നിറമുള്ള ഓർമ്മകൾ – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

ഒരു അവധിക്കാലം. അന്നു ഞാൻ എട്ടാംക്ലാസ്സിലെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. റിസൽട്ടറിഞ്ഞു കഴിഞ്ഞാലും പിന്നേം ഒരു മാസവുംകൂടെ അവധിയുണ്ട്. പരീക്ഷാഫലം വരുന്നതോടെ ലീഡിംഗ് കോളേജിൽ ട്യൂഷൻക്ലാസ്സ് തുടങ്ങും. ഏഴുമക്കളെ പഠിപ്പിക്കാനുണ്ടെങ്കിലും ട്യൂഷനൊക്കെ വിടാൻ അപ്പനമ്മമാർക്ക് ഉത്സാഹമാണ്. ചേച്ചി ഒരു മടിയുമില്ലാതെ ട്യൂഷനു പോകും. അത്രയുംനേരം വീട്ടുജോലികളിൽനിന്നു രക്ഷപ്പെടാനാണത്. അവധിക്കാലത്ത് കണക്കും ഇംഗ്ലീഷ്ഗ്രാമറുമാണ് പഠിപ്പിക്കുക. ഫീസ് കൊടുക്കാൻ താമസിക്കുമ്പോൾ കോളേജ് ഉടമ ചേർക്കോണിലെ അന്ത്രയോസ് സാർ പതുക്കെ ചേച്ചിയെ ഓഫീസിലേക്കു വിളിപ്പിക്കും. “സാരമില്ല നീ വന്നു പഠിച്ചോ? ഫീസു് ഒന്നും സാരമില്ല ” വളരെ സാധുവായ, താഴ്മയുടെ നിറകുടമായ ഒരു നല്ലമനഷ്യനായിരുന്നു അദ്ദേഹം. ആ വിവരമറിയുമ്പോൾ വീടിനു മുന്നിലൂടെ കോളേജിലേക്ക് നടന്നു പോകുന്ന സാറിനെ കാത്തുനിന്ന് അമ്മ പറയും. “അന്ത്രോച്ചാ …. ഇന്ന തീയതിയിൽ പൈസ കൊടുത്തു വിടാം” – സാർ പറയും “സാരമില്ല കൊച്ചമ്മേ, പിള്ളേരെ വിട് അവർ പഠിക്കട്ടെ ” എന്നാലും കൂട്ടിൽ നില്ക്കുന്ന പശുക്കിടാവിനെയോ ആട്ടിൻകുട്ടിയെയോ പാമ്പാടിക്കാളച്ചന്തയിൽക്കണ്ടെ വിറ്റിട്ടെങ്കിലും ആ പണം ചേച്ചിയുടെ കൈയിൽ കൊടുത്തുവിടും.

അന്ത്രയോസ് സാറിന്റെ മൂത്തപെങ്ങൾ ഞങ്ങളുടെ അപ്പന്റെ മൂത്ത ജ്യേഷ്ഠന്റെ ഭാര്യയാണ്. ബന്ധുക്കാരുടെയടുത്ത് കടം പറയുന്നത് നാണക്കേടായതിനാൽ ഞങ്ങൾ ഇച്ചാച്ചൻ എന്നു ലാളിച്ചുവിളിക്കുന്ന അപ്പൻ ഇടപെടില്ല. മക്കൾക്കു് നല്ല വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും അഭിമാനിയായ ഇച്ചാച്ചൻ ആരുടെ മുമ്പിലും താഴാറില്ല. ഇക്കാരണങ്ങളാൽ ട്യൂഷനു പോകാതെ ഞാൻ അമ്മയെ വീട്ടുപണികളിൽ സഹായിക്കുകയാണ് പതിവ്. അത് ഒരു സ്വാതന്ത്ര്യമില്ലാത്ത ജീവിതമാണ്. അമ്മയ്ക്ക് ഒരു ശിങ്കിടിയെ എപ്പോഴും ആവശ്യമാണ്. അതെടുത്തേ… ഇതെടുത്തേ എന്നു പറഞ്ഞ് എന്റെസമയം മുഴുവൻ അമ്മ അപഹരിക്കും.

