വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 13 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 13

മോന്റെ തലയും മേലും തുവർത്തിക്കൊണ്ട് കടന്നുവന്ന മേരിമ്മ അവനെ താഴെ നിർത്തി ഓടിവന്ന് കെട്ടിപ്പിടിക്കുമ്പോൾ മാത്രമാണ് അത് അവളുടെ അനുജത്തിയാണല്ലൊ എന്ന് രണ്ടു പേർക്കും മനസ്സിലായത്. കൂടെ വന്നത് ആങ്ങളയും. നേഴ്സിംഗ് കഴിഞ്ഞ് ജോലി കിട്ടിയിട്ട് ആദ്യത്തെ വരവ്. പഠിത്തകാലത്ത് വർഷത്തിൽ ഒരു പ്രാവശ്യം അവധിയുണ്ട്. ജോലി കിട്ടിയാൽ ലീവെടുത്താലെ വീട്ടിൽ വരാനൊക്കു. അങ്ങനെയുള്ള ഒരു വരവ്. അനുജത്തിയോട് കുശലാന്വേ ഷണങ്ങൾക്കൊടുവിൽ കോരച്ചൻ അളിയനേയും കൂട്ടി രണ്ടില കൂടി മുറിക്കാൻ തൊടിയിലേക്കിറങ്ങി. ചാക്കോച്ചൻ കുളിക്കാനും. അപ്പാപ്പന്റെ അഭാവത്തിൽ മനസ്സു വിഷമിച്ചിരുന്ന സോജു മോന് പുതിയ കൂട്ട് കിട്ടിയത് വലിയ സന്തോഷത്തിനിട നൽകി. അവനും അമ്മാച്ചന്റെ കയ്യിൽ തൂങ്ങി .മോനെപ്പോലെ തന്നെ ബേവച്ചന്റെ അനവസരത്തിലുള്ള യാത്ര ആ വീട്ടിൽ ഒരു മന:പ്രയാസത്തിനു വക നൽകിയെങ്കിൽ കുഞ്ഞന്നാമ്മ യുടേയും കുഞ്ഞുമോന്റേയും ആഗമനം അതിനൊരു അയവു വരുത്തി. ശോശാമ്മ പറഞ്ഞു .
 “ഇനി ഞാൻ വേണ്ടല്ലൊ ചേച്ചിയും അനുജത്തിയും കൂടെ ഇതൊക്കെ അങ്ങോട്ടു കൊടുത്തേക്ക്”
കീച്ചേരിയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചാണ് ശോശാമ്മ സൂചിപ്പിച്ചത്. അവരാകുമ്പോൾ മിണ്ടിയും പറഞ്ഞും അങ്ങോട്ടുമിങ്ങോട്ടും പോയി വരാം. ഇവിടെ വന്ന വിരുന്നുകാർ അവിടെയും ഒന്നു കയറിയിറങ്ങിയെന്നുമാവും. ഗീതയും ഉണ്ടല്ലൊ അവിടെ. നാട്ടുമ്പുറത്തിന്റ ഒരു പ്രത്യേകത അതൊക്കെയല്ലേ? ഗീതയെ അവർ കണ്ടിട്ടില്ലല്ലോ. ഗീത ഇവരെയും. മേരിമ്മ അമ്മ പറഞ്ഞതു അപ്പാടെ അനുസരിച്ച് അനുജത്തിയേയും കൂട്ടി കൊടുക്കാനുള്ളതെടുത്ത് അയല്പക്കത്തേക്ക് പുറപ്പെട്ടു.
        തിരികെ വന്നപ്പോഴേക്കും
ശോശാമ്മ വിഭവസമൃദ്ധമായ സദ്യക്കുള്ളതെല്ലാം അടുപ്പിച്ച് വച്ചുകഴിഞ്ഞിരുന്നു. ഇനി ഇലയിട്ട് വിളമ്പിയാൽ മതി.ഊണ് കഴിഞ്ഞ് പായസവും കുടിച്ച് എല്ലാവരും അകത്തളത്തിൽ ഒത്തുകൂടി.
