ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാന്‍. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിഷുക്കാലങ്ങള്‍ ഓര്‍മ്മ വന്നു. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അച്ഛനോടുമമ്മയോടുമൊപ്പം ആഘോഷിച്ചിരുന്ന വിഷുദിനം ഒരു മധുരസ്മരണയായി കണ്മുന്നില്‍ തെളിഞ്ഞു വന്നു. വിഷുദിനത്തില്‍ അച്ഛനുമമ്മയും നല്‍കിയിരുന്ന കൈനീട്ടങ്ങള്‍…
ഒറ്റ വെള്ളിനാണയത്തുട്ടുകളാണെങ്കില്‍ പോലും അതിലൂറി നിന്ന സ്‌നേഹവാത്സല്യങ്ങള്‍… പിന്നെ എല്ലാ വിഷുക്കാലത്തും അച്ഛന്‍ സമ്മാനിച്ചിരുന്ന പുതുവസ്ത്രങ്ങളും, ആഭരണങ്ങളും. അവ പരസ്പരം മാറി മാറിയണിഞ്ഞ് സഹോദര സ്‌നേഹം ഞങ്ങള്‍ പ്രകടമാക്കിയിരുന്നു.
ഒരു വിഷുക്കാലത്ത് മാലപ്പടക്കം കത്തി വസ്ത്രത്തില്‍ തീ പടര്‍ന്ന് മായയുടെ ശരീരത്തില്‍ പൊള്ളലേറ്റത്. വസ്ത്രത്തില്‍ തീ പടരുന്നതു കണ്ട് ഞങ്ങളെല്ലാം കൂട്ടമായി നിലവിളിച്ചത്. പിന്നെ മനഃസാന്നിധ്യത്തോടെ വെള്ളം കോരിയൊഴിച്ച് അച്ഛന്‍ അവളെ രക്ഷിച്ചത്. എല്ലാമെല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു. പിന്നെ വിഷുക്കാലത്ത് അമ്മയുണ്ടാക്കുന്ന പാല്‍ക്കഞ്ഞിയുടേയും പഴം നുറുക്കരിഞ്ഞിട്ട കുവനൂറിന്റേയും സ്വാദ്, ഇന്നും നാവില്‍ തങ്ങിനില്‍പ്പുണ്ട്.
ഓര്‍മ്മകളുടെ വെള്ളിത്തേരിലേറി യാത്ര തുടര്‍ന്നപ്പോള്‍ ഇടയ്ക്കു വച്ച് ഭംഗം നേരിട്ടത് അരുണിന്റെ വാക്കുകളിലൂടെയായിരുന്നു.
”ഇന്ന് വിഷുവാണ് സാര്‍… വീട്ടില്‍ വിഷുക്കണി വയ്ക്കുന്ന പതിവ് മമ്മിയ്ക്കുണ്ട്. പിന്നെ ചെറിയ സദ്യയും മമ്മിയുണ്ടാക്കും. ഇപ്പോള്‍ മമ്മി എന്നെക്കാണാനാഗ്രഹിക്കുന്നുണ്ടാവും സാര്‍… ഞാന്‍ പൊയ്‌ക്കോട്ടെ…’
‘ഓ… അതു ഞാന്‍ അറിഞ്ഞില്ല അരുണ്‍. ഇന്നെല്ലാം കൊണ്ടും ഒരു നല്ല ദിനമാണല്ലോ… വിഷ് യു എ ഹാപ്പി വിഷു…’
ഫഹദ് സാര്‍ ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു. ഒന്നും പറയാനാകാതെ മറ്റേതോ ലോകത്തിലെന്ന പോലെ കിടക്കുകയായിരുന്ന എന്നെ നോക്കി അരുണ്‍ പറഞ്ഞു.
