പ്രപഞ്ചനടനം – (ജയരാജ് മിത്ര)

Facebook
Twitter
WhatsApp
Email

പട്ടക്കുടയിൽ ദേവി വിളയാടുന്ന ഉത്സവം !
ഗോപാലകൃഷ്ണേട്ടനാണ് ഇതേക്കുറിച്ച് പറഞ്ഞത്. ഒരു വീഡിയോയും കാണിച്ചു.
മെയ് പതിനാലിനാണ് വേല എന്നുമറിഞ്ഞു.

ഇത്തരം വ്യത്യസ്തമായ എന്ത് കേട്ടാലും ഉടൻ അവിടെയെത്തുന്നതാണ് ശീലം.
ഐവർമഠത്തിൽ വെച്ച് കുറുപ്പേട്ടനെ കണ്ടപ്പോൾ ചോദിച്ചു.
“പെരിന്തൽമണ്ണയുടെ അടുത്ത്, മേലാറ്റൂർ ഭാഗത്ത്, ശാസ്താവങ്ങോട്ടുപുറം എന്നൊരമ്പലം അറിയാമോ?”

” കുട ഉറയണ കാവല്ലേ ?
അറിയാം. ഇപ്പൊ ഉത്സവം നടക്കുന്നു. പോവാൻ പ്ലാനുണ്ടോ?”

ഉണ്ടെന്ന് പറഞ്ഞതും; ഒരു നന്ദകുമാർകുറുപ്പിനെ വിളിച്ച്, ഫോൺ എനിക്ക് തന്നു.
അലനെല്ലൂരിലെ നന്ദകുമാർകുറുപ്പ് ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാടാണ്.

“വരൂ…
താമസവും ഭക്ഷണവും ഒരുക്കാം.
പതിമൂന്നിനുതന്നെ പോരൂ…”
എന്നാണ് സ്നേഹക്ഷണം.

ഞാനും ആസാദും മാരുതി എണ്ണൂറിൽ പതിമൂന്നാന്തി പാതിയായപ്പോൾ ഇറങ്ങി.

‘പോരൂർ’എന്ന സ്ഥലത്താണ് ഈ അമ്പലം.

അറിയാൻ കഴിഞ്ഞ ക്ഷേത്ര ഐതിഹ്യം ഇപ്രകാരമാണ്.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മ ഒരു ഭക്തൻ്റെ കൂടെ കുടപ്പുറത്ത് പോരൂർക്ക് പോന്നു.
അമ്പലത്തിലെ ആൽച്ചുവട്ടിൽ ഒരു കുട ഇരിക്കുന്നതുകണ്ട പൂജാരി , ശാസ്താവിൻ്റെ പ്രതിഷ്ഠയുള്ളിടത്തേയ്ക്ക് കുട എടുത്തുവെച്ചു.
പിറ്റേന്ന് കാലത്ത് നോക്കുമ്പോൾ, കുട അകത്തും ശാസ്താവ് പുറത്തും ഇരിക്കുകയാണ്.

പൂജാരി കാലത്ത് വന്ന്, ശാസ്താവിനെ അകത്തേയ്ക്കെടുത്തുവെച്ച്, എല്ലാം പഴയപോലാക്കി.
എന്നാൽ, കുട അകത്തുള്ളതിനാൽ, പിറ്റേന്ന് കാലത്ത് നോക്കുമ്പോൾ വീണ്ടും ശാസ്താവ് പുറത്തുതന്നെ !

ഈ സ്ഥാനംമാറൽ ദേവതകൾ തുടർന്നപ്പോൾ
തിരുമാന്ധാംകുന്നിലമ്മ അകത്ത് സ്ഥിരംസ്ഥാനത്തായി.
ശാസ്താവ്, അങ്ങോട്ട് പുറത്തേയ്ക്കുമിരുന്നു.
അങ്ങനെ, ‘ശാസ്താവങ്ങോട്ടുപുറം’ എന്ന പേരുമായി.
പറഞ്ഞുപറഞ്ഞ്, ‘ചാത്തങ്ങോട്ടുപുറം’ എന്നായി സ്ഥലപ്പേര്.

