പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങള്‍
(പ്രശസ്ത പ്രവാസി സാഹിത്യകാരനും, ലോക റെക്കോര്‍ഡ് ജേതാവ് (യൂ.ആര്‍.എഫ്) ശ്രീ.കാരൂര്‍ സോമനുമായി എഴുത്തുകാരന്‍ അഡ്വ.പാവുമ്പ സഹദേവന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്).
1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്കൂള്‍ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്?
* എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കര്‍ സാര്‍ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചത്. ഞാന്‍ പൊട്ട കവിതകള്‍ എഴുതി അദ്ദേഹത്തെ കാണിക്കുമാ യിരിന്നു. അദ്ദേഹം വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും.അതില്‍ വരുമ്പോള്‍ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വൃത്തം, അലങ്കാരമൊക്കെ പഠിപ്പിച്ചത്. പിന്നീട് റേഡിയോ നാടകങ്ങള്‍ എഴുതി.നാല് റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം എന്‍റെ ആത്മ കഥ ‘കഥാകാരന്‍റെ കനല്‍ വഴികള്‍’ (പ്രഭാത് ബുക്ക്, പേജ് 35) എന്‍റെ വഴികാട്ടിയായ ഗുരുനാഥനെ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയുടെ കേരള യുവസാഹിത്യ സംഖ്യം കെ.പി.കേശവമേനോന്‍, തിരുനല്ലൂര്‍ കരുണാകരന്‍, ഡോ.കെ.എം.ജോര്‍ജ്ജ്, കാക്കനാടന്‍ അങ്ങനെ പല പ്രമുഖരുണ്ട്. അതില്‍ രണ്ടുപേരാണ് ശ്രീ.തകഴി ശിവശങ്കരപ്പിള്ള, ശ്രീ.തോപ്പില്‍ ഭാസി.1990-ല്‍ എന്‍റെ ആദ്യ നോവല്‍ ‘കണ്ണീര്‍പ്പൂക്കള്‍’ അവതാരിക എഴുതിയത് തകഴിയാണ് (എസ്.പി.സി. എസ് / എന്‍.ബി.എസ്) 1996-ല്‍ ഗള്‍ഫില്‍ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്കൂള്‍’ അവതാരിക എഴുതിയത് തോപ്പില്‍ ഭാസിയാണ് (അസെന്‍ഡ് ബുക്ക്സ്).
2. സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തില്‍ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്?
* സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുര്‍ഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങ ളില്‍ നിന്നാണ് നല്ല രചനകള്‍ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്. വെല്ലുവി ളികള്‍ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകള്‍. അവര്‍ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകള്‍ ജീവിതത്തെ ആഴത്തില്‍ കണ്ടെത്തി സൗന്ദര്യം കണ്ടെത്തുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്‍ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയില്‍ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു. കേരളത്തില്‍ പൊന്‍കുന്നം വര്‍ക്കിയടക്കം പലരും ഗൗരവക്കാരയിരുന്നു.
3. പന്ത്രണ്ട് രംഗങ്ങളില്‍ താങ്കളുടെ 68 പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് നോവല്‍, കഥ ഒഴിച്ചുനിര്‍ത്തി യാല്‍ 1985-മുതലുള്ള ഈ പുസ്തകങ്ങള്‍ ‘ക’ എന്ന അക്ഷരമാലയില്‍ തുടങ്ങാനുള്ള കാരണമെന്താണ്?
* ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിലാരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985-ല്‍ ‘കടല്‍ക്കര’ (വിദ്യാര്‍ത്ഥിമിത്രം, അവതാരിക ശ്രീ.ശ്രീമൂലനഗരം വിജയന്‍) തുടങ്ങി 2023-ല്‍ ഇറങ്ങിയ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍'(സ്പെയിന്‍ യാത്രാവിവരണം-പ്രഭാത് ബുക്ക്/കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍) അവതാരിക ശ്രീ.സി.രാധാകൃഷ്ണന്‍). 2024-ല്‍ ഇറങ്ങിയ ‘കാര്‍പ്പത്തിയന്‍ പര്‍വ്വതനിരകള്‍'(റൊമാനിയ) അടക്കം ‘ക’ എന്ന ആദ്യാക്ഷരത്തിലാണ് തുടക്കം. എന്‍റെ വീട്ടു പേരിന്‍റെ ആദ്യ അക്ഷരമാണ് ‘ക’. ആദ്യം നന്ദി രേഖപ്പെടുത്തേണ്ടത് കുടുംബത്തിനാണ്.
