“ഹലോ…”
“ഹലോ…”
“ഹായ് എന്തുണ്ട് മാഷേ…? എന്തെ.. രാവിലെതന്നെ വിളിച്ചത്…?”
” മാഷേ നമസ്കാരം.. ”
“നമസ്കാരം..”
” അതെ ഞാൻ വിളിച്ചത്.. ഇപ്പോൾ മാഷിന്റെ ഒരു പോസ്റ്റ് fb യിൽ കണ്ടു…
ഒരു കവിതയും അതിന്റെ വൃത്തത്തിന്റെ പേരും കണ്ടു… ”
” ഹോ… ഉവോ.. ഞാൻ എന്നെകൊണ്ട് തോറ്റു…
ഇത് ഇന്നലെ രാത്രിയിൽ പോസ്റ്റ് ചെയ്തതാ…
എത്ര പേരാ വിളിച്ചതെന്നാ അറിയാമോ…? ചിലർക്ക് എന്റെ കീഴിൽ വൃത്തം പഠിക്കണമെന്നുവരെ പറഞ്ഞു.. അവർ ദക്ഷിണ വയ്ക്കാനുള്ള വെറ്റിലവരെ വാങ്ങി വച്ചിരിക്കുകയാണ്… ”
” ഓഹോ.. അതൊരു ഭാഗ്യമല്ലെ മാഷേ… ഒരു മാസം മുൻപുവരെ മാഷ് എഴുതുന്ന കവിതകളുടെ കൂടെ വൃത്തത്തിന്റെ പേരൊന്നും കണ്ടിരുന്നില്ല… ഇപ്പോഴാണ് കണ്ടു തുടങ്ങിയത്.. ”
” അതയതെ…ഇപ്പോൾ മിക്കവാറും കവികൾ അങ്ങനെ വൃത്തം പറഞ്ഞുകൊണ്ട് എഴുതുന്നുണ്ടല്ലോ.. അപ്പോൾ നമ്മളായിട്ട് മാറി നിൽക്കേണ്ട കാര്യമില്ലല്ലോ…? ”
” അതിന് മാഷിന് വൃത്തത്തെക്കുറിച്ച് ഒക്കെ അറിയാമോ..? മുൻപൊന്നും കണ്ടിട്ടില്ലല്ലോ..? ”
” എന്റെ പൊന്നു മാഷേ… വൃത്തം എന്റെ ഹൃദയത്തിൽ അലിഞ്ഞുചേർന്നുകിടക്കണ സംഗതിയായിരുന്നു. കൊച്ചിലെതൊട്ടെ ഉണ്ടായിരുന്നു.. പക്ഷേ.. തട്ടി ഉണർത്താൻ ആരും ഉണ്ടായിരുന്നില്ല…? മാഷിനറിയാമോ…
പണ്ട് ഞാൻ പായയിൽ കിടക്കുമ്പോൾ ചുരുണ്ടുകൂടി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ അമ്മ പറയുമായിരുന്നു. ഇവൻ ഭാവിയിൽ നല്ലൊരു “വൃത്ത “പണ്ഡിതനാവുമെന്ന്.. പക്ഷേ എന്തു ചെയ്യാം.. അത് കാണാൻ നില്കാതെ അമ്മയെ മുകളിലേക്ക് നേരത്തെ വിളിച്ചു… പിന്നീട് ആ വേദനയിൽ ഞാൻ “അമ്മ വൃത്തം “എന്നൊരു വൃത്തം തന്നെ ഉണ്ടാക്കി…”
” ഹോ.. സമ്മതിച്ചു മാഷേ.. ഈ ഒരു മാസം കൊണ്ട് ഇതെല്ലാം പഠിച്ച് സ്വന്തമായി വൃത്തത്തിലെഴുതി. വൃത്തം ഉണ്ടാക്കി… കുളിരു കോരണ്…
ഇപ്പോൾ ദേ പുതിയൊരു വൃത്തംകൂടി.. ചവിട്ടിക്കൂട്ട് …. സമ്മതിച്ചു…
താങ്കൾ ഒരു പുലിയാണ്… ”
” അതെ മാഷേ… എന്നെ ഞാൻ തന്നെ അങ്ങ് സമ്മതിച്ചു… ”
” വൃത്തവും ലക്ഷണവും ഒക്കെ പഠിച്ചു മനസ്സിലാക്കി ശ്ലോകവും കവിതയും ഒക്കെ കുറിക്കാൻ ഒരുപാട് നാളത്തെ പരിശ്രമം വേണം… മാഷ് ഇതെല്ലാം ഇത്രവേഗം എങ്ങനെ പഠിച്ചു…? ”
