പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -1) – മിനി സുരേഷ്

Facebook
Twitter
WhatsApp
Email
അദ്ധ്യായം -1

മാരി ഗോൾഡ് ഗാർഡൻസിലെ ക്ലബ്ബ് ഹൗസിനു
മുൻപിലുള്ള വിശ്രമസ്ഥലത്ത്
വിച്ചു തളർന്നിരുന്നു.
വൈകിട്ട് ആറു മണിക്ക് ഫുട്ബോൾ
മാച്ച് അവസാനിക്കുന്നതിന് തൊട്ട് മുൻപ് അവൻ ഗ്രൗണ്ടിൽ നിന്നിറങ്ങിയോടിയതാണ്.ഇത്രയും സമയംകൂട്ടുകാരുടെ കണ്ണിൽപ്പെടാതെസൈക്കിളിൽ കറങ്ങുകയായിരുന്നു.ഫുട്ബോൾ കളിക്കുവാൻ
പോകരുതെന്ന് ചെറിയമ്മ ഉച്ചക്ക് കൂടി ഓഫീസിൽ നിന്നുംഫോൺ ചെയ്തു പറഞ്ഞതാണ്. അനുസരിച്ചാൽ മതിയായിരുന്നു.
അവന് നല്ല സങ്കടമുണ്ട്. ആരും അവനെ ശ്രദ്ധിക്കുന്നത് പോലുമില്ല.എല്ലാവരും നല്ലസന്തോഷത്തിമിർപ്പിലാണ്.

മാരിഗോൾഡ് ഗാർഡൻസിൽ എല്ലാ ശനിയാഴ്ചയും വൈകിട്ട്
വലിയ ആഘോഷമാണ്.രാവേറെ ചെന്നാലും
ഫ്ലാറ്റിന്റെ ചുറ്റുവട്ടത്തായി ഒരുക്കിയിട്ടുള്ള ബാഡ്മിന്റൺ കോർട്ടിലും,
വോളിബോൾ കോർട്ടിലുമെല്ലാം നല്ല
തിരക്കാണ്.ഒരാഴ്ചത്തെ അധ്വാനത്തിന് ശേഷം
എല്ലാവരും ഉത്സാഹത്തോടെയാണ് അവധി ദിവസങ്ങളെ വരവേൽക്കുന്നത്.

ബാംഗ്ലൂർനഗരത്തിൽ നിന്ന് കുറച്ച് മാറി ജക്കൂർകായലിനടുത്തായാണ് മാരിഗോൾഡ് ഗാർഡൻസ് ഫ്ലാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. താമസക്കാരിൽ അധികവും നഗരത്തിലെ ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ്.ഇന്ത്യയിലെ പലസംസ്ഥാനങ്ങളിൽ നിന്നുമായി ഇരുനൂറോളം കുടുംബങ്ങളാണ് വിവിധ അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്നത്.,സൂപ്പർമാർക്കറ്റ് ,ബ്യൂട്ടിപാർലർ ,ജിം ,ക്ലബ്ബ്ഹൗസ് ,സ്കേറ്റിംഗ് പരിശീലനകേന്ദ്രം ,അങ്ങനെയെല്ലാ സൗകര്യങ്ങളുംഫ്ലാറ്റ് അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്.

പെട്ടെന്ന് ആയിരം മഴവില്ലു നിറക്കുന്ന വർണ്ണഭംഗിയോടെ ക്ലബ്ബ്
ഹൗസിനു മുൻപിലുള്ള ഫൗണ്ടൻ പ്രവർത്തിക്കുവാൻ തുടങ്ങി. രാത്രിയെ വരവേറ്റ് കൊണ്ട് എല്ലായിടവും ലൈറ്റുകളും തെളിഞ്ഞു.
പാർക്കിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെല്ലാം
ഫൗണ്ടന്റെ ചുറ്റിനുമായി ഓടികൂടി.
“ഡാ ,വിഘ്നേഷേ നീയിവിടെ വന്നിരിക്കുകയാണോ. നീ കാരണമാണ് ഇന്ന്
ഫ്ലാറ്റിലെ കേരളാ ടീം
തോറ്റത്.പരിശീലനത്തിന് വരാതെ വീട്ടിൽ കുത്തിയിരുന്നിട്ട് ചാടിക്കേറി കളിക്കരുതെന്ന് നിന്നോടെത്ര തവണ പറഞ്ഞതാണ്.”
തേജസ്സാണ്.
“യു ചീറ്റ്” അശ്വിനും ,മോബിനും ,അനിരുദ്ധുമെല്ലാംഅലറിക്കൊണ്ട് പാഞ്ഞു വന്നു.അവരവനെ വളഞ്ഞു.
“വി വിൽ ഷോ യു” മോബിൻ വിച്ചുവിന്റെ കോളറിൽ പിടിച്ചു വലിച്ചു.
“സോറി ,സോറി ഞാൻ മന:പൂർവ്വമല്ല .ലീവ് മീ”വിച്ചു കെഞ്ചിപ്പറഞ്ഞു.
“നീ ഫൗൾ പ്ലേ കളിച്ചതാണ് നമ്മൾതോൽക്കുവാൻ
കാരണം. ഫുട്ബോൾ കളിക്കുവാനറിയില്ലെങ്കിൽ വീട്ടിലിരിക്കണം.സെൽഫ് ഗോളടിച്ച് മറ്റുള്ളവരെക്കൂടി നാണം കെടുത്തിയിരിക്കുന്നു.ഇവിടുത്തെ കർണ്ണാടക ബോയ്സിന്റെ’
മുൻപിൽ എങ്ങനെ തലയുയർത്തി നടക്കും.വാട്ട് എ ഷെയിം”അശ്വിൻ സങ്കടം സഹിക്കാനാവാതെ കരയുകയാണ്.
പെട്ടെന്ന് മോബിൻ വിച്ചുവിനെ പിടിച്ച് ആയത്തിലൊരു തള്ളുകൊടുത്തു. ഫൗണ്ടന്റെ
ചുറ്റിനും കെട്ടിയിട്ടുള്ള അരഭിത്തിയിലേക്കവൻ
നെറ്റിയടിച്ചു വീണു.നെറ്റി പൊട്ടി രക്തമൊലിക്കുന്നതൊന്നും കാര്യമാക്കാതെ മോബിൻ അവന്റെ നെഞ്ചിലേക്ക് കയറിയിരുന്ന് ആഞ്ഞിടിക്കുവാൻ തുടങ്ങി.വിച്ചു ശ്വാസം കിട്ടാതെ
പിടഞ്ഞു പോയി.
“അരേ ,പാഗൽ ബച്ചെ ,”കണ്ടു നിന്ന ഒരു പഞ്ചാബി
ആന്റി മോബിനെ തടയുവാൻ നോക്കി.മോബിനവരെ തള്ളി മാറ്റി വാശിയോടെ
വിച്ചുവിനെ വീണ്ടും ഉപദ്രവിക്കുവാൻ തുടങ്ങി.
“കോയിഹെ ..ഇൻകോ സമച്ഛാവോ “ചുറ്റും കൂടി
നിന്ന സ്ത്രീകളുടെ നിലവിളികൾ കേട്ട് സെക്യുരിറ്റിക്കാർ ഓടി വന്നു. അവർ ഒരു വിധത്തിൽ ഇരുവരെയും പിടിച്ചു
മാറ്റി.
ഫ്ലാറ്റിന്റെ ബി ബ്ലോക്കിലുള്ള അപ്പാർട്ട്മെന്റിലേക്ക്
വിച്ചു വിഷമിച്ച് നടന്നു.
“വിച്ചു നീയെന്തിനാണ് ഈ ചീത്തക്കുട്ടികളുടെ കൂടെയൊക്കെ കളിക്കുവാൻ പോയത്.”ബഹളം കേട്ട്
സാൻവി ഓടിയെത്തി.
“ഓ ,നിനക്ക് പറ്റിയ കൂട്ട് പെൺകുട്ടികൾ തന്നെയാണ്.”സാൻവി വിച്ചുവിനെ പിടിച്ചു കൊണ്ട്
പോകുന്നത് അശ്വിന് അത്ര രസിച്ചില്ല.സാൻവി
അവനെ ചിറികോട്ടി ക്കാണിച്ചു .അവൾക്കവനെ
തീരെ ഇഷ്ടമല്ല.എപ്പോഴും ഓരോ പഞ്ചാരവർത്തമാനങ്ങളുമായി പെൺകുട്ടികളെ
ശല്യം ചെയ്യുന്നതാണ് അശ്വിന്റെ വിനോദം. ഫ്ലാറ്റിലെ പെൺകുട്ടികളെല്ലാവരും അവന് ഒരോമനപ്പേരുമിട്ടിട്ടുണ്ട്. ‘പഞ്ചാരകുഞ്ചു’.
അശ്വിനെ കാണുമ്പോൾ അവർ നീട്ടിപ്പാടും.
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമനോമന അശ്വിൻകുഞ്ചുവാണേ
സാൻവിയാണ് പെൺകുട്ടികളുടെ നേതാവ്.
അവളോടേറ്റുമുട്ടാൻ നാൽവർസംഘത്തിന് ലേശം മടിയുണ്ട്. സാൻവിയുടെ നാവിന് നല്ല മൂർച്ചയാണ്.
മോബിനെയും വിളിച്ചു കൊണ്ട് അശ്വിൻ അവിടെ
നിന്നും പതുക്കെ ക്ലബ്ബ് ഹൗസിലേക്ക് കയറി.

“അയ്യോ ചോര നിൽക്കുന്നില്ലല്ലോ.സാൻവി
കൈയ്യിലിരുന്ന തൂവാല കൊണ്ട് വിച്ചുവിന്റെ നെറ്റിയിലമർത്തി” .അതു വരെ നെഞ്ചിലമർത്തി
വച്ചിരുന്ന സങ്കടങ്ങളെല്ലാം അണ പൊട്ടിയത് പോലെ അവൻ പൊട്ടിക്കരഞ്ഞു.
“ഇനിയിത് ചെറിമ്മയുമറിഞ്ഞാൽ നല്ല വഴക്ക്
കിട്ടും.ചെറിയമ്മക്ക് സ്പോർട്സ് തീരെയിഷ്ടമില്ല.എപ്പോളുമിരുന്ന് പഠിക്കണമെന്നാണ്
ചെറിയമ്മപറയുന്നത്. അച്ഛനുമത് സപ്പോർട്ട് ചെയ്യും .എന്നിട്ട് അച്ഛനില്ലാത്തപ്പോൾ വീട്ടിലെ ജോലിയൊക്കെ ചെയ്യിപ്പിക്കും..കോച്ചിംഗിനൊന്നും പോകുവാൻ സമ്മതിക്കുകയില്ല.”അവൻ സങ്കടം കൊണ്ട് വിതുമ്പി.

“അയ്യേ ,ബീ ബ്രേവ് വിച്ചു. ഒരു ഫുട്ബോൾ മാച്ച്
തോറ്റതിനാണോ നീയിങ്ങനെ തളരുന്നത്. ജീവിതത്തിൽ വിജയവും ,പരാജയവുമുണ്ട്.പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നാണ് എന്റെ പപ്പ
പറയുന്നത്. ധൈര്യമായിരിക്കടാ .
അങ്കിളിനെയും ,ആന്റിയെയും നമ്മൾ പറഞ്ഞ്
മനസ്സിലാക്കും.എന്നിട്ട് സൺഡേയിലെ ഫുട്ബോൾ
കോച്ചിംഗ് ക്ലാസ്സിന് ചേരണം.
അങ്ങനെ അടുത്ത തവണ കേരളാ ടീം ജയിക്കും.
സാൻവിയുടെ ദൃഢനിശ്ചയമുള്ള വാക്കുകൾ കേട്ട്
വിച്ചുവിന് സമാധാനമായി.സാൻവിക്ക് ഗുഡ് നൈറ്റ് പറഞ്ഞ് അവൻ ലിഫ്റ്റിൽ നിന്നിറങ്ങി വീട്ടിലേക്ക്
നടന്നു.

തുടരും—

About The Author

Leave a Reply

Your email address will not be published. Required fields are marked *