LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 26) Karoor Soman

ഏലി കാറില്‍നിന്നിറങ്ങിയവരെ കണ്ണടയുറപ്പിച്ച് സൂക്ഷിച്ചു നോക്കി. കാറ്റ് ചുളമടിച്ച് ശബ്ദമുയര്‍ത്തി. കൂട്ടില്‍കിടന്ന നായും കുരച്ചു. അവരുടെ മുഖം പ്രസന്നമായി വന്നു. മിനി വേഗത്തിലെത്തി ഏലിയുടെ കാല്‍പാദത്തില്‍ തൊട്ടുവണങ്ങി. അത് കണ്ട് മാണിയും അങ്ങനെ ചെയ്തു. ഏലിക്ക് അവളോട് മതിപ്പ് തോന്നി. രണ്ട്‌പേരെയും നെഞ്ചോട് ചേര്‍ത്ത് ആശീര്‍വദിച്ചു. ഇന്നത്തെ യുവതീയുവാക്കള്‍ക്ക് സാധ്യമാകുന്ന കാര്യമല്ല അവരിപ്പോള്‍ ചെയ്തത്. മാതാപിതാക്കളെ ബഹുമാനിക്കാത്ത എത്രയോ മക്കളുണ്ട്.

 

തുളസി പെട്ടികള്‍ എടുത്ത് അകത്തേക്ക് കൊണ്ടുപോയി. സിന്ധുവിന്റെ മാനസിക സംഘര്‍ഷം മാറിവന്നു. അവള്‍ അമ്മച്ചിയെ വശീകരിച്ചുകഴിഞ്ഞു. അമ്മച്ചി വല്ല കുത്തുവാക്കും പറയുമെന്നൊരു പേടിയുണ്ടായിരുന്നു. അവളെപ്പറ്റി അമ്മച്ചിയോട് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞിരുന്നില്ല.
‘മോടെ പേര് മിനി അല്ലേ?’ അതെയെന്നവള്‍ പറഞ്ഞു. സിന്ധുവിനേക്കാള്‍ സൗന്ദര്യം ഏലിയുടെ മുഖത്ത് കാണാം. നല്ല ഐശ്വര്യമുള്ള അമ്മച്ചി. സ്‌നേഹം തുളുമ്പുന്ന നോട്ടം കണ്ടാല്‍ ആരും അവളുടെ മനസ്സിലേക്ക് കുടിയേറും. ആ പുഞ്ചിരിക്കുമുണ്ട് ഒരു അവര്‍ണ്ണനീയ സൗന്ദര്യം. എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.

 