കോരച്ചന് കട തുറക്കാൻ പോകേണ്ടതാണ് എങ്കിലും അല്പനേരം അനുജത്തിയോടും അളിയനോടും ഒപ്പം ഇരുന്നിട്ടു പോകാം എന്ന തീരുമാനം എല്ലാവർക്കും ഇഷ്ടമായി. ബാഗു തുറന്ന് കുഞ്ഞന്നാമ്മ ആ വീട്ടിലുള്ളവർക്ക് കൊണ്ടുവന്ന ഓണക്കോടികൾ ഒന്നൊന്നായി ഓരോരുത്തരെ ഏൽപ്പിച്ചു . മേരിമ്മയുടെ മനസ്സു കുളിർത്തു… ഒന്നിനു പകരം രണ്ടു സാരികൾ ഒന്നു നേറ്റിക്കും അടുത്തത് പള്ളിയിൽ കൊണ്ടുപോകാനും തലേന്നത്തെ അനുഭവം അവളുടെ മനസ്സിനെ ശരിക്കും വൃണപ്പെടുത്തിയിരുന്നു. ചാക്കോച്ചനും ശോശാമ്മക്കും ഉള്ളത് കുഞ്ഞന്നാമ്മ തന്നെ പൂമുഖത്തു കൊണ്ടുചെന്നു കൊടുത്തു. ഒപ്പം അവൾ ഒരു കാര്യം കൂടി പറഞ്ഞു അവൾ ജോലിക്കായി വിദേശത്തു പോകുന്നു. മേരിമ്മ അവൾക്കും കുടുംബത്തിനും കിട്ടിയത് അവരെ കാണിക്കാനായി പൂമുഖത്തേക്ക് ചെല്ലുമ്പോഴാണ് അവർ തമ്മിലുള്ള ഈ സംഭാഷണം. അവൾ പെട്ടെന്ന് ശോകമൂകയായി. സുഖമില്ലാത്ത അമ്മ. പഠിച്ചു കൊണ്ടിരിക്കുന്ന അനുജൻ. നാട്ടിൽ അടുത്തെവിടെയെങ്കിലും ജോലിക്കു കയറുന്നതല്ലേ നല്ലത്. പിന്നെയും കുഞ്ഞന്നാമ്മയുടെ വാക്കുകൾ.
 ” അമ്മേ !അച്ചാച്ചാ!ഞാൻ അടുത്തതിന്റെ പിന്നത്തെ ഞായറാഴ്ച വിമാനത്തിൽ കേറും. കാനഡായ്ക്ക് .ഞങ്ങൾ അഞ്ചാറു പേരുണ്ട്. ചേച്ചിയേം മോനേം കൂടി ഞങ്ങടെ കൂടെ വിടണം ഒരു പാട് നാളായില്ലേ ചേച്ചി വീട്ടിൽ വന്നിട്ട് അമ്മക്കും സന്തോഷമാകും എന്നെ യാത്രയാക്കാൻ ചേച്ചി കൂടി വേണം. കോരച്ചായനും വേണമായിരുന്നു പക്ഷെ കടയുള്ളതല്ലേ? അമ്മക്കിതിൽ പരം സന്തോഷം കൊടുക്കാനൊക്കില്ല, മോനെക്കൂടി കാണുമ്പോൾ.”
                 ശോശാമ്മക്കും അതു കേട്ട് സമാധാനമായി. സോളിയിൽ നിന്ന് താൻ പ്രതീക്ഷിച്ചതിന്
അതീതമായ പെരുമാറ്റങ്ങളാണ് അനുദിനം ആ ഭവനത്തിൽ ഉണ്ടായിക്കൊണ്ടിരുന്നത്. അത് ശോശാമ്മയെ തികച്ചും ആകുലചിത്തയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മേരിമ്മ കുറച്ചു ദിവസത്തേക്കാണെങ്കിലും അല്പം മാറി നിന്നാൽ സോളി തിരികെ വരുമ്പോൾ അടുക്കള യിൽ താനെ കയറിക്കൊള്ളും. വീട്ട് കാര്യങ്ങൾ നോക്കി ത്തുടങ്ങും. അതായിരുന്നു ശോശാമ്മയുടെ ചിന്താഗതി. എങ്കിലും അതവർ പറഞ്ഞില്ല. സമ്മതം മൂളിയുമില്ല. ചാക്കോച്ചന്റെ അനുവാദത്തിനായി കാതോർത്തു. അതാണല്ലൊ അതിന്റെ ശരിയും. ചാക്കോച്ചൻ ആദ്യം സോജുമോന്റെ കാര്യമാ ണോർത്തത് .അവനില്ലെങ്കിൽ ഈ വീടുറങ്ങും. ഒപ്പം വീട്ടുകാരും എങ്കിലും ഒരാഴ്ചത്തെ കാര്യമല്ലേ. ആ അമ്മക്കും ആഗ്രഹമുണ്ടാ വില്ലേ പെറ്റു വളർത്തി വിട്ട മൂത്ത മകളെ കാണാനും പേരക്കിടാവി നൊപ്പം നിൽക്കാനും. ചാക്കോച്ചൻ ചോദിച്ചു
” കോരച്ചൻ എന്തു പറയുന്നു?”
“അച്ചാച്ചനോടു ചോദിച്ചിട്ടു പറയാം എന്നു വിചാരിച്ചു.”