”വിഷ് യൂ ദ സെയിം. ഈ വിഷുപ്പുലരിയില്‍ നിങ്ങള്‍ക്ക് ഒരു നല്ല ജീവിതം ഞാനാശംസിക്കുന്നു. ഞാന്‍ ആഘോഷിച്ചിട്ടുള്ളതില്‍ ഏറ്റവും സന്തോഷകരമായ ഉത്സവദിനം എനിക്കിന്നാണ്. വരുമ്പോള്‍ ഞാന്‍ പായസം കൊണ്ടു വരാം. ഞാന്‍ പോകട്ടെ മാഡം. ഇനിയിപ്പോള്‍ എന്റെ ആവശ്യം മാഡത്തിനില്ലല്ലോ. മാഡം ആഗ്രഹിച്ച വ്യക്തി മുന്നിലെത്തിക്കഴിഞ്ഞല്ലോ. ഈ ദിനത്തില്‍ മാഡത്തിന് കിട്ടിയ കൈനീട്ടമാണിദ്ദേഹം…
അരുണിന്റെ വാക്കുകള്‍ കേട്ട് ഹര്‍ഷ പുളകിതയായി കിടക്കുമ്പോള്‍ ഫഹദ് സാര്‍ ചോദിക്കുന്നതു കേട്ടു. ”അരുണാണ് അതിനുത്തരവാദി. അതായത് ഇപ്പോള്‍ ഇവിടെ മകന്‍ അമ്മയ്ക്കാണ് കൈനീട്ടം നല്‍കിയിരിക്കുന്നത്. അതിനു പകരമായി അമ്മ മകനെന്താണ് നല്‍കുന്നത്.
അതിനുത്തരമായി ഞാന്‍ അരുണിനെ അരികില്‍ വിളിച്ച് ആ നെറ്റിയില്‍ ഒരു മുത്തം നല്‍കിക്കൊണ്ടു പറഞ്ഞു. ”ഇതാണെന്റെ കൈനീട്ടം.”
”ശരിയാണ് മാഡം… ഈ സ്‌നേഹമാണ് എന്റെ വിലതീരാത്ത കൈനീട്ടം…’
അരുണ്‍ എന്റെ കൈകള്‍ ചേര്‍ത്തണച്ച് പ്രതിവചിച്ചു ഊറി വന്ന സന്തോഷാശ്രുക്കള്‍ തുടച്ച് ഒരിക്കല്‍ കൂടി ആശംസകള്‍ അറിയിച്ചു കൊണ്ട് അരുണ്‍ നടന്നകന്നു.
”ഒരു മാതാപിതാക്കള്‍ക്കും ഇത്ര നല്ല മകനെ ലഭിച്ചു കാണുകയില്ല. ഹി ഈസ് റിയലി എ ജെം…’ ഫഹദ് സാര്‍ നടന്നകലുന്ന അരുണിനെ നോക്കി പറഞ്ഞു.
”ശരിയാണ് ഫഹദ് സാര്‍ അരുണിനെ പ്രസവിച്ച അരുന്ധതി എത്ര ഭാഗ്യവതിയാണെന്നു ഞാനോര്‍ത്തു പോകുന്നു. ഇന്നിപ്പോള്‍ അവന്‍ മൂലം ഞാനും ഭാഗ്യവതിയാണ്. കാരണം എന്റെ വയറ്റില്‍ പിറക്കാതെ പോയ മകനാണവനെനിയ്ക്കിന്ന്. എന്റെ രാഹുല്‍മോനുണ്ടായിരുന്നെങ്കില്‍ എനിക്കു നല്‍കുമായിരുന്ന ശ്രദ്ധയും സ്‌നേഹവും അവന്‍ എനിക്ക് നല്‍കുന്നുണ്ട്. ഒരുപക്ഷെ രാഹുല്‍ മോനെക്കാളേറെ… എന്നെ അവന്‍ പരിഗണിയ്ക്കുന്നു.”
”ശരിയാണ് മീരാ… അതോര്‍ക്കുമ്പോള്‍ ദൈവത്തോടെനിക്ക് കടപ്പാട് തോന്നുന്നു. കാരണം ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകുമായിരുന്ന നിന്നെ ദൈവം കൈവെടിഞ്ഞില്ലല്ലോ…’
‘ദൈവം വലിയവനാണ് ഫഹദ് സാര്‍. ഒരു സന്ദര്‍ഭത്തിലും അദ്ദേഹം നമ്മെ കൈവെടിയുകയില്ല. പിന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അതിന് ദൈവം ഉത്തരവാദിയല്ല.”
