വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 18 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 18

മേരിമ്മയിൽ നിന്ന് ഗീത അറിഞ്ഞ ചില കാര്യങ്ങൾ പ്രഭാകരൻ ബേവച്ചനോട് സൂചിപ്പിച്ചത്രേ. ഒന്നു ഉമയമ്മയു മായുള്ള സോളിയുടെ അടുപ്പവും  സൊറ പറച്ചിലും

രണ്ട്, അവൾ അടുക്കളയിലേക്ക്  കടന്നു ചെല്ലാത്തത്.മൂന്ന്,മേരിമ്മയോട് യാതൊരു അടുപ്പവും കാണിക്കാത്തത്. ഇതിൽ എല്ലാം കടന്നതായിരുന്നു അവസാനം പറഞ്ഞത്. മറിയയുടെ മകൻ പീലിയോടുള്ള സോളിയുടെ പെരുമാറ്റ രീതി, ചിലപ്പോൾ കാൽ തിരുമ്മിക്കുന്നതു വരെ അവർ കണ്ടിട്ടുണ്ടത്രെ. സാധാരണ ആരും അത്ര തരം താണ പണി ചെയ്യാറില്ല, ചെയ്യിക്കാറില്ല. അത്യാവശ്യമുണ്