കാല്‍പാദങ്ങള്‍ വള്ളത്തില്‍ പതിഞ്ഞപ്പോള്‍ വള്ളമൊന്നുലഞ്ഞു. സന്തോഷമുള്ള കാര്യമാണെങ്കിലും ഉള്ളില്‍ ഒരല്‍പം ഉത്കണ്ഠ വളര്‍ന്നിരുന്നു. വള്ളത്തിന്റെ രാണ്ട് ഭാഗങ്ങളിലായി ഏലിയും സിന്ധുവും തുഴച്ചില്‍ തുടര്‍ന്നു. മദ്ധ്യഭാഗത്തായി അവര്‍ മൂന്നുപേര്‍ ഇരുന്നു. കരയിലെങ്ങും പൂത്തും കായ്ച്ചും നില്‍ക്കുന്ന മാവും പ്ലാവും തെങ്ങും, പറങ്കിമാവും, കവുങ്ങുമെല്ലാം നല്ല കാഴ്ചകളായി തോന്നി. മുന്നോട്ട് പോകുമ്പോള്‍ സിന്ധു അവര്‍ക്ക് തെങ്ങിന്‍ തോപ്പ് കാണിച്ചുകൊടുത്തു, തോട്ടിലേക്ക് തല ചായ്ച്ച് കിടക്കുന്ന തെങ്ങും കവുങ്ങും കാണാന്‍ നല്ല ഭംഗിയാണ്. പാടത്തുള്ള നെല്‍ക്കതിരുകളില്‍ നിന്നും ചകോരപ്പക്ഷികളും വെള്ള കൊക്കുകളും വയല്‍കിളികളും നെല്‍കതിരുകള്‍ കൊത്തി വിഴുങ്ങി ആകാശത്തേക്ക് അവരുടെയടുത്തുകൂടിയും കുറുകികൊണ്ട് ചിറകടിച്ച് പറന്നു. ഏലിയും സിന്ധുവും തെല്ല് വിയര്‍ത്തുവെങ്കിലും കുളിര്‍കാറ്റ് നെറ്റിയിലെ കുഞ്ഞ് വിയര്‍പ്പിനെ തഴുകിയുണക്കി. തോട്ടില്‍ നിന്ന് പുഴയിലേക്ക് കയറിയപ്പോള്‍ മിനിയുടെ മനോവികാരത്തിന് മാറ്റമുണ്ടായി. മാണി ഇടയ്ക്ക് നോക്കുമ്പോള്‍ യാതൊരു ഭയവുമില്ലെന്ന ഭാവത്തിലാണ് അവള്‍ ഇരുന്നത്. അത് ശരീരത്തിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വളയത്തിന്റെ ബലംകൊണ്ടായിരുന്നു. വള്ളത്തിലുള്ള യാത്ര മനസ്സിന് കുളിര്‍മ പകരുന്നതാണ്. എങ്ങും വെണ്മചൊരിയുന്ന കാഴ്ചകള്‍. ഇടയ്ക്കവന്‍ ചോദിച്ചു. എന്താ പേടിയുണ്ടോ? അവള്‍ ഇല്ലെന്ന് മൂളിയെങ്കിലും കണ്ണുകളില്‍ ഭയമായിരുന്നു. ആകാശത്തിന്റെ നീലിമപോലെ വെള്ളവും നീലയങ്കിയണിഞൊഴുകുന്നു. അവളുടെ മുടി കാറ്റില്‍ പറന്നു.
ഇടയ്ക്ക് സിന്ധുവും ചോദിച്ചു. ‘എന്താ പേടി തോന്നുന്നുണ്ടോ?’
‘ഹേയ് ഇല്ലമ്മേ?’
സത്യത്തില്‍ ഭീതി മനസ്സിനെ ഇളക്കി മറിക്കുന്നുണ്ടായിരുന്നു. മനസ്സ് മന്ത്രിച്ചു. മാണി ഒപ്പമിരിക്കുമ്പോള്‍ ഈ പുഴയ്ക്ക് എന്റെ പ്രാണനെ പെട്ടെന്നങ്ങ് അപഹരിക്കാനാവില്ല. അവന്റെ നോട്ടം കണ്ടാല്‍ വെള്ളത്തില്‍ ചാടാന്‍ സന്നദ്ധനായി നില്‍ക്കയാണെന്ന് തോന്നും. പ്രണയത്തിന്റെ മറുപുറം വെളിപെടുത്തുന്ന മഹത്വം. അവിടെ ജീവനോ, ജലമോ, അഗ്നിയോ ഒന്നും ഒരു തടസ്സമല്ല. പ്രണയിക്കുന്നവരുടെ സ്വഭാവ ഗുണങ്ങളാണത്. ഇപ്പോള്‍ ഭയത്തേക്കാള്‍ മനസ്സിനെ കീഴ്‌പ്പെടുത്തിയത് പ്രകൃതിയുടെ അന്യാദൃശ്യമായ സൗന്ദര്യമാണ്. അവളുടെ കണ്ണുകളില്‍ നിന്നും അനന്ദാശ്രുക്കള്‍ പൊഴിഞു. ഒരു മണിക്കൂറോളം പുഴസവാരി നടത്തി അവര്‍ വീട്ടില്‍ മടങ്ങിയെത്തി. ചക്രവാളം തിളങ്ങിയും പ്രകൃതി മങ്ങിയും നിന്നു.
