LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 33) Sudha Ajith

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കില്‍… ഇടനാഴിയില്‍ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോള്‍ ഒരിക്കല്‍… ഒരിക്കല്‍ മാത്രം വാതില്‍ക്കല്‍ മിന്നല്‍ പോലെ കണ്ട ആ മുഖം.
എവിടെയോ കണ്ടു മറന്നതു പോലെ… മനസ്സിന്റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ.
ആ നീണ്ടു വളര്‍ന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞ കഴിഞ്ഞ കാല ചിത്രങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തി.
ഒടുവില്‍ അബോധത്തിന്റെ മഞ്ഞുമലകള്‍ക്കപ്പുറത്തു നിന്ന് ബോധത്തിന്റെ നനുത്ത സൂര്യവെളിച്ചം മനസ്സിനെ തഴുകിയെത്തി.
നീണ്ട നിദ്ര വിട്ടുണരുമ്പോള്‍ കണ്മുന്നില്‍ ആ മുഖമെത്തിച്ച് ഡോക്ടറുടെ വാക്കുകള്‍…
‘നിങ്ങള്‍ക്ക് കിഡ്‌നി ദാനം ചെയ്തത് ഇദ്ദേഹമാണ്…’

അവിശ്വസനീയതയോടെ ആ രൂപത്തെ ഉറ്റുനോക്കുമ്പോള്‍, പ്രാകൃത രൂപിയെങ്കിലും, തിരിച്ചറിവിന്റെ ആനന്ദ ലബ്ധിയില്‍ മതിമറന്ന എന്റെ അരികില്‍ അദ്ദേഹമിരുന്നു. മനസ്സിലെ കിളിക്കൂട്ടില്‍ കലപില കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങള്‍ ഹര്‍ഷാരവത്തോടെ പറന്നുയര്‍ന്നു.
ജീവിതം വഴിമുട്ടിയെന്നു തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം ഒരിയ്ക്കല്‍ കൂടി കാണാനാഗ്രഹിച്ച ആ മുഖം..ഒരു ത്യാഗിവര്യന്റേതു പോലെ അനുഭവ തീവ്രതയാര്‍ന്ന ഫഹദ്‌സാറിന്റെ മുഖം , എന്റെ നേരെ നീണ്ടു വന്നു…

എന്റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് വശ്യമനോഹരമായ പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു.
”ഞാനാണാ ഡോണര്‍… നിനക്ക് കിഡ്‌നി ദാനം നല്‍കിയത് ഞാനാണ്. ഞാന്‍ ഭാഗ്യവാനാണ് മീരാ… ഈ മുഖം ഒരിക്കല്‍ കൂടി എനിക്ക് കാണുവാനായല്ലോ…’

ഫഹദ് സാറിന്റെ കൈകളില്‍ മുറുകെപ്പിടിച്ച് ഞാന്‍ പറഞ്ഞു.
”ഈ കൈകളെനിക്ക് എന്നും അഭയവും ആനന്ദവുമാണ്. ഇനി മുന്നോട്ടുള്ള പാതയില്‍ ഈ കൈകളെനിയ്ക്ക് താങ്ങായി ഉണ്ടാകണം.”

”പക്ഷെ മീരാ… നീയിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എനിയ്‌ക്കെങ്ങനെ നിന്നെ സ്വന്തമാക്കാനാവും? എല്ലായ്‌പ്പോഴും നിഴല്‍ പോലെ നിന്നോടൊപ്പം സഞ്ചരിയ്ക്കു മ്പോഴും നിന്നില്‍ നിന്നും ഞാനകന്നു നിന്നത് നീ മറ്റൊരാളുടെ ഭാര്യയാണെന്നുള്ള തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. ആ നീയിന്ന് നിന്റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?”

ഒരു ജന്മം മുഴുവന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കുകള്‍ കേള്‍ക്കുമ്പോഴും, അത് കേള്‍ക്കുവാന്‍ ഞാനര്‍ഹനാണോ എന്നു സംശയിക്കുന്നതു പോലെ ഫഹദ് സാര്‍ എന്നെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടിട്ടെന്ന പോലെ ഞാന്‍ പറഞ്ഞു.