”ഒരു കാലത്ത് ഞാനും ദൈവത്തെ വെറുത്തിരുന്നു മീരാ. നീയെന്നെ കൈയൊഴിഞ്ഞു പോയപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍, ദൈവത്തിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടെനിക്ക് മനസ്സിലായി ദൈവം മറ്റേതെങ്കിലും ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് നമ്മെ പീഡിപ്പിക്കുന്നതെന്ന്. പീഡനങ്ങളിലൂടെ ദൈവം നമ്മെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത് മീരാ… ആത്മപീഡ നല്‍കി അദ്ദേഹം നമ്മെ ഉരുക്കിവാര്‍ത്തെടുക്കുന്നു. ഒരു നല്ല മനുഷ്യനാകാന്‍ സഹായിക്കുന്നു.”
”ശരിയാണ് ഫഹദ് സാര്‍… ആത്മപീഡയിലൂടെ ഉരുകി ഉരുകി അങ്ങ് ഒരു തികഞ്ഞ മനുഷ്യനായിത്തീര്‍ന്നിരിക്കുന്നു. ദൈവം നല്‍കുന്ന സന്ദേശം അങ്ങ് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ മറ്റാര്‍ക്കും കഴിയാത്തതു പോലെ. എന്റെ വാക്കുകള്‍ കേട്ട് ഭൂതകാലത്തിലേയ്ക്ക് മിഴിനട്ട് ഫഹദ് സാര്‍ പറഞ്ഞു.
”അന്ന് നരനെ വിവാഹം കഴിച്ച് നീപോയെന്ന് ഞാനറിഞ്ഞത് ജയിലില്‍ നിന്നിറങ്ങിയ ശേഷമായിരുന്നു. അതെനിക്ക് ഷോക്കായിരുന്നു മീരാ… നീയൊരിക്കലും അങ്ങിനെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എങ്ങിനെയും നീ അച്ഛനെ എതിര്‍ത്ത് പിടിച്ചു നില്‍ക്കുമെന്നു തന്നെ ഞാന്‍ കരുതി. പക്ഷെ നീ നഷ്ടപ്പെട്ടുവെന്നറിഞ്ഞതോടെ എന്റെ മനസ്സിന്റെ സമനിലതെറ്റി. ഞാന്‍ മദ്യം സേവിയ്ക്കാനും, ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയാനും തുടങ്ങി. അതോടെ കോളേജില്‍ നിന്നും ഞാന്‍ പുറത്തായി. നിന്നെ അന്വേഷിച്ച് ഞാന്‍ അലഞ്ഞു തിരിയാത്തിടമില്ല. ഒടുവില്‍ നീ ഡല്‍ഹിയിലുണ്ടെന്നറിഞ്ഞ് ഞാന്‍ രൂപം മാറി അവിടെയുമെത്തി നിന്നെ ഒരിക്കല്‍ ഞാന്‍ കണ്ടുവെങ്കിലും നീയെനിയ്ക്കപ്പോള്‍ സ്വന്തമല്ലെന്ന തിരിച്ചറിവില്‍ ഞാന്‍ മടങ്ങിപ്പോന്നു. നീ സന്തോഷവതിയാണെങ്കില്‍ നിന്നെ ഒരു തരത്തിലും വേദനിപ്പിയ്ക്കരുതെന്നും ഞാന്‍ കരുതി.”
ഫഹദ് സാറിന്റെ വാക്കുകള്‍ പ്രകമ്പനം കൊള്ളുന്ന മനസ്സോടെ ഞാന്‍ കേട്ടിരുന്നു. പിന്നെ വിറയ്ക്കുന്ന സ്വരത്തില്‍ പറഞ്ഞു.