4. ഇന്ന് സാഹിത്യത്തിന്‍റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാ ണല്ലോ? എങ്ങനെ കാണുന്നു?
* ജീവിത യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികള്‍. സാമൂഹ്യ രംഗത്ത് ഭീകരതകള്‍ നടമാടുമ്പോള്‍ എഴുത്തുകാര്‍ വിറങ്ങലിച്ചും ഭയന്നും നില്‍ക്കുന്നത് കാണാറുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. അധികാരികള്‍ നല്‍കുന്ന പദവി, പുരസ്ക്കാരത്തിലാണ് എല്ലാ വരുടെയും ശ്രദ്ധ. കവിതകളെടുത്താല്‍ പലരും വിളയാടുന്നത് സോഷ്യല്‍ മീഡിയയിലാണ്. അവരുടെ ഗുരു ക്കന്മാരും സോഷ്യല്‍ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കല്‍ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാന്‍ ചോദിച്ചു. ടീച്ചര്‍ ഇപ്പോള്‍ കവിതകള്‍ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം.’അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാന്‍ ഭയമാണ്’. ഇത് പത്രത്താളുകളിലും വന്നിരിന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്ത പലരും കവികളാണ്. കവിത യില്‍ മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്.
5. പ്രവാസ സാഹിത്യത്തില്‍ പലരും കാശ് കൊടുത്തു് എഴുതിക്കുന്നവരെന്ന് കേള്‍ക്കുന്നത് ശരി യാണോ?
* കൈരളി സാഹിത്യ ജാലകത്തില്‍ 2008-ലെ അഭിമുഖത്തില്‍ ഡോ.മിനി നായര്‍ ചോദിച്ച ചോദ്യമാ ണിത്. ആ ഉത്തരമാണ് ഇന്നും പറയാനുള്ളത് കാശുണ്ടെങ്കില്‍ എഴുത്തുകാരനുമാകാം. എന്ന് കരുതി എല്ലാ വരും അത്തരക്കാരല്ല. സര്‍ഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇന്‍ഫൊര്‍മേറ്റീവ്/വൈഞ്ജാനിക ഗ്രന്ഥങ്ങള്‍ പുറത്തിറക്കുന്നവരെ ഈ ഗണത്തില്‍പ്പെടുത്തരുത്.
6. താങ്കള്‍ 2005-ല്‍ യൂറോപ്പില്‍ നിന്ന് ആദ്യത്തെ മലയാളം മാസിക ‘പ്രവാസി മലയാളം’ കാക്കനാടന്‍ ചീഫ് എഡിറ്ററായി പ്രസിദ്ധികരിച്ചത് അറിയാം. ഇപ്പോള്‍ നടത്തുന്ന ലിമ വേള്‍ഡ് ലൈബ്രറി, കെ.പി. ആമ സോണ്‍ പബ്ലിക്കേഷന്‍ എങ്ങനെ പോകുന്നു?
* ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ യാണ്. മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുന്നു വിദേശത്തുള്ള സാഹിത്യ ഓണ്‍ലൈന്‍ ആണ്. ഇതിന്‍റെ ഉപ ദേശകര്‍ ശ്രീ.സി.രാധാകൃഷ്ണന്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സബ് എഡിറ്റര്‍ ഡോ.സുനിത ഗണേഷ് ആണ്. കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍ മന്ദഗതിയില്‍ പോകുന്നു. ലിമ വേള്‍ഡ് ലൈബ്രറിക്ക് ഒരു സാഹിത്യഗ്രു പ്പുണ്ട്. എഴുത്തുകാരായ മിനി സുരേഷ്, മോഹന്‍ദാസ് മുട്ടമ്പലം, ഗോപന്‍ അമ്പാട്ട്, ജോണ്‍സന്‍ ഇരിങ്ങോള്‍ അതിനെ നയിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാരില്‍ നിന്ന് നല്ല സഹകരണം ലഭിക്കുന്നു.
7. താങ്കളുടെ കഥ ‘അബു’ സിനിമയായല്ലോ. ഏതെങ്കിലും നോവല്‍, കഥ സിനിമയോ ടെലിഫിലിം ആകുമോ?
* നോവല്‍ ‘കന്യാസ്ത്രീകാര്‍മേല്‍’ ക്രൈം നോവല്‍ ‘കാര്യസ്ഥന്‍’ ചര്‍ച്ചകള്‍ നടക്കുന്നു. കഥകള്‍ പലതും ടെലിഫിലിം ആയിട്ടുണ്ട്.എന്‍റെ സാഹിത്യ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററിയും യൂട്യൂബിലുണ്ട്.
8. താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാര്‍ ഒരു പഠന ഗ്രന്ഥം ‘കാലത്തിന്‍റെ എഴുത്തുകള്‍’ പുറത്തുവന്നല്ലോ. എന്താണ് അതിനുള്ള പ്രതികരണം?
* പ്രവാസ സാഹിത്യത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു പഠന ഗ്രന്ഥം പുറത്തുവരുന്നത്. പല പ്രമുഖ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടത് സാഹിത്യ രംഗത്തുള്ളവര്‍ വായിച്ചിരി ക്കേണ്ട കൃതിയെന്നാണ്. ഇത് ലിമ വേള്‍ഡ് ലൈബ്രറി, അമേരിക്കയിലെ ഈ മലയാളി, യൂറോപ്പിലെ യുക്മ ന്യൂസ്, ഓസ്ട്രേലിയയിലെ മലയാളി പത്രമടക്കം പരമ്പരയായി കൊടുത്തിട്ടുണ്ട്.
9. ധാരാളം യാത്രാവിവരണങ്ങള്‍ ഓസ്ട്രിയ, കടലിനക്കരെയിക്കരെ (യൂറോപ്പ്), ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ഫിന്‍ലന്‍ഡ്, ആഫ്രിക്കയടക്കം മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാല് നോവലു കള്‍ ഇംഗ്ലീഷ് അടക്കമെഴുതി.കേരളത്തില്‍ മനോരമ ഓണ്‍ലൈന്‍, കവിമൊഴി മാസിക, വിദേശ ഓണ്‍ലൈനു കളിലൊക്കെ പരമ്പരയായി നോവല്‍ കണ്ടിട്ടുണ്ട്. നോവല്‍ എഴുത്തു് നിര്‍ത്തിയോ?
* നോവല്‍ പരമ്പരയായി ഇപ്പോഴും യുക്മ ന്യൂസ്, കേരള ലിങ്ക്, മലയാളി പത്രം, ലിമ വേള്‍ഡ് ലൈബ്രറി യില്‍ വരുന്നുണ്ട്. യാത്രാ വിവരണങ്ങള്‍ എഴുതാന്‍ കാരണം 2017-ല്‍ എന്‍റെ എഴുത്ത് ജീവിതത്തിലുണ്ടായ ഒരു ദുരനുഭവമാണ്. എന്‍റെ യാത്രാവിവരണം ‘കാളപ്പോരിന്‍റെ നാട്ടില്‍’ മാതൃഭൂമി 2015-ല്‍ ഇറക്കി. അതില്‍ ഒരു ബ്ലോഗറുടെ നാലര പേജ് ഇന്‍റര്‍നെറ്റ് ഉണ്ടെന്നുള്ള പരാതി വീഡിയോയായി ആ ഗ്രുപ്പില്‍പ്പെട്ട ബ്ലോഗറുടെ മിത്രം എനിക്ക് അയച്ചുതന്നു. ഫോണ്‍ നമ്പര്‍ തന്നിട്ട് എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിളിച്ചു സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി അയാള്‍ക്ക് ഒരു കോടി രൂപ വേണം. ഞാന്‍ അമ്പരപ്പോടെ നിന്ന നിമിഷ ങ്ങള്‍. നാലര പേജ് ഇന്‍റര്‍നെറ്റിന് ഒരു കോടിയോ?