”ജീവിതത്തിലുടനീളം എനിക്ക് തിരിച്ചു നല്‍കാനാകാത്തത്ര സ്‌നേഹം നല്‍കിയ നരേട്ടന്‍ ഇന്ന് വളരെ അകലെയാണ് സാര്‍… എന്നെ ഒറ്റപ്പെടുത്തി അദ്ദേഹം അകലേയ്ക്കു മാഞ്ഞു പോയി. ഇന്ന് ഒരു തുണയില്ലാതെ ഞാന്‍ അലയുകയാണ്. പക്ഷെ …’

പാതിയില്‍ നിര്‍ത്തി ഒരു കൗമാരക്കാരിയുടെ വിഹ്വലതയോടെഞാന്‍ ഫഹദ് സാറിനെ ഉറ്റുനോക്കി.

”എന്താ താന്‍ നിര്‍ത്തിക്കളഞ്ഞത്?” ചോദ്യം കേട്ട് അല്‍പം സങ്കോചത്തോടെ ഞാനന്വേഷിച്ചു.

”എനിക്കറിയാം അങ്ങ് വിവാഹിതനാണെന്ന്… അങ്ങയുടെ ഭാര്യ?… അവരിന്നെവിടെയാണ്?….”

ജിജ്ഞാസയോടെയുള്ള എന്റെ ചോദ്യം കേട്ട് ഫഹദ് സാര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു

”എന്റെ വിവാഹം അതൊരു പ്രഹസനമായിരുന്നു മീരാ… ഉമ്മയ്ക്കു വേണ്ടി അന്ന് ഞാന്‍ വിവാഹം കഴിച്ചുവെങ്കിലും തന്നെ മറക്കാനെനിക്ക് കഴിഞ്ഞില്ല. അതു മനസ്സിലാക്കിയപ്പോള്‍ അവള്‍ എന്നെ വിട്ടു പോയി. കേവലം ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യബന്ധം. ഞങ്ങളുടെ ഡൈവോഴ്‌സ് കഴിഞ്ഞിട്ടിപ്പോള്‍ ഇരുപത്തിനാല് വര്‍ഷമാകുന്നു. അവളിപ്പോള്‍ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.’

” മക്കള്‍…’ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ എന്റെ ചോദ്യം കേട്ട് അദ്ദേഹം വീണ്ടും ചിരിച്ചു.
”അങ്ങനെ മക്കളുണ്ടായിരുന്നുവെങ്കില്‍ അവള്‍ എന്നെ വിട്ട് പോകുമായിരുന്നില്ലല്ലോ… അതെ മീരാ… നിന്നെയല്ലാതെ മറ്റൊരാളെ എനിക്ക് ഭാര്യയായി കാണാന്‍ കഴിയുകയില്ലായിരുന്നു. വിവാഹശേഷം ഒരു വര്‍ഷത്തെ ദാമ്പത്യം അവളെ ശ്വാസം മുട്ടിച്ചപ്പോള്‍ അവള്‍ എന്നെ വിട്ടു പോയി….”

നീണ്ടു വളര്‍ന്ന താടിയുഴിഞ്ഞ് അദ്ദേഹംഎന്നെ നോക്കി.

ഒരു യോഗിയെപ്പോലെ അനുഭവ പക്വതയാര്‍ന്ന ആ മുഖം തേജസ്സോടെ കത്തിജ്വലിക്കുന്നത് ഞാന്‍ കണ്ടു. പ്രേമത്തിനു വേണ്ടി സ്വയം ഉരുകിത്തീര്‍ന്ന ഒരു ത്യാഗിവര്യന്‍… നീണ്ട തപസ്യയിലൂടെ ലൗകികതയില്‍ നിന്നും ആലൗകികതയുടെ തലങ്ങളിലേയ്ക്കുയര്‍ന്ന ഒരാത്മത്യാഗി…
അങ്ങനെയാണ് ഫഹദ് സാറിനെ എനിയ്ക്കപ്പോള്‍ തോന്നിയത്.