”ഞാനും ഒന്നു രണ്ടു തവണ അങ്ങയെ കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ… അതെന്നെ വല്ലാതെ ഉലച്ചു. ഞങ്ങളുടെ കുടുംബ ജീവിതം തന്നെ അതുതാറുമാറാക്കി. ആറേഴു വര്‍ഷം അങ്ങയെ ഓര്‍ത്ത് ഒരു ഭ്രാന്തിയെപ്പോലെ ഞാനും ജീവിച്ചു.”
”ഓ… അതു ഞാനറിഞ്ഞില്ല മീരാ… നിന്റെ ജീവിതത്തില്‍ ഒരു കോളിളക്കമുണ്ടാക്കരുതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതാണ് ഞാന്‍ ഇത്രകാലവും നിന്നില്‍ നിന്നും അകന്നു കഴിഞ്ഞത്. എന്നാല്‍ ഓരോ നിമിഷവും നിനക്കുവേണ്ടി തുടിക്കുന്ന ഹൃദയവുമായാണ് ഞാന്‍ കഴിഞ്ഞത്. നീയില്ലാതെ എനിക്ക് ജീവിയ്ക്കാനാകുമായിരുന്നില്ല മീരാ…’ അദ്ദേഹം എന്റെ കരങ്ങളെടുത്ത് സ്വന്തം കരങ്ങളില്‍ വച്ചു കൊണ്ടു പറഞ്ഞു.
എന്റെ കണ്ണുകളില്‍ നിന്നും മിഴി നീര്‍ച്ചാലുകള്‍ അരുവിയായി ഒഴുകിക്കൊണ്ടിരുന്നു. ഫഹദ് സാറിന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തില്‍ തറച്ച കല്ലുകളായിരുന്നു. ആ കല്ലുകള്‍ വന്നു പതിച്ച്, ആഴത്തില്‍ മുറിവുകളായപ്പോള്‍ അതില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തം കണ്ണുനീര്‍ക്കണികകളായി അദ്ദേഹത്തിന്റെ പാദത്തില്‍ വീണു കൊണ്ടിരുന്നു.
”ഞാന്‍ പാപിയാണ് ഫഹദ് സാര്‍… അങ്ങയുടെ ആത്മാര്‍ത്ഥ സ്‌നേഹത്തെ തിരിച്ചറിയാതെ അങ്ങനെ ഉപേക്ഷിച്ചു പോയ മഹാപാപി. ജീവിതകാലം മുഴുവന്‍ അങ്ങയ്ക്ക് ആത്മപീഡ നല്‍കി നരകിപ്പിച്ച മഹാപാപി…’
ഞാന്‍ ഉറക്കെ ഏങ്ങലടിച്ചു കരയുന്നതു കണ്ടപ്പോള്‍ ഫഹദ് സാര്‍ ആകെ വിഷമത്തിലായി. അദ്ദേഹം എന്റെ കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു.
”ഒരിയ്ക്കലും നീ തെറ്റുകാരിയല്ല മീരാ… അതു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ… നീയോ, നരനോ, നിന്റെ അച്ഛനോ ആരും ഇതില്‍ തെറ്റുകാരല്ല. എല്ലാം എന്റെ വിധിയായിരുന്നു കുട്ടീ… നിന്നെ നേടുവാന്‍ എനിക്കു ഭാഗ്യമുണ്ടായിരുന്നില്ല. എന്നാലിന്നിപ്പോള്‍ ആ ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു. ഇത്രകാലവും ഞാനന്വേഷിച്ച നിധി എനിക്കു വീണ്ടും കിട്ടിയിരിക്കുന്നു. ഞാനിന്നിപ്പോള്‍ ലോകത്തില്‍ വച്ചേറ്റവും വലിയ ഭാഗ്യവാനാണ്. നിന്റെ സ്‌നേഹം എനിക്കു തിരിച്ചു കിട്ടിയല്ലോ… അതുമതി എനിക്ക്…’
അദ്ദേഹം എന്റെ കൈകളെടുത്ത് നെഞ്ചോടു ചേര്‍ത്തമര്‍ത്തി. പിന്നെ ആ കൈകളില്‍ ചുംബിച്ചു. എന്റെ മിഴികളില്‍ നിന്നടര്‍ന്നു വീണു കൊണ്ടിരുന്ന കണ്ണുനീര്‍ത്തുള്ളികളെ തന്റെ കൈ കൊണ്ട് തുടച്ചു നീക്കിക്കൊണ്ടു പറഞ്ഞു.
