അഗത്തി ദ്വീപിനോട് അടുത്തായി നിലകൊള്ളുന്ന അരകിലോമീറ്റർ പോലും നീളമില്ലാത്ത, ജനവാസമില്ലാത്ത ഒരു ദ്വീപ്. ഇതിന് കൽപ്പാത്തി, കൽപ്പട്ടി എന്നു കൂടി പേരുണ്ട്. കുറ്റിക്കാടുകളാണ് മുഴുവൻ. മുറിച്ചു കളഞ്ഞ തെങ്ങിൻ കുറ്റികൾ ധാരാളം കാണാം. സാധാരണ ബീച്ചുകളിലൊന്നും കാണാത്ത ഞണ്ടുപോലത്തെ ഒരു ജീവി കടൽക്കര വളഞ്ഞിരിക്കുന്നു. അഗത്തിയിൽ നിന്നും കൽപ്പിട്ടിയിലേക്കുള്ള കടൽഭാഗം മണ്ണിട്ട് തൂർത്ത് അഗത്തി എയർ പോർട്ടിന്റെ റൺവേ വലുതാക്കാനുള്ള പദ്ധതിയുണ്ടെന്ന് കേൾക്കുന്നു.

കൽപ്പിട്ടിയിൽ നിന്നുള്ള കടൽക്കാഴ്ച്ച ഏറെ മനോഹരമാണ്. ഏറ്റവും നല്ല ഫോട്ടോ എടുക്കാനുള്ള ലൊക്കേഷനാണത്രെ ഇവിടം. കുറച്ചു ഫോട്ടോകൾ ഞങ്ങളും എടുത്തു. കടലിനോട് ചേർന്നു കിടക്കുന്ന അത്ര വലുതൊന്നും അല്ലാത്ത പാറയുടെ പേർ പൂക്കുഞ്ഞിബി എന്നാണ്. പെൺപേര് പാറക്കെങ്ങനെ വന്നുവെന്ന് ചോദിച്ചപ്പോൾ കേട്ടുകേൾവിയിലുള്ള ചരിത്രത്തിന് പോർട്ടുഗീസ് കാലത്തോളം പഴക്കമുണ്ടെന്ന് മനസ്സിലായി. പോർട്ടുഗീസുകാർ ലക്ഷദ്വീപിൽവന്ന് നാട്ടുകാരുടെ സമ്പത്ത് കൊള്ളയടിച്ചിരുന്നുവത്രെ. അക്കാലത്ത് പൂക്കുഞ്ഞിബി എന്ന സ്ത്രീ ഇവിടെ തന്റെ സ്വത്ത് സംരക്ഷിക്കാനായി ഒളിച്ചുതാമസിച്ചിരുന്നുവത്രെ. കേട്ടുകേൾവി ആയതിനാലാണ് വാക്യങ്ങൾ ‘ത്രെ’ യിൽ അവസാനിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ കാര്യമായ ശേഷിപ്പുകൾ കെട്ടിടങ്ങളായോ മറ്റോ കവരത്തിയിലും അഗത്തിയിലും കാണത്തതിന് കാരണമന്വേഷിച്ചപ്പോൾ അവർക്ക് ഭൂനികുതി മാത്രം മതിയായിരുന്നുവത്രേ. അത് പിരിക്കാനായി ഓരോ ദ്വീപിലും ആമീൻമാരെ നിയോഗിച്ചിരുന്നു. അവർ നികുതി പിരിച്ച് ബ്രിട്ടീഷുകാർക്ക് നൽകിയിരുന്നു. വർഷത്തിലൊരിക്കലോ മറ്റോ കേവല സന്ദർശനം മാത്രമായിരുന്നത്രെ പതിവ്.
ലഷദ്വീപിൽ 36 ദ്വീപുകളുണ്ടെങ്കിലും 10 എണ്ണത്തിൽ മാത്രമേ ജനവാസമുള്ളൂ.