വായനപ്രിയയായ എനിക്ക് പത്രം വായിക്കണമെങ്കിൽ തറവാട്ടിൽ പോകണം. പത്രമെടുക്കാൻ ചെല്ലുമ്പോൾ വല്ല്യമ്മച്ചി ജോലി ചെയ്യിച്ച് എന്നെ അസഹ്യപ്പെടുത്തും. ഇന്നാണെങ്കിൽ ബാലവേല ചെയ്യിച്ചവർക്കെതിരെയൊക്കെ കേസ്സ് കൊടുക്കാമായിരുന്നു. അന്നു ഞാൻ വല്യമ്മച്ചി, പിന്നെ എന്റെ അമ്മ ഇവരൊക്കെ എന്തു പറഞ്ഞാലും അനുസരിക്കുമായിരുന്നു. വല്യമ്മച്ചിയെ, അപ്പന്റെ അമ്മയായ അവരെ എനിക്ക് ഭയങ്കര പേടിയായിരുന്നു. കൊച്ചുമകൾ എന്ന നിലയിൽ ഞാൻ ഒരു സ്വാതന്ത്ര്യവും എടുത്തിട്ടില്ല. ആർദ്രതയോടെ ആ വല്യമ്മച്ചിയെക്കുറിച്ച് എനിക്ക് ഒരു കാര്യമൊഴിച്ച് ഒന്നുമോർക്കാനില്ല. ആ കാര്യം ഞാൻ വഴിയെ പറയാം.

എന്നാൽ, എന്റെ തലതൊട്ടമ്മയും അമ്മയുടെ അമ്മയുമായ വാകത്താനത്തെ വല്യമ്മച്ചിയെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും എനിക്ക് ഒരു പനിനീർമഴ ലഭിക്കുന്നതുപോലെ സുഖപ്രദമാണ്. രണ്ടു വല്യമ്മച്ചിമാരെക്കുറിച്ചും ഞാൻ എഴുതുന്നുണ്ട്.

ഞാൻ വഴിയെ പറയാമെന്നു പറഞ്ഞ കാര്യം, എന്റെ അപ്പന്റെ അമ്മയെക്കുറിച്ച് ആർദ്രതയോടെ ഓർക്കാനുള്ള കാര്യം, വല്യമ്മച്ചി ചില ബന്ധുവീടുകളിലൊക്കെ പോകുമ്പോൾ താഴെയുള്ള എന്റെ വീട്ടിൽ വന്ന് എന്നേക്കൂടെ കൂട്ടിക്കൊണ്ടു പോകും. വല്യവീട്ടിൽനിന്നു ചെല്ലുന്ന, വീട്ടിൽ വരുന്നവരെ ആതിഥ്യമര്യാദയോടെ സല സത്കരിക്കുന്ന വല്യമ്മച്ചിക്ക് എവിടെച്ചെന്നാലും ഊഷ്മളസ്വീകരണം ലഭിക്കും. പലകുറി ക്ഷണിച്ചിട്ടായിരിക്കും വല്യമ്മച്ചി ആ ബന്ധുവീടുകളിലൊക്കെ പോകുക. അവിടെയൊക്കെ ചെല്ലുമ്പോൾ ധാരാളം പലഹാരങ്ങളും പഴവർഗ്ഗങ്ങളും ഊണും കാപ്പിയുമൊക്കെ വല്യമ്മച്ചിയോടൊപ്പം കഴിച്ച് വല്യമ്മച്ചിയുടെ സ്നേഹലാളനങ്ങൾ ആവോളം അനുഭവിച്ച് വീട്ടിലേക്കു സന്തോഷമായി മടങ്ങാം. വീട്ടിലെത്തുന്നതോടെ ഉടമയും അടിമയും പോലെയാകും വല്യമ്മച്ചി കൊച്ചുമകൾ ബന്ധം. വല്യമ്മച്ചി ഉടമ. ഞാനാകുന്ന കൊച്ചുമകൾ അടിമ.