അടുത്ത ദിവസം അതിരാവിലെ തന്നെ മിനി അവളുടെ വീട്ടിലേക്ക് യാത്രതിരിച്ചു. കൂടെ പെണ്ണു ചോദിക്കാനുള്ളവരും!അന്നും വര്‍ക്കിയുടെ കാറാണ് ഏലി വിളിച്ചുവിട്ടത്. സൂര്യന്‍ ആകാശത്ത് തിളങ്ങി നിന്നു. രാമന്‍ നമ്പൂതിരിയും ഭാര്യ ലക്ഷ്മി അന്തര്‍ജനവും മകള്‍ക്കായി വിശിഷ്ടമായ ഉച്ചയൂണ് തയ്യാറാക്കി കാത്തിരുന്നു. രണ്ട് പേരുടെയും തല നരച്ചിട്ടുണ്ട്. തലേന്ന് മകള്‍ വീട്ടിലേക്ക് വരുന്നതറിഞ്ഞ് ആ വൃദ്ധ മനസ്സുകള്‍ ഒത്തിരി സന്തോഷിച്ചു. പൂമുഖത്തേ വരാന്തയില്‍ ചൂരല്‍കൊണ്ടുളള ചാരുകസേരയില്‍ റോഡിലേക്ക് ഇമവെട്ടാതെ നോക്കി കിടന്നു. പ്രായം അറുപത്തഞ്ച് കഴിഞ്ഞെങ്കിലും മുഖത്തേ പ്രഭയ്ക്ക് ഒരു കുറവുമില്ല. നെറ്റിയില്‍ ഭസ്മക്കുറിയും, നെഞ്ചില്‍ പൂണൂലും ഒരു കാവിമുണ്ടും ഉടുത്തിരിക്കുന്ന രാമന്റെയടുത്തേക്ക് ലക്ഷ്മി ഭവ്യഭാവത്തില്‍ വന്നു. അച്ഛനും മകളുമായി ഒരിക്കലും ഒരുകാര്യത്തിലും യോജിച്ചിട്ടില്ല. ഇനിയും വിവാഹവിഷയത്തിലും അതുണ്ടാകാന്‍പാടില്ല. ഇദ്ദേഹം അതൊന്ന് അംഗീകരിച്ചുകൊടുത്താല്‍ മനഃസമാധാനമായിട്ടൊന്ന് ഉറങ്ങാമായിരുന്നു. മനസ്സില്‍ ഇപ്പോഴും തീയാണ്. ആ ചെറുക്കനെ സ്വീകരിക്കുമോ അതോ നിരസ്സിക്കുമോ?
‘ലക്ഷ്മീ, പപ്പടം അവര് വന്നിട്ട് കാച്ചിയാ മതി ട്ടോ’
‘ഉവ്വ്. പിന്നെ ഇന്നലെ അവള് പറഞ്ഞകാര്യം മറക്കേണ്ട ട്ടോ’
‘എന്തേയീ…?’
‘ജതീം മതോം ഒന്നും ചോദിക്കേണ്ട. അറിയാല്ലേ അതെ അവക്ക് ഇഷ്ടാല്ലാ. അവര് സന്തോഷായി കഴിയട്ടേ.’
രാമന്‍ നമ്പൂതിരിയുടെ ഉള്ളില്‍ രോഷം കത്തുന്നുവെങ്കിലും ഒന്നും പറഞ്ഞില്ല. എന്തിന് അവളെകൂടി വേദനിപ്പിക്കണം. വിവാഹമെന്ന് പറഞ്ഞാല്‍ രഹസ്യമായ ഇടപാടാണോ? പരസ്യമായി നാലാള്‍ അറിഞ്ഞ് നടത്തേണ്ട ഒരു കാര്യമല്ലേ? മഹത്തായ ഒരു പാരമ്പര്യവും സംസ്‌ക്കാരവും ഈ തറവാടിനുണ്ട്. അതിനെയൊക്കെ വെല്ലുവിളിച്ചാല്‍ വെറുതെയിരിക്കണോ? വയസ്സായിപോയി. ഇല്ലായിരുന്നുവെങ്കില്‍ ഇവളെ വരച്ചവരയില്‍ ഞാന്‍ നിറുത്തുമായിരുന്നു.
മുറ്റത്തേക്ക് കാര്‍വന്നു. അവര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. മാണി ചുറ്റുപാടുകള്‍ ഒന്ന് വീക്ഷിച്ചു. പഴയ അറയും പുരയും. ഒറ്റനോട്ടത്തില്‍ തിരുവിതാംകൂറിലെ ഏതോ പഴയ കൊട്ടാരം പോലുണ്ട്. ഒരു ഭാഗത്ത് രണ്ട് പേര്‍ വയല്‍ കച്ചി വാരി നിരത്തുന്നു. മറ്റൊരിടത്ത് നാല് പേര്‍ കറ്റകള്‍ ചവുട്ടുന്നു. ഇവള്‍ പറഞ്ഞത് ഒരു പാവപ്പെട്ട കുടുംബം എന്നാണ്. അതല്ലെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകും. അവളുടെ പെട്ടിയും ബാഗും ജോസ്‌കുട്ടി അകത്തേക്ക് എടുത്തുവെച്ചു. അവര്‍ വരാന്തയിലേക്ക് കയറി. ആദ്യം മിനിയും രണ്ടാമത് മാണിയും അവരുടെ പാദങ്ങള്‍ തൊട്ടുവന്ദിച്ചു. ലക്ഷ്മിയുടെ മുഖം പ്രസന്നമായി, മകളെ കെട്ടിപ്പിടിച്ച് കവിളിലും നെറ്റിയിലും ചുംബിച്ചു. രാമന്‍ മാണിയോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അമ്മയും മകളും കൂടി ജാതി-മതം ചോദിക്കരുതെന്ന് പ്രതിജ്ഞ എടുപ്പിച്ചിരിക്കുകയാണ്. അവന്റെ അച്ഛന്‍ ആരെന്നെങ്കിലും അറിയേണ്ടതല്ലേ. ഇനിയും അതും ചോദിക്കരുതെന്നുണ്ടോ? ആ ചോദ്യത്തിനെങ്കിലും ഉത്തരം കിട്ടണം.