അറിയാതെ ഒരു കുറ്റബോധം എന്നില്‍ നിറഞ്ഞു.
”അല്പകാലത്തേയ്ക്ക് അങ്ങയെ മറന്ന് ഞാന്‍ ജീവിച്ചുവല്ലോ… കുടുംബ ജീവിതത്തിലെ ആഹ്ലാദാരവങ്ങളില്‍ സ്വയം മറന്നു. അങ്ങെന്റെ ഭര്‍ത്താവായിരുന്നതു പോലും ഞാന്‍ വിസ്മരിച്ചു ജീവിക്കേണ്ടി വന്നു. അതിനുള്ള ശിക്ഷയും എനിക്കു കിട്ടിക്കഴിഞ്ഞു. കുടുംബ ജീവിതത്തില്‍ ഒരിക്കല്‍ പ്രിയപ്പെട്ടതായി കരുതിയിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. . , അങ്ങും നരേട്ടനും തമ്മിലുള്ള അന്തരം ഞാനിന്നു മനസ്സിലാക്കുന്നു. നരേട്ടന്‍ സ്വന്തം സ്വാര്‍ത്ഥതയ്ക്കു വേണ്ടി അങ്ങയെ ദ്രോഹിച്ചിട്ടാണെങ്കിലും എന്നെ നേടുകയായിരുന്നു. എന്നാല്‍ അങ്ങാകട്ടെ അര്‍ഹതയുണ്ടായിട്ടും നരേട്ടനെ ദ്രോഹിക്കാതെ ഞങ്ങളില്‍ നിന്നും അകന്നു നിന്നു. എനിക്കുവേണ്ടി മനസ്സില്‍ ഒരു പ്രേമകുടീരം തീര്‍ത്ത്, ആത്മത്യാഗിയുടെ ജീവിതം നയിച്ചു. നിസ്വാര്‍ത്ഥ പ്രേമം യഥാര്‍ത്ഥത്തില്‍ ഏതെന്ന് ഞാനിന്നു മനസ്സിലാക്കുന്നു ഫഹദ് സാര്‍….”

കണ്ണീര്‍ക്കടലിലൂടെ ഞാനാകണ്ണുകളി ലേയ്ക്കു നോക്കി മാപ്പിരന്നു.

”അരുത് മീരാ… താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പലപ്പോഴും മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ്. ഒഴുക്കുള്ള പുഴയില്‍ പൊങ്ങിക്കിടക്കുന്ന പൊങ്ങു തടി പോലെ അത് ഓളങ്ങളില്‍ തട്ടി ഒഴുകിപ്പോകും അല്ലെങ്കില്‍ ആ പൊങ്ങുതടിയ്ക്ക് അങ്ങിനെ നീന്തിയെ തീരൂ… ഒഴുക്കിനെ പ്രതിരോധിക്കാന്‍ അതിനാലാവുകയില്ല. താന്‍ കേവലം ഒരു സ്ത്രീ മാത്രമാണ്.ഒഴുക്കിനൊത്ത് നീന്താന്‍ മാത്രം വിധിയ്ക്കപ്പെട്ടവള്‍. പുരുഷനെപ്പോലെ പ്രതിബന്ധങ്ങളെ ചെറുത്തു നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞെന്നു വരികയില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും തന്റെ തെറ്റു കൊണ്ടല്ല. എല്ലാം വിധിയുടെ വിളയാട്ടമായിരുന്നു. അതെനിക്ക് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ തന്നോടൊ നരനോടൊ എനിക്ക് വെറുപ്പുമില്ല. മാത്രമല്ല നരന്‍ തന്നെ അത്രയേറെ സ്‌നേഹിച്ചതു കൊണ്ടാണ് തന്നെ നേടുവാന്‍ അത്രയേറെ വ്യാമോഹിച്ചതും, അതിനുവേണ്ടി പ്രവര്‍ത്തിച്ചതും. സ്വാര്‍ത്ഥപൂര്‍ണ്ണമായ ആ പ്രേമത്തിനു വേണ്ടി അദ്ദേഹം ചെയ്ത തെറ്റുകളോര്‍ത്ത് ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കുകയും ചെയ്തു. അതുതന്നെയാണ് അദ്ദേഹം നേടിയ ശിക്ഷ. ഇനിയും നമ്മള്‍ അദ്ദേഹത്തെ ശിക്ഷിക്കുകയോ വെറുക്കുകയോ ചെയ്യരുത്. മാത്രമല്ല ജീവിതാന്ത്യം വരെ അദ്ദേഹം തന്നെ ജീവനുതുല്യം സ്‌നേഹിച്ചു സംരക്ഷിക്കുകയും ചെയ്തു. ഒരു സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീര… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യരാണ്. അതുകൊണ്ടു തന്നെ ആരും ആരേയും വെറുക്കേണ്ട ആവശ്യമില്ല…’

അദ്ദേഹം പറഞ്ഞു നിര്‍ത്തി.