” അയ്യോ.. അതറിയില്ലേ..? ഞാൻ സുഗുണപാലൻ സാറിന്റെ ശിഷ്യനാണ്. അദ്ദേഹം വൃത്തം പഠിപ്പിക്കാൻ ഒരു ഗ്രൂപ്പുതന്നെ ഉണ്ടാക്കിയിട്ടുണ്ട്… ”
” ആ.. അദ്ദേഹത്തെ അറിയാം. നല്ലപോലെ വൃത്തത്തിൽ കവിതകളും ശ്ലോകങ്ങളും രചിക്കുകയും ആലപിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. കൂടാതെ അനവധി വൃത്തങ്ങൾ സ്വന്തമായിട്ട് ഉണ്ടാക്കിയിട്ടുണ്ട്.ഇഷ്ടംപോലെ ശ്ലോകങ്ങളും രചിച്ചിട്ടുണ്ട്…”
” ആഹാ… അദ്ദേഹത്തെ മാഷ് അറിയും അല്ലെ…? ”
” പിന്നെ.. പത്തിരുപത് വർഷമായിട്ട് അറിയാം. ധാരാളം പ്രോഗ്രാമുകളിൽ ഒരുമിച്ചു പങ്കെടുത്തിട്ടുമുണ്ട്.. ”
” ഉവോ..എന്നിട്ട് മാഷെന്താ വൃത്തം പഠിക്കാത്തത്.. ”
” അതോ.. വൃത്തം പഠിച്ചാൽ അത് നന്നായിട്ട് മനസ്സിരുത്തി പഠിക്കണം. എന്നിട്ടുവേണം വൃത്തത്തിൽ എഴുതാൻ… അല്ലാതെ എന്തെങ്കിലും എഴുതി അതിനു ഹനുമാൻ വൃത്തം കാട്ടാള വൃത്തം കിട്ടൂസവൃത്തം എന്നൊക്കെ എഴുതിയിട്ട് കാര്യം ഇല്ലെന്ന് തോന്നി.. അതുകൊണ്ട് ആ ശ്രമം വേണ്ടാന്നു വച്ചു… ”
” ഹോ.. മാഷിന്റെ ഭാവി തന്നെ പോയി.. വൃത്തത്തിലേക്ക് വാ.. ഞാൻ ഇപ്പോൾ ഇരുന്നൂറ്റിയൻപതു വൃത്തം സ്വന്തമായിട്ടുണ്ടാക്കി…
അവസാനം ഉണ്ടാക്കിയത് ചക്കക്കുരു എന്ന വൃത്തമാണ്…”
ഹോ.. നല്ലത്.. ഇനിയും ഉണ്ടാക്കുക…മാങ്ങയും തേങ്ങയും വഴുതനങ്ങയും ഒക്കെ വച്ച്… വിജയീ ഭവ:.. ”
” സന്തോഷം മാഷേ… ഞാൻ എന്നെ വീണ്ടും സമ്മതിച്ചു… ”
” അതെ മാഷേ.. ഈ ചവിട്ടിക്കൂട്ട് വൃത്തത്തിന്റെ ലക്ഷണം ഒന്നു പറയാമോ…? ”
” പറയാലോ.. ”
“തമ്മിൽ കലപില മൂത്ത്
ഒരുവൻ മറ്റൊരുവനെ
തിരിച്ചിട്ട് മറിച്ചിട്ട്
ഇടം വലം നോക്കാതെ
ചവിട്ടുകിൽ
ചവിട്ടിക്കൂട്ട് വൃത്തമായിടും.. ”
” മാഷേ… സൂപ്പർ.. ഗംഭീരം.. എന്താ അതിലെ സംഗതി… കിടുക്കി… തിമിർത്തു… ഇപ്പോൾ ഉള്ള വൃത്തപണ്ഡിതന്മാരൊക്കെ കാലം ചെയ്യുമ്പോൾ ഇനിയുള്ള കാലം എന്തു ചെയ്യുമെന്ന് ഓർത്തിരിക്കുമ്പോഴാണ് താങ്കളെപ്പോലുള്ളവരുടെ ഉദയം… സത്യത്തിൽ മാഷേ.. രോമാഞ്ചം ഉണ്ടാകേണ്ടതാ.. പക്ഷേ.. അതല്പം കുറവാ.. എങ്കിലും തോലാഞ്ചം തോന്നുന്നു… ”
” ഹോ.. മാഷേ.. സ്നേഹം… എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു… ”
” എന്തായാലും ഇനിയും ധാരാളം വൃത്തങ്ങൾ കുറിക്കണം എഴുതണം… അങ്ങേക്ക് ആശംസകൾ.. ”