ഏലി തിരിഞ്ഞ് നടന്ന് ഡ്രൈവറുടെ അടുക്കലെത്തി പറഞ്ഞു. ‘ജോസ്‌കുട്ടി പൊക്കോ….’ അയാള്‍ തലയാട്ടി കാറിനടുത്തേക്ക് നടന്നു. സഹോദരന്‍ അഡ്വ. വര്‍ക്കിയുടെ കാറാണ്. എപ്പോള്‍ വിളിച്ചാലും കാറ് അയയ്ക്കും. വര്‍ക്കി ടാക്‌സി വിളിച്ച് പോയാലും പെങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കും. തലമുറകളായി സഹോദരീ സഹോദരങ്ങള്‍ എവിടെയായിരുന്നാലും ക്രിസ്തുമസ് ദിനത്തില്‍ ഒത്തുകൂടി ആഹ്ലാദം പങ്കിടാറുണ്ട്. ഏലിയുടെ മറ്റൊരു സഹോദരന്‍ അമേരിക്കയിലാണ്. അവരും ആ ദിനം അവിടെയ്ത്തും. ഏലി മൂത്ത മകളായതിനാല്‍ ഇളയ രണ്ട് സഹോദരങ്ങളെയയും താലോലിച്ചാണ് വളര്‍ത്തിയത്. അവര്‍ പഠിച്ചപകൊണ്ടിരുന്ന കാലത്താണ് അമ്മ മരിച്ചത്. അതോട് അമ്മയുടെ സ്ഥാനം ഏലിക്കായി. അതിനാല്‍ പത്താം ക്ലാസുവരെ പഠിക്കാന്‍ കഴിഞ്ഞുള്ളീ. കുടുംബത്തിലുള്ള എല്ലാവര്‍ക്കും ഏലി അമ്മയാണ് മക്കള്‍ രണ്ട് പേര്‍ കുടുംബമായി ഇംഗ്ലണ്ടില്‍ താമസമാക്കി അവിടുത്തെ പൗരന്‍മാരാണ്. രണ്ട് പേരുടെ ഒപ്പം രണ്ടാഴ്ചവീതം നിന്നു. അതോടെ പാശ്ചാത്യജീവിതം മടുത്തു. ഹൃദയം താളം തെറ്റാന്‍ തുടങ്ങി. മനസ്സില്‍ നൊമ്പരങ്ങള്‍ ഏറി. ഭര്‍ത്താവുമൊത്ത് ജീവിച്ച ഭവനം ഉള്ളില്‍ തളംകെട്ടി നിന്നു. മക്കള്‍ക്കൊപ്പം ജീവിച്ചിട്ടും വേണ്ടുന്ന സന്തോഷം ലഭിച്ചില്ല. പേരക്കുട്ടികള്‍ ഒരാശ്വാസമായിരുന്നു. മക്കളുടെ സ്‌നേഹ പരിചരണങ്ങള്‍ പരിഭ്രാന്തിയോ ഭയമോ ഇല്ലാത്ത ജീവിതചര്യകള്‍, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത ഭരണാധിപന്‍മാര്‍. പേരിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രയോ രാജ്യക്കാര്‍, എത്രയോ മതങ്ങള്‍. ആരും ആരെയും ഉന്തുകയോ തള്ളുകയോ കൊല്ലുകയോ ചെയ്യുന്നില്ല. ബുദ്ധിമാന്ദ്യം ബാധിച്ചവരിലല്ലേ ഇതെല്ലാം സംഭവിക്കൂ. രണ്ടാഴ്ച സഹോദരനൊപ്പം ന്യൂയോര്‍ക്കിലും തമാസ്സിച്ചിട്ടാണ് ഏലി മടങ്ങിവന്നത്. വന്നയുടനെ ഒരു കൂട്ടിനായി അനാഥാലയത്തില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു. തുളസി അമ്മയുടെ മകളായി വളര്‍ന്നു. ഒപ്പം ഒരു മകളെപ്പോലെ സിന്ധുവും വന്നു. ഇപ്പോള്‍ ഏലിക്ക് നാല് മക്കളാണ്. അഞ്ച് ഏക്കറോളം കൃഷിസ്ഥലവും ഒരു വീടുമുണ്ട്. അത് നാല് പേരുടെയും പേരില്‍ എഴുതിവെക്കുകയും ചെയ്തു.
ഏലി അകത്തേക്ക് ചെന്നു. പൂമുഖത്തെ കസേരയിലിരുന്ന മിനിയും മാണിയും എഴുന്നേറ്റു. പാശ്ചാത്യരാജ്യത്ത് ഇങ്ങനെ ഒരു ശീലമില്ലല്ലോ. പിന്നെ ഇവര്‍ എന്തിനാണ് എഴുന്നേല്‍ക്കുന്നത്. മിനിയുടെ രീതികള്‍ മനസ്സിന് മതിപ്പുണ്ടാക്കി. ഏലി അവര്‍ക്കൊപ്പമിരുന്ന് മിനിയുടെ കുടുംബത്തെപ്പറ്റി അന്വേഷിച്ചു. അതിനെല്ലാം അവള്‍ വിനയത്തോടെ മറുപടി പറഞ്ഞു. സിന്ധുവും ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ കൊടുത്തിട്ട് അവര്‍ക്കൊപ്പമിരുന്നു, മിനി സ്വന്തം അച്ഛനെവരെ പരസ്യമായിവെല്ലുവിളിച്ചത് കേട്ടപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത് രമേശ് ചേട്ടനെയായിരുന്നു. ആകാംഷഭരിതരായി അവളുടെ വാക്കുകള്‍ അവര്‍ കേട്ടിരുന്നു. ഒടുവിലായി പറഞ്ഞു. ‘ഈ മാറാല പിടിച്ച മതത്തില്‍ എനിക്ക് വിശ്വാസമില്ല.’

 