”ഇനി താന്‍ കരയരുത്… ഇനിയുള്ള കാലം മുഴുവന്‍ താന്‍ സന്തോഷവതിയായി ജീവിക്കുന്നതു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതു കാണുവാന്‍ തന്നോടൊപ്പം ഞാനെന്നുമുണ്ടാകും.”
ആ വാക്കുകള്‍ ഹൃദയത്തില്‍ ഒരായിരം ആലിപ്പഴങ്ങള്‍ വീണുടഞ്ഞ പ്രതീതി നല്‍കി. ഏതോ ഉയര്‍ന്ന പ്രതലത്തില്‍ നിന്നും പ്രവഹിക്കുന്ന കുളിര്‍ ജലം പോലെ അത് ഹൃദയത്തില്‍ ഒരിയ്ക്കലും അണയാതെ കത്തിക്കൊണ്ടിരുന്ന അഗ്‌നിയെ തൊട്ടു തലോടി ഒഴുകി കൊണ്ടിരുന്നു.
ഇനി എന്നും ഫഹദ് സാര്‍ എന്നോടൊപ്പമുണ്ടാകും. ആ ഓര്‍മ്മ തന്നെ മനസ്സിനെ കുളിരണിയിച്ചു. അല്‍പം കഴിഞ്ഞ് ഫഹദ് സാര്‍ പോക്കറ്റില്‍ നിന്നും എന്തോ എടുത്തു കൊണ്ട് പറഞ്ഞു.
”ഞാന്‍ തനിക്കൊരു വിഷുക്കൈനീട്ടം കൊണ്ടു വന്നിട്ടുണ്ട് ആ കൈയ്യൊന്നു നീട്ടിയാല്‍ തരാം…’ അതെന്താണെന്നുള്ള ജിജ്ഞായയോടെ കൈകള്‍ നീട്ടുമ്പോള്‍ ഒരു സ്വര്‍ണ്ണ വള പുറത്തെടുത്ത് അദ്ദേഹം പറഞ്ഞു.
”ഇത് ഉമ്മ തനിക്കായി സൂക്ഷിച്ചിരുന്നതാണ്. മരണ സമയത്ത് എന്റെ കൈയ്യില്‍ തന്നു കൊണ്ടു പറഞ്ഞു തന്നെക്കണ്ടെത്തിയാല്‍ ഇതു തന്റെ കൈയ്യില്‍ അണിയിക്കണമെന്ന്…’
വല്ലാതെ തുടിയ്ക്കുന്ന ഹൃദയത്തോടെ കൈകള്‍ നീട്ടുമ്പോള്‍, അത് എന്റെ കൈകളില്‍ അണിയിച്ചു കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു.
”ഇപ്പോള്‍ ഉമ്മ പരലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഞാന്‍ എന്നെങ്കിലും തന്നെക്കണ്ടെത്തുമെന്നും, കൂടിച്ചേരുമെന്നും ഉമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു.”
അപ്പോള്‍ ആഹ്ലാദത്തിന്റെ ഒരു വേലിയേറ്റം മനസ്സിലുണ്ടായി. ശുദ്ധഹൃദയയായ ആ ഉമ്മ എന്നെ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നതിന് തെളിവാണല്ലോ ഇത്. ആ ഉമ്മയുടെ സ്‌നേഹം ജീവിതകാലം മുഴുവന്‍ നുകരാന്‍ ഞാനെത്ര മാത്രം അഭിലഷിച്ചിരുന്നു എന്നും ഓര്‍ത്തു. ഉച്ചയ്ക്ക് കാന്റീനിലെ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുമ്പോഴും ഫഹദ് സാര്‍ പഴയകാല സ്മരണകള്‍ പലതും അയവിറക്കി.