10. ഫേസ് ബുക്കില്‍ വായിച്ചത് ഒരു കോടി ചോദിച്ചു. അന്‍പത് ലക്ഷത്തിന് കുറച്ചു എന്നൊക്കെ യാണ്. നാലര പേജ് ഇന്‍റര്‍നെറ്റിനാണോ ഒരു കോടി ചോദിച്ചത്? അതോ പുസ്തകത്തില്‍ നിന്നുള്ള കോപ്പിയടി യാണോ?
* ഒരു കോടി ചോദിച്ചത് സത്യമാണ്. ഡോ.എം.ആര്‍.തമ്പാനും ഇതെ ചോദ്യം ചോദിച്ചു. ഇങ്ങനെയാണ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി പുസ്തകമില്ലാത്ത ഒരാളുടെ എങ്ങനെയാണ് കോപ്പി ചെയ്യുക.ഒരാള്‍ ഇന്‍ഫോ ബുക്ക് എഴുതുന്നത് എങ്ങനെയാണ്? ഇന്‍റര്‍നെറ്റ്, വിക്കിപീഡിയ, ഗൂഗിള്‍, പത്രം, ബുക്ക് തുടങ്ങിയ പല ശ്രോതസ്സുകള്‍ വഴിയാണ്. ഇദ്ദേഹം ഒരു കോടിയില്‍ ഉറച്ചു നിന്നു. അതൊരു തട്ടിപ്പെന്ന് പിന്നീട് മനസ്സിലായി. പണം കൊടുക്കാതെ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍, പത്ര മീറ്റിംഗ്, വക്കീല്‍ നോട്ടീസ് അയച്ചു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ബുക്ക്സ് പിന്‍വലിപ്പിച്ചു. അതിനേക്കാള്‍ തമാശ യായി തോന്നിയത്. കൊച്ചി ദേശാഭിമാനി വഴി എഴുതിപ്പിച്ചത് എന്‍റെ 51 പുസ്തകങ്ങളില്‍ 32 എണ്ണം കോപ്പിയടി ച്ചത്. അന്നെനിക്ക് നാല്പത് പുസ്തകങ്ങള്‍പോലുമില്ല. നിയമപരമായി പോയാല്‍ ഒരെണ്ണം പോലും കോടതി യില്‍ ഹാജരാക്കാന്‍ പറ്റില്ല. ചില രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ദേശാഭിമാനിക്കെതിരെ മാനഹാനിക്ക് കേസ് കൊടുത്തില്ല. ഇതിന് ശേഷമാണ് യാത്രാവിവരണങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.
11. കേരളത്തില്‍ പുസ്തകത്തില്‍ നിന്നുള്ള ധാരാളം കോപ്പിയടി വാര്‍ത്തകള്‍ കാണാറുണ്ട്. സത്യത്തില്‍ അത് കുറ്റകരമല്ലേ?