വല്യമ്മച്ചി എന്നെ ഇങ്ങനെ വിരുന്നുവീടുകളിൽ കൊണ്ടു പോകുന്നത് എന്റെ സ്വഭാവത്തിലെ മാന്യത കൊണ്ടാണെന്ന് എന്റെ അപ്പനമ്മമാർ അടക്കം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. വേറെ ചില കൊച്ചു മക്കളെയൊക്കെ… കൂട്ടിക്കൊണ്ടുപോയവരെ നാണംകെടുത്തിയിട്ടുള്ള കഥകളൊക്കെയുണ്ട്. ഞാൻ ഒന്നും എടുത്തു കഴിക്കാറില്ല. വല്യമ്മച്ചി കഴിക്കുമ്പോഴൊക്കെ എനിക്കും പെറുക്കിത്തരും. അങ്ങനെ എന്റെ വയറും മനസ്സും നിറയും. വല്യമ്മച്ചിയും ഹാപ്പി, ഞാനും ഹാപ്പി.

എന്നെ അങ്ങനെ ആദ്യമായി വല്യമ്മച്ചിയും എന്റെ കൊച്ചപ്പാപ്പനും കൂടി കൊണ്ടു പോകുകയാണ്. പാലായിലേക്ക്.

പാലായിൽ എന്റെ അപ്പന്റെ നേരെ മൂത്തജ്യേഷ്ഠൻ ചാക്കോച്ചൻ എന്ന കുഞ്ഞൂട്ടിയും ഭാര്യ അന്നമ്മയുമുണ്ട്. ആ അപ്പച്ചന് ജോലിയില്ല പാലായിലെ അമ്മയെ ഞാൻ അമ്മ എന്നാണ് വിളിയ്ക്കുന്നതെങ്കിലും ഇവിടെ സൗകര്യത്തിനായി പേരമ്മ എന്നു വിളിക്കുന്നു.
വളരെ നല്ലപെരുമാറ്റവും സ്നേഹവുമുള്ള പേരപ്പനും പേരമ്മയും നല്ല മക്കളും അടങ്ങിയ ഒരു കുടുംബമാണത്. സംസ്കാര സമ്പന്നരാണവർ. വലിയ ഫാഷൻകാരും. എന്റെ അപ്പനമ്മമാർ പാലായിലേക്ക് എന്നെ വിടാതിരിക്കാൻ ശ്രമിച്ചു. കാരണം പേരപ്പന് ജോലിയില്ലാത്തതും മുനിസിപ്പാലിറ്റിയിൽ നേഴ്സായിട്ട് പേരമ്മ ജോലി നോക്കി മുനിസിപ്പൽ ക്വാർട്ടേഴ്സിൽ വാടക ജീവിതം നയിക്കുന്ന അവർക്കു് ഞാൻ മുഖേന കൂടുതൽ കഷ്ടപ്പാടുണ്ടാകാതിരിക്കാനുമാണ് അങ്ങനെ ചെയ്തത്. എനിക്കും നാണമായിരുന്നു പോകാൻ, കാരണം നല്ല മോടിയുള്ള വസ്ത്രങ്ങൾ ധരിച്ച്, നല്ലതുപോലെ മേക്കപ്പ് ചെയ്തു നടക്കുന്ന അവരുടെ മുന്നിൽ ഞാനെങ്ങനെ?