ഹൃദയത്തില്‍ തിരമാലകളുടെ വേലിയേറ്റവും, ഇറക്കവും സൃഷ്ടിച്ചു കൊണ്ട് ആ വാക്കുകള്‍ എന്നിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ആ ദിവസം അവസാനിയ്ക്കാതിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു. രാത്രിയില്‍ അരുണ്‍ വന്നെത്തി. വിഷു ദിനത്തിലെ പായസം ഞങ്ങള്‍ക്കിരുവര്‍ക്കും നല്‍കിക്കൊണ്ടു പറഞ്ഞു. ”മമ്മിയ്ക്കും, ഡാഡിയ്ക്കും നിങ്ങളുടെ ഒത്തുചേരല്‍ അറിഞ്ഞ് ഒരുപാട് സന്തോഷമായി. നിങ്ങള്‍ ഇരുവരേയും ഡാഡിയുടേയും മമ്മിയുടേയും ആശംസകള്‍ അറിയിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു അരുന്ധതിയെ രണ്ടു ദിവസമായി ഇങ്ങോട്ടു കാണാറില്ലല്ലോ…’
മമ്മിയ്ക്ക് ഡാഡിയോടൊത്ത് ഒരു ഫംഗ്ഷന് പോകണമായിരുന്നു. അതാണ് വരാതിരുന്നത്. നാളെ വൈകുന്നേരം മമ്മിയെത്തും.
”അരുന്ധതിയെ എന്നും കാണുന്നതായതുകൊണ്ട് ഈ ദിനങ്ങളില്‍ കാണാതിരുന്നപ്പോള്‍ അല്‍പം വിഷമം തോന്നി. അതുകൊണ്ടാണ് ചോദിച്ചത്” ഞാന്‍ പറഞ്ഞു.
മമ്മിയ്ക്കും ഇപ്പോള്‍ മാഡത്തിനെ കാണാതിരിയ്ക്കാനാവില്ല. മാഡത്തിനെ മമ്മി സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നത്. അതുകൊണ്ട് മമ്മി നാളെത്തന്നെ വരും. അങ്ങനെ പറഞ്ഞു കൊണ്ട് അരുണ്‍ യാത്ര പറഞ്ഞിറങ്ങി. കൂടെ ഫഹദ് സാറും അരുണിനോടൊപ്പം പുറത്തേയ്ക്കിറങ്ങി.
അപ്പോള്‍ അരുണ്‍ ചോദിച്ചു. ”സാര്‍ ഇന്നിവിടെയല്ലെ കിടക്കുന്നത്. നിങ്ങള്‍ ഇരുവരേയും ഡിസ്റ്റര്‍ബ് ചെയ്യേണ്ട എന്നു കരുതിയാണ് ഞാന്‍ പോകാനൊരുങ്ങിയത്.”
”ഏയ് അതു വേണ്ട അരുണ്‍… ഹോസ്പിറ്റല്‍ സ്റ്റാഫിന് ഞാന്‍ അപരിചിതനാണ്. പെട്ടെന്ന് ഞാനിവിടെ താമസിക്കുകയെന്നു വച്ചാല്‍ ഹോസ്പിറ്റലിലെല്ലാവര്‍ക്കും സംശയം തോന്നും. അതുകൊണ്ട് അരുണ്‍ ഇവിടെ കിടന്നോളൂ… ഞാന്‍ ഹോട്ടലിലേയ്ക്കു പൊയ്‌ക്കോളാം….”
അരുണിനും അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നി. പെട്ടെന്ന് ഒരാള്‍ വന്ന് മാഡത്തിന്റെ ഭര്‍ത്താവാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കണമെന്നില്ല. ഇവിടെ ആര്‍ക്കും മാഡത്തിന്റെ പഴയ കഥകള്‍ അറിയുകയുമില്ല. അതുകൊണ്ട് മാഡത്തിനു കൂട്ടുകിടക്കാന്‍ ഞാന്‍ തന്നെ മതിയെന്ന് അരുണ്‍ തീരുമാനിച്ചു.