”അല്ല… … അങ്ങ് സാധാരണ മനുഷ്യനല്ല. അങ്ങ് ദൈവതുല്യനാണ്.”

എന്ന് പറയണമെന്നു തോന്നി.

അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സില്‍ എരിഞ്ഞു കൊണ്ടിരുന്ന അഗ്‌നിയില്‍ കുളിര്‍മഴയായി പെയ്തിറങ്ങി. അല്പനേരത്തേയ്ക്ക് നരേട്ടനോടു തോന്നിയ വെറുപ്പും അതോടെ അലിഞ്ഞില്ലാതെയായി.

ഞങ്ങളുടെ കൂടിച്ചേരല്‍ മറ്റു ചിലരിലും ആഹ്ലാദത്തിന്റെ അനുരണനങ്ങളു ളവാക്കി.
കോളേജിലെ സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ അവര്‍ വാര്‍ത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി അഭിനന്ദനമറിയിച്ചു. ഫഹദ് സാര്‍ എന്റെ ആദ്യ ഭര്‍ത്താവാണെന്ന് അരുണ്‍ അവരോടെല്ലാം പറഞ്ഞിരുന്നു.

മറ്റൊരാള്‍ അരുണായിരുന്നു. ഞങ്ങളെ അലോസരപ്പെടുത്താതെ അകലെ മാറിനിന്ന് അവന്‍ ആനന്ദക്കണ്ണീരൊഴുക്കി.
ദീര്‍ഘനാളായി അകന്നു നിന്ന മാതാപിതാക്കളുടെ കൂടിച്ചേരല്‍ പോലെ, ഒരു പുത്രന്റെ വേപഥുവോടെ അവന്‍ ഞങ്ങളുടെ സമാഗമത്തെ ആനന്ദഭരിതമായിക്കണ്ടു. അപ്പോള്‍ ഞാന്‍ അരുണിനെ അടുത്തു വിളിച്ച് ഫഹദ് സാറിനോട് പറഞ്ഞു.

”ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമായ എനിക്കിന് ആശയും, ആശ്വാസവും അരുണാണ്. രാഹുല്‍ മോന്റെ സ്ഥാനം ഇവന്‍ സ്വയം കൈയ്യടക്കുകയായിരുന്നു.”

”എനിക്കറിയാം മീര… ഞാനിപ്പോള്‍ നിന്റെ സമീപം എത്തി നില്‍ക്കുന്നതിനു കാരണം അരുണാണ്… അത് നീയറിയാന്‍ അല്പം വൈകിപ്പോയെന്നു മാത്രം.”

ആ സത്യത്തെ ഉള്‍ക്കൊള്ളാനാരാതെ ഞാന്‍ പകച്ചു നിന്നു. അപ്പോള്‍ സാര്‍ എല്ലാം വിവരിച്ചു. അരുണ്‍ പത്രത്തില്‍ നല്കിയ കിഡ്‌നി ഡോണറെത്തേടിയുള്ള പരസ്യത്തില്‍ എന്റെ മേല്‍വിലാസം കണ്ട് അദ്ദേഹം അപേക്ഷിച്ചതും, അരുണ്‍ അതിനു മറുപടിയായി അദ്ദേഹത്തെ അന്വേഷിച്ച് കണ്ണൂരിലെത്തിയതുമായ കഥ…

അരുണില്‍ നിന്നും നിന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി ഞാനിങ്ങോട്ടു പുറപ്പെടുകയായിരുന്നു. സത്യത്തില്‍ നമ്മുടെ ഈ പുനഃസമാഗമത്തിനു കാരണക്കാരന്‍ അരുണാണ്. മീരാ… അവന്റെ മുന്‍ക്കൂട്ടിയുള്ള പ്ലാനും, പദ്ധതിയുമാണ് എന്നെ നിന്റെ അടുത്ത് എത്തിച്ചത്.

ആ വാക്കുകളെ അവിശ്വസനീയതയോടെ ഉള്‍ക്കൊള്ളുമ്പോള്‍ മനസ്സു മന്ത്രിച്ചു. യഥാര്‍ത്ഥ പുത്ര സ്‌നേഹം എന്തെന്ന് ഞാനിന്നറിയുന്നു മകനെ… എന്റെ വയറ്റില്‍ പിറക്കാതെ പോയ നിന്നോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ ഇനിയുമെത്ര ജന്മം ഞാന്‍ നിന്റെ മാതാവായി പിറവിയെടുക്കണം?

.(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px