അമ്മയും മകളും പെട്ടിയും ബാഗുമായി അകത്തേക്ക് പോയി. ഇതിനിടയില്‍ യാത്ര മംഗളമായിരുന്നോ അമ്മക്ക് സുഖമാണോ എന്നൊക്കെ ചോദിക്കാനും ലക്ഷ്മി മറന്നില്ല. ലക്ഷ്മി കുടിക്കാന്‍ നാരങ്ങ വെള്ളം മാണിക്കും ഡ്രൈവര്‍ക്കും കൊടുത്തു. അത് കുടിക്കുമ്പോള്‍ ലക്ഷ്മിയുടെ കണ്ണുകള്‍ അവനില്‍ തറച്ചുനിന്നു. അവന്റെ മിഴികളുമായി ഏറ്റുമുട്ടാന്‍ കരിനീലക്കണ്ണുള്ള ഒരു പെണ്ണിനുമാകില്ലെന്ന് തോന്നി. ആ കണ്ണുകള്‍ക്ക് സൂര്യതേജ്ജസാണ്. ഭഗവാന്‍ കൃഷ്ണനെ ഒരു നിമിഷം ഓര്‍ത്തുപോയി. അതോടെ അവനോടുള്ള താല്‍പര്യവും വര്‍ദ്ധിച്ചു. ലക്ഷ്മി ഗ്ലാസ്സുമായി മടങ്ങി. രാമന്‍ ബോധപൂര്‍വ്വം പല ചോദ്യങ്ങളും ഒഴിവാക്കി. അവന്റെ മുഖത്തേ കട്ടിയുള്ള മീശയിലേക്ക് തുറിച്ചുനോക്കി. ഒരു ചട്ടമ്പിയുടെ മുഖഭാവം. രാമന്‍ ലണ്ടനിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അച്ഛന്റെയും അമ്മയുടെയും സ്ഥലം ഏതെന്ന് ചോദിച്ചു. രണ്ടിനും ഒരേ ഉത്തരം കൊടുത്തു. മാവേലിക്കര താമരക്കുളം. അച്ഛന്റെ പേരെന്താണ്? തൊഴില്‍ തുടങ്ങിയവ ആരാഞ്ഞു.
രാമന്‍ തോളില്‍ കിടന്ന തോര്‍ത്ത് കൊണ്ട് മുഖമൊന്ന് തുടച്ചു. മുകളിലേക്ക് നോക്കി. ഫാന്‍ കറങ്ങുന്നുണ്ട്. അവനും അവിടെയൊക്കെയൊന്ന് കണ്ണോടിച്ചു. അവള്‍ പറഞ്ഞതും ശരിയാണ്. പഴയ രാജകുടുംബവുമായി നല്ല ബന്ധം ഉള്ളവരായിരിക്കും അതിന്റെ എല്ലാ പ്രൗഢിയും കൊത്തുപണികള്‍കൊണ്ട് നിറഞ്ഞ ഈ വിടിനുണ്ട്. നമ്പൂതിരിയുടെ മുഖത്തും അത് പ്രസരിക്കുന്നു.
രമേശ് താമരക്കുളം. നാടകകൃത്തും, നാടകട്രൂപ്പുമൊക്കെ ഉണ്ടായിരുന്ന രമേശ്. മാണിയുടെ വാക്കുകള്‍ രാമന്റെ ഓര്‍മ്മകളില്‍ തുടി മുഴക്കി. ഈ പേര് കേട്ടിട്ടുണ്ട്. നാടകട്രൂപ്പിന്റെ പേര് ചോദിച്ചു. എയ്ഞ്ചല്‍ തീയറ്റേഴ്‌സ്. രാമന്‍ നിമിഷങ്ങള്‍ മൂകനായിരുന്നു. രാമന്‍ സാഹിത്യത്തെയും സംഗിതത്തെയും എന്നും സ്‌നേഹിക്കയും മാനിക്കയും ചെയ്യുന്ന ആളാണ്. ഒരു എഴുത്തുകാരന്റെ മകന്‍ വിദേശത്തുനിന്നും തന്റെ മകളുടെ ഭര്‍ത്താവായി വരുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചതല്ല. രമേശിന്റെ നാടകം ഇവിടുത്തെ അമ്പലത്തിലും അരങ്ങേറിയത് ഓര്‍മ്മയിലെത്തി. അന്ന് ചുമതല എനിക്കായിരുന്നല്ലോ. മറവിയിലാണ്ടുപോയ ആ മുഖം രാമന്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു. കണക്ക് പറയാതെ കൊടുത്ത തുക വാങ്ങിയ ആള്‍. കലയുടെ മുന്നില്‍ ജാതിയും മതവും അലിഞ്ഞില്ലാതായി. ആ ഒരൊറ്റ കൂടിക്കാഴ്ചയില്‍ തന്നെ അത്രയേറെ ആദരം തോന്നിപ്പിച്ച വ്യക്തിത്വമായിരുന്നു രമേശിന്റേത്.
‘ക്ഷമിക്കണം, അച്ഛന്റെ പേര് കേട്ടപ്പോള്‍ ആദ്യം എനിക്കങ്ങോട്ട് മനസിലായില്ല. പക്ഷേ, ഇപ്പോ പിടികിട്ടി. രമേശ് ഈ അമ്പലത്തില്‍ സാസംകാരിക മീറ്റിംഗിന്റെ ഉദ്ഘാടനം നടത്തിയിട്ടുണ്ട്.’
ആ വാക്കുകള്‍ അവന്റെയടുത്തേക്ക് വന്ന മിനിയെയും അമ്പരിപ്പിച്ചു. അവള്‍ നിശബ്ദയായി ജനാലയിലൂടെ നോക്കി. അവളുടെ ഹൃദയത്തില്‍ ഒരു പൂമൊട്ട് വിരിഞ്ഞ അനുഭവം. മിഴികള്‍ അവരില്‍ തന്നെയായിരുന്നു. പുതിയൊരു ജീവന്‍ ലഭിച്ച പ്രതീതി. അച്ഛന്റെ വാക്കുകള്‍ ശുഭപ്രതീക്ഷയ്ക്ക് വകനല്‍കിയിരിക്കുന്നു. അതും മണ്‍മറഞ്ഞ അവന്റെ അച്ഛന്റെ പേരില്‍. മനസ്സിന് കരുത്തും സന്തോഷവും പകര്‍ന്ന നിമിഷങ്ങള്‍. മനസ്സില്‍ മഞ്ഞ്പൂക്കള്‍ പെയ്തിറങ്ങി. അവള്‍ ഈ ശ്വരന് ഒരായിരം നന്ദിപറഞ്ഞു.