പക്ഷേ ഒടുവിൽ എന്നെ കൊച്ചപ്പാപ്പനും വല്യമ്മച്ചിയ്ക്കുമൊപ്പം അയച്ചു. പൊൻകുന്നംവഴിയാണ് യാത്ര. പൊൻകുന്നത്ത് എന്റെ ഇച്ചാച്ചന്റെ മൂത്ത പെങ്ങൾ ഉണ്ടു്. പ്രശസ്ത സാഹിത്യകാരനായ പൊൻകുന്നം വർക്കിസാറിന്റെ അമ്മാച്ചനാണ് എന്റെ അപ്പന്റെ മൂത്തപെങ്ങളെ വിവാഹം ചെയ്തിരിക്കുന്നത്. പൊൻകുന്നത്തു ചെന്ന് അപ്പച്ചനെയും അമ്മയെയുംകണ്ട്, തറവാട്ടിൽ കാലായിലെ അവറാഞ്ചേട്ടനെയും കഞ്ഞിക്കുഴിയിലെ സാറാച്ചേടത്തിയേയുംകൊണ്ട് ഉണ്ടാക്കിച്ച ചക്ക വറുത്തതും അവലോസുണ്ടയും ഒക്കെ കൊടുത്തു. ഞങ്ങൾ ചെല്ലുമ്പോൾ പൊൻകുന്നത്തെ അമ്മ വക്കച്ചൻ എന്നു വിളിക്കുന്ന വർക്കി സാറും അവിടെയുണ്ടായിരുന്നു. വക്കച്ചായൻ. പൊൻകുന്നത്തെ അമ്മയുടെ ഇളയമകൾ മോളി എനിക്കു് കൈനിറയെ ചക്ക ഉപ്പേരി തന്നു എന്നിട്ട് അവരും കഴിച്ചു. അവർക്കെല്ലാം എന്നേയും കൊണ്ടുപോയതിൽ ഒത്തിരി സന്തോഷം. കാരണം, ഞാൻ അവിടെ ചെന്നിട്ട് ഒരുപാടു കാലമായി . അധികം താമസിയാതെ അവിടെനിന്ന് ഞങ്ങൾ പാലാവീട്ടിലേക്കു പോയി.

അവിടെ ചെന്നപ്പോൾ ആ വീട്ടിനുള്ളിൽ സുഖകരമായ ഒരു ഗന്ധം അലയടിക്കുന്നതുപോലെ തോന്നി. ഇന്നും ഞാൻ ആ ഗന്ധം തേടാറുണ്ട്. ലാക്ടോ കലാമിൻ, ഫെയർ ആൻറ് ലവ്‌ലി, ഹിമാലയ പൗഡർ, എക്സോട്ടിക്ക പൗഡർ, ഇങ്ങനെ ഇങ്ങനെ പലതും മേശയിൽ നിറഞ്ഞിരിക്കുന്നു. കോൾഗേറ്റ്, സിബാക്കാ, ബിനാക്കാ എന്നീ ടൂത്ത് പേസ്റ്റുകളൊക്കെ തറവാട്ടിൽ മലേഷ്യക്കാരും ബോംബെക്കാരും വരുമ്പോൾ ഞാൻ കാണുക മാത്രമേ ചെയ്തിട്ടുള്ളൂ. അതൊക്കെ യഥേഷ്ടം ഉപയോഗിച്ചത് പാലാ വീട്ടിലെ ആ വാസത്തിലാണ്. ഞാൻ സ്നോ എന്നു മാത്രം വിളിച്ചിരുന്ന വാനിഷിംഗ് ക്രീമും കോൾഡ്ക്രീമും എന്നുവേണ്ട ഒരു ലേഡീ സ്റ്റോറു തന്നെയുണ്ടായിരുന്നു അവിടെ. പല ഫാഷനിലുള്ള ചെരുപ്പുകൾ കട്ടിലുകൾക്കു കീഴെ കൂട്ടിയിട്ടിരിക്കുന്നു. ആ പൗഡറുകളിൽ പലതിന്റെ ഗന്ധങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ട് അവർ ഉപയോഗിക്കാതെ വച്ചിരിക്കുന്നു.

അയൽക്കാരികളായ ചിന്നയും കുട്ടിയമ്മയും മത്സരിച്ച് അരിയിടിച്ച് പൊടിച്ച് തെള്ളി വറുക്കുന്നു. കല്ലുണ്ട, ശർക്കരവരട്ടി, അച്ചപ്പം എല്ലാം പഴയ കാലത്തെ ബേക്കറികളിൽ കാണുന്നതു പോലെയുള്ള വലിയ പാട്ടകളിലാക്കി വച്ചിരിക്കുന്നു. ചെന്നയുടനെ മിൽക്ക്ബ്രെഡ് നെയ്ചേർത്ത് കഴിക്കാൻതന്നു. പിന്നെ വല്യമ്മച്ചി എന്നെ വിളിച്ചിരുത്തി ഇഷ്ടം പോലെ അച്ചപ്പവും കല്ലുണ്ടയും ശർക്കരവരട്ടിയും തീറ്റിച്ചു.

അവിടത്തെ മൂത്തമകൾ മോളി ദില്ലിയിൽനിന്ന് അവധിക്കു വന്നിട്ടു് അടുത്ത ദിവസം പോകും. പോകുമ്പോൾ കൊടുത്തുവിടാൻ കുറച്ചു ചക്ക ഉപ്പേരിയും അവലോസുണ്ടയും ഉണ്ടാക്കിക്കൊണ്ടു വന്നതാണ് വല്യമ്മച്ചി. എനിക്ക് സങ്കടം വന്നു. പൊൻകുന്നത്തും പാലായിലും കൊണ്ടെകൊടുത്ത ആ പലഹാരങ്ങളിൽനിന്ന് ഒരു കഷണം പോലും എന്റെ വീട്ടിൽ വല്യമ്മച്ചി കൊടുത്തില്ലല്ലോ. ആ സങ്കടം ഇപ്പോഴും ഒരു നീറ്റലായി ഉള്ളിലുണ്ടു്. വല്യമ്മച്ചിയും കൊച്ചപ്പാപ്പനുമൊക്കെ മണ്ണോടുമണ്ണു മാഞ്ഞിട്ട് എത്രയധികം ദശാബ്ദങ്ങളായി, എങ്കിലും സങ്കടം ബാക്കി നില്കുന്നു.

പാലാവീട്ടിൽ രണ്ടാണും നാലുപെണ്ണുമാണ്. മൂത്തവരായ ആൺകുട്ടികൾ രണ്ടു പേരും ന്യൂദില്ലിയിൽ. ഇരട്ടക്കുട്ടികളിലൊരാൾ ആണും മറ്റേയാൾ പെണ്ണുമാണ്. ബാക്കി മൂന്നുപേരു കൂടിയുണ്ട്. അതിസുന്ദരികളും സുശീലകളുമായ പെൺകുട്ടികൾ. അതിൽ പെൺകുട്ടികളിലെ ഇളയവരിൽ ഗ്രെയിസമ്മയ്ക്ക് എന്നേക്കാൾ ഒരു വയസ്സ് മൂപ്പ്.ഗീതമ്മയ്ക്ക് എന്നേക്കാൾ ഒരു വയസ്സ് ഇളപ്പം.

ഞങ്ങൾ വളരെപ്പെട്ടെന്ന് കളിക്കൂട്ടുകാരായി. പാലാ വീടു് എനിക്കങ്ങു വല്ലാതെ പിടിച്ചു. സിന്ധു ,ന്യൂ, തുടങ്ങി പഴയ തീയേറ്ററുകളും മഹാറാണി യുവറാണി തുടങ്ങിയ പുതിയ തീയേറ്ററുകളിലും പേരപ്പനും പേരമ്മയും കൊണ്ടുപോയി ഞങ്ങളെ സിനിമ കാണിച്ചിട്ടുണ്ട്. സർക്കസു് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നത് ഞാൻ ആ പാലാവാസത്തിലാണ്. സർക്കസ് താരങ്ങൾ ഊഞ്ഞാലാട്ടം നടത്തിയപ്പോൾ ട്രപ്പീസിൽ നിന്ന് വീഴാതിരിക്കാൻ ഞാൻ കണ്ണടച്ചുപ്രാർത്ഥിച്ചതോർക്കുന്നു.

പിൽക്കാലത്ത് തൊടുപുഴക്കോടതിയിലേക്ക് ജോലിക്കായി പാലാവഴി യാത്ര ചെയ്തപ്പോഴൊക്കെ ഞാനും ഗീതമ്മയും കൂടി വെട്ടിപ്പഴം പെറുക്കിയ വെട്ടിമരവും അതു നിന്ന സ്ഥാനവും അതിനു മുമ്പിലെ കടയും ഞാൻ വെറുതെ തേടാറുണ്ടായിരുന്നു. ഗ്രെയിസമ്മ ഒമ്പതാം ക്ലാസ്സിൽനിന്ന് പത്തിലേക്കും ഗീതമ്മ ഏഴിൽ നിന്ന് എട്ടിലേക്കും ജയിച്ചതിന്റെ റിസൽട്ടറിയാൻ തലേന്ന് ഗ്രെയിസമ്മയോടൊപ്പം പോയി. എന്നിട്ട് പഠിക്കാൻ അതിസമർത്ഥയായ ഗീതമ്മ തോറ്റെന്നു പറഞ്ഞു കളിപ്പിച്ചു.

