ഞാൻ മോഷ്ടാവായ കഥ – (മോഹൻദാസ്)

Facebook
Twitter
WhatsApp
Email

ഞങ്ങളുടെ ദേശമായ മുട്ടമ്പലത്ത് ഒരു പലചരക്കു കടയുണ്ടായിരുന്നു.

വാസുപിള്ള എന്നായിരുന്നു കടക്കാരന്റെ പേര്.

ഞാൻ എം ഡി സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്താണ് ഈ സംഭവം.

വാസു പിള്ളച്ചേട്ടനെ ഞാനും ഒന്നു പറ്റിച്ചിട്ടുണ്ട്. ഞാൻ മിഠായി മോഷ്ടിച്ച കഥയാണത്. പിള്ളാച്ചൻ എന്നാണ് വാസു പിള്ളച്ചേട്ടനെ എല്ലാരും വിളിക്കുന്നത്.

കാക്കി നിക്കറും വെള്ള ഷർട്ടുമാണ് ഞങ്ങളുടെ എം ഡി സ്കൂൾ യൂണിഫോം.

ഇന്നത്തെ കുട്ടികളെപ്പോലെ ഷൂസോ വില കൂടിയ ചെരിപ്പോ ഇല്ലാത്ത കാലം.
ചെരിപ്പിടാറില്ല എന്നതാണ് നേര്.

പറ്റിച്ച കഥ പറയാം.
അന്ന് വാസു പിള്ളച്ചേട്ടന്റെ കടയിൽ കാറിന്റെ ആകൃതിയിലുള്ള മിഠായികൾ ഉണ്ട്. ചില്ല് ഭരണി നിറയെ ബഹുവർണ്ണങ്ങളിലുള്ള കാർ മിഠായികൾ .

അത് വാങ്ങാൻ 10 പൈസ ഉണ്ടാക്കാൻ പെട്ട പാട് ചില്ലറയൊന്നുമല്ല.

സ്കൂളിൽ നിന്നും ഉച്ചയ്ക്ക് ഉണ്ണാൻ വീട്ടിൽ വരും. ഊണ് കഴിഞ്ഞ് സ്കൂളിലേക്കു പോകുന്നത് പിള്ളാച്ചന്റെ കടയുടെ മുന്നിലൂടെയാണ്.

 

ഭരണികളിലെ കാർ മിഠായികൾ പ്രലോഭിപ്പിക്കുന്ന കുട്ടിക്കാലം. ഒരു മിഠായി തിന്നുക എന്നത് മഹാ ഭാഗ്യമായി കരുതുന്ന കാലം.

ഒരു മിഠായിക്കുള്ള പൈസയേ കൈയ്യിലൊള്ളു.

അന്ന് കടയിൽ സാധനങ്ങൾ വാങ്ങാൻ വിടുന്നത് ഞങ്ങൾ പിള്ളാരു സെറ്റിനെയാണ്. ബാലൻസ് കിട്ടുന്ന ചില്ലറത്തുട്ടുകൾ വീട്ടിൽ കൊടുക്കാറില്ല. *ഇസ്ക്കുക*എന്നാണ് ഇതിന്റെ ഓമനപ്പേര്.

ഈ നാണയത്തുട്ടുകൾ കളയാതെ നിധിപോലെ സൂക്ഷിച്ചു വെക്കുമായിരുന്നു.

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് സ്കൂളിലേക്കു പോകും വഴി കടയിൽ ചെന്നപ്പോൾ അവിടെ സാധനങ്ങൾ വാങ്ങാൻ ആരുമില്ല.

പിള്ളാച്ചൻ മാത്രം.ചാരിക്കിടന്ന് ഉച്ച മയക്കമാണ്.
ഒരു കാർ മിഠായി .
ഞാൻ പൈസ നീട്ടി
പൈസ വാങ്ങിയ ശേഷം കണ്ണു തുറക്കാതെ പിള്ളാച്ചൻ പറഞ്ഞു.

ഒന്നെടുത്തോ

ഭരണി തുറന്ന് ഒന്നിനു പകരം 3 എണ്ണം എടുത്തു.

സ്കൂളിലേക്കൊരോട്ടമായിരുന്നു.
കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. പേടി എത്ര ഭയാനകമാണെന്നറിഞ്ഞ നിമിഷം

ഞാനും അങ്ങനെ ഒരു കൊച്ചു കള്ളനായി.

മിഠായിക്കള്ളൻ

 

About The Author

Leave a Reply

Your email address will not be published. Required fields are marked *