ജനിച്ച് വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് ഒരു വിവാഹം നടത്തുകയില്ലെന്ന് ഉറപ്പിച്ചതാണ്. അച്ഛന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുമായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു കന്യകയായി ജീവിക്കേണ്ടിവരില്ലായിരുന്നോ? എത്ര വേഗത്തിലാണ് കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്. മുഖത്ത് നിഴലിച്ച ഭയവും ഭീതിയും മാറി. ഇനിയും അവനോട് ഉള്ള സത്യങ്ങള്‍ തുറന്നുപറയണം. എന്റെ കുടുംബം അത്ര പാവപ്പെട്ട കുടുംബമൊന്നുമല്ല. പല ഉന്നര്‍ ജനിച്ചുവളര്‍ന്ന ഭവനമാണ്. ഈശ്വരന് മുന്നിലും ആദര്‍ശങ്ങള്‍ക്ക് മുന്നിലും ജീവിതം അര്‍പ്പിച്ച സ്വാമിമാര്‍, സാഹിത്യകാരന്മാര്‍, സംഗീതജ്ഞര്‍, പണ്ഡിതര്‍, പൂജാരികള്‍, കളക്ടര്‍മാര്‍ അടക്കമുള്ള ധാരാളം പേരും പെരുമയുമുള്ള തറവാട്. അവരീല്‍ പലരും ഇന്നും ജീവനോടുണ്ട്. തല്‍ക്കാലം അവനൊന്നും അറിയേണ്ട. എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചേദിച്ചാല്‍, അമ്മാവന് ആനയുണ്ടെന്ന് പറഞ്ഞ് നടക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് എന്നു തന്നെ പറയും. പണമില്ലാത്തവന് പത്തായം എന്തിനാണ്. ഉന്നതരായ പലരും ബന്ധുക്കളായി കേരളത്തിന്റെ പല ഭാഗത്തുമുണ്ട്. എന്തുകൊണ്ടെന്നറിയില്ല. ഇന്നുവരെ ആരെയും ആശ്രയിക്കാന്‍ പോയിട്ടില്ല. ഓണവും മറ്റ് വിശേഷദിവസങ്ങളിലൊക്കെ പലരും ഇങ്ങോട്ട് വരികയും അങ്ങോട്ടും പോകാറുണ്ട്. എപ്പോഴും സ്വന്തം കാലില്‍, സ്വന്തം കഴിവില്‍ ഉറച്ചു നില്‍ക്കാനാണ് താല്‍പര്യം. കളക്ടറായിരിക്കുന്ന അമ്മാവനോട് ഒരിക്കലത് തുറന്നുപറയുകയും ചെയ്തു. ബി.എസ്.സി പാസ്സായാലുടന്‍ വിവാഹാലോചനകള്‍ തുടരെ വന്നു. ലണ്ടനിലേക്കുള്ള യാത്ര ഒരുതരത്തില്‍ അതില്‍നിന്നൊരു മോചനം തന്നെയായിരുന്നു. എത്രയോ പ്രാവശ്യം പല കാര്യങ്ങളില്‍ അച്ഛനുമായി വാക്കുതര്‍ക്കും. എല്ലാം അമ്മ നിസ്സംഗതയോടെ നോക്കി നില്‍ക്കും. ആശയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കോടുകളില്‍ നിന്ന് രക്ഷപെടാനും ലണ്ടന്‍ യാത്ര സഹായിച്ചു. അവളുടെ കവിളുകള്‍ തുടുത്തു. ഹൃദയം ആനന്ദത്താല്‍ വീര്‍പ്പുമുട്ടി.
അകത്തേക്ക് ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.ലക്ഷ്മി അമ്പരപ്പോടെ നോക്കിപറഞ്ഞു. ‘യെന്താ കുട്ട്യേ…?’ അടുപ്പില്‍ പര്‍പ്പടം മൂത്തു കറുത്തു. അവള്‍ അവേശത്തോടെ പറഞ്ഞു, ‘എന്റെ ലക്ഷ്മികുട്ടിയമ്മേ, അച്ഛന്‍ സമ്മതിക്കുന്ന മട്ടൊക്കെ കാണണുണ്ടേ….’
അമ്മയുടെ കണ്ണുകളും സന്തോഷത്താല്‍ വിടര്‍ന്നു. കറുത്തപപ്പടം മാറ്റിയിട്ട് പുതിയ പപ്പടമിട്ട് പൊള്ളിച്ചു. അവളുടെ മനസ്സില്‍ ഒരു ഉത്സവ പ്രതീതിതന്നെയായിരുന്നു. അച്ഛന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കേള്‍ക്കാതിരിക്കാന്‍ അടുക്കളയില്‍ ജോലി ചെയ്യാന്‍ വരുന്നവളെയും ലക്ഷ്മി ഒഴിവാക്കിയിരുന്നു. നാട്ടുരീതികളും കുലാചാര മര്യാദകളും മന്ത്രച്ചരടുകളും ഇന്നും കാത്ത് സൂക്ഷിക്കുന്ന ആളാണ്. പൂജാമുറിയില്‍ ഇപ്പോഴും നെയ്യ് വിളക്കാണെരിയുന്നത്. ആ വിളക്കില്‍പോലും മായം ചേര്‍ത്ത എണ്ണയൊഴിച്ചെരിക്കാന്‍ അദ്ദേഹം ഒരുക്കമല്ല. മൂത്തമകന്‍ കുലമഹിമ കാക്കുമ്പോള്‍ മകള്‍ മാത്രം അതിനെ എതിര്‍ക്കുന്നു. അച്ഛനും മകളുമായുള്ള ശീതസമരം ഒന്ന് മാറികിട്ടാന്‍ ദേവിയോട് മനസുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.അതിനിടയില്‍ അവള്‍ കണ്ടെത്തിയ പുരുഷന്‍ ഇങ്ങനെ. അതോടെ അച്ഛന്റെ രോഷം കത്തിപ്പടര്‍ന്നു. വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷനെ അവള്‍ തന്നെ അച്ഛന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് കേട്ടപ്പോള്‍ ഒരു ഞെട്ടല്‍ തന്നെയാണുണ്ടായത്. രാമന്റെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍പൊടിഞ്ഞു. തറവാട് മഹിമകള്‍ ഗണിച്ചവളെ ഭസ്മമാക്കാനുള്ള മനസ്സായിരുന്നു. അമ്മ വഴി വിവരമറിഞ്ഞ മകന്‍ ഉണ്ണിക്കുട്ടന്‍ ഫോണിലൂടെ അച്ഛനെ സമാധാനിപ്പിച്ചു. ‘അച്ഛാ കാലം മാറി അവളിലും ആ മാറ്റം കാണുന്നു. മാറ്റം നല്ലതാണ്. അവള്‍ കുളിക്കാനിറങ്ങി. കുളിച്ച് കയറുമോ അതോ മുങ്ങിച്ചാകുമോ നമ്മുക്കറിയില്ല. ഞാനും അവളുമായി സംസ്സാരിച്ചിരുന്നു. ഒരു കാര്യം തുറന്ന് പറഞ്ഞു നീയുണ്ടാക്കുന്നത് പുഷ്ടശയ്യയോ മരണശയ്യയോ എനിക്കറിയില്ല. ബുദ്ധിയോടുള്ള സമീപനമാണ് ഈ കാര്യത്തില്‍ വേണ്ടത്.’