” എല്ലാം സുഗുണപാലൻ മാഷിന്റെ അനുഗ്രഹം.. അത് ഞാൻ എല്ലായിടത്തും പറയും.. ”
” അതുവേണ്ട മാഷേ.. അദ്ദേഹം ഒരുപാട് മികവുള്ള ആളാണ് അദ്ദേഹത്തെ ചുമ്മാ “പറയിക്കല്ലേ…” ”
“അതെന്താ മാഷേ അങ്ങനെ പറഞ്ഞത്..? ഞാൻ മോശമാണോ…? ”
” ഹേയ്.. താങ്കൾ അതുക്കും മേലെ ആണെന്നാ പറഞ്ഞത്…
അദ്ദേഹത്തേക്കാൾ മിടുക്കനായില്ലേ…? അതാ പറഞ്ഞത്… ”
” അതെയതെ…അത് എല്ലാവരും പറയുന്നുണ്ട്… ”
” കണ്ടൊ.. ഇതാണ് ഞാൻ പറഞ്ഞത് ഇനിയും നാട്ടുകാരെക്കൊണ്ട് “പറയിക്കണം ” ”
” ഉവ്.. മാഷും മനസ്സിലുണ്ട്.. എന്റെ ആദ്യ കവിത “ല സ ഗു ” കവിതപോലെയാക്കിതന്നത് അങ്ങാണ്.. മറന്നിട്ടില്ല.. ”
” അയ്യോ.. അങ്ങനെ ഒരു കാര്യം ഉണ്ടോ.. ഞാൻ അതൊന്നും ഓർക്കുന്നില്ല.എങ്കിൽ അത് ഒരു വേദിയിലും പറയേണ്ടാട്ടോ…. ”
” അതെന്താ… മാഷേ… ”
” അതൊന്നും വേണ്ടാന്നെ.. എല്ലാം താങ്കളുടെ കഴിവായിരിക്കട്ടെ… ഇനി പാവം ആ സുഗുണപാലൻ സാറിന്റെ പേരും പറയേണ്ടട്ടോ.. ”
“അതെന്താ മാഷേ..”
“എന്റെ സുഹൃത്തേ… അങ്ങനെ ആരുടെയും പേരിൽ നിൽക്കേണ്ട അറിയേണ്ട ആളല്ല താങ്കൾ… ഒരു സുപ്രഭാതത്തിൽ പെട്ടന്ന് ഒരു ബോധോദയം ഉണ്ടാകുന്നു ഗോവിന്ദ.. ഇനി മുതൽ നീ വൃത്തത്തിൽ എഴുതു സ്വന്തമായിട്ട് വൃത്തങ്ങൾ ഉണ്ടാക്കു.. അങ്ങനെയങ്ങ് എഴുതിത്തുടങ്ങി എന്നു പറഞ്ഞാൽ മതി. സംഗതി എല്ലാവരും ശ്രദ്ധിക്കുയും ചെയ്യും…”
“.. ഹോ.. എന്റെ മാഷേ.. നിങ്ങൾ എവിടെയാണ്.. ഞാനെ കണ്ടുള്ളു.. ഞാനേ കണ്ടുള്ളു…”
” എന്തോന്ന് കണ്ടത്.. ”
” അതല്ല.. എന്റെ അരികിൽ വന്നു മാഷ് പറയുന്നതുപോലെ.. ഞാൻ ആ സിനിമയിലെ സംഭാഷണം ഒന്നു കടമെടുത്തതാ… ”
“ഒ.. ശരി മാഷേ.. എല്ലാം നടക്കട്ടെ… പിന്നെ കാണാം..”
“.. സന്തോഷം മാഷേ… ഞാനും അല്പം തിരക്കിലാണ്. പാലക്കാട് പോകണം. നാളെ അവിടെ ഒരു വൃത്തപഠനക്ലാസ് ഉത്ഘാടനം… അത് ഞാനാണ്…”
” ആണോ… ഓ.. അവരുടെയൊക്കെ ഭാഗ്യം… ഈശ്വരാ.. നന്നായി വരട്ടെ.. നല്ലതായിട്ട് നടക്കട്ടെ … ”
” അതെ മാഷേ.. സത്യമായിട്ടും ഞാൻ വീണ്ടും എന്നെ സമ്മതിച്ചിരിക്കുന്നു… ”
ഓ.. ബൈ.. ”
ഞാൻ ഫോൺ കട്ടു ചെയ്തു… ഈശ്വരാ ഇനി ഇതുപോലെ എത്ര പണ്ഡിതന്മാരെ ഇനിയുള്ള കാലം കാണണം…
എല്ലാം കൂടി ചിന്തിച്ചാൽ അറിയാതെ വിഷമവൃത്തത്തിലാകും…
സംഭവാമി യുഗേ യുഗേ…
ശുഭം