ഏലിക്ക് ആശ്ചര്യം തേന്നി. ഈ നമ്പൂതിരിക്കൊച്ച് പാശ്ചാത്യ രാജ്യക്കാരുടെ ഭാഗത്ത് നിന്നാണല്ലോ സംസാരിക്കുന്നത്. അവര്‍ ദൈവത്തെ മറക്കുന്നതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ. മനസ്സില്‍ നിറഞഅഞുനിന്നത് ഗര്‍ഭിണികളായ പെണ്‍കുട്ടികളും അനുസരണിയില്ലാത്ത ആണ്‍കുട്ടികളുമാണ്. കൂട്ടുകൂടിയാല്‍ ഇങ്ങനെ പലതും കിട്ടു. ഇവരൊക്കെ കൂനറിയാതെ ഞെളിയുകയാണ്. മതക്കാര്‍ കാട്ടിക്കൂട്ടുന്ന പലതിനോടും എതിര്‍പ്പുണ്ടെങ്കിലും എനിക്കവരോട് ആദരവുണ്ട്. കൗമാരപ്രായം മുതല്‍ കുട്ടികളില്‍ സ്‌നേഹവും വിശ്വാസവും നന്മകളും പകര്‍ന്നു കൊടുക്കാന്‍ മതത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെ സമുദായ ദ്രോഹികള്‍ അവിടെ ദൈവത്തെയാണ് ദ്രോഹിക്കുന്നത്. അതിന്റെ ശിക്ഷ ഏറ്റുവാങ്ങുന്ന . ദൈവത്തിന്റെ മനസ്സ് വായിക്കാന്‍ മനുഷ്യനാകില്ല. താളത്തിനൊത്ത് തുള്ളുന്ന കാലം. അവളെ ഉള്‍ക്കൊളളാന്‍ കുറെ ബുദ്ധിമുട്ടുപോലെ തോന്നി. ഇവള്‍ നിരീശ്വരവാദിയാണോ? സ്വന്തം അച്ഛനെയും പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ ഇള്‍ അത്ര മോശക്കാരിയായിരിക്കില്ല. ദൈവത്തെ നിഷേധിക്കുകയെന്നാല്‍ അറിവില്‍ നിന്നുടലെടുത്ത അറിവില്ലായ്മയാണ്. എന്തിനാണ് അതിന് വേണ്ടി വാദിക്കുന്നത്. എന്നാലും ഇവള്‍ എത്ര സര്‍വ്വജ്ഞാനിയായാണെങ്കിലും എത്ര നിഘണ്ടുക്കളും, പുരാണങ്ങളും പഠിച്ചിട്ടുണ്ടെങ്കിലും ദൈവത്തെ ധിക്കരിക്കുക അംഗീകരിക്കാനാവില്ല. ഏലിയുടെ മുഖത്തെ ഭാവം അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി. അമ്മച്ചിക്ക് എന്തോ പറയണമെന്നുണ്ട്. കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകുമോ? എന്തായാലും ആ മനസ്സിലേക്ക് കടന്ന് ചെന്ന് അമ്മച്ചിയെ സ്വാധീനിക്കണം. ഇവരുടെയെല്ലാം തലയും താക്കോലും അമ്മച്ചിയാണ്. തീ കായുന്നവന്‍ പുകസഹിക്കണമെന്നല്ലേ. അമ്മച്ചിയുടെ അഭിപ്രായം മാണിയുടെ അമ്മ ചോദിക്കാതിരിക്കില്ല. അത് സ്വാഭാവികമാണ്. മടിയിലിരുത്തി ലാളിച്ച് വളര്‍ത്തുന്ന മകളല്ലേ? തിരുവായ്‌ക്കെതിര്‍വായില്ലല്ലോ. ഏലിയുടെ നോട്ടം അവളില്‍ തറച്ചുനിന്നു.