* ഇന്ത്യന്‍ നിയമത്തില്‍ പുസ്തകത്തില്‍ നിന്നുള്ള കോപ്പിയടി കുറ്റമാണ്. സര്‍ഗ്ഗ പ്രതിഭകള്‍ക്ക് ചേര്‍ന്ന പണിയല്ല കോപ്പിയടി. ഇന്‍റര്‍നെറ്റിന് കോപ്പിറൈറ്റ് ഇല്ല. അഥവാ ഉണ്ടെങ്കില്‍ അതൊക്കെ വന്‍കിട കമ്പനികള്‍ ക്കാണ്. അതില്‍ എഴുതുന്നവര്‍ ശ്രദ്ധിക്കണം.എഴുതുന്നതെല്ലാം അതില്‍ തള്ളും. അതിന്‍റെ ആദ്യ പേജ് മാറ്റി ആര്‍ക്കും സ്വന്തമാക്കാം. ശ്രീ.എം.രാജീവ് കുമാര്‍ ‘പിള്ള മുതല്‍ ഉണ്ണിവരെ’ എന്ന ഗ്രന്ഥത്തില്‍ പ്രമുഖരായ പല സാഹിത്യകാരന്മാര്‍ പുസ്തകത്തില്‍ നിന്ന് കോപ്പി ചെയ്തത് എഴുതിയിട്ടുണ്ട്. വിശ്വ പ്രസിദ്ധ വില്യം ഷേക്സ്പിയര്‍പോലും ആ ഗണത്തിലുണ്ട്. എന്‍റെ ഇംഗ്ലണ്ട് യാത്രാവിവരണം ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍’ ഈ കാര്യം എഴുതിയിട്ടുണ്ട്. സാഹിത്യ രംഗത്ത് അസൂയമൂത്തവര്‍ ധാരാളമാണ്. ഇവിടെ ഇന്‍റര്‍നെ റ്റിന്‍റെ പേരിലാണ് വ്യക്തിഹത്യ നടന്നത്. ഈ വ്യക്തിക്കെതിരെ മാവേലിക്കര കോര്‍ട്ടില്‍ തട്ടിപ്പ്, വ്യക്തിഹത്യ തുടങ്ങി പല വകുപ്പുകള്‍ ചേര്‍ത്ത് കേസ് നടക്കുന്നു.
12. ഈ സംഭവം നടക്കുന്നത് 2017-ലാണ്. എന്തിനാണ് ഇങ്ങനെ ആളിക്കത്തിച്ചത്? ഇതിന്‍റെ പിന്നില്‍ വല്ല ഗൂഡാലോചനയുണ്ടോ? ആദ്യത്തെ വൈജ്ഞാനിക/ഇന്‍ഫൊര്‍മേറ്റീവ് ബുക്ക് ഇതാണോ?
* ഗൂഡാലോചന നടത്തിയത് ലണ്ടനില്‍ നിന്നുള്ള ഒരു അഭിനവ എഴുത്തിനുടമയും കുറെ പരദൂഷണ ക്കാരുമാണ്. എന്‍റെ ആദ്യത്തെ ഇന്‍ഫോ ബുക്ക് 2012-ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമിറക്കിയ ‘കളിക്കളം’ എന്ന ഒളിമ്പിക്സ് ചരിത്ര പുസ്തകമാണ്. അവരെന്‍റെ പല നോവല്‍, ലേഖനം, കവിത പുസ്തക ങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സ് മാധ്യമം പത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഈ വൈജ്ഞാനിക/ഇന്‍ഫൊര്‍മേറ്റീവ് പുസ്തകം എഴുതിയത്. ഗോസ്റ്റ് റൈ റ്റിംഗ് നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഇപ്പോഴും മാതൃഭൂമിയില്‍ ചന്ദ്രയാന്‍ പ്രഭാതില്‍ മംഗളയാനുമുണ്ട്.
13. ഇപ്പോള്‍ എഴുതുന്ന പുസ്തകം ഏതാണ്? പുറത്ത് വരാനിരിക്കുന്നത് ഏതൊക്കെ?
* ഇപ്പോള്‍ എഴുതുന്നത് മാസിഡോണിയയുടെ യാത്രാവിവരണം ‘കാലമുണര്‍ത്തിയ രാജസിംഹങ്ങള്‍’ അച്ചടിയിലുള്ളത് ‘ചിലന്തി വലകള്‍’ എന്ന കഥാസമാഹാരമാണ്.
14. താങ്കള്‍ 67 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത കാലത്തു് ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു?
* ഏഥന്‍സ്, റൊമാനിയ, സ്വിറ്റ്സര്‍ലന്‍ഡ്, മാസിഡോണിയ, ബള്‍ഗേറിയയാണ്.
15. ഇന്നത്തെ പ്രവാസ സാഹിത്യത്തിന്‍റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്?