ഉപദേവതയും കാവൽക്കാരനുമായി വീരഭദ്രസ്വാമിയാണ്.
കൊല്ലൂർ മൂകാംബികാക്ഷേത്രംപോലെ, വീരഭദ്രൻ്റെ പ്രതിഷ്ഠയുള്ള ഏതാനും അമ്പലങ്ങളിലൊന്നാണ് ഇത്.

ക്ഷേത്രമോ കാവോ ആയിട്ടല്ല പ്രതിഷ്ഠാരീതികൾ.
‘വെച്ചാരാധന’ എന്ന സമ്പ്രദായം അതേപടി തുടർന്നുപോരികയാണിവിടെ.

വിപ്ലവവും ആര്യനൈസേഷനും ഇടതുചിന്തകളിലെ അഭിരാമവും ചേർത്ത്,
‘ചാത്തൻ’ എന്ന ; താണജാതിദൈവത്തെ പുറത്താക്കി, സംസ്കൃതവത്ക്കരിച്ച്, ചാത്തങ്ങോട്ടുപുറത്തെ ശാസ്താവങ്ങോട്ടുപുറമാക്കി സവർണ്ണമേധാവികൾ പിടിച്ചടക്കിയതാണ് ഈ ഇടം എന്ന് വാദിക്കുന്നവർ ഉണ്ട്.

അതൊന്നും എൻ്റെ വിഷയമല്ല.
എൻ്റെ കഥയും കൗതുകവും ഇതിലെ രാഷ്ട്രീയത്തിലല്ലാ.
ഞാൻ നേരിൽ കണ്ട കാഴ്ചയിലെ അത്ഭുതവും; അതിൽ ഒളിപ്പിച്ച ദൈവീകതയുമാണ് എനിക്ക് പറയാനുള്ളത്.

അമ്പലത്തിൽനിന്നും ഒന്നരക്കിലോമീറ്ററോളം അപ്പുറത്തുള്ള ഒരിടത്തുനിന്നാണ് കുടയെഴുന്നെള്ളിപ്പ് തുടങ്ങുന്നത്.
അതായത്, പുതുതായി ഉണ്ടാക്കിയ പട്ടക്കുടയെ, ‘പാണർ’ എന്ന്, സർക്കാർ രേഖകളിൽ എഴുതപ്പെട്ട വിഭാഗം,
പൂജകൾക്കുശേഷം അമ്പലത്തിലേയ്ക്ക് കൊണ്ടുവരുന്ന ചടങ്ങാണ് ഈ കുടയെഴുന്നള്ളിപ്പ്.

ഞങ്ങൾ പത്തുമണിമുതൽ കാത്തുനിൽപ്പാണ്.

പതിയെ ചടങ്ങുകൾ തുടങ്ങി.

പ്രായമായ ഒരമ്മ വെളിച്ചപ്പെടുന്നു.
നാലാൾ പൊക്കമുള്ള കുടവടിയിൽ, കുടയുടെ മുകൾഭാഗം, അതായത് കുടവിരിവ്,
പാണവിഭാഗത്തിൻ്റെ കുടിവെപ്പുപുരയുടെ മുന്നിൽവെച്ച് പിടിപ്പിച്ചു.
കുരുത്തോലയും മാലയും ചാർത്തിയ കുട ഉയർത്തിപ്പിടിച്ചു.

ഈ സമുദായത്തിലെ ഒരു കാരണവർ കുടയിൽ പിടിച്ചു.
ബലമായല്ലാ ; ചെറുതായൊന്ന് തൊട്ടപോലെ പിടിച്ചിട്ടേ ഉള്ളൂ.
അൽപ്പനേരം ഇദ്ദേഹം കണ്ണടച്ച് പ്രാർത്ഥിച്ചു.

പെട്ടെന്ന്, കുട, നിന്ന് വിറയ്ക്കാൻ തുടങ്ങി!
ബാധ കയറിയപോലെ കുട തുള്ളിത്തുടങ്ങി!
കുടപിടിച്ച കാർന്നവരും ഉറയുന്നു.