കുഞ്ഞന്നാമ്മയുടെ മറുപടിയിൽ ആ അപ്പന്റെ മനസ്സ് കുളിർത്തു. അയാളുടെ മനസ്സിൽസോളിയുടെ പെരുമാറ്റങ്ങളായിരുന്നു.താൻ കയറി വരുമ്പോൾ കാലിന്മേൽ കാൽ കയറ്റി പൂമുഖത്തിരുന്ന് പത്രം വായിക്കുന്ന മരുമകൾ. ഒന്നെഴുന്നേൽക്കണ്ട കാൽ ഒന്നെടുത്ത് താഴേക്ക് വച്ചെങ്കിലും ഒരു ചെറിയ ഭവ്യത കാണിച്ചാൽ എന്താ? എന്തെങ്കിലും ചോദിച്ചാൽ വിമ്മിഷ്ടപ്പെട്ട് മറുപടി തരുന്ന മരുമകൾ. ഇവളൊ പെൺകുട്ടി കളായാൽ ഇതു പോലെ വേണം. കാരണവന്മാരെ ബഹുമാനിക്കാൻ പഠിച്ചവൾ.
“എങ്കിൽ ആട്ടെ നിങ്ങൾ എപ്പോൾ പോകുന്നു? രണ്ടു ദിവസം കഴിഞ്ഞല്ലേ ഉള്ളു, അപ്പോഴേക്ക് ബേവച്ചൻ വരുമായിരിക്കും പുതുപ്പെണ്ണിനെ നീ കണ്ടിട്ടില്ലല്ലൊ.?”
” ഇല്ലച്ചാച്ചാ എന്നാലും രണ്ടു ദിവസം നിന്ന് കണ്ടിട്ടു പോകാം”
             പറഞ്ഞ രണ്ടു ദിവസം കഴിഞ്ഞു. പ്രതീക്ഷിച്ച പോലെ അവരെത്തിയില്ല, ഇനി നിന്നാൽ പറ്റില്ല, അമ്മക്കു കൂട്ടു കിടക്കാൻ അയൽപക്കത്തെ പങ്കജാക്ഷി യെയാണ് ഏർപ്പാടാക്കിയിട്ടുള്ളത്. മാത്രമല്ല പോകുന്നതിനു മുൻപ് പല കാര്യങ്ങളും അടുപ്പിക്കേണ്ട തുണ്ട്. പ്രാർത്ഥനയും അത്താഴമൂണും കഴിഞ്ഞു,
എല്ലാവരും കൂടിയിരുന്ന സമയം കുഞ്ഞന്നാമ്മ പറഞ്ഞു
 “ഇനി നിന്നാൽ പറ്റില്ലമ്മേ! നാളെ തീർച്ചയായും പോകണം രാവിലെ പുറപ്പെടണം .ബേവച്ചൻ വരുമ്പോൾ അങ്ങോട്ടു രണ്ടു പേരും കൂടി വരാൻ പറയണം, ഒരാഴ്ചത്തെ സമയമുണ്ടല്ലൊ. തമ്മിൽ കാണുകയും ചെയ്യാം. അവിടെ ഞാനുള്ളപ്പോൾ ഒരു വിരുന്നും കൊടുക്കാം.”
ശോശാമ്മയും അതു ശരിവച്ചു. അപ്പോഴാണ് കോരച്ചൻ കല്യാണ ആൽബത്തിന്റെ കാര്യം ഓർത്തതും പറഞ്ഞതും. മേരിമ്മ ചെന്ന് അവരുടെ മുറിയിൽ നിന്ന് അതു് എടുത്തു കൊണ്ടുവന്നു. രണ്ടു പേരും കൂടി അവിടിരുന്ന് അതു പേജ് മറിച്ചു കണ്ടു തുടങ്ങി. ബാക്കിയുള്ളവർ അവരുടെ മുറികളിലേക്കു നീങ്ങി. ഓരോ പേജും മറിക്കുമ്പോൾ കുഞ്ഞുമോൻ കമൻറുകൾ പാസ്സാക്കിക്കൊണ്ടിരുന്നു. കല്യാണത്തിന് കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനും അമ്മയും അവരുടെ വേണ്ടപ്പെട്ട വരോടൊപ്പം ഒരു വണ്ടി പിടിച്ചു വന്നു പോയിരുന്നു. അവന്റെ മടിയിലിരുന്ന സോജു മോനും താൽപര്യത്തോടെ ആൽബത്തിലെ ഓരോ ചിത്രവും കണ്ട് തുള്ളിച്ചാടിക്കൊണ്ടിരുന്നു. എന്നാൽ കുഞ്ഞന്നാമ്മ മാത്രം ആ ചിത്രങ്ങളിൽ കണ്ണുനട്ട് എന്തോ ചിന്തയിൽ ആണ്ടിരുന്നു. അടുക്കളയിൽ പാത്രങ്ങൾ ഒതുക്കിപ്പെറുക്കി തൂത്തു വൃത്തിയാക്കിക്കൊണ്ടിരുന്ന മേരിമ്മയോ കിടപ്പുമുറിയിലേക്കു പോയ കോരച്ചനൊ ആ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *