ഹൃദയസ്പന്ദനം – (സിസ്റ്റർ ഉഷാ ജോർജ്)

Facebook
Twitter
WhatsApp
Email

 

കഥ :  ഹൃദയസ്പന്ദനം
സിസ്റ്റർ ഉഷാ ജോർജ്

വളരെ മനോഹരമായ സായംസന്ധ്യയിൽ സൂര്യൻ  തന്റെ വിടപറയലിന്റെ പ്രൗഢിയിൽ ലയിച്ചു നിൽക്കുമ്പോൾ അറിയാതെ എന്റെ മനസ്സ് ഈശ്വരന്റെ സാമീപ്യത്തിനായി കൊതിച്ചു.

ആരും മോഹിച്ചു പോകുന്ന ആ വൈകുന്നേരം മേഘങ്ങൾ ചെങ്കതിർ തൂകി നിന്നപ്പോൾ എന്റെ ഹൃദയവും മനസ്സും സ്നേഹത്താൽ ജ്വലിച്ചു.

എന്റെ അന്തരംഗം അറിഞ്ഞിട്ടാവണം  ഭൂമിയുടെ മറുവശത്തു പ്രകൃതിയിലെ വർണ്ണപുളകിതമായ നെൽകതിർ വെട്ടിത്തെളിച്ച പാടത്തു  തങ്കമയത്തോടെ ഈശ്വരൻ പ്രപഞ്ചത്തിൽ മുഴുകി നിൽക്കുകയായിരുന്നു!.

വർണ്ണനാതീതമായ ആ സമയത്തു ഞാനും ഈശ്വരനും ഒന്നാകുന്ന നിമിഷത്തേ ഓർത്ത് ഞാൻ ആനന്ദനൃത്തം ചെയ്തു.

പ്രകൃതിയുടെ മടിത്തട്ടിൽ ഞാൻ ഒരു കൊച്ചു കൗമാരക്കാരിയെ പോലെ ഓടി നടക്കണം എന്ന മോഹത്തോടെ  ജഗദീശ്വരനെ മനസ്സിൽ ധ്യാനിച്ചു.

അതാ ദൈവം എന്റെ അടുത്തെത്തി. അത് കണ്ടിട്ട് പ്രകൃതിയ്ക്കു അല്പം കുശുമ്പു വന്നോ എന്ന് തോന്നിക്കുംവിധം അവളെ ആലിംഗനം ചെയ്യാനായി, അവളോടൊപ്പം ഒന്നിച്ചു നൃത്തം ചവിട്ടാനായി മാടിവിളിച്ചു.

എന്നാൽ ഈശ്വരനും അല്പം സ്വാർത്ഥനായിപ്പോയോ എന്നൊരു തോന്നൽ അവൻ എന്നോട് പറഞ്ഞു  വരൂ എന്നോടുകുടെ ഈ പച്ച വിരിഞ്ഞു നിൽക്കുന്ന ഈ വനത്തിലൂടെ നമുക്ക് ഒരുമിച്ചു നടക്കാം.

ദൈവത്തിന്റെ വിളിയിൽ എന്റെ ഹൃദയം വളരെധികം ത്രെസിച്ചു. ആ നിമിഷം പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ എന്റെ ഹൃദയസ്പന്ദനങ്ങൾ തിരിച്ചറിയാൻ ഞാനൊന്നു ശ്രമിച്ചു .

കൂടെ നടന്നു നീങ്ങുമ്പോൾ ഈശ്വരൻ എനിക്ക് കാണിച്ചു തന്നത് അവനെ പ്രണയിക്കാൻ അല്ല മറിച്ചു പ്രകൃതിയെ സ്നേഹിക്കാ നാണ് . ദൈവത്തിന്റെ ഹൃദയം  എനിക്കായി തുറക്കാതെ തന്നെ അവനെ സ്നേഹിക്കാം എന്നു കൂടി പഠിപ്പിച്ചു തരുകയായിരുന്നു.

അവന്റെ കൂടെ നടക്കുമ്പോൾ മനസ്സിലായി ഇത്രയുംകാലം  ഞാൻ പ്രകൃതി എന്താണെന്നു കണ്ടിട്ടില്ല,മനസ്സിലാക്കിട്ടില്ല. ആ ഗ്രാമഭംഗിയുടെ മടിത്തട്ടിൽ ഞാനും അവനുമുണ്ട്, സന്തോഷമുണ്ട്, ദുഃഖമുണ്ട് , പ്രണയമുണ്ട്‌, വശ്യമായ ലഹരിയുണ്ട് ഇതെല്ലാം ചേർന്നതാണ് പ്രകൃതിയും അതിലെ ഗ്രാമവും.

ഭൂമിയുടെ സൗന്ദര്യം ഓർമ്മവെച്ചനാൾ മുതൽ കണ്ടുതുടങ്ങി. ഇന്ന് എന്റെ ഈശ്വരനുമോന്നിച്ചു നടന്ന് നിങ്ങവേ പ്രകൃതിയുടെ മനോഹാരിത പതിവിലും പതിൻമടങ്ങ്  വർദ്ധിച്ചു വരുന്നതായിട്ടാണ് അനുഭവപെട്ടത്.

സുഗന്ധത്തിന്റെ വശ്യലഹരിയിൽ തിളങ്ങി നിൽക്കുന്ന മരങ്ങളെ തലോടി നടന്ന് നിങ്ങവേ യൗവ്വന സുന്ദരിയായി വീശിടുന്ന കുളിർകാറ്റ്, തേൻ തുളുമ്പി നിൽക്കുന്ന പൂക്കൾക്കു ചുറ്റും മൂളിപ്പറക്കുന്ന വണ്ടുകൾ,  ചിത്രശലഭങ്ങൾ, തുമ്പികൾ, ഇളം തെന്നലിന്റെ തലോടലിൽ നൃത്തംചെയ്യുന്ന വള്ളിച്ചെടികൾ,തളിരണിഞ്ഞ ഇളം ചില്ലകളിൽ പറന്നുല്ലസിക്കുന്ന കുഞ്ഞു കുരുവികൾ. ഇവയൊക്കെയാണ് മനസ്സിനും  ശരീരത്തിനും കുളിർമ്മയും പരമാനന്ദവും നൽകിയത്.

ഈ ആനന്ദത്തിൽ ഞാൻ ലയിക്കവേ ഈശ്വരൻ മനോഹരമായി വെട്ടിതിളങ്ങുന്ന പ്രകൃതിയുടെ നടുവിൽ ഹൃദയം നിറയേ സ്നേഹവും, വിവരിക്കാൻ പറ്റാത്ത സന്തോഷവും  ആ വികാരഭരിതമയ പുഞ്ചിരിയിൽ   അവൻ  ഒരു മനോഹര ഗ്രാമമായി മാറി. അവന്റെ വസ്ത്രം പോലെ കുന്നുകളും കൊച്ചു പർവ്വതനിരകളും ആകാശ മേഘങ്ങളും നീലിമയിൽ അമർന്നു. സൂര്യന്റെ പൊൻകിരങ്ങൾ ഈശ്വരന്റെ ചേലയിൽ തട്ടിയ പ്രഭകൊണ്ടാണോ അതോ ഈശ്വരന്റെ തന്നെ ചൈതന്യം കൊണ്ടാണോ  ആകാശവും മലകളും നീലമയമായി മാറി അല്ല അവൻ വിരിയിപ്പിച്ചതെന്നു തോന്നിപോയി.

ആ നിമിഷത്തെ ദൈവത്തെ കണ്ടപ്പോൾ എന്റെ മനസൊന്നു പതറിപ്പോയി.

എന്റെ വികാരമായ ആകർഷകത്വം മനസ്സിലാക്കിട്ടാവും അവൻ അവന്റെ കണ്ണുകൾക്കും നീലചായം നൽകി ഒളിപ്പിച്ചു.

നീലയും, മഞ്ഞയും, പച്ചയും, വെള്ളയും നിറത്തിൽ ഞാൻ അനുരക്തയായി.

ഈശ്വരൻ എന്നോട് ചോദിച്ചു: എന്തേ പ്രകൃതി ഇത്രമാത്രം ആനന്ദം നൽകുന്നുവോ!?

ഞാൻ മറുപടി പറയാതെ എന്നിൽ തന്നെ മുഴുകി പറഞ്ഞു: ‘ദൈവമേ അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു’.

അങ്ങ് പ്രകാശമാണ് . എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പ്രകാശസ്രോതസ്സും അനന്ദ സ്രോതസ്സുമാണ്. അവന്റെ സ്നേഹത്തിലേക്ക് എന്നെ എത്തിക്കാനായി സ്വർണ്ണനിറം പുതച്ച പാടത്തിൻ നീലിമയിൽ തിളങ്ങി നിൽക്കുന്ന ഈശ്വരന്റെ അതേ വസ്ത്രാഞ്ചലത്തിന്റെ നിറം പകർത്തിയത്‌  എന്നെ അതിശയിപ്പിച്ചു.

ഭൂമി ദൈവം തന്ന പൊതു ഭവനമാണ്. ഈ നിമിഷം അവനോടു ഒത്തുള്ള സഞ്ചാരത്തിൽ അവൻ എനിക്ക് സ്വന്തമാണ്. എനിക്ക് മാത്രമായിട്ടാണ് ചാരുത നിറഞ്ഞ നിറത്തോടും വശ്യസുന്ദരമായ പുഞ്ചിരിയോടു കൂടി നിൽക്കുന്നത് എന്ന് തോന്നിപ്പോകും!. അല്ല അങ്ങനെ ആണ്. ദൈവത്തിനും അല്പം കള്ളത്തരമില്ലേ  എന്ന് തോന്നിപ്പോകുമാറ്  അവൻ കൈകൾ വിരിച്ചപ്പോൾ ഓടി അടുത്തെത്താൻ മോഹമായി.

എനിക്കു മാത്രം കാണാൻ പറ്റുന്ന ഈശ്വരനെ ആലിംഗനം ചെയ്താൽ തെറ്റാവുമോ!  ആ ഗ്രാമീണ ഭംഗിയിൽ ഒളിഞ്ഞിരിക്കുന്ന ദുഷ്ടാത്മാക്കൾ എന്നെ ഭ്രാന്തിയായി ചിത്രീകരിച്ചാലോ എന്ന ഭയം കൊണ്ട് ഞാനൊന്നു മടിച്ചു.

എന്റെ മാനസികചിന്തകൾ മനസ്സിലാക്കിയാവണം ദൈവം എന്നെ അടുത്തു വിളിച്ചു ചോദിച്ചു. സന്തോഷമായോ പ്രകൃതി കണ്ടപ്പോൾ!?

എന്തേ ഒന്നും മിണ്ടാത്തെ?

ഞാൻ പറഞ്ഞു: പ്രകൃതിയും നീയും എനിക്ക് വേർതിരിച്ചെടുക്കാനാവാത്ത വിധം ആനന്ദം നൽകുന്നു.

ഈശ്വരൻ കള്ള പുഞ്ചിരിയോടു കൂടി ചോദിച്ചു : പ്രണയമാണോ ഈശ്വര സാമീപ്യമാണോ സുന്ദരം!?

രണ്ടും ഒന്നുതന്നെയാണ് പ്രഭോ!!!
ഈശ്വര സാമീപ്യം ഒരു ഭക്തയ്ക്ക് പ്രണയ തുല്യമാണ്.
ദൈവം ചോദിച്ചു പേടി ഉണ്ടോ എന്നെ പ്രണയിക്കുന്നതിന്!?
ഞാൻ പറഞ്ഞു: ധൈര്യത്തോടെകൂടെയും വേവലാതികൾ കൂടാതെയും സ്നേഹിക്കാൻ,  പ്രണയിക്കാൻ പറ്റിയത് അങ്ങ് മാത്രമാണ് പ്രഭോ!.

ഇവിടെ ആരും കെട്ടുകഥകൾ മെനയില്ല, അല്ല പറഞ്ഞാലും ഭ്രാന്തായി മാത്രം ചിത്രീകരിക്കും. അതിലിൽ എനിക്ക് ഒരു വിഷമവുമില്ല , ആനന്ദം മാത്രം.

ഈശ്വരൻ പറഞ്ഞു: എനിക്ക് പ്രണയം ഒത്തിരി ഒത്തിരി ഇഷ്ടമാണ്. എന്റെ ഭക്തരുടെ പ്രണയം ഇന്ന് എനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ആരാധനാലയങ്ങളിൽ തിക്കുംതിരക്കും ഉണ്ടെങ്കിലും എല്ലാവരുടെയും ഹൃദയങ്ങൾ ശൂന്യമാണ്.

പ്രഭോ എനിക്കൊരു സങ്കടം ബോധിപ്പിക്കാൻ ഉണ്ട്!
എന്താണ് കുട്ടി പറയുക
എന്തിനാണ് മനുഷ്യർ ഈശ്വരനെ പ്രേമിക്കുന്നു എന്നു പറയുമ്പോൾ, ഒരു ഭക്ത പ്രണയം എന്ന പദം ഉപയോഗിക്കുമ്പോൾ തന്നെ വിമർശിക്കപെടുന്നത്!?

ഈശ്വരന് എന്റെ ചോദ്യം കേട്ട് ചിരിച്ചിട്ട് പറഞ്ഞു,  വരൂ, എന്റെ അരികിൽ വന്നിരിക്കു!.

ഞാൻ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ദൈവത്തെ നോക്കി.

അദ്ദേഹം പ്രസന്നവദനനായി പറഞ്ഞു: പ്രണയം ഒരു തെറ്റല്ല. എല്ലാ വികാരങ്ങളെയും പോലെ ഒരു വികാരം മാത്രം. അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്റെ ഭക്തർക്ക്, ഹൃദയവും മനസ്സും കൊണ്ട് എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഞാൻ സ്നേഹം തിരിച്ചു നല്കും.
പ്രണയം എന്ന പദത്തെ നിർവചിക്കാത്തവരായിട്ടു ആരുമില്ല. ഹൃദയ ത്തിൽ സ്നേഹം, കരുണ, അദ്രത ഒക്കെ ഉള്ളവർക്കേ പ്രണയിക്കാനും കഴിയൂ. ഇരുണ്ട മനസ്സുള്ളവർക്ക് അത് സാധ്യമല്ല.

കുട്ടി പ്രണയത്തെ ഭ്രമവുമായി കുട്ടി കുഴക്കരുത്. പ്രണയം എപ്പോഴും നിഷ്കളങ്കമാണ്, കാണുന്നതിനോടെല്ലാം അനുകമ്പയുണ്ടാക്കുന്നതാണ്. പ്രണയം എല്ലോഴും സകലതിനെയും തോൽപ്പിക്കാൻ തക്ക ശക്തിയും ജ്വാലയുമുള്ളതാണ്   സകലതും പ്രണയമാണ്. സകലതും പ്രണയം ആഗ്രഹിക്കുന്നു.
പ്രണയം മനുഷ്യവത്കരിക്കുമ്പോഴാണ് പ്രണയത്തിന് പരിമിതികൾ ഉള്ളത്. കാരണം ഇന്ന് പ്രണയം എന്ന് പറഞ്ഞാൽ നാം അതിന് പല അർത്ഥങ്ങളും കൊടുക്കുന്നു.
ആത്മീയ പ്രണയം ദൈവത്തോട് മാത്രമല്ല പ്രപഞ്ചത്തോടും സകല ചരാചരങ്ങളോടും തോന്നുന്നതാണ്.
വിമർശനത്തെ ഭയപ്പെടേണ്ട. കുട്ടിക്ക് എന്താണ് ശരി അതിനെ പിന്തുടരുക.
ജീവിതത്തെ പോസിറ്റീവായി കാണാൻ ശ്രെമിക്കണം.
ഞാൻ ദൈവത്തിന്റെ വാക്കുകൾ കേട്ട് ഒന്നുകൂടി കൊച്ചുകുട്ടിയായി മാറി.

സോളോ അമോറിസ് എന്ന കഥാസമാഹാരത്തിൽനിന്ന്

About The Author

Leave a Reply

Your email address will not be published. Required fields are marked *