ദൈവവും നിരീശ്വരവാദിയും – (Sr. ഉഷാ ജോർജ്)

Facebook
Twitter
WhatsApp
Email

ശൈത്യത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തണുത്ത കാറ്റ് വീശി. എന്റെ മുടികളെ പാറിപ്പറപ്പിച്ചുകൊണ്ട് കാറ്റ് വീശിക്കൊണ്ടിരുന്നു.

കാറ്റിന്റെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാൻ ജനലുകൾ ഭദ്രമായി അടച്ച് വീടിനു പുറത്തേക്കിറങ്ങി.

കൊടും വേനൽ കഴിഞ്ഞുവരുന്ന ശൈത്യ ത്തിന് ഒരു വശ്യതയുണ്ട്. എനിക്ക് ആ കുളിർ പകർന്നുതരുന്ന മന്ദമാരുതനെ ഒത്തിരി ഇഷ്ടമാണ്. ഞാൻ അവനോടൊപ്പം നടന്നു നീങ്ങി.

ദൈവത്തെ മാത്രം മനസ്സിൽ ധ്യാനിച്ച് നടന്നു നീങ്ങിയത് എവിടേയ്ക്കാണെന്ന് കൂടി അറിയില്ല. വീണ്ടും വീണ്ടും എന്റെ മുടികളേ നാനാദിക്കിലേയ്ക്കും പാറിപ്പറപ്പിച്ചുകൊണ്ട് കാറ്റ് കുസൃതി കാട്ടവേ അല്പം അസ്വസ്ഥതയോടു കൂടി മുടി ഒതുക്കിക്കൊണ്ട് ഞാൻ മുകളിലേയ്ക്ക് നോക്കി. എത്ര മനോഹരമാണ് കുന്നുകൾ! ഞാൻ എങ്ങനെ ഇവിടെ എത്തിപ്പെട്ടു. പർവ്വതത്തിനു താഴെനിന്ന് മുകളിലേയ്ക്ക് ആശയോടെ നോക്കി. എന്റെ ഈശ്വരൻ അവിടെ ഉണ്ടാകും എന്ന് കരുതി മനസ്സിൽ പ്രാർത്ഥിച്ചു.

ആ നിമിഷം മനസ്സിൽ ഒരു സംശയം ഉദിച്ചു!. ദൈവം എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു. അപ്പോൾ ഈ നിരീശ്വരവാദികളെയും ദൈവം സ്നേഹിക്കുന്നുവോ!?

എന്റെ ചിന്തകൾ കാടുകയറി അതാ കുന്നിൻ ചെരുവിൽ പ്രകാശമായി ഇറങ്ങിവരുന്നു എന്റെ ദൈവം!

അതേ, പ്രകാശരശ്മികൾ എന്നോടു പറയുന്നതായി തോന്നി ‘എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. ഞാൻ എല്ലാവർക്കും വേണ്ടി അക്ഷീണം കാത്തിരിക്കുന്നവനാണ്.’

‘എന്റെ ശക്തി ഉപയോഗിക്കുന്നത് ഭീഷണിപ്പെടുത്തുന്ന സ്വേച്ഛാധിപതിയായിട്ടല്ല. മറിച്ച് തന്റെ സൃഷ്ടിയായ മക്കളോടുള്ള സ്നേഹപൂർവ്വമായ കരുതലാണ്.’

വീണ്ടും പറഞ്ഞു: “ഞാൻ മതത്തെ സൃഷ്ടിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നവരുടെ നാശം ആസ്വദിക്കുന്നില്ല, എല്ലാവരെയും സൃഷ്ടിച്ചത് അസ്തിത്വത്തിനുവേണ്ടിയാണ്.

മകളേ നിനക്ക് ഈശ്വരവിശ്വാസി എന്ന് വി ശ്വസിക്കുകയും, ജീവിക്കുകയും പറയപ്പെടുകയും ചെയ്യുന്നവരെ കാണണമോ”?

