അവൾ – (അഡ്വ. പാവുമ്പ സഹദേവൻ)

Facebook
Twitter
WhatsApp
Email

അവളുടെ ഓർമ്മകൾ എന്നെ ഇപ്പോഴും വേട്ടയാടുകയാണ്.
അവൾ എങ്ങോട്ടാണ് ഒരു മാലാഖയെപ്പോലെ പറന്നുപോയതെന്ന് എനിക്കറിയില്ല.
ഭൂമിയിലൂടെ അവൾ സാവധാനം നടന്നുനീങ്ങുന്നത് ഞാൻ വികാരാർദ്രനായി നോക്കി നിൽക്കാറുണ്ടായിരുന്നു.
അവളുടെ കൈ വീശിയുള്ള നടത്തയ്ക്ക് എന്തൊ ഒരു പ്രത്യേക സൗന്ദര്യവും ചാരുതയുമുണ്ടായിരുന്നു.
മുടിയിൽ നിറയെ മുല്ലപ്പൂ ചൂടിയായിരുന്നു അവൾ എൻ്റെ സാമീപത്തേക്ക് വരാറുള്ളത്.
അതിൻ്റെ സൗരഭ്യത്തിൽ ഞാൻ വല്ലാതെ ശ്വാസം മുട്ടുമായിരുന്നു.
അവളുടെ സാന്നിദ്ധ്യത്തിൽ ഞാൻ ഭ്രാന്തമായ ഉന്മാദാവസ്ഥയിലെത്തും.
അവളെക്കുറിച്ചുള്ള സ്വപ്നങ്ങളെന്നെ
ഭ്രാന്തമായ ലഹരിപിടിപ്പിക്കും.
ചിലപ്പോൾ ഞങ്ങൾ ആ കാണുന്ന വൃക്ഷത്തണലിലിരുന്ന് വെറുതെ ഇല്ലാ കഥകൾ പറഞ്ഞ് സല്ലപിക്കുമായിരുന്നു.
ചില വൃക്ഷങ്ങളുടെ പ്രതാപവും പ്രൗഢിയും ഞങ്ങൾക്ക് എന്തൊന്നില്ലാത്ത ആത്മവിശ്വാസം പകർന്നുതന്നുകൊണ്ടിരുന്നു.
ഇളം കാറ്റിലെ മർമ്മരങ്ങൾ എന്തൊക്കെയോ പുർവ്വജന്മകഥകൾ പറയുന്നതുപോലെ തോന്നും.
”നിങ്ങൾക്ക് എന്നും ഈ മരത്തണലിൽ ജീവിച്ചാൽ പോരേ ” എന്ന് വൃക്ഷങ്ങൾ ഞങ്ങളോട് ആത്മഗതം ചെയ്യാറുണ്ടായിരുന്നു.
അവൾ പിരിയുമ്പോൾ ആ ഏകാന്തതയുടെ മരച്ചുവട്ടിൽ ഞാൻ ഇരുൾ മൂടിയിരിക്കും.

അവൾ ആരെയും വിസ്മയിപ്പിക്കുന്ന ഒരു അചുംബിത കുസുമമായിരുന്നു.
അവളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിനായി ഞാൻ എപ്പോഴും കൊതിച്ചിരുന്നു.
അവളില്ലാത്ത ജീവിതം ചിന്തിക്കാൻ
കൂടി കഴിഞ്ഞിരുന്നില്ല.
അവളുടെ സ്വർഗ്ഗീയ സ്വരമാധുരിയിൽ മുഴുകിയിരിക്കാനായിരുന്നു എനിക്കെപ്പോഴും താല്പര്യം.
അവളുടെ ദിവ്യമായ സ്വർഗ്ഗീയസ്വരം എന്നെ വല്ലാതെ ലഹരിപിടിപ്പിച്ചിരുന്നു.
അവളുടെ കണ്ണകളെന്നോട് ആയിരക്കണക്കിന് കഥകൾ പറയുമായിരുന്നു.
പ്രപഞ്ചം മുഴുവൻ അവളുടെ മിഴികളിൽ
പൂവിടുന്നതുപോലെ തോന്നും.
ഈ ജന്മം മുഴുവൻ അവളുടെ കടമിഴിയിൽ നോക്കിയിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോവുകയാണ്.
അവളെപ്പോഴും ഏതൊ കാല്പനിക കഥയിലെ
നായികയെപ്പോലെയായിരുന്നു.
ഇപ്പോഴവൾ എൻ്റെ മനസ്സിൽ നിഗൂഢമായ ഒരു മിത്തും ലെജെൻ്റും ഇതിഹാസവുമായി മാറിയിരിക്കുന്നു.
ഒരിക്കലെന്നെങ്കിലും, അവൾ വരുമെന്ന ശുഭപ്രതീക്ഷയിലാണ് ഞാൻ ജീവിക്കുന്നത്. അന്ന് അവളെയുമേറ്റി ചിറകുള്ള വെള്ളക്കുതിരയുടെ പുറത്ത് ഞങ്ങൾ ആകാശവീഥിയിലൂടെ ഗോളാന്തര യാത്ര ചെയ്യുന്നതായിരിക്കും !!
🌳🌹

8.06.2024.

Written by Adv. Pavumpa Sahadevan.

About The Author

Leave a Reply

Your email address will not be published. Required fields are marked *