഇനിയുമൊരു ട്രെയിന്‍ യാത്ര മാഡത്തിനെ വല്ലാതെ ക്ഷീണിപ്പിക്കും.”
ആ വാക്കുകളില്‍ ഒരു മകന്റെ കരുതല്‍ നിറയുന്നത് ഞാന്‍ കണ്ടു.
ഓട്ടോയില്‍ തിരിച്ചു പോരുമ്പോള്‍ അരുണ്‍ ഓര്‍മ്മിപ്പിച്ചു.
”മാഡത്തിന് ഷോപ്പിംഗ് വല്ലതുമുണ്ടെങ്കില്‍ ആവാം… യാത്രയ്ക്ക് ഇനിയും സമയമുണ്ട്…’
തെരുവുകളിലെ ഹാന്‍ഡിക്രാഫ്റ്റ്‌സ് ഷോപ്പുകളില്‍ കയറിയിറങ്ങി.
ബനാറസ് സാരികള്‍ വില്‍ക്കുന്ന ചില കടകളിലും വിലപേശി ഒന്നു രണ്ടു സാരികള്‍ വാങ്ങി. ഒന്ന് അരുന്ധതിയ്ക്കും പിന്നൊന്ന് എനിക്കും എന്ന് മനസ്സില്‍ കണ്ടു.
ഹാന്‍ഡി ക്രാഫ്റ്റ്‌സ് കടയില്‍ നിന്ന് ഒരു ആനയെ വാങ്ങി അരുണിനു സമ്മാനിക്കുമ്പോള്‍ പറഞ്ഞു.
”ഇത് എന്നും കേരളത്തെ ഓര്‍മ്മിക്കുവാന്‍ എന്റെ വക സമ്മാനം.” അരുണ്‍ അതുവാങ്ങി സന്തോഷത്തോടെ പറഞ്ഞു.
”കേരളം എന്റെ മാതൃഗേഹമാണ്. ഈ ആനയെക്കാണുമ്പോള്‍ ഞാന്‍ കേരളത്തിനെ മാത്രമല്ല, മാഡത്തിനെയും എന്നും ഓര്‍മ്മിക്കും. കേരളത്തില്‍ തൃശൂര്‍ പൂരത്തിനെപ്പറ്റി ഞാന്‍ ധാരാളം കേട്ടിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ പോകും. പൂരം കാണാന്‍ .മിക്കവാറും അടുത്തു തന്നെ.”
അരുണ്‍ അങ്ങിനെ പറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അപ്പോള്‍ ലോകത്തില്‍ എവിടെ ജനിച്ചാലും ഏതു സംസ്‌കാരം ഉള്‍ക്കൊണ്ടാലും, സ്വന്തം തായ്‌വേരുകള്‍ തേടിപ്പോകുന്ന മനുഷ്യന്റെ സഹജ സ്വഭാവത്തെ അവന്‍ ഓര്‍മ്മിപ്പിച്ചു.
അപ്പോഴേയ്ക്ക് വിശപ്പധികരിച്ചതിനാല്‍ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചു. പിന്നീട് എയര്‍പോര്‍ട്ടിലേയ്ക്ക് ധൃതിയില്‍ യാത്ര തിരിക്കുമ്പോള്‍ എങ്ങിനെയും സ്വന്തം കൂടണയാനുള്ള ധൃതിയായിരുന്നു.
ഫ്‌ളൈറ്റില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ തിരിച്ചെത്തി.
ഓട്ടോയില്‍ സ്വന്തം വാസസ്ഥലത്തേയ്ക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ അതുവരെയില്ലാത്ത ഒരു ശാന്തതയും ആനന്ദവും നിറഞ്ഞിരുന്നു. ഏതോ പുണ്യ സഥലങ്ങളില്‍ തപസ്സു കഴിഞ്ഞെത്തിയ ഒരു യോഗിയുടെ നിസംഗതയും. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാമേട്ടന്‍ പടിയ്ക്കല്‍ തന്നെ ഉണ്ടായിരുന്നു.
”എങ്ങിനെയുണ്ടായിരുന്നു മാഡം കാശിയാത്ര… മനസ്സിന്റെ വിഷമങ്ങള്‍ കുറെയൊക്കെ മാറിയില്ലെ?…’
രാമേട്ടന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
”വിഷമങ്ങള്‍ മാറി എന്നു മാത്രമല്ല, ഇതുവരെയില്ലാത്ത ഒരു ശാന്തിയും, ആനന്ദവും അനുഭവപ്പെടുന്നു. ഒരു പുനര്‍ജന്മം കൈവന്നതു പോലെ.”
എന്റെ മറുപടി രാമേട്ടനെ സംതൃപ്തനാക്കി എന്നു തോന്നി. അദ്ദേഹം ഭക്തിയില്‍ ലയിച്ചെന്ന പോലെ മുകളിലേയ്ക്കു നോക്കി ഒരു യോഗിയെപ്പോലെ പറഞ്ഞു തുടങ്ങി.
”സര്‍വ്വം സഹയായ ഗംഗാ മാതാവിനു മാത്രമേ ഇത്തരമൊരനുഭൂതി മനുഷ്യനു നല്‍കാനാവുകയുള്ളൂ. സര്‍വ്വപാപഹാരിണിയും, സര്‍വ്വ ദുഃഖശമനകാരിയുമായ ഗംഗാ മാതാവ് സാക്ഷാല്‍ വിശ്വനാഥന്റെ ജടയില്‍ നിന്നുമല്ലെ ഉത്ഭവിക്കുന്നത്. പുണ്യവതിയായ ആ അമ്മയെ നമിക്കുകയും, ആ നദിയില്‍ മുങ്ങിക്കുളിക്കുകയും ചെയ്യുന്നതോടെ ഈ ജന്മത്തിലെ പാപങ്ങളില്‍ നിന്നും മുക്തി നേടി ഒരു പുനര്‍-ജന്മമാണ് നമുക്കു ലഭിക്കുന്നത്.”
ഏഴു പതിറ്റാണ്ടിന്റെ അനുഭവജ്ഞാനം ആ മനുഷ്യനെ യോഗീതുല്യനാക്കി ത്തീര്‍ത്തിരിക്കുന്നു. പുണ്യപുരാണേതിഹാസങ്ങളടക്കം, വിശ്വപ്രസിദ്ധമായ അനേകായിരും പുസ്തകങ്ങള്‍ വായിച്ചാലും ലഭിക്കാത്ത അനുഭവജ്ഞാനം ആ മനുഷ്യനുണ്ടെന്നു തോന്നി. ജീവിതത്തെ അതിന്റെ സമഗ്രമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട അനുഭവജ്ഞാനം…
(തുടരും)