അല്‍പം കഴിഞ്ഞ് ഫഹദ് സാര്‍ എന്നോടും, അരുണിനോടും യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം താന്‍ താമസിയ്ക്കുന്ന ഹോട്ടലിലേയ്ക്കു പോയി. അതിനുമുമ്പ് അരുണ്‍ അദ്ദേഹത്തിന് സ്വന്തം വീട്ടില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹം സ്‌നേഹപൂര്‍വ്വം ആ ക്ഷണത്തെ നിരസിക്കുകയാണുണ്ടാത്.
അതിനെത്തുടര്‍ന്ന് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ അദ്ദേഹത്തിന് അരുണ്‍ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അരുണ്‍ നിന്നോടെത്ര നന്ദി പറഞ്ഞാലാണു മതിയാവുക? മനസ്സുരുവിട്ടു. പതിവു പോലെ അടുത്തു തന്നെ ഒരു സോഫയില്‍ കിടന്ന് അരുണ്‍ അപ്പോള്‍ കൂര്‍ക്കം വലിച്ചുത്തുടങ്ങിയിരുന്നു.
ഫഹദ് സാര്‍ പോയശേഷം ഉറക്കം വരാതെ കിടന്ന ആ രാത്രിയില്‍ ഫഹദ് സാറിനോടൊപ്പമുള്ള ഞങ്ങളുടെ കോളേജ് ദിനങ്ങളിലേയ്ക്കും, വിവാഹത്തിലേയ്ക്കും മനസ്സ് നീണ്ടു ചെന്നു. അതുപോലെ നരേട്ടന്‍, കൃഷ്ണമോള്‍, ടുട്ടുമോന്‍, ദേവാനന്ദ് എന്നിവരിലേയ്ക്കും ഹൃദയം വീണ്ടും തന്റെ ജീവിതസൗധത്തിന്റെ പടവുകളിറങ്ങിച്ചെന്നു.
ഭൂതകാലത്തിന്റെ ഇരുളും വെളിച്ചവും മാറി മാറിത്തെളിഞ്ഞ കാലത്തിന്റെ ആ ഗുഹാഗഹ്വരതകളിലൂടെ വീണ്ടും ഒരു യാത്ര… കാലത്തിന്റെ കൈ പിടിച്ച് പുറകോട്ട് സഞ്ചരിക്കവേ തിക്തവും, മധുരവുമായ ഓരോ ഓര്‍മ്മകളേയും താലോലിച്ച് അന്ന് ഞാന്‍ ഉറങ്ങാതെ, മിഴിനീരൊഴുക്കി കിടന്നു.
ഏറ്റവും ഒടുവില്‍ എന്റെ ദൃഷ്ടികള്‍ എന്റെ സമീപമുറങ്ങുന്ന അരുണിലേയ്ക്കു നീണ്ടു ചെന്നു. കൂട്ടില്‍ നിന്നും ചിറകറ്റുപോയ, ഈ വലിയ ലോകത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഒരു പെണ്‍ പക്ഷിയുടെ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അനുസ്മരണകളിലൂടെയുള്ള ആ യാത്രയില്‍, ആ ഒറ്റപ്പെടലില്‍ നിന്നും എന്നെ രക്ഷിച്ച് ഒരു സാന്ത്വന- സ്പര്‍ശമായെത്തിയ അരുണിനെക്കുറിച്ച് ഏറെ വികാരഭരിതയായി ഞാന്‍ ഓര്‍ത്തു.