എല്ലാ കൊല്ലവും, ഇത് കാണാൻ കാത്തുനിൽക്കുന്ന ഭക്തർ പ്രത്യേക ഈണത്തിൽ ആർപ്പുവിളിക്കും. ഈ ആർപ്പുവിളി ഉയർന്നപ്പോൾ, കുട, വെച്ചിടത്തുനിന്നും തുള്ളിത്തുടങ്ങി!
ഒരൽപ്പസമയം ആ ചെറുമുറ്റത്ത് തുള്ളി വിറച്ചുനിന്ന കുട, ചാടിച്ചാടി അമ്പലത്തിലേയ്ക്കുള്ള യാത്രയാരംഭിച്ചു!

കുടയ്ക്കൊപ്പം ഓടിയെത്താൻ,
ആൺ ,പെൺ, കുട്ടി, കുഞ്ഞ്, പ്രായഭേദമില്ലാതെ ഏവരും ഓടി.

കുട, അത് പിടിച്ച ആളെ തീരെ കണക്കാക്കാതെ, വിറച്ചുതുള്ളി പായുകയാണ്!

ചിലയിടത്ത് പെട്ടെന്ന് നിൽക്കും.
നിന്നനിൽപ്പിൽ ഒന്നോ രണ്ടോ പ്രദക്ഷിണം ചെയ്യും!
വീണ്ടും , ഉറഞ്ഞുതുള്ളി പായും!

ഈ അത്ഭുതം ഒട്ടും നഷ്ടമാകാതിരിക്കാൻ, ഞാൻ പുറകേയും ആസാദ് മുമ്പിലുമായി ഓടി.
പൂരപ്പറമ്പും മനോഹരമായ കവുങ്ങിൻതോട്ടവും കടന്ന്, കുട അമ്പലത്തിലേയ്ക്ക് വിറച്ച് തുള്ളിപ്പാഞ്ഞു !

അമ്പലത്തിനുമുന്നിലെ ആലിൻചുവട്ടിൽ കുട നിന്നു.
കുടയുടെ വിറ നിന്നു !
കുടപിടിച്ച ആൾ ബോധരഹിതനായി വീണു.
പിന്നെ, സാധാരണബോധത്തിലേയ്ക്കുണർന്നു !

ഇവിടന്ന് കുട അമ്പലത്തിലേയ്ക്ക് മറ്റൊരാൾ (നമ്പീശൻ) ഏറ്റെടുക്കുകയാണ്.
കോമരങ്ങളായ
കരിയ്ക്കാട് ഹരീശനും
നന്ദകുമാർകുറുപ്പും പട്ടാമ്പി മണിക്കണ്ഠനും ചടങ്ങുകളിൽ കൂടെ ഉണ്ട്.

ഈ കുടയാണ് ഇനി ഒരു വർഷം അമ്പലത്തിനകത്തുണ്ടാകുക.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അമ്പലം ചുറ്റി വിറച്ചുനടന്ന പഴയ കുടയ്ക്കുപകരം ഇനി, ഈ പുത്തൻ കുട.

നമ്പീശനാണ് കുട അമ്പലത്തിനകത്ത് പിടിക്കുന്നത്.
രീതികളെല്ലാം പഴയപോലെ.

വെടിക്കെട്ടില്ലാത്ത ഉത്സവത്തിന് ഒരു നാട് മുഴുവൻ ഒഴുകിവന്നിരിക്കുന്നു!
എല്ലാവരുടെ മുഖത്തും ; കുടപ്പുറത്ത് എഴുന്നള്ളുന്ന അമ്മയോടുള്ള ഇഷ്ടം മാത്രം.

ഞാൻ നന്ദകുമാർകുറുപ്പിനോട് ചോദിച്ചുമനസ്സിലാക്കി.

എല്ലാ വർഷവും വൃശ്ചികം ഒന്നാന്തി മുതൽ മകരച്ചൊവ്വ വരെയുള്ള; ‘മണ്ഡലം ചുറ്റുവിളക്ക് ‘ എന്നറിയപ്പെടുന്ന ഈ സമയത്ത്, കുട ഉറയൽ ഉണ്ട്.

