LIMA WORLD LIBRARY

അഭിമാനി – (സാക്കിർ – സാക്കി നിലമ്പൂർ)

സൈക്കിളിൻ്റെ കാരിയറിൽ
വെച്ചുകെട്ടിയ ഹംസാക്കാൻ്റെ ഐസുപെട്ടിയിൽ പലതരം ഐസുകൾ കാണും.
മുന്തിരി ഐസ്, സേമിയ ഐസ്,
മാങ്ങാ ഐസ്,
കൈതച്ചക്ക ഐസ് എന്നിവ കൂടാതെ
സാധാരണ വിലകുറഞ്ഞ
കളർഐസുകളും .

സൈക്കിൾവീലിൻ്റെ “ഹബ്ബി”ലേക്ക് വലിച്ചുകെട്ടിയ കയറിൽ ഒരു തകരപ്പാട്ടയും കോർത്ത് കെട്ടി ഹംസാക്കാക്ക് ഒരു വരവുണ്ട്.
അത് പുറപ്പെടുവിക്കുന്ന കാത് തുളക്കുന്ന “ചീവീട് ” ശബ്ദം കേട്ടാൽ ഉറപ്പിക്കാം ഐസുപെട്ടിയുമായി ഹംസാക്ക എത്തിക്കഴിഞ്ഞു.

അങ്ങനെയൊരു ദിവസം.

പുതുമണവാളൻ്റെ പുഞ്ചിരി മായാത്ത, അത്തറ് മണക്ക്ണ ഖത്തറുകാരൻ ഷുക്കൂറും
മണവാട്ടിയുടെ നാണം മാറാത്ത മുനീറയും ബൈക്കിലങ്ങിനെ ചെത്തിപ്പൊളിച്ച് വരികയാണ്.

എതിരെ ദാ.. വരുന്നു ഐസുകാരൻ
ഹംസാക്ക.
കച്ചവടം കഴിഞ്ഞുള്ള വരവാണ്.
ഐസുപെട്ടി ഏതാണ്ട് കാലിയായിട്ടുണ്ട്.

” ൻ്റെ പൊന്നേ…
അനക്ക് ഐസ് മാണോ ..?”
ബൈക്ക് ഒന്ന് സ്ലോവാക്കി ഷുക്കൂർ ചോദിച്ചു.

“ഐസ്, ഇച്ച്
നല്ലഷ്റ്റാ…”

എന്നാൽ പിന്നെ നോക്കാനുണ്ടോ…?
അവൻ ബൈക്ക്, ഹംസാക്കയുടെ സൈക്കിളിനോരം ചേർന്ന് നിർത്തി.

“യെന്താ.. കാക്കാ
ഐസിന് വെല..?”
ചോദ്യം നല്ല ദമ്മിലാണ്.

ഹംസാക്ക രണ്ട് പേരെയും ഒന്ന് നോക്കി. നവദമ്പതികളാണ്.
പുതുമോടി കഴിഞ്ഞിട്ടില്ല.
തൻ്റെ പെട്ടിയിൽ ഇനി ബാക്കിയുള്ളത്
അഞ്ച് രൂപയുടെ രണ്ട്മൂന്ന് സേമിയ ഐസുകളും രണ്ട് രൂപയുടെ കളർ ഐസുകളുമാണ്.
ആ ചെറിയ വില പറഞ്ഞാൽ അവനൊരിക്കലും ഐസ് വാങ്ങില്ല.

പുതുമണവാട്ടിയുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ഷുക്കൂറിന് കിട്ടിയ ഈയൊരവസരം തൻ്റെ ബുദ്ധിമോശം കൊണ്ട് നഷ്ടപ്പെടാൻ പാടില്ല.

“ഇരുപതിൻ്റെ
കളറയ്സ്ണ്ട്.
അയ്മ്പീൻ്റെ സേമ്യയ്സൂണ്ട്. ”
ഹംസാക്ക ഇര കോർത്ത് ചൂണ്ടക്കൊളുത്ത് ഷുക്കൂറിൻ്റെ മുമ്പിലേക്കിട്ടു.

“അയ്മ്പീൻ്റെ രണ്ട്
സേമ്യയ്സ് തെരീം… ”
ഷുക്കൂർ നെഞ്ച് വിരിച്ച്, സന്തോഷത്തോടെ അതിൽ കൊത്തി.

അഞ്ച് രൂപയുടെ
രണ്ട് സേമിയ
ഐസിന്,
നൂറ് രൂപയും വാങ്ങി നിറഞ്ഞ സന്തോഷത്തോടെ ഹംസാക്ക തൻ്റെ സൈക്കിൾ മുന്നോട്ടെടുത്തു.

ഭാര്യയുടെ മുന്നിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരം നന്നായിത്തന്നെ മുതലാക്കി,
നിറഞ്ഞ ചിരിയോടെ ഷുക്കൂറും ബൈക്കിൽ ചാരി നിന്ന് സേമിയ ഐസ് ഈമ്പി.

സാക്കിർ – സാക്കി
നിലമ്പൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px