പിറ്റേന്ന് ഗീതമ്മയോടൊപ്പം റിസൽട്ടറിയാൻ പോയി. ആരണ്ടു ദിവസങ്ങളിലും മക്കളില്ലാത്ത ഒരാളിന്റെ പറമ്പിൽനിന്ന് രണ്ടു പേരും മാമ്പഴം ചോദിച്ചുവാങ്ങി. രണ്ടു ദിവസവും രണ്ടു വീതം മാമ്പഴം കിട്ടി. ഇവർ മച്ചൻ എന്നു പറഞ്ഞതിനാൽ ഞാൻ മച്ചൻ ചേട്ടൻ എന്നു പറഞ്ഞപ്പോൾ പതുക്കെ മുരടനക്കി അത്ര സംസാരപ്രിയനല്ലാത്ത പേരപ്പൻ എന്നെ വഴക്കുപറഞ്ഞു.

എന്റെ സ്കൂളിൽനിന്ന് റിസൽട്ടറിയിക്കുന്നത് പോസ്റ്റുകാർഡിലാണ്. എന്റെ റിസൽട്ടറിഞ്ഞിട്ടും എന്റെ കളിക്കൂട്ടുകാരികളായ ആ ഫസ്റ്റ് കസിൻസ് എന്നെ വീട്ടില്ല. സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പു് എനിക്കു് പാവാടയ്ക്കും ബ്ലൗസിനും തുണിയൊക്കെ എടുത്തു തന്നു് പേരമ്മ എന്നെ പേരപ്പനോടൊപ്പം എന്റെ വീട്ടിലെത്തിച്ചു. അന്നു രാത്രി ഒറ്റപ്പോള കണ്ണടക്കാതെ കിടന്ന് ഞാൻ കരഞ്ഞു, അവരെ വിട്ടുപോന്നതിലുള്ള ദു:ഖം അത്ര വലുതായിരുന്നു. റ്റാ റ്റാ പറഞ്ഞ് പോരാൻ നേരം ഗ്രെയിസമ്മയും ഗീതമ്മയും എല്ലാ അവധിക്കാലത്തും ഞാൻ അവിടെ ചെല്ലണമെന്നു പറഞ്ഞ് നിർബ്ബന്ധിച്ചതിനാലും സിനിമാക്കൊതി മൂത്തിട്ടും പിന്നീടുള്ള എല്ലാ വെക്കേഷനിലും ഞാൻ പതിവായി പാലാവീട്ടിൽ പോകുമായിരുന്നു. വെറുതെയല്ല, പേരപ്പനോ പേരമ്മയോ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. മക്കളുടെ സന്തോഷം ഏറെ ആഗ്രഹിച്ച ആ മാതാപിതാക്കൾ അവരുടെ അരുമകൾ നിർബ്ബന്ധിക്കുമ്പോൾ എന്നെ കൊണ്ടുപോകും. എനിക്കും രസം. അവിടെച്ചെന്നാൽ പതിവായി താളിതേച്ചു കുളിക്കാം. ഫാഷനിൽ നടക്കാം. ചുമ്മാ ഇരിക്കാം. മാറി മാറി വരുന്ന എല്ലാ സിനിമകളും കാണാം. നല്ല റേഡിയോ പാട്ടുകേൾക്കാം. ധാരാളം ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാം. കുശാലാണ്.

സത്യംപറഞ്ഞാൽ എന്നെ ഒരു എഴുത്തു കാരിയാക്കിയതിന്റെ മൂലകാരണം, ആ ബാല്യകാല സുഹൃത്തുക്കളുമൊത്തുള്ള ആ അവധിക്കാല ജീവിതമാണ്. ഒരിക്കൽ ഗ്രെയിസമ്മ പറഞ്ഞു. “നമുക്കു് കഥയെഴുത്തു മത്സരം നടത്താം” ഒന്നും പിടികിട്ടിയില്ലേലും ഞാനും സമ്മതിച്ചു. തലക്കെട്ടില്ലാതെ ഞങ്ങൾ മൂവരും കഥകളെഴുതി. ഗീതമ്മ ഒരു ചെറിയ നാടകമെഴുതി. അതിലെ നായികയുടെ പേരു് പുലരി എന്നായിരുന്നു. ഗ്രെയിസമ്മ ഒരു കോളേജ് – ഹോസ്റ്റൽ ജീവിതം എഴുതി. ഞാൻ പട്ടിണിപ്പാവങ്ങളുടെ ഒരു ദാരിദ്യക്കഥയും. കഥ തുടങ്ങിയത് ഇങ്ങനെ “രാമു എങ്ങോട്ടെന്നില്ലാതെ
നടന്നു….”

എന്റെ ആ കഥ പിൽക്കാലത്ത്, ഞാൻ ഭീഷണി എന്ന പേരിൽ എഴുതിയപ്പോൾ ഞങ്ങളുടെ ‘രായിച്ചായൻ’ – ഗ്രെയിസമ്മ ഗീതമ്മമാരുടെ സഹോദരനും എന്റെ ഫസ്റ്റ് കസിനുമായ രാജു എന്ന രായിച്ചായൻ, ‘വിശപ്പിന്റെ വിളി’ എന്ന പേരാണ് അനുയോജ്യം എന്നു പറയുകയും എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ലൈബ്രററിയിലെ കഥാ മത്സരത്തിന് എന്റെ പേര് വയ്ക്കുകയുമൊക്കെ ചെയ്യുകയുണ്ടായി.എസ്.പി.കെ. പാമ്പാടിയെന്ന് പേരും കൊടുത്തു. അദ്ദേഹം വളർന്നത് പാമ്പാടിയിലായതിനാൽ സ്വന്ത സഹോദരിമാരോടുള്ള അതേ സ്നേഹം എന്നോടുമുണ്ടായിരുന്നു. നാണംമൂലം ഞാൻ ആ മത്സരത്തിലൊ മറ്റൊരു മത്സരത്തിലോ തന്നെ പങ്കെടുത്തില്ലെന്നതാണ് സത്യം. ഞാൻ എഴുതുമെന്ന കാര്യം ആരും അറിയരുതെന്ന് ഞാൻ ശഠിച്ചിരുന്നു.

എന്നെ എഴുത്തുകാരിയാക്കിയ പല ഘടകങ്ങൾ ഉണ്ടെങ്കിലും ഞാൻ കഥയെഴുതാൻ ആദ്യമായി പേനയും കടലാസ്സുമെടുത്തത് എന്റെ കളിക്കൂട്ടുകാരായ ഗ്രെയിസമ്മയും ഗീതമ്മയും മൂലമാണ്. രണ്ടുപേർക്കും നന്ദി പറയുന്നു.രണ്ടുപേരും ഇന്ന് ന്യൂയോർക്കിൽ നല്ലനിലയിൽ ഭർത്താവും മക്കളും കൊച്ചുമക്കളുമായി ജീവിക്കുന്നു. രാജുച്ചായൻ മരിച്ചു പോയി. ബാക്കിയെല്ലാവരും യു.എസിലാണ്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ, പാരമ്പര്യമോ ഇല്ലാത്ത ഞാൻ ആദ്യമെഴുതിയ ഭീഷണി എന്ന കഥ രാജുച്ചായനെ കാണിക്കുന്നതിനു മുമ്പു് വിശുദ്ധ ബൈബിൾ തുറന്നു നോക്കി. എനിക്കു കിട്ടിയ വചനം ഇതായിരുന്നു; സങ്കീ.45: 1
“എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു എന്റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു”. വലിയ എഴുത്തുകാരിയൊന്നുമായില്ലെങ്കിലും പേരുംപെരുമയും സിദ്ധിച്ചില്ലെങ്കിലും അക്കാദമി അവാർഡുകൾ എന്നെത്തേടി വന്നില്ലെങ്കിലും സന്തോഷമുണ്ടു്. എഴുതിയതത്രയും വായനക്കാർ ഇരുകൈകളും നീട്ടിസ്വീകരിച്ചു. നല്ല അഭിപ്രായം പറഞ്ഞു. ദൈവത്തിന് നന്ദി.

About The Author

Leave a Reply

Your email address will not be published. Required fields are marked *