പിന്നെ കുട ഉറയുന്നത്, മേടത്തിലെ മുപ്പെട്ട് ചൊവ്വാഴ്ച തൊട്ട് (ആ മാസത്തെ ആദ്യത്തെ ചൊവ്വാഴ്ച) പോക്കുചൊവ്വാഴ്ച വരെ (ആ മാസത്തെ അവസാന ചൊവ്വാഴ്ച) നടക്കുന്ന താലപ്പൊലി സമയത്താണ്.
ഈ സമയത്ത് കളംപാട്ടുമുണ്ട്.
ആർക്കും ചെല്ലാം,
കാണാം,
നേരിൽ ബോദ്ധ്യപ്പെടാം.

പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഊർജ്ജത്തിലെ ഒരു ചെറിയ ഭാഗമായ എൻ്റെ ഉള്ളിലെ പ്രാണൻ്റെ ഒരു തരി പുറത്തെടുത്ത് ഊതിത്തിളക്കം വരുത്തിയാണ് ഞാൻ എൻ്റെ ദേവതയെ സൃഷ്ടിക്കുന്നത്.
എൻ്റെ ഭക്ഷണരീതികളും ചിന്തകളും ചിട്ടകളുമെല്ലാം സ്വാഭാവികമായും ഞാൻ സൃഷ്ടിച്ച ആ ദേവതയ്ക്കും കാണും.
ഈ ദേവതയെ, മറ്റൊരു രീതിയിൽ ജീവിക്കുന്ന വേറൊരു വിഭാഗക്കാർക്ക് കൈമാറുമ്പോൾ; അവർ, ഞാൻ ഊതിത്തിളക്കം വരുത്തിയ ആ തെളിച്ചത്തെ എടുത്ത്, അവരുടെ ദേവതയാക്കുന്നു എന്നാണ് എൻ്റെ പക്ഷം.
ഇതിൽ, ജാതിയോ തൊട്ടുകൂടായ്മയോ അവഹേളനമോ അവഗണനയോ ഒന്നും ഉണ്ടായിരുന്നിരിക്കില്ല.
ഒരു കൂട്ടരെ അവഗണിക്കലാണ് ലക്ഷ്യമെങ്കിൽ; കുട ഉണ്ടാക്കുന്ന ഈ പ്രത്യേകവിഭാഗക്കാരെ
ചടങ്ങിൽനിന്നും പൂർണ്ണമായും ഒഴിവാക്കാമായിരുന്നല്ലോ.
അപ്പോൾ, ഒഴിവാക്കലോ പുറത്തുനിർത്തലോ ഒരു ലക്ഷ്യമേ അല്ല എന്നർത്ഥം.

ദേവത ഇരുന്ന കുട,
ദേവത ഇരുന്നതോടുകൂടി പീഠമായി മാറുന്നു.
ആ പീഠമൊരുക്കിയ വിഭാഗക്കാർ വരാതെയും തൊടാതെയും പ്രാർത്ഥിക്കാതെയും ‘ഞാൻ സാന്നിദ്ധ്യമാകില്ല’ എന്നു തീരുമാനിച്ച ദേവതയ്ക്കെന്തായാലും ഉച്ചനീചത്വങ്ങളില്ല.
അതുണ്ടെന്ന് സ്ഥാപിക്കേണ്ടതും വിദ്വേഷം പരത്തേണ്ടതും വെറുപ്പിൻ്റെ വിത്തിട്ട് വോട്ടാക്കി മാറ്റേണ്ടതും ആർക്കാണോ വേണ്ടത്; അവരത് എങ്ങും എന്നും ചെയ്യുന്നുമുണ്ട്.

ഞാൻ, ഭാരതമെന്ന ഈ മഹാരാജ്യത്തിലെ വൈവിദ്ധ്യമാർന്ന ആചാര, ആഘോഷ രീതികളിൽ പൂണ്ടുണർന്ന് ആനന്ദിച്ചുനിന്നു.
അമ്മയോടും നന്ദകുമാർകുറുപ്പിനോടും യാത്രപറഞ്ഞ് പോരുമ്പോൾ ഓർത്തു…
ഇതൊക്കെത്തന്നെയാണ് ഈ രാജ്യത്തിലെ മുന്തിയ ഭംഗികൾ.

About The Author

Leave a Reply

Your email address will not be published. Required fields are marked *