ദൈവം അല്പം അസ്വസ്ഥനാണെന്ന് എനിക്ക് തോന്നിപ്പോയി.

എന്നോട് പറഞ്ഞു: ‘എന്റെ കൂടെ ഗ്രാമത്തിലേക്ക് വരിക ഈശ്വര വിശ്വാസി എന്നു വിളിക്കപ്പെടുന്നവരെ കാണിച്ചുതരാം. അപ്പോൾ നിനക്ക് പറയാനാവും എന്തുകൊണ്ട് ഞാൻ നിരീശ്വരവാദികളെയും സ്നേഹിക്കുന്നുവെന്ന്.

ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. പക്ഷേ മനുഷ്യന് എന്നിൽ സ്നേഹവും വിശ്വാസവും ഇല്ല, ഭയഭക്തി ബഹുമാനവുമില്ല എന്നതിന്റെ തെളിവുകൾ മാത്രം തരാം.

വരൂ എന്നോട് കൂടെ!

അവനോടൊപ്പം ഞാൻ നടന്നു നീങ്ങി.

ദൈവം എന്നെ മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കൊച്ചു കൊച്ചു വീടുകളും, പുഴയും, വയലും, പള്ളികൾ, അമ്പലങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ കാണാൻ സാധിച്ചു. കാഴ്ചയിൽ അതിമനോഹരം!

വിവിധ പ്രാർഥനാലയങ്ങളിൽ നിന്നും പ്രാർത്ഥനയും കഴിഞ്ഞ് വീട്ടിലേയ്ക്ക് എത്തുന്ന മനുഷ്യരുടെ ശൈലികൾ കണ്ടു ഞാൻ ചിരിച്ചുപോയി.

ദൈവത്തിന് എന്നോട് കോപം വന്നു. ഞാൻ ചിരി അടക്കിപ്പിടിച്ച് അവനോടുകൂടെ നടന്നു തുടങ്ങി.

പ്രാർത്ഥന കഴിഞ്ഞുവന്ന സ്ത്രീ വീട്ടുമുറ്റത്ത് നിൽക്കുന്ന കോഴിയേ കല്ലെറിഞ്ഞ് തന്റെ പുരയിടത്തിൽ നിന്ന് ഓടിക്കുന്നു. ദേഷ്യം സഹിക്കവയ്യാതെ ആ വീട്ടുകാരെയും തെറി പറയുന്നു.

മറ്റൊരു സ്ത്രീ വഴിയെ പോകുന്ന ഒരു മനുഷ്യൻ തന്റെ വീട്ടിലേയ്ക്ക് നോക്കിയതിന്റെ പേരിൽ തെറി അഭിഷേകം നടത്തുന്നു.

മറ്റൊരു വീട്ടമ്മ അയലത്തെ സ്ത്രീയുമായി അടുത്തുള്ള വീട്ടിലെ പെൺകുട്ടികളെ കുറിച്ച് പരദൂഷണം പറയുന്നു.

അതാ വേറൊരു വീട്ടിൽ ആരും കാണുന്നില്ല എന്ന് കരുതി പാലിൽ ധാരാളം വെള്ളം ചേർക്കുന്നു.

വേറൊരു വീട്ടിലെ ആൾക്കാർ മീൻ കഴുകുന്ന വെള്ളവും അഴുക്കുകളും ആരും കാണാതെ അയലത്തെ വീട്ടിന്റെ കിഴക്കുവശത്ത് ഒഴിക്കുന്നു.

അതിനടുത്തൊരു വീട്ടുകാർ അയലത്തെ മാവിന്റെ ഇല അവരുടെ മുറ്റത്ത് വന്ന് വിഴുന്നു എന്നു പറഞ്ഞു ഭയങ്കര വഴക്ക്.