അരുണ്‍… എന്റെ ഏകാന്തതയുടെ തുരുത്തില്‍ എനിക്കഭയവും, തുണയും നല്‍കി സാന്ത്വനമായെത്തിയ ഒരിളം പക്ഷി. എന്റെ രാഹുലിന്റെ പ്രിയ കളിത്തോഴനും, സഹപാഠിയുമായ അവനിന്ന് എനിക്കും പ്രിയപുത്രനായി മാറിയിരിക്കുന്നു. എന്റെ മാനസപുത്രന്‍…
അവനില്ലായിരുന്നുവെങ്കില്‍ ഈ വലിയ ലോകത്തില്‍ ഒറ്റപ്പെട്ട ഒരു വേഴാമ്പലിനെപ്പോലെ ഞാന്‍ അലയേണ്ടി വരുമായിരുന്നു. സ്‌നേഹത്തിന്റെ ഒരിറ്റു ദാഹജലം തേടി…
കേവലം നൈമിഷിക മാത്ര കൊണ്ട് ഊഷരമാക്കപ്പെട്ട എന്റെ ജീവിത- മരുഭൂവില്‍ ഒരു മരുപ്പച്ചപ്പോലെ അവന്‍ കുളിര്‍നീര്‍ നല്‍കി. വറ്റി വരണ്ടു പോകുമായിരുന്ന ഉഷ്ണഭൂവിനെ കുളിരണിയിച്ചു കൊണ്ട് ഒരു കുളിരരുവിയായി അവന്‍ പരന്നൊഴുകി.
അരുന്ധതി എന്ന മഹാമനസ്‌ക്കയായ അമ്മ എനിക്കു ദാനമായി നല്കിയ ദത്തു പുത്രനാണിവന്‍… കരിന്തിരി കത്തിയണയാന്‍ തുടങ്ങിയ ഈ നാളത്തില്‍ ജീവന്റെ അവസാന ശ്വാസം ഊതിത്തെളിച്ചത് അരുണാണ്.
ഒരു പുതു ജീവിതത്തിന്റെ പുലരിയിലേക്ക് എന്റെ മിഴികളെ വലിച്ചു തുറന്നത്. അരുണില്ലായിരുന്നുവെങ്കില്‍ ഇന്നു ഞാനുണ്ടാകുമായിരുന്നില്ല. ജീവിത നൈരാശ്യത്തിന്റെ പടുകുഴിയില്‍ വീണ് ആരുമറിയാതെ അണഞ്ഞു പോകുമായിരുന്ന ഒരു ജീവനാളത്തിലേയ്ക്കാണ് അവന്‍ പുത്ര സ്‌നേഹത്തിന്റെ അഗ്‌നി പകര്‍ന്നത്. ആ ദീപം അല്‍പമെങ്കിലും ആളിക്കത്തിയിട്ടുണ്ടെങ്കില്‍, ഭൂതകാലത്തിന്റെ സുഗന്ധപൂരിതമായ വഴിത്താരയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കത്തിജ്വലിച്ചെങ്കില്‍ അതിനുത്തരവാദി അരുണ്‍ മാത്രമാണ്.
ഇന്നിപ്പോള്‍ ഫഹദ് സാറിനേയും അവന്‍ എന്റെ കണ്മുന്നിലെത്തിച്ചിരിക്കുന്നു. അതെല്ലാം വീണ്ടും ഓര്‍ത്ത് കണ്ണുകള്‍ ഇറുകെ പൂട്ടിക്കിടന്നു.
”മാഡം… ഉറങ്ങുകയാണോ?” ആ ചോദ്യം എന്നെ ചിന്തകളുടെ ലോകത്തില്‍ നിന്നും കൈപിടിച്ച് തിരികെക്കൊണ്ടു വന്നു. കണ്ണുതുറന്നു നോക്കുമ്പോള്‍ അരുണ്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്നു.
”അല്ല മാഡം… നേരം പുലര്‍ന്നു. എങ്കിലും ഉറങ്ങുന്നെങ്കില്‍ ഉറങ്ങിക്കോളൂ… പക്ഷെ അതിനു മുമ്പ് ഗ്യാസിനുള്ള ഈ ടാബ്ലെറ്റ് കഴിച്ചോളൂ… അതിനുശേഷം ഈ ബ്രെഡും, ചായയും.”
(തുടരും)