ദേവി കടാക്ഷം കൊണ്ട് എല്ലാം നേരെയായിരിക്കുന്നു. ആഹ്ലാദഭരിതയായി അവള്‍ കൊഞ്ചി കൊഞ്ചി ചോദിച്ചു. ‘അങ്ങനെ അച്ഛന്റെ പരീക്ഷയില്‍ പാസ്സായി ഇനിയും ഒരാള്‍കൂടിയുണ്ടല്ലോ എന്റെ ചെറുക്കനെ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഇഷടപ്പെട്ടോ?’
‘ജീവിതം നിന്റേതല്ലേ കുട്ടിയേ. എനിക്കറിയാം ചീത്തപേരുണ്ടാക്കുന്ന എന്തെങ്കിലും എന്റെ കുട്ടി ചെയ്യോ- യില്ല. എനിക്കിഷ്ടം.’
അവള്‍ അമ്മയുടെ കവിളില്‍ ചുംബിച്ചു, ജനിച്ചുവളര്‍ന്ന വീട്ടില്‍വെച്ച് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സന്തോഷം അവള്‍ അനുഭവിക്കുന്നത്. സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍.
അവള്‍ പുറത്തേക്ക് വന്നു. ആരെയും കണ്ടില്ല. ഇവര്‍ എവിടെപോയി. അവള്‍ മുന്നോട്ട് നടന്നു. സന്തോഷം തുളുമ്പുന്ന മിഴികളോടെ നോക്കി. അച്ഛന്‍ മുറിക്കുള്ളിലെ കണ്ണാടിച്ചില്ലുകളില്‍ തൂങ്ങികിടക്കുന്ന പിതാമഹന്മാരെയൊക്കെ ഭാവി മരുമകന് പരിചയപ്പെടുത്തികൊടുക്കുന്നു. അതില്‍ രാജാക്കന്മാര്‍ക്കൊപ്പമുള്ള പടങ്ങളുണ്ടായിരുന്നു. ഓരോ മുറികളിലും മനസ്സിനെ ആകര്‍ഷിക്കുന്ന ഓരോരോ കാഴ്ചകള്‍. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീട്ടുപകരണങ്ങള്‍ അവന്‍ കൊതിയോടെ നോക്കിനിന്നു. കാര്‍ വീടിനുള്ളിലേക്ക് കടന്നപ്പോള്‍ ഒരു കൊട്ടാരവാതിലൂടെ കടക്കുന്നതുപോലെ തോന്നി. പണ്ടാക്കെ നാലകെട്ടുകളെപ്പറ്റി കേട്ടിട്ടേയുള്ളു. ഒരു മുറിയില്‍ കണ്ട കാഴ്ച അലമാരിയില്‍ ധാരാളം പുസ്തകങ്ങള്‍, ഓടക്കുഴല്‍, മൃദംഗം, ഹാര്‍മോണിയം മുതലായ കാണപ്പെട്ടു. മിനി വായിച്ചപുസ്തകങ്ങളും അതിലുണ്ട്. സംഗീതത്തിന്റെ മധുരനാദം അവിടെ മുഴങ്ങുന്നതായിതോന്നി. ചുമരുകളില്‍ വിവിധ ചിത്രങ്ങള്‍, മാന്‍കൊമ്പ്, സിംഹം മുതലായ മൃഗങ്ങളുടെ രൂപങ്ങളെല്ലാം കൊത്തുപണിയുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അവന്‍ ഒരു മയില്‍പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലിനെ കണ്ടുനില്‍ക്കേ മിനി അകത്തേക്ക് വന്നു. അച്ഛന്‍ അറിയിച്ചു. ങാ നീയെത്തിയോ. മാണി എല്ലാം കണ്ടിരിക്കട്ടെ. കാണിച്ച് കൊടുത്താലും രാമന്‍ ഒന്ന് ചുമച്ചുകൊണ്ട് ഭാര്യയുടെ അടുത്തേക്ക് നടന്നു. അവരുടെ കണ്ണുകള്‍ അത്യധികം ശോഭിച്ചു. അവളുടെ സൗന്ദര്യംപോലെ തന്നെ വീടിനുള്ളിലും സൗന്ദര്യം നിറഞ്ഞുനിന്നു. അവള്‍ അടുത്തുവന്ന് തോളില്‍പിടിച്ചു. കണ്ണുകളില്‍ മന്ദഹാസം അനുരാഗലോലുപയായി അവന്റെ കണ്ണുകളിലേക്ക് നോക്കി. പെട്ടെന്നവള്‍ ആര്‍ത്തിയോടെ അവന്റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. അവനവളെ മാറോടമര്‍ത്തി വീണ്ടും ചുംബിച്ചു. അവളുടെ കവിള്‍ത്തടം തുടുക്കുകയും ചുണ്ടുകള്‍ വിറയ്ക്കുകയും ചെയ്തു. നീണ്ടവര്‍ഷങ്ങള്‍ മനസ്സിലടക്കിവെച്ചിരുന്ന വികാരം തളിരണിഞ്ഞു. നിര്‍മ്മല സ്‌നേഹത്തോടെ അവര്‍ ഏറെനേരം നോക്കിനിന്നു. മനസ്സിന്റെ നിഗൂഡതയില്‍ മാതാപിതാക്കളുടെ അനുമതി ലഭിച്ചാല്‍ വീട്ടില്‍വരുമ്പോള്‍ മനസ്സില്‍ കരുതിയിരുന്ന ഉപഹാരമായിരുന്നു പൊന്നുമ്മുകള്‍. വിവാഹത്തിന് മുന്‍പ് പ്രാണപ്രിയനുമായി ലൈംഗികസുഖം അവള്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം വിവാഹം വിശുദ്ധമാണ്. അതിനെ അശുദ്ധിയിലേക്ക് നയിച്ചാല്‍ ദാമ്പത്യജീവിതം വിജയിക്കില്ല. വീടിന്റെ അകത്തും പുറത്തും അവന്‍ നടന്നുകണ്ടു. ഡ്രൈവര്‍ ജോസും കാഴ്ചകള്‍ കണ്ട് നടക്കുമ്പോള്‍ മാണി വിളിച്ചു ചോദിച്ചു.