മറ്റൊരു വീട്ടുകാർ അയലത്തെ മാവും മാങ്ങയും അവരുടെ ടെറസിൽ വീണു കിടക്കുന്നു അത് വെട്ടി മാറ്റാൻ പോലീസിൽ പരാതിപ്പെടുന്നു.

മറ്റൊരു സ്ത്രീ വേനൽക്കാലത്ത് അവരുടെ വീട്ടിൽ ആരും വെള്ളം കോരാതിരിക്കാൻ പല കഥകളും മെനയുന്നു. അവസാനം പഞ്ചായത്ത് കിണറ്റിലെ
തൊട്ടിയും കയറും അയലത്തെ വീട്ടുകാർ മോഷിടിച്ചു എന്ന് അക്ഷേപിക്കുന്നു. അത് കൂടാതെ അയലത്തെ വീട്ടുകാർക്കെതിരെ പോലീസിൽ പരാതിയും കൊടുക്കുന്നു.

മറ്റൊരു കൂട്ടർ കുട്ടികൾ സന്ധ്യ വരെ ഗ്രൗണ്ടിൽ ഒരുമിച്ച് കളിച്ചതിന് അവരുടെ മക്കളെയും കൂട്ടി അടുത്ത വീട്ടിലേയ്ക്ക് പോയി തന്റെ കുട്ടിയെ ചീത്തയാക്കുന്നു എന്ന് പറഞ്ഞ് ത്രിസന്ധ്യാനേരത്ത് തെറി അഭിഷേകം നടത്തുന്നു.

തെങ്ങ് മറ്റൊരു പുരയിടത്തിലേയ്ക്ക് ചാഞ്ഞ് കിടക്കുന്നതിന്റെ പേരിൽ രണ്ട് വീട്ടുകാർ കൂട്ടയടി.

ദൈവം എന്നോട് പറഞ്ഞു ചെവി പൊത്തിപ്പിടിച്ച് നടന്നു കൊള്ളുക!. നീ പ്രവർത്തികൾ മാത്രം കണ്ടാൽ മതി.

അത് കേട്ടപ്പോൾ എനിക്ക് ദൈവത്തോട് അല്പം അരിശം വന്നു. പക്ഷേ അവൻ എന്നെ ഒന്നും നോക്കി പുഞ്ചിരിച്ചു!.

സ്വന്തം വീട്ടിലെ പുറത്തുള്ള ബാത്റൂമിൽ കയറുമ്പോൾ അയലത്തെ വീട്ടുകാർ കല്ലെറിയുന്നു.

ചിലർ കള്ളുകുടിച്ചു വന്നിട്ട് എല്ലാ ദൈവങ്ങളെയും ആത്മീയ ഗുരുക്കളെയും പൂജാരിമാരെയും തെറിവിളിക്കുന്നു.

ഞാൻ ദൈവത്തോട് ചോദിച്ചു, എന്തിനാണ് എന്നെ ഇതൊക്കെ കാണിക്കുന്നത്!?

നമുക്ക് ഈ നടത്തം മതിയാക്കിക്കൂടെ! അങ്ങ് പറഞ്ഞു വരുന്നത് എല്ലാവരും ഇങ്ങനെയാണെന്നാണോ!?

ദൈവം പറഞ്ഞു:

നോക്കൂ എല്ലാവർക്കും കഴിക്കാൻ ആഹാരവും, ചെറുതെങ്കിലും വീടും, ചെറിയ ജോലിയുണ്ട്, ടിവിയുണ്ട്, ബൈക്കുണ്ട് , കാറുണ്ട്, പണമുണ്ട്. പിന്നെ അവർക്ക് എന്ത് ദൈവം അല്ലേ!?

ഞാൻ പറഞ്ഞു, നോക്കുക കർത്താവേ! സന്ധ്യാപ്രാർത്ഥനകൾ പല വീടുകളിലും ഉണ്ട്.