‘കൊച്ചേ, നെനക്ക് ദൈവവിശ്വാസമുണ്ടോ?’

 

‘ഉണ്ടമ്മച്ചി. ആചാരങ്ങളെ വെല്ലുവിളിക്കുമെങ്കിലും ദൈവത്തെ വെല്ലുവിളിക്കാന്‍ എനിക്കെന്ത് യോഗ്യത.’
‘ങാ… അത് നന്നായി. ദൈവം വലിയവനാ. ചെയ്തുതരുന്ന നന്മകള്‍ മറക്കരുത്. നമ്മള്‍ വെറും ഒരു ശ്വാസത്തിന് ഉടമകള്‍.’
‘അമ്മച്ചി പറഞ്ഞതാണ് ശരി. അമ്പലത്തിലം ദേവിയും പിശാചുക്കളുമുള്ള ഒത്തുകളിയില്‍ മാത്രമെ എതിര്‍പ്പുള്ളീ. ഈ ശ്വാസം തരുന്നത് വായൂ. ആ വായുവല്ലേ മനുഷ്യനെയും മരണത്തെയും നിയന്ത്രിക്കുന്നത്. ശ്വാസം തരുന്നു, ശ്വാസമെടുക്കുന്നു. ശരിക്കും ആ ശ്വാസത്തെയല്ലേ നമ്മള്‍ ദൈവമായി ആരാധിക്കേണ്ടത്….’
ഏലിക്കും സിന്ധുവിനും അവളുടെ തെളിഞ്ഞ ചിന്താഗതിയേടെ യോജിക്കാനേ കഴിഞ്ഞുള്ളൂ. എന്തും തുറന്നു പറയാന്‍ മനസ്സുള്ളവള്‍.
‘എന്താടാ മാണി നിനക്കൊന്നും പറയാനില്ലേ?’
‘അമ്മച്ചി വെറുതെ എന്തിനാ ഈ ദൈവത്തിന്റെയും പള്ളിയുടെയും പിറകെനടന്ന് ഉള്ള സമാധാനം കളയുന്നേ? ഇവരെല്ലാം ഭക്തിയോടെ, സ്‌നേഹത്തോടെ ജീവിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.’
ഏലിയുടെ ചോദ്യം മിനിയോടായി, ‘നീ എപ്പോഴാ കൊച്ചെ നിന്റെ വീട്ടിലേക്ക് പോകുന്നേ?’
‘നാളെ തന്നെ പോണം അമ്മത്തീ’
‘അവര്‍ക്കറിയാമോ നീ നാട്ടിലെത്തിയകാര്യം?’
‘ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു. എന്റെ കൂട്ടുകാരന്റെ വീട്ടില്‍ ഒരുദിവസം താമസിച്ചട്ടേ എത്തൂവെന്ന്.’
‘ഇനീം ഞാനൊന്ന് കെടക്കട്ടെ. നിങ്ങളും കുളിച്ച് വിശ്രമിക്ക്’, ഏലി അകത്തേക്ക് നടന്നു.
സിന്ധു മാണിക്കും മിനിക്കുമായുള്ള മുറികള്‍ കാണിച്ച് കൊടുത്തിട്ട് അടുക്കളയിലേക്കു പോയി. തുളസി ഉച്ചയ്ക്കത്തേക്ക് ആഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു. ആവിപറക്കുന്ന പാത്രത്തിന്റെ അടപ്പ് മാറ്റിയിട്ട് ഒരു സ്പൂണെടുത്ത് തിളച്ചുകൊണ്ടിരുന്ന പാത്രത്തിലെ കറി രുചിച്ച് നോക്കി. മിനിയും തുളസിക്കൊപ്പം അടുക്കളയില്‍ കൂടി.