* ചില അഭിനവ എഴുത്തുകാര്‍ വിലപിടിപ്പുള്ള സമ്മാനപ്പൊതികള്‍, രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി യാണ് പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. കേരളത്തില്‍ നിന്ന് കണ്ടുപഠിച്ചതാകാം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമടക്കമുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളില്‍ ഇതൊക്കെ സംഭവിക്കുന്നു. ഒരാളുടെ യോഗ്യ തയേക്കാള്‍ പദവി, പുരസ്ക്കാരങ്ങളില്‍ രാഷ്ട്രീയ നിറമാണ് പ്രധാനം. ഇതൊന്നും സാംസ്കാരിക പുരോഗ തിയല്ല. അധോഗതിയാണ്. വായന ശീലം വളര്‍ത്തുകയല്ല ഈ കൂട്ടരുടെ ലക്ഷ്യം. പട്ടിണി, ദാരിദ്ര്യം, ജാതിമതം, അഴിമതി വളര്‍ത്തി എങ്ങനെ വളരാമെന്നുള്ള ചിന്തയാണ്. പാശ്ചാത്യര്‍ വായനയിലാണ് വളരുന്നത്. ചുരുക്കം ചിലര്‍ പ്രവാസ സാഹിത്യത്തില്‍ ഇംഗ്ലീഷ്, മലയാളം എഴുതി പ്രകാശം പരത്തുന്നുണ്ട്. ആ പ്രകാശ രശ്മി പല പ്പോഴും മങ്ങിപ്പോകുന്നതിന്‍റെ കാരണം കേരളത്തില്‍ നിന്ന് വേണ്ടുന്ന പരിഗണനയില്ല. അഥവാ പരിഗണനാ പരിശോധനയുണ്ടെങ്കില്‍ കൊടിയുടെ നിറമല്ല നോക്കേണ്ടത് അവരുടെ സംഭാവനകളാണ്. എന്‍റെ ഇംഗ്ലീഷ് നോവല്‍ Malabar A Flame , The Dove And Devils ആമസോണ്‍ ബെസ്റ്റ് സെല്ലറില്‍ വന്നു. Malabar A Flame നോവലിനെപ്പറ്റി വേള്‍ഡ് ജേര്‍ണലില്‍ നല്ലൊരു പ്രതികരണമെഴുതി കണ്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം ‘കടലിനക്കരെ എംബസി സ്കൂള്‍’ ഞാനെഴുതി. സാഹിത്യ രംഗത്ത് എത്രപേര്‍ക്കറിയാം? യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാളം നോവല്‍ ‘കാല്‍പ്പാടുകള്‍’ (പൂര്‍ണ്ണ പബ്ലി ക്കേഷന്‍) ഞാനെഴുതി. എത്ര പേര്‍ക്കറിയാം? പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം, അവഗണന കേരളം ഇന്നും തുടരുന്നു. പാശ്ചാത്യരെപോലെ എഴുത്തുകാര്‍ നല്ല വായനാശീലം വളര്‍ത്തി വളരണം. പലരും ഇന്ന് എഴുത്തില്‍ പേരെടുക്കുന്നതിനേക്കാള്‍ നിലവാരമില്ലത്ത പുരസ്ക്കാരങ്ങള്‍ വാങ്ങി പേരും പ്രശസ്തിയും എങ്ങനെ പെരുപ്പിച്ചുകാണിക്കാമെന്ന ഓട്ടത്തിലാണ്. ഈ കൂട്ടരെ പുകഴ്ത്തി കാണിക്കാന്‍ സോഷ്യല്‍ മീഡിയ, കച്ചവട ഓണ്‍ലൈന്‍ ധാരാളമുണ്ട്. അത് സാഹിത്യ വളര്‍ച്ചയല്ല. ആരും കടലാസ് പുലികള്‍ ആകാതിരിക്കട്ടെ.
About The Author
5 thoughts on “പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങള്‍ – അഭിമുഖം”
വളെരെയേറെ ഇഷ്ട്ടപെട്ടു അഭിമുഖം. നന്ദി
Thank You
നന്നായിരിക്കുന്നു അഭിമുഖം സോമൻ സർ
അഭിനന്ദനങ്ങൾ സോമൻ സാർ! വളരെ നല്ല അഭിമുഖം!
അഭിമുഖം വളരെ നന്നായി! കാരൂർ സോമൻ സാറിനു അഭിനന്ദനങ്ങൾ!💐💐💐