അതെ!, സന്ധ്യാ പ്രാർത്ഥനകൾ അതാത് സമയത്തു നടക്കുന്നുണ്ടോ? പ്രാർത്ഥിക്കുന്ന സമയത്ത് പല പല സീരിയലുകളാണ് ആസ്വദിക്കുന്നത്.

ദൈവം പറഞ്ഞു, എല്ലാരുടെയും ഹൃദയം ശൂന്യമാണ്.

ഞാൻ ചോദിച്ചു: അപ്പോൾ ഈ ഗ്രാമത്തിൽ അങ്ങയെ സ്നേഹിക്കാൻ ആരുമില്ലേ!?

ഉണ്ടല്ലോ! നോക്കൂ

ഒരു സാധു സ്ത്രീ! കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചയ്ക്കുള്ള ഊണ്, എല്ലാം അതി രാവിലെ റെഡിയാണ്! പിന്നെ കുട്ടികൾക്ക് ടൈംടേബിൾ നോക്കാൻ സഹായിക്കുന്നു, മക്കളേ കുളിപ്പിക്കുന്നു, മക്കളെ ഒരുക്കുന്നു, ഭർത്താവിന്റെ തുണി തേച്ചു കൊടുക്കുന്നു.

നോക്കൂ ആ മുഖം എന്ത് ഐശ്വര്യമാണെന്ന്! ആരെയും കുറ്റവും കുറവും പറയാതെ എല്ലാം സ്വയം ചെയ്യുന്നു.

ഞാൻ ചോദിച്ചു, ശരിയാണ് കർത്താവേ പക്ഷേ അവർ ഒരിക്കലും ദേവാലയത്തിൽ പോയി കണ്ടിട്ടില്ല!.

ദൈവം പറഞ്ഞു: ആ സ്ത്രീയുടെ ദേവാലയമാണ് ഭവനം . കുഞ്ഞുങ്ങൾ, ഭർത്താവ്, ദൗത്യം ഇതൊക്കെ സന്തോഷത്തോടും ത്യാഗത്തോടും ചെയ്യുന്നവരാണ് എന്റെ യഥാർത്ഥ വിശ്വാസി അല്ലെങ്കിൽ യഥാർത്ഥ ഭക്തർ.

നീ വരൂ മകളെ, നമുക്ക് കുറച്ചുകൂടെ നടന്നു നഗരത്തിലേക്ക് പോകാം!

ഇവിടെയും എന്തൊക്കെയായിരിക്കും കാണാൻ കഴിയുക.

ദൈവം പറഞ്ഞു അതാ നോക്കു!,

പരസ്പരം മത്സരിച്ച് ജീവിക്കുന്ന കുടുംബങ്ങൾ. ഒരു സ്ത്രീ പറയുന്നു അവർക്ക് കാറുണ്ട് നമുക്കും വാങ്ങണം അവരെക്കാളും വലിയ കാർ. മറ്റൊരു കുടുംബം പുറത്തിരുന്നു സംസാരിക്കുന്നു അവർ നല്ല പരവതാനി വിരിച്ചു. നമുക്ക് അവരെക്കാൾ കൂടിയത് ഇടണം.

മറ്റൊരു സ്ത്രീ പറയുന്നു, നോക്ക്, അവളുടെയും കൊച്ചുങ്ങളുടെയും ഒരു ഗമ. കെട്ടിയോൻ വിദേശത്ത് കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് തിന്നു മുടിക്കുന്ന മക്കൾ.

അതിനടുത്തു അയലത്തെ വീട്ടുകാർ സി സി റ്റി ക്യാമറ വയ്ക്കുന്നതിന് തെറി.

സ്കൂൾ പ്രവേശനങ്ങൾക്ക് കൈക്കൂലി, ജോലിക്ക് കൈക്കൂലി, പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ കുട്ടികളെ അനുവദിക്കണം എന്ന് പറഞ്ഞു അധ്യാപകരെ വിഷമിപ്പിക്കുന്നു.

ഓരോ കാരണങ്ങളുടെ പേര് പറഞ്ഞ് പണപ്പിരിവു നടത്തുന്ന കുറേപ്പേർ.

കള്ളത്തരങ്ങൾ പറഞ്ഞു മോഹിപ്പിച്ച് വോട്ട് നേടുന്ന ഒരു കൂട്ടം ആൾക്കാർ. ഈ മനുഷ്യരുടെയൊക്കെ സ്നേഹം കണ്ടു കഴിഞ്ഞാൽ ഇലക്ഷൻ കഴിഞ്ഞാൽ നമ്മുടെ രാജ്യം സ്വർഗ്ഗമാക്കും എന്നാണ് വയ്പ്പ്.

ഞാൻ ചോദിച്ചു: കർത്താവേ ഇവരാണോ നമ്മളെ ഭരിക്കാൻ പറ്റുന്ന നേതാക്കന്മാർ?

കർത്താവ് എന്നെ കണ്ണടച്ച് കാണിച്ച് നടന്ന് നീങ്ങി!

എനിക്ക് ആദ്യമാദ്യം ചിരി വന്നെങ്കിലും പിന്നീട് ദേഷ്യവും ദുഃഖവും ഒക്കെ വന്നു പോയി കൊണ്ടിരുന്നു.

ദൈവമാകട്ടെ എപ്പോഴും ഒരു കള്ള പുഞ്ചിരിയോടുകൂടി തന്നെ നടക്കുകയായിരുന്നു.

നോക്കൂ അനാഥമന്ദിരങ്ങളിൽ അധികം വന്ന സാധനങ്ങൾ കൂട്ടിയിട്ട് കൂട്ടിയിട്ട് കുട്ടികൾക്ക് വൃത്തിയില്ലാതെ തിന്നാൻ കൊടുക്കുന്നത്!

പലരും അവരുടെ അധികം വരുന്ന വിഭവങ്ങൾ ഇതുപോലുള്ള സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുന്നു. അവരുടെ ഉച്ഛിഷ്ടം തിന്നാൽ വിധിക്കപ്പെട്ട കുറച്ച് മനുഷ്യർ!

ചിലർ അവരുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും അവരുടെ പ്രൗഡി കാണിക്കാൻ അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും വന്നു പോയിക്കൊണ്ടിരുന്നു.

ഞാൻ വീണ്ടും ചോദിച്ചു ഇത് നല്ല കാര്യമല്ലേ കർത്താവേ!?

കർത്താവ് ചോദിച്ചു : ഇത് നല്ല കാര്യമാണെന്ന് നിന്നോട് ആരാണ് പറഞ്ഞത്!?

ആരുമില്ലാത്ത കുട്ടികൾക്ക് മുന്നിൽ സമ്പന്നർ അവരുടെ മകന്റെ/ മകളുടെ ജന്മദിനം ആഘോഷിക്കുന്നത് നെറികേടാണ്.
ആ കുരുന്നു മക്കളുടെ ഹൃദയം എന്തുമാത്രം വേദനിക്കും. എനിക്കും അച്ഛനും അമ്മയും ഉണ്ടായിരുന്നുവെന്നു ചിന്തിച്ചു പിന്നീട് കണ്ണ് നിറയ്ക്കും.

ഞാൻ ചോദിച്ചു അപ്പോൾ കർത്താവിന്റെ അഭിപ്രായം എന്താണ്!?

ഒരാൾക്ക് ജന്മദിനങ്ങൾ, വാർഷികം അതുപോലെ എന്തുമായിക്കൊള്ളട്ടെ ആരേയും അറിയിക്കാതെ കൊണ്ടു പോയി നല്ല ആഹാരം കൊടുക്കുക, അവരോടൊപ്പമിരുന്നു ആഹാരം കഴിക്കുക. കുടുംബസമേതം ഷോ കാണിക്കാനോ, ഫോട്ടോ എടുത്ത് പരസ്യം ചെയ്യാനോ പോകരുത്. വൃദ്ധസദനങ്ങളിലും അവരുടെ കൂടെ ഇരുന്ന് കഴിക്കാൻ തയ്യാറാക്കുക.

ദൈവത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു. അതുപോലെ കണ്ണുകൾ ചുവന്നുവരുന്നത് കണ്ട് അവനോട് ഞാൻ കൂടുതൽ ചോദിക്കാൻ മടിച്ചു.

ദൈവം പറഞ്ഞു: വരൂ നമുക്ക് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം.

അതാ അവൻ എന്നെ സർക്കാർ ആശുപത്രിയിലേയ്ക്ക് കൂട്ടികൊണ്ട് പോയി.

പടിവാതിൽ നിന്നുകൊണ്ട് ഞാൻ പറഞ്ഞു: ഞാൻ വരില്ല. എനിക്ക് ഒന്നും കാണുകയും കേൾക്കുകയും വേണ്ട. ഞാൻ കണ്ടു മടുത്ത സ്ഥലങ്ങളാണ്. പ്രഭോ!, ഞാൻ എന്റെ നിലവിട്ടു സംസാരിക്കുന്നതിനു മുൻപ് നമുക്ക് പോകാം. ദൈവത്തിനു പിന്നീടൊരു ബുദ്ധിമുട്ടാവും.

കർത്താവു രുദ്രഭാവത്തോടെ എല്ലാവരെയും ഒന്നു നോക്കി, എന്റെ കൈയിൽ പിടിച്ച് അവിടെ നിന്ന് ഇറങ്ങി.

കോടതിയുടെ അടുത്തെത്തിയപ്പോൾ ഞാനൊന്നു നിന്നു.

കർത്താവ് എന്നോട് പറഞ്ഞു: നീ ഒരു കൗശലക്കാരിയാണ്. എന്റെ വാക്കുകളിൽ നിന്ന് നീതിബോധത്തെ കുറിച്ച് കേൾക്കാനുള്ള തയ്യാറെടുപ്പിൽ ആണല്ലെ!.?

കർത്താവ് തുടർന്നു. അതിനെക്കുറിച്ച് ഞാനൊന്നും പറഞ്ഞു തരില്ല!. നിനക്ക് നന്നായി അറിയാവുന്ന കാര്യങ്ങളാണത്. മകളെ നീ വിശ്വാസികളെ കണ്ടിട്ടില്ലേ? അവരുടെ പ്രവർത്തിയിലും ഹൃദയത്തിലും ഞാനില്ല അതാണ് ഇന്നത്തെ ഈശ്വരവിശ്വാസി.

നിയമസഭയുടെ അടുത്തെത്തിയപ്പോൾ കർത്താവ് എന്നെ ഒളികണ്ണിട്ടു നോക്കി.

ഞാൻ ചോദിച്ചു, എന്തേ! എന്നെ ഒന്ന് കാണിച്ചു തരാതെ ഇത്ര വേഗത്തിൽ വച്ച് പിടിക്കുന്നത്!?

ദൈവം ചിരിച്ചുകൊണ്ടു പറഞ്ഞു മൗലികാവകാശം രേഖപ്പെടുത്തുമ്പോൾ നേരും നെറിയും നോക്കി ചെയ്യുക!.

പാർട്ടിയെയും പ്രസ്ഥാനങ്ങളെയും നോക്കി പറയാൻ ധൈര്യം ഉണ്ടാവണം, ഇദ്ദേഹത്തെ നിർത്തിയാൽ ഞങ്ങൾ വോട്ട് തരില്ല എന്ന്.

ഒറ്റക്കെട്ടായി ഓരോ പ്രദേശവാസികളും ഇതുപോലെ പറഞ്ഞാൽ പിന്നെ എന്തിന് എന്റെ മറുപടി ആഗ്രഹിക്കണം!

പുതിയ തലമുറയ്ക്ക് ചക്രവാളങ്ങൾ തുറന്നുകൊടുക്കാൻ പറയണം! മുതിർന്നവർ വഴിവെളിച്ചമായി മാറട്ടെ! പ്രകാശം മടങ്ങിയാൽ, മറ്റുള്ളവർ ഊതിക്കെടുത്താതെ, വലിച്ചെറിയപ്പെടാതെ, മാറുന്നതല്ലേ നല്ലത്?

എന്താ കുട്ടി നീ മൗനത്തിൽ ആയിപ്പോയോ!?

കേരള സാഹിത്യ അക്കാദമിയുടെ മുന്നിൽ വന്നപ്പോൾ ഞാൻ ദൈവത്തെ ഒന്ന് നോക്കി.
ദൈവം കോപത്തോടുകൂടി എന്റെ കൈപിടിച്ചു വലിച്ചു കൊണ്ടു പോയി.

കർത്താവ് പറഞ്ഞു നോക്കൂ ആകാശം എത്രമാത്രം മനോഹരമാണെന്ന്.

എനിക്ക് ദൈവത്തോട് അല്പം നീരസം തോന്നി. ഒരു പണി കൊടുക്കണം എന്ന് മനസ്സിൽ ഉറച്ചു.

കർത്താവ് എന്നോട് എന്റെ മനസ്സ് കണ്ടിട്ടാണോ എന്നറിയില്ല ചോദിച്ചു. എന്താണ് ഇത്ര സന്തോഷം ഈ എഴുത്തുകാരെ പറ്റി ഞാൻ പറയണമെന്നാണോ? തനിക്ക് നന്നായി അറിയില്ലേ ഈ മൗനങ്ങളുടെ അർത്ഥം! അത് എന്നെക്കൊണ്ട് പറയിപ്പിക്കണോ!?

ഞാൻ കർത്താവിന്റെ മറുപടി കേട്ട് നിശബ്ദത പൂണ്ടു.അതോടൊപ്പം വലിയ ദുഃഖം തോന്നി ദൈവത്തെ മനസ്സിലാക്കാതെ പോയതിൽ.

എങ്കിലും മനസ്സിലൊരു കാര്യം ഉറപ്പിച്ചു.

അങ്ങനെ ഞാൻ കർത്താവിന്റെ കൈപിടിച്ച് വേഗത്തിൽ നടന്ന് അങ്കമാലിയിലെത്തി.

ഞാൻ ദൈവത്തോട് ദേഷ്യഭാവത്തോട് ചോദിച്ചു എന്താണ് പറയാനുള്ളത്!!?

കർത്താവ് നിശബ്ദനായി മുഖം താഴ്ത്തി കുറേനേരം നിന്നു.

കർത്താവ് എന്നോട് ചോദിച്ചു, എന്നോടുള്ള തന്റെ ക്രൂരത തീർന്നോ?

എനിക്ക് ദേഷ്യം വന്നു ഞാൻ ചോദിച്ചു ഞാൻ കൊണ്ടുവന്നതാണോ ക്രൂരത!?

അങ്ങ് ദിവസവും വിഡ്ഢിയായി കൊണ്ടിരിക്കുന്നതല്ലേ ക്രൂരത!!?

കർത്താവ് എന്റെ മുന്നിൽ മുട്ടുമടക്കാനായി വന്നപ്പോൾ ഞാൻ തടുത്തുകൊണ്ട് പറഞ്ഞു.

നിരീശ്വരവാദിയാണ് നല്ല മനുഷ്യൻ അല്ലേ കർത്താവേ!?

കർത്താവ് പറഞ്ഞു: വരൂ നിരീശ്വരവാദിയായ ചില നല്ല മനുഷ്യരെ കാണിച്ചുതരാം.

നോക്കൂ, ആ മനുഷ്യന്റെ മുഖം!. നിഷ്കളങ്കമായ പുഞ്ചിരി, സ്വന്തം നിലനിൽപ്പിനു അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്നത്, നോക്കൂ പാവങ്ങൾക്ക് സ്വന്തം അധ്വാനത്തിൽ നിന്ന് ഒരു പങ്ക് കൊടുക്കുന്നത്. ഏത് പ്രശ്നങ്ങൾക്ക് നടുവിലും സന്തോഷവാനായി ജീവിക്കുന്നത്.

നിരീശ്വരവാദി എന്ന് അവകാശപ്പെടുന്ന മനുഷ്യന്റെ ഹൃദയത്തിലും സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ പ്രകാശരശ്മി കാണാൻ സാധിക്കും.

യഥാർത്ഥ നിരീശ്വരവാദി ഒരിക്കലും ആരെയും ഉപദ്രവിക്കാൻ പോകില്ല. നിരീശ്വരവാദി എന്ന് സ്വയം വീമ്പു പറഞ്ഞു നടക്കുന്നവർ, എല്ലാത്തിനേയും വിമർശിക്കുന്നവർ, നിരീശ്വരവാദിയല്ല. അവർ ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ വിമർശിക്കാൻ വേണ്ടി സ്വയം നിരീശ്വരവാദിയായി അവതരിക്കുന്നു.

നിരീശ്വരവാദി എന്നാൽ ദൈവമില്ല എന്ന് പറഞ്ഞ് സകലതിനേയും നിഷേധിച്ചു നടക്കുന്നവനല്ല.

സർവ്വ ശക്തനും, സർവ്വവ്യാപിയും, സർവ്വ ജ്ഞാനിയുമായ ദൈവത്തെ അംഗീകരിക്കാൻ സാധിക്കാത്തത് അഹങ്കാരം കൊണ്ടല്ല. നിരീശ്വരവാദം ഒരു ഏകാധിപത്യ പ്രവണതയായി നോക്കി കാണുകയും അരുത്.

ആശയപരമായി മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ അവർ വ്യത്യസ്തരായിരിക്കാം അത് അവരുടെ അഭിമാനത്തിന്റെ ഭാഗമാണ്!, അഹങ്കാരമല്ല!

എനിക്ക് കുട്ടിയോട് ഒന്ന് മാത്രമേ പറയാനുള്ളു. ഭാരതത്തിലെ മഹാപണ്ഡിതനും യോഗിയുമായിരുന്ന സ്വാമി വിവേകാന്ദന്റെ വാക്കുകൾ:

“ഇന്ത്യക്ക് മതമല്ല ഭക്ഷണമാണ് അത്യാവശ്യം, അന്ധവിശ്വാസികളായ വങ്കന്മാരാവുന്നതിനേക്കാൾ നിങ്ങളിൽ ഓരോരുത്തരും കൊടിയ നിരീശ്വരവാദിയായി കാണുകയാണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്തെന്നാൽ നിരീശ്വരവാദി ജീവിച്ചിരിക്കുന്നു. അവനെക്കൊണ്ടെന്തെങ്കിലും സാധിക്കാം. നേരെ മറിച്ചു അന്ധ വിശ്വാസം കടന്നു വരുമ്പോൾ തലച്ചോറ് നശിച്ചു കഴിഞ്ഞു…”

മകളേ ഇന്ന് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. നീയും നിന്റെ മനസ്സിൽനിന്ന് വിഡ്ഢി ചോദ്യങ്ങൾ മാറ്റി, എല്ലാറ്റിനേയും സമഭാവനയോടെ സ്നേഹിക്കാൻ പഠിക്കൂ.
*( ” സോളോ അമോറിസ് ” എന്ന കഥാ സമാഹാരത്തിൽ നിന്ന് )

About The Author

Leave a Reply

Your email address will not be published. Required fields are marked *