 

‘ചേച്ചീ, ഇറച്ചിക്കറി ഒണ്ടാക്കാഞ്ഞത് ശരിയായില്ല. ഞീനിന്നലെ പറഞ്ഞതല്ലേ ഞാന്‍ പോയി വാങ്ങിക്കാമെന്ന്’, സിന്ധുവിനോടായിരുന്നു തുളസിയുടെ പരിഭവം.
‘എടീ, നിനക്ക് വേണമെങ്കി പറഞ്ഞാല്‍ പോരായോ?’
‘അതിന് അമ്മച്ചി സമ്മതിക്കേണ്ട. ഇവിടെ ഇറച്ചി കൊണ്ടുവന്നേക്കരുതെന്ന് നിയമം ഉണ്ടാക്കി വെച്ചിരിക്കുകയല്ലേ?’
‘ഞാന്‍ മാണിയോട് ഫോണില്‍ കൂടെ ചോദിച്ചപ്പം അവരും പറഞ്ഞു ഇറച്ചി കഴിക്കാറില്ലന്ന്. എനിക്കും ഇഷ്ടമല്ല. നിനക്ക് മാത്രം ഇഷ്ടം അതല്ലേ അമ്മച്ചി പറഞ്ഞിട്ടുള്ളത് കടയില്‍ പോയി കഴിച്ചോളാന്‍. എന്തിനാ ഈ ഈച്ചയരിക്കുന്ന അസുഖം പിടിച്ച ഇറച്ചി കഴിക്കുന്നേ. എനിക്ക് വേണ്ടായേ. ദേ ഈ കറീടെ ഉപ്പൊന്ന് നോക്ക്.’

 

അവള്‍ ഒരു തവിയില്‍ കൊടുത്ത കറി രൂചിച്ച് നോക്കിയിട്ട് ഒരല്‍പം ഉപ്പുകൂടിയിട്ടു. ഭക്ഷണം തയ്യാറായി. ഏലിയെ മിനിയാണ് വിളിച്ചെഴുന്നേല്‍പ്പിച്ചത്. അമ്മച്ചിയെ കൈയ്യില്‍ പിടിച്ച് നടത്തിക്കൊണ്ടു വന്നു. സിന്ധുവിന് സന്തോഷം തോന്നി. കുളികഴിഞ്ഞ് സാരിയണിഞ്ഞ് കണ്ടപ്പോള്‍ അതീവ സുന്ദരിയായി തോന്നി. ലണ്ടനിലെ പാന്റും അണുങ്ങളിടുന്ന ഉടുപ്പും ധരിച്ച് ആദ്യം കണ്ടതിനെക്കാള്‍ എത്രയോ ഭേദമാണ് ഇപ്പോഴത്തെ വേഷം. അവളുടെ കറുത്ത നീണ്ടമുടിയും സാരി നിവര്‍ന്ന് കിടക്കുന്നതുപോലയല്ലേ കിടക്കുന്നത്. ഊണ് കഴിച്ചിട്ടവര്‍ ലണ്ടന്‍ വിശേഷങ്ങളും പങ്ക് വെച്ചു.
ഏലി കണ്ണാടി നേരെയാക്കി സിന്ധുവിനോട് പറഞ്ഞു.

 

‘നിന്റെ മുഖം കണ്ടാല്‍ എന്തോ പ്രശ്‌നം ഉണ്ടെന്ന് തോന്നുമല്ലോ. എന്താടി വല്ല പ്രശ്‌നമുണ്ടോ?’
‘അമ്മച്ചി, ഇവന് മിനിയെ വിവാഹം കഴിക്കണമെന്നുണ്ട്. പക്ഷേ, ഇതുവരെ അവളോടു പോലും പറഞ്ഞിട്ടില്ല. എന്നോട് ചോദിച്ചപ്പോള്‍ അമ്മച്ചിയോട് ചോദിക്കാതെ എനിക്കും ഒന്നും പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. മറ്റൊന്ന്, ഒരു ചെറിയ വീടും പുരയിടവും എനിക്കായിട്ട് അവന് വാങ്ങണം. ഞാന്‍ പറഞ്ഞു, അമ്മച്ചി ഈ വീടും സ്വത്തും ഞങ്ങള്‍ നാലുപേര്‍ക്കായി വീതിച്ചുകഴിഞ്ഞു.’
മിനിയുമായി വളരെ നല്ല ബന്ധം മാണിക്കുണ്ടെന്ന് സിന്ധുവില്‍ നിന്ന് കേട്ടിട്ടുണ്ട്. നീണ്ട നാളത്തേ പ്രണയബന്ധം പുറത്ത് വന്നത് ആദ്യമായിട്ടാണ്. ഇതിന്റെ വിധിനിര്‍ണ്ണയം അമ്മച്ചിയുടെ കൈയ്യിലെത്തുമെന്ന് മിനിയും നിനച്ചില്ല. കണ്ടിടത്തോളം സുഖകരമായ ഒരന്തരീക്ഷം. അവളുടെ പുഞ്ചിരിക്കുന്ന മുഖം മാണി കണ്ടു. അവന്റെ മനസില്‍ ഒരു കുളിര്‍കാറ്റ് വീശി.

 

അവളുടെ സൗന്ദര്യം തുളുമ്പുന്ന കണ്ണുകള്‍ അവനെ നോക്കാന്‍ മടിച്ചു. ഏലിക്ക് പ്രത്യേകിച്ച് കുറവുകളൊന്നും അവളില്‍ കാണാന്‍ കഴിഞ്ഞില്ല.
അവള്‍ പറഞ്ഞു, ‘എന്റെ അച്ഛന്റെയും അമ്മയുടെ അനുവാദം കൂടി വേണം. അതിന് ഞങ്ങള്‍ ഒന്നിച്ച് നാളെ എന്റെ കൂടെ വീട്ടിലേക്ക് വരണം ‘
ഏലിക്കും സിന്ധുവിനും അതേറെ ഇഷ്ടപ്പെട്ടു. തന്തയ്ക്ക് പിറന്നകുട്ടികള്‍ അങ്ങനെ വേണം. ഈ കാര്യത്തില്‍ മാതാപിതാക്കളെ കാണുകയും അനുവാദം വാങ്ങുകയും മാത്രമല്ല അവരുടെ വേവലാതികള്‍ ദുരീകരിക്കപ്പെടുകയും വേണം. അവരുടെ വേദനകള്‍ മാറിയാല്‍ അതൊരു ശാപമായി ജീവിതത്തില്‍ കിടക്കില്ല. അത് ജീവിതത്തില്‍ നന്മയെ വരുത്തൂ. എന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്റെ മകനുണ്ടാകരുത്. മാതാപിതാക്കള്‍ സഹോദരിമാര്‍ എല്ലാവരോടും വിടപറഞ്ഞപ്പോള്‍ ഹൃദയം നീറുകയായിരുന്നു. എന്നോട് ആര്‍ക്ക് ഒരു സഹതാപമോ സ്‌നേഹമോ തോന്നിയില്ല. വന്യമൃഗത്തെപോലെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. ചുറ്റിനുമുള്ളവര്‍ കഴുകനെപോലെ നോക്കി. അവര്‍ കൊത്തി വലിക്കുന്നതിന് മുന്നേ രക്ഷപെട്ടു. ഓര്‍മ്മയില്‍പോലും ആ സ്ഥലവും ആളുകളും ഞാനിഷ്ടപ്പെടുന്നില്ല. സ്വന്തം അമ്മയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങാറുണ്ട്. നീ ഞങ്ങളുടെ മകള്‍ എന്ന് ആരോടും പറയരുത്. മരണത്തെക്കാള്‍ കാഠിന്യം നിറഞ്ഞവാക്കുകള്‍. അതിനുപകരം എനിക്കൊരമ്മയെ ദൈവം തന്നു. ഇവിടെയാണ് ഞാന്‍ ദൈവത്തെ കാണുന്നത്. ആ ദൈവത്തെ വിശുദ്ധ പിതാവ്, ആത്മാവ്, നന്മ, സത്യം, ധര്‍മ്മം തുടങ്ങിയ പേരുകള്‍ കൊടുത്ത് ആരാധിക്കാന്‍, അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ഏലിയും അതുതന്നെ പറഞ്ഞു. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പം അനുവാദം മാത്രമല്ല അനുഗ്രഹവും വാങ്ങണം. അതിന് മടിക്കുമെങ്കില്‍ ഞാന്‍ നടത്തിത്തരാം നിങ്ങളുടെ വിവാഹം എന്താ പോരായോ?

