നിങ്ങളൊക്കെ
പ്രതിധ്വനി മാത്രമോ..?
_____________________
മിസുസു കെനേക്കോ(ജാപ്പനീസ് കവി)
നിങ്ങളൊക്കെ
പ്രതിധ്വനി മാത്രമോ..?
”ഇനി നമുക്കു കളിക്കുവാൻ പോയിടാം”-
എന്നു ഞാൻ നിങ്ങളോടു ചോദിക്കുകി-
ലങ്ങനെ തന്നെ നിങ്ങളും ചൊല്ലിടും.
‘വിഡ്ഢി’യെന്നുഞാനൊച്ചവച്ചാലതേ
വാക്കുതന്നെയീ നിങ്ങളുമുച്ചത്തി-
ലുച്ചരിക്കും പ്രതിധ്വനിയെന്നപോൽ.
ഇനിയെനിക്കു കളിക്കേണ്ട,യെന്നുഞാൻ
മടിപിടിച്ചാലാമട്ടിലീ നിങ്ങളും.
പതിയെ ഏകാന്ത ചിത്തരുമായിടും.
ഞാൻ പറയും ”ക്ഷമിക്കണം”; നിങ്ങളു-
മാ പദത്തെ പറയുമതേപടി.
നിങ്ങളൊക്കെ
പ്രതിധ്വനി മാത്രമോ..?
അല്ല..,
നിങ്ങളാണെല്ലാ,-
മെല്ലാവരും…
___________________
വിവർത്തനം :അസീം താന്നിമൂട്
Are you An Echo..?
______________
Misuzu Kaneko(Japanese poet)
Are you An Echo..?
If I say, “Let’s play?”
you say, “Let’s play!”
If I say, “Stupid!”
you say, “Stupid!”
If I say, “I don’t want to play anymore,”
you say, “I don’t want to play anymore.”
And then, after a while,
becoming lonely
I say, “Sorry.”
You say, “Sorry.”
Are you just an echo?
No, you are everyone.
(2011-ലെ ടോഹോക്കു ഭൂകമ്പത്തിനും സുനാമിക്കും ശേഷം ജപ്പാനിലെ ടെലിവിഷൻ സ്റ്റേഷനുകൾ കനേക്കോയുടെ “ആർ യു ആൻ എക്കോ?” എന്ന ഈ കവിത സംപ്രേഷണം ചെയ്തിരുന്നു.സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു അത്.കവിത ജനഹൃദയങ്ങളിൽ പ്രകമ്പനമാകുകയും ആശയം ഏറ്റെടുത്ത് സഹായ പ്രവർത്തനങ്ങളിലവർ സജീവമാകുകയും ചെയ്തു.
സെറ്റ്സുവോ യാസാക്കി എന്ന ജാപ്പനീസ് യുവ കവി,ആ നിലയിൽ തിളങ്ങി നിൽക്കുന്ന വേളയിൽ അയാൾക്കുണ്ടായ ഒരനുഭവമാണ്,അകാലത്തിൽ മൺമറഞ്ഞുപോയ മിസുസു കെനേക്കോ(1903 ഏപ്രിൽ 11 -1930 മാർച്ച് 10)എന്ന കവിയെ കണ്ടെത്താൻ സഹായിച്ചത്.1966ലായിരുന്നു അത്.സെറ്റ്സുവോ യാസാക്കി ഒരു പഴയ കവിതാ പുസ്തകത്താൾ മറിച്ചുകൊണ്ടിരിക്കുകയായിരുന്നു.ആ ഗ്രന്ഥത്തിലെ ഒരു താളിൽ കെനേക്കോയുടെ ഒരു കവിത ശ്രദ്ധയിൽപ്പെട്ടു.ചാകര എന്നായിരുന്നു കവിതയുടെ പേര്.ജാപ്പനീസുകാർ അതുവരെ വായിച്ചനുഭവിച്ച കാവ്യരസത്തിൽ നിന്നൊക്കെ വ്യത്യസ്തമായൊരു കാവ്യാനുഭൂതിയാണ് യാസാക്കിക്ക് ആ കവിത സമ്മാനിച്ചത്.അജ്ഞാതയായ ആ കവിയെ കൂടുതലറിയാൻ ജാപ്പനീസ് കാവ്യചരിത്രം മുഴുവനായും യാസാക്കി ചികഞ്ഞു.ഏതൊരു രേഖപ്പെടുത്തലും കണ്ടെത്താനായില്ല.കെനേക്കോയുടേതായി അവസാനമായി ഉണ്ടായിരുന്ന ഒരു കാവ്യപുസ്തകം രണ്ടാംലോക മഹായുദ്ധ കാലത്തെ ടോക്കിയോ ബോംബിങ്ങിനിടെ നശിച്ചും പോയി.യാസാക്കി ആ അന്വേഷണം തുടർന്നു.പതിനാറു വർഷങ്ങൾക്കുശേഷമാണ് ഒരു കച്ചിത്തുരുമ്പ് അപ്രതീക്ഷിതമായി യാസാക്കിക്ക് ലഭിച്ചത്.1982ലായിരുന്നു അത്.കാനേക്കോയുടെ 77 വയസ്സുള്ള ഒരു സഹോദരനെ യാസാക്കി യാതൃച്ഛികമായി കണ്ടുമുട്ടിയതാണ് ആ വഴിത്തിരിവ്.കാനേക്കോയുടെ 512 കുഞ്ഞു കവിതകളടങ്ങിയ ഒരു കയ്യെഴുത്തു പ്രതി അയാളിൽ നിന്നും യാസാക്കിക്കു ലഭിച്ചു.ഒരു നിധികുംഭം ലഭിച്ച ആഹ്ലാദത്തിൽ കാനേക്കോയെ കുറിച്ചും ആ കവിതകളെ കുറിച്ചും യാസാക്കി ലോകത്തോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.ലോകം അതുകേട്ട്
കോരിത്തരിച്ചു.വരികൾ വായിച്ചും ചൊല്ലിയും ജാപ്പനീസ് ജനത കാനേക്കോയെ നെഞ്ചേറ്റി.അതിലെ ഒരു കവിതയാണ് ‘Are you An Echo..?’)
അസീം താന്നിമൂട്