‘ജോസച്ചായ പോകണ്ടായോ?’ ജോസ് പുഞ്ചിരിച്ചു.
‘എന്നാലും മിനി നീ പറഞ്ഞത് ഒരു പാവപ്പെട്ട നമ്പൂതിരിയുടെ മകള്‍ എന്നല്ലേ? കണ്ടിട്ട് അങ്ങനെയൊന്നുമല്ലല്ലോ.’
‘ഓഹോ. നിനക്കങ്ങനെ തോന്നിയോ? എനിക്ക് തോന്നാത്ത കാര്യം ഞാനെന്തിന് പറയണം. അച്ഛനെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു കാര്യം പറയാന്‍വിട്ടുപോയി. ആളൊരു സംഗീതവിദ്വാന്‍ കൂടിയാണ്. കലയും സാഹിത്യവുമൊക്കെ വലിയ ഇഷ്ടമാ. ധാരാളം വായിച്ചിട്ടുളള ആളാ.’
‘അച്ഛന് എന്റെ അച്ഛനെയറിയാം. നിങ്ങടെ അമ്പലത്തില്‍ നാടകം നടത്തിയിട്ടുണ്ട്.’
‘പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരുന്നു. സത്യംപറഞ്ഞാല്‍ നിന്റെ അച്ഛനാ നമ്മളെ രക്ഷപെടുത്തിയെ. ചില മനുഷ്യര്‍ മരിച്ചാലും ജീവിക്കും. അതാ ഇന്നുണ്ടായത്.’
‘അതെ മിനി. മനസ്സില്‍ ഒത്തിരി നന്മയുള്ള ആളായിരുന്നു എന്റെ അച്ഛനെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.’
അവന്റെ കണ്ണുകള്‍ നിറഞ്ഞതവള്‍ കണ്ടു. ദുഃഖം നിയന്ത്രിക്കുവാന്‍ ശ്രമിച്ചു. അച്ഛന്റെ ചിന്തകള്‍ മാനസികമായി അവനെ തളര്‍ത്തുന്നതായി അവളും മനസ്സിലാക്കിയിട്ടുണ്ട്. സ്‌നേഹത്തിന് വേണ്ടി എല്ലാം സമര്‍പ്പിച്ചവന്‍. ബുദ്ധി ജീവികള്‍ അങ്ങനെയാണ്. സമര്‍പ്പണമാണവരുടെ ലക്ഷ്യം. സമൂഹം അവരെ ഒറ്റപ്പെടുത്താനോ തടവിലാക്കനോ, കല്ലെറിയാനോ ശ്രമിക്കും. ഇല്ലെങ്കില്‍ പെട്ടെന്നുള്ള മരണം.
‘എനിക്ക് ഒരുകാര്യത്തില്‍ സന്തോഷമുണ്ട്. നിന്റെ അച്ഛനെ ഓര്‍ക്കുന്ന ഒരാളെങ്കിലും എന്റെ വീട്ടിലുണ്ടല്ലോ.’
വീടിന്റെ പിറകിലുള്ള മാവിലെ പഴുത്ത മാങ്ങയില്‍ അവളുടെ കണ്ണുപതിഞ്ഞു. ഒപ്പം പ്ലാവില്‍ ചക്കകള്‍ ഇപ്പോള്‍ മാമ്പഴക്കാലമല്ലേ. മടങ്ങിപോകുന്നതിന് മുന്നേ പഴുത്ത ചക്കപഴവും മാമ്പഴവും വയറുനിറയെ തിന്നുതീര്‍ക്കണം. അവര്‍ ചെറുതായി വിയര്‍ത്തു. മരച്ചുവട്ടില്‍ നിശ്ചലരായി ഉറങ്ങികിടന്ന കരിയിലകളെ കാറ്റിളക്കി അന്തരീക്ഷത്തില്‍ പറപ്പിച്ചു. പണിചെയ്ത് നിന്നവര്‍ ഊണിനായി പോയിരുന്നു. അവര്‍ നിശബ്ദമായി മുന്നോട്ട് നടക്കവേ പിറകില്‍ നിന്ന് അമ്മയുടെ ശബ്ദം ‘വരീന്‍ ഊണ് കാലായീ’ അവര്‍ തിരിഞ്ഞു നടന്നു. ഉണങ്ങിയ കരിയിലകള്‍ ഹര്‍ഷാരവത്തോടെ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.
മാണിയും ജോസും രാമനും മിനിയും ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമന്‍ ചോദിച്ചു.
‘അച്ഛന്റെ കഥയോ, നാടകങ്ങളോട വല്ലോം പുസ്തകമായിട്ടുണ്ടോ?’
‘അമ്മയുടെ കൈവശം കുറെ കൈയ്യെഴുത്തുണ്ട്. അതില്‍ നാടകവും കഥയുമുണ്ട്. ഒരെണ്ണം ഈ മാസം പ്രകാശനം ചെയ്യണമെന്നാ വിചാരിക്കുന്നത്. നാടകം. കഥകള്‍ അധികമില്ല.’
‘ങാ. വേണം. പഴയ സാഹിത്യ ഗുണോന്നും ഇന്നില്ല. സിനിമ തന്നെ കണ്ടില്ലേ? ഒരു കച്ചോടം.’
‘അച്ഛനതിന് സിനിമ കാണാറില്ലല്ലോ’
‘ഇല്ല കുട്ടി. കഴിഞ്ഞ വര്‍ഷം ഒന്ന് രണ്ട് കണ്ടു. അതോടെ നിറുത്തി. വായിക്കണോന്നുണ്ട്, പക്ഷേല് കണ്ണ്‌പോരാ. കൊറെ വായിക്കുമ്പം കഴക്കും.’
ഭക്ഷണം കഴിച്ചു തീരുന്നതുവരെ രാമന്‍ സംസാരിച്ചു. മകളുടെ മറുപടി കേട്ടിരിക്കയും ചെയ്തു. ലക്ഷ്മി ഒന്നും ഉരിയാടാതെ അച്ഛനും മകളുമായുള്ള സംഭാഷണം കേട്ടുകൊണ്ട് നിന്നു. അത് ആനന്ദദായകമായ നിമിഷങ്ങളായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകളും ഒരേ സ്വരത്തില്‍ കാര്യങ്ങളുടെ കേന്ദ്രബിന്ദുവില്‍ എത്തുന്നുണ്ട്. പലപ്പോഴും അവള്‍ സത്യവും നീതിയും അന്വേഷിക്കുമ്പോള്‍ അച്ഛനാണ് വിശ്വാസങ്ങളെ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. മ
മാണി മടങ്ങിപ്പോകാന്‍ തയ്യാറായി. അവന്റെ വിനയം കലര്‍ന്നുള്ള പെരുമാറ്റം അവര്‍ക്ക് ഇഷ്ടപ്പെട്ടു. മണിമന്ദിരത്തില്‍ താലോലിച്ച് വളര്‍ത്തിയ മകള്‍ ഒരു മഹിമയുമില്ലാത്ത എന്നെ സ്വീകരിച്ചതില്‍ എതിര്‍പ്പുകള്‍ കാണുമെന്ന് മനസ്സില്‍ കരുതി. ഒന്നും സംഭവിച്ചില്ല. കാറിലേക്ക് കയറുംമുന്‍പേ അവള്‍ പറഞ്ഞു.
‘എടാ ചെന്നാലുടനെ വിളിക്കണേ?’
രാമന്‍ തുറിച്ചുനോക്കി. ഇവള്‍ എന്താവിളിച്ചത് എടാ എന്നോ? വിവാഹം കഴിക്കാനിരിക്കുന്ന പുരുഷനെ എടാ പോടാ എന്ന് വിളിക്കുക. ധിക്കാരമല്ലേ. അത് അംഗീകരിക്കാന്‍ പറ്റില്ല. ചോദ്യം ചെയ്യേണ്ടതാണ്. വേണ്ട ഒന്നും ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ഇതും കാലത്തിന്റെ മാറ്റമാണ്. അവളുടെ ഗൗരവമാര്‍ന്ന മുഖം മുന്നിലേക്ക് തെളിഞ്ഞുവന്നു. അപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ എടീ എന്ന് വിളിക്കുന്നതോ? അതായിരിക്കും അവള്‍ തിരിച്ചു ചോദിക്കാന്‍ പോകുന്നത്. അങ്ങനെ ഭര്‍ത്താക്കന്മാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല സുഖങ്ങളും അന്വേഷിക്കണ്ടതായി വരും. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞതാണ് അച്ഛന് അടുക്കളിയില്‍ ചെന്ന് അമ്മയെ ഒന്ന് സഹായിച്ചാല്‍ എന്താണ്? അമ്മയെ തറപ്പിച്ചുനോക്കിയിട്ട് പറഞ്ഞു എന്തും ചെയ്തുകൊടുക്കാന്‍ കുറെ ഭാര്യമാര്. കേരളത്തിലെ മഹാസംസ്‌കാരം പുരുഷമേധാവിത്വമല്ലേ പണിത് വെച്ചിരിക്കുന്നത്. ഇപ്പോള്‍ അവള്‍ പറഞ്ഞതൊക്കെ ശരിയെന്ന് തോന്നുന്നു.
ഏതോ പൂര്‍വ്വകാല സ്മരണയില്‍ നിന്ന ഭര്‍ത്താവിനോട് ലക്ഷ്മീ ചോദിച്ചു. ‘യെന്തേ ഓര്‍ക്കണത്?’
‘ങേ. ഒന്നൂല, ഒന്നൂല.’
അവര്‍ അകത്തേക്ക് വരുമ്പോള്‍ കാര്‍ പോകുന്നതും നോക്കി മിനി ഉമ്മറപടിക്കല്‍ തന്നെ നിന്നു. ആകാശത്തൂടെ പക്ഷികള്‍ പറക്കുന്നുണ്ട്. മുഖത്ത് സന്തോഷമാണോ അതോ ദുഃഖമാണോ? കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് അവനെ പിരിഞ്ഞ് ഒരു നിമിഷംപോലുമിരിക്കാന്‍ കഴിയുന്നില്ല. അവനില്ലാതെ എന്ത് സന്തോഷം? ഹൃദയം ഇളകിമറിയുന്നത് എന്താണ്? ദൂരേയ്ക്ക് ദൃഷ്ടികളുറപ്പിച്ച് നിര്‍നിമേഷയായി നോക്കിനില്‍ക്കുന്ന മകളെ നോക്കീ ലക്ഷ്മി പുഞ്ചിരിച്ചു.
ആഴ്ചകള്‍ മുന്നോട്ട് പോയി. വിവാഹപന്തലൊരുക്കാന്‍ രമന്റെ മനസ്സ് വെമ്പല്‍കൊണ്ടു. ആഘോഷമായ ഒരു വിവാഹം മനസ്സില്‍ സ്വപ്നം കണ്ടു. ഒരു രാത്രിയില്‍ അച്ഛനും അമ്മയും മകളുമായി ആ വിഷയം സംസാരിച്ചു. എന്നാല്‍ നാട്ടില്‍ വിവാഹം നടത്താന്‍ മിനി വിസമ്മതിച്ചു. അവളുടെ മുന്നില്‍ തെളിഞ്ഞുവന്ന ദൃശ്യം മറ്റൊന്നായിരുന്നു.
ഇ’ൗ വിവാഹത്തില്‍ സംബന്ധിക്കാന്‍ വരുന്നവരില്‍ കൂടുതലും ചോദ്യം ചോദിക്കും. ചെറുക്കന്റെ കുടുംബം, നാട്, അങ്ങനെ പലതും. അച്ഛന്‍ ഹിന്ദു, അമ്മ ക്രിസ്ത്യാനി. അവന്‍ വളര്‍ന്നത് അനാഥമന്ദിരത്തില്‍. ഇതൊക്കെ പറയാതിരിക്കാന്‍ നമ്മുക്ക് കഴിയുമോ? പിന്നത്തെ ചോദ്യം പെണ്ണും ചെറുക്കനും തമ്മില്‍ ജാതകപ്പൊരുത്തമുണ്ടോ? മുഹൂര്‍ത്തത്തില്‍ തന്നെ കര്‍മ്മം നടത്തണം. എത്ര ആഭരണം കൊടുത്തു, സ്ത്രീധനം എത്രകൊടുത്തു, ഇങ്ങനെ ജീവിതത്തിന്റെ അര്‍ത്ഥവും അനര്‍ത്ഥവും തിരിച്ചറിയാത്ത കുറെ മനുഷ്യരുടെ ചോദ്യങ്ങള്‍ കേട്ടാല്‍ എന്റെ തലചൂടാകും. ഞാന്‍ വിവരദോഷികള്‍ എന്ന് വിളിച്ചുപറയും. അവര്‍ക്കത് ഇഷ്ടപ്പെടില്ല. അവന്റെ ജീവിതം നാട്ടുകാരുമായി ബന്ധമുള്ളതാണ്. ഞാനായി അത് തകര്‍ക്കേണ്ട. ഞങ്ങളുടെ തീരുമാനം അടുത്തവര്‍ഷം വിവാഹം ലണ്ടനില്‍ വെച്ച് നടത്താനാണ്. ഇവിടെയുള്ള യാതൊരു കുരിശും അവിടെ ചുമക്കേണ്ടിവരില്ല. അലങ്കാരങ്ങളില്ലാത്ത, ആഘോഷങ്ങളില്ലാത്ത, കഴുത്തില്‍ ആഭരണങ്ങളില്ലാത്ത ഒരു വിവാഹചടങ്ങ്. അത് പള്ളിയലോ, അമ്പലത്തിലേ എങ്ങനെ വേണമെങ്കിലും നടത്താം. ഞങ്ങളെ സ്‌നേഹിക്കുന്ന കുറെ നല്ല സുഹൃത്തുക്കള്‍ അവിടെയുണ്ട്. അവര്‍ക്കൊപ്പം അച്ഛനും അമ്മയും ഉണ്ണിയേട്ടനും അതില്‍ സംബന്ധിക്കണം. അല്ലെങ്കിലും നിങ്ങളെ കൊണ്ടുപോയി ലണ്ടന്‍ നഗരം കാണിക്കണമെന്ന് എന്റെ വലിയ ആഗ്രഹമാണ്.’
ഇടക്കൊന്ന് ചുമച്ചുകൊണ്ടിരുന്ന രാമന്‍ മകളുടെ മുഖത്തേക്ക് നോക്കി. എന്താണ് ആ നോട്ടത്തില്‍ അടങ്ങിയിരിക്കുന്നത്. നീ കണ്ടെത്തിയ പുരുഷന്‍. വിവാഹവും നിന്റെ ഇഷ്ടത്തിന് തന്നെ നടക്കണം…. അവള്‍ സൂക്ഷിച്ചുനോക്കി.
‘ഈ കാര്യത്തില്‍ അച്ഛന് എന്താ അഭിപ്രായം?’ അവളുടെ കണ്ണുകളില്‍ കണ്ട ഭീതി അച്ഛന്റെ വാക്കുകളില്‍ ഇല്ലായിരുന്നു.
‘യെന്താ ലക്ഷ്മി നെനക്ക് വല്ലോം പറാനുണ്ടോ? പറഞ്ഞോളിന്‍’
‘അവടെയിഷ്ടം അല്ല്യേ പ്രധാനം’, ലക്ഷ്മി ഒഴിഞ്ഞുമാറി അല്‍പ്പം വേദനയോടെ.
‘ങാ ഇവിടെം നീയന്നേ തോപ്പിച്ചു… തോറ്റിരിക്കണു. വയസ്സായില്ലേ കുട്ടി….’
അവള്‍ വേഗത്തിലെത്തി അച്ഛനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ച് സ്വയം ആശ്വാസം കണ്ടെത്തി. അച്ഛന്‍ മകളുടെ തലയില്‍ തലോടി. അവിടെ ആഹ്ലാദം നിറഞ്ഞുകവിഞ്ഞു. അവളുടെ മനസ്സ് മാണിയുടെ അടുക്കലേക്ക് പറന്നു.
വീട്ടിലെത്തിയ മാണി എല്ലാം അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു. ചരിത്രം ആവര്‍ത്തിക്കുകയല്ല, അവളോര്‍ത്തു. കാലയവനിക ഒന്നു വീണുയര്‍ന്നപ്പോഴേക്കും അരങ്ങാകെ മാറിപ്പോയിരിക്കുന്നു. ഒരു ദുരന്തനാടകത്തിന്റെ ശുഭാന്ത്യം മനസില്‍ തുടിമുഴക്കി. സിന്ധുവിന്റെ മനസില്‍നിന്ന് ഒരായിരും വെള്ളയുടുപ്പുകള്‍ അങ്ങകലേക്കു പറന്നു പോയി….
(അവസാനിച്ചു)