 

അച്ഛന്‍ സമ്മതിക്കില്ലെന്നായിരുന്നു അവളുടെ പ്രധാന ആശങ്ക. അദ്ദേഹം ജാതിയും മതവും വിട്ടൊരു കളിക്കും നില്‍ക്കില്ല. സ്‌നേഹത്തിനും പ്രണയത്തിനും എന്ത് സമുദായം.

മിനിയുടെ സങ്കോചമൊന്നു മാറ്റാന്‍ മാണി പറഞ്ഞു, അവിടത്തെ പുഴയെയും പാടങ്ങളെയും കുറിച്ചൊക്കെ. കാണാന്‍ ക്ഷണിച്ചു.
‘ങാ, കൊച്ചു പറഞ്ഞത് ശരിയാ. എനിക്കും ഇത്തിരി നടക്കണം. കൊച്ചു വള്ളത്തിലും കേറണം എന്നാ വരീന്…’, മുന്നിലിറങ്ങിയത് ഏലിയാണ്.
‘തൊളസി മുറിപൂട്ടിയിട്ട് വാ….’

 

വീടിന്റെ പിറകിലായി നാല് ടയറുള്ള പെട്ടിവണ്ടി അവര്‍ കണ്ടു. ചൂട് കാലമായതിനാല്‍ മരതൈകളും കൊടുക്കാറില്ല. ഇനിയും മഴക്കാലം വന്നാലെ അതിനെല്ലാം ജീവനുണ്ടാകൂ. വീടിന്റെ ഒരു ഭാഗത്തുളള റബര്‍ മരങ്ങളുടെ ഇലകളെല്ലാം കൊഴിഞ്ഞ് പോയിരിക്കുന്നു. പാശ്ചാത്യരാജ്യത്ത് മഞ്ഞില്‍ ഇലകള്‍ കൊഴിയുമ്പോള്‍ ഇവിടെ ചൂടില്‍ ഇലകള്‍ വാടികൊഴിയുന്നു. മാണിയും മിനിയും ഇണക്കുരുവികളെപ്പോലെ അവര്‍ക്കൊപ്പം നടന്നു. വിവിധ നിറത്തിലുള്ള കിളികള്‍ മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് പറക്കുന്നു. കാക്കകളുടെ കരച്ചിലും കേള്‍ക്കാം. അടുത്തൊരു മരത്തിലിരുന്ന് കുയിലുകള്‍ മധുരനാദം പുറപ്പെടുവിച്ചു. കുളിരിളം കാറ്റില്‍ ഇലകള്‍ ചലിക്കുന്നു. സൂര്യന്‍ മഴമേഘങ്ങളിലൂടെ പടിഞ്ഞാറെ നാട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. അവര്‍ തോടിനടുത്തേക്ക് നടന്നു. മരങ്ങളുടെ മറവില്‍ കോഴിതന്റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിക്കുന്നത്‌പോലെ ചൂടില്‍ നിന്ന് രക്ഷപെടാനായി ധാരാളം കുഞ്ഞ് മരതൈകള്‍ ഐഷധചെടികള്‍, അശോകവൃക്ഷം, കാറ്റാടി, നെല്ലി അങ്ങനെ ധാരാളം തൈകളും വിവിധനിറത്തിലുള്ള പുഷ്പതൈകളും ചൂടില്‍ വാടിനില്‍ക്കുന്നു. ഏലിയും തുളസിയും മരമൂട്ടില്‍ കിടന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളുമായി തോട്ടിലേക്ക് നടന്നു. ഇതിനിടയില്‍ ഓരോ മരങ്ങളുടെ പേരുകള്‍ സിന്ധു അവര്‍ക്ക് വിവരിച്ചുകൊടുത്തു. ചില ചെടികള്‍ ഈ ചൂടിലും പൂത്തുനില്‍ക്കുന്നു. അതിന് മുകളില്‍ വണ്ടുകള്‍ ഇരമ്പിപാഞ്ഞ് പറക്കുന്നു. അവളുടെ ദൃഷ്ടികള്‍ ആ വണ്ടുകളിലായിരുന്നു.
അവളുടെ കണ്ണുകള്‍ അടുത്തുള്ള ഒരു പറങ്കിമാവില്‍ പതിഞ്ഞു. പറങ്കിപ്പഴങ്ങളും, അടുത്തൊരു മാവില്‍ മാമ്പഴവും. മാവിലിരുന്ന രണ്ട് പച്ചത്തകള്‍ അവരെ കണ്ട് പറന്നുപോയി. തെങ്ങുകളും കവുങ്ങുകളും കൂട്ടിനെന്നപോലെ തോട്ടിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. പച്ചിലക്കാടുകളുടെ മദ്ധ്യത്തില്‍ ഇലകൊഴിഞ്ഞ കൊച്ചുമരങ്ങളുണ്ടായിരുന്നു. സിന്ധു മരത്തണലിലിരുന്ന മണ്‍പാത്രത്തിലെ ചെടികചഴഃ മരത്തൈകളും പുറത്തേക്ക് എടുത്തുവെച്ചു. അതില്‍ പലതും മൂന്നും നാലും ഇലകള്‍ കിളിര്‍ത്ത തൈകളായിരുന്നു. വൈകിട്ട് നാല് മണിക്ക് ചൂടിന്റെ കാഠിന്യം കുറയുമ്പോഴാണ് മണ്‍ചട്ടികള്‍ മരച്ചുവട്ടില്‍ നിന്നു മാറ്റിവെക്കുന്നത്. എന്നിട്ട് വെള്ളമൊഴിച്ച്‌കൊടുക്കും. അതോടെ അവരുടെ ദാഹം തീരും. തോടില്‍ നിന്നും അതിനപ്പുറമുള്ള പുഴയില്‍ നിന്നുള്ള തണുത്തകാറ്റ് മന്ദഹാസവുമായിട്ടെത്തും. രാത്രിയില്‍ ഇരുട്ടിനെയകറ്റി പൂനിലാവ് വിരിയും. അതിന്റെ മാറില്‍ കുഞ്ഞുതൈകള്‍ പുഞ്ചിരിപൊഴിക്കും. ഉദയസൂര്യന്‍ ഉണര്‍ന്നുകഴിയുമ്പോള്‍ രാത്രിയിലെ സുഖമുപേക്ഷിച്ചവര്‍ മരതണലില്‍ അഭയം പ്രാപിക്കും. രാവിലെ സിന്ധുവും തുളസിയും മാത്രമാണ് ജോലി ചെയ്യാന്‍ വരുന്നത്. ഒരു ഭാഗത്ത് നീണ്ട് കിടക്കുന്ന വയല്‍പ്പാടങ്ങള്‍ എല്ലാ മനസ്സിന് ആഹ്ലാദം പകരുന്ന കാഴ്ചകളാണ്. തുളസി ഒരു ബക്കറ്റില്‍ വെള്ളവുമായി അവരുടെയടുത്തുകൂടി നടന്നപ്പോള്‍ മാണി അത് വാങ്ങി അമ്മയുടെയടുക്കലെത്തിച്ചു. മിനി ഏലിയെ സഹായിക്കാന്‍ തോട്ടിലേക്കിറങ്ങി. അവളുടെ സാരിത്തുമ്പും മുടികളും കാറ്റിലാടി പറന്നു.

 

‘ചൂടത്ത് ഈ തോട് വറ്റില്ലേ അമ്മച്ചി?’
‘ഇത് പുഴയോട്‌ചേര്‍ന്നുള്ള തോടാ. പിന്നെ പാടങ്ങള്‍ നെകത്തി വീട് വെക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കത്തില്ല. അതൊക്കെയാ വെളളം ഒള്ളത്.’
തോടിനടുത്തുതന്നെ ചെറിയൊരു വള്ളം കിടക്കുന്നത് കണ്ടു. അത് കയറുകൊണ്ട് തെങ്ങില്‍ കെട്ടിയിരിക്കുന്നു. കുറഞ്ഞത് 10-15 പേര്‍ക്ക് ആ വള്ളത്തില്‍ സഞ്ചരിക്കാം.
‘ഈ വള്ളം ആരുടേതാ?’
‘അവനും എന്റെ കൂട്ടുകാരനാ….’, അകലേക്ക് കൈചൂണ്ടി പറഞ്ഞു. ‘ദേ തോടിനക്കരെ കാണുന്ന ആ തെങ്ങും കവുങ്ങുമില്ലേ ആ പറമ്പീന്ന് അടയ്ക്കയും തേങ്ങയും ഈ വള്ളത്തിലാ കൊണ്ടുവരുന്നേ.’
‘അപ്പോള്‍ ആര് തുഴയും?’
‘ഞങ്ങള്‍ മൂന്നും തുഴയും, നീന്തും. ചെറുപ്പത്തില്‍ ഞാനും ഈ പുഴയില്‍ നീന്തിയിട്ടുണ്ട്.’
‘കൊച്ചിനറിയാമോ നീന്താന്‍?’
‘ഇല്ലമ്മച്ചീ….’
‘ങാ. എല്ലാ മനുഷ്യരും നീന്താന്‍ അറിഞ്ഞിരിക്കണം. ഞങ്ങള് ചെലപ്പം ചന്തക്ക് പോകുന്നതും പള്ളിയില്‍ പോകുന്നതും ഈ തൈ കൊണ്ടുപോകുന്നതുമൊക്കെ വള്ളത്തിലാ. എനിക്ക് വലിയ ഇഷ്ടമാ തൊഴയുന്നേ.’
‘ഇനി എപ്പഴ അമ്മച്ചീ ആ പറമ്പീപോകുന്നത്.’
‘നെനക്കും വള്ളത്തില്‍ കേറാന്‍ മോഹം അല്ലേ. ഞങ്ങള്‍ മിക്ക ദിവസവും ഈ വള്ളത്തിലൂടെ ഈ നാടൊക്കെ കാണാന്‍ പോകും. പിന്നെ എനിക്കൊരു വ്യായാമവും ആകും. ഡയബറ്റിക്കാ. വിയര്‍ക്കേ പണി ചെയ്യാനാ ഡോകട്ര്‍ പറഞ്ഞേക്കുന്നേ.’
‘അമ്മച്ചീ ഇന്ന് ഞാനൂടെ വരട്ടെ…. ‘
‘അതിനെന്താ പോന്നോളൂ.’ തുളസിയോടായി ചോദിച്ചു, ‘എന്താ തീര്‍ന്നില്ലേ?’
‘ഇതൂടെ മതി.’
കാറ്റിലകപ്പെട്ട കരിയിലകള്‍ തോട്ടിലേക്ക് മറിഞ്ഞ് വീണ് പരല്‍മീനുകള്‍ക്കൊപ്പമൊഴുകി. മറ്റൊരു ഭാഗത്ത് കൂടി കുറെ താറാവുകള്‍ പായലുകള്‍ക്കിടയില്‍ ഇരകളെ തേടിയലഞ്ഞു പോകുന്ന കാഴ്ച കൗതുകത്തോടെ കണ്ട് നിന്നു. എല്ലാവരും ഏലിയുടെ അടുത്തേക്ക് വന്നു.
എടാ മാണീ നിനക്ക് നീന്താനറിയാമോ?’
‘അറിയാമമ്മച്ചി’
‘ങാ. രക്ഷപെട്ടു. ആ കന്യാസ്ത്രീകള് അങ്ങനെ നല്ലൊരു കാര്യം കൂടി ചെയ്തു. എടീ തൊളസീ, പ്ലാസ്റ്റിക്ക് വളയം എടുത്തേണ്ടുവാ. നീയേ താക്കോല് സൂക്ഷിച്ചോണേ. സിന്ധു താക്കോല് നിന്റെ കൈയ്യില്‍ ഉണ്ടല്ലോ….’

 

സിന്ധുവിന്റെ സാരിത്തുമ്പില്‍ ഒരു താക്കോലുണ്ട്. പലപ്പോഴും വീടിന്റെ താക്കോല്‍ തുളസി മറക്കുകയോ കളയുകയോ ചെയ്യും. മാണിയും തോട്ടിലിറങ്ങി കാല്‍ കഴുകി. ഏലി തെങ്ങില്‍ കെട്ടിയിട്ടിരുന്ന കയര്‍ അഴിച്ച് വള്ളം അവരുടെയടുത്തേക്ക് കൊണ്ടുവന്നുനിറുത്തി. സിന്ധു വളരെയകലത്തില്‍ ഒരു മരത്തില്‍ കുത്തിച്ചാരി നിറുത്തിയിരിക്കുന്ന രണ്ട് മുളങ്കമ്പുകളുമായിട്ടെത്തി. തുളസി പ്ലാസ്റ്റിക്ക് വളയം വാങ്ങിയിട്ട് രണ്ട് പേരോടായി പറഞ്ഞു, ‘അഥവ വള്ളം മറയുമെങ്കില്‍ ഇതെടുത്ത് കക്ഷത്തിനടിയില്‍ ഇട്ടുകൊള്ളണം. നീ ഇട്ടോ കൊച്ചേ.’ അവള്‍ തലയാട്ടി. ‘ഇത് നിങ്ങളുടെ ഇംഗ്ലണ്ടീന്ന് കൊണ്ടുവന്നതാ. പേരക്കുട്ടികള്‍ക്കൊന്നും നീന്തറിയില്ല. അവര് അവധിക്ക് വരുമ്പം ദേഹത്ത് ഇത് ഇട്ടുകൊണ്ടാ ഞങ്ങടെ നാടുചുറ്റല്‍.’ അവര്‍ പുഞ്ചിരിച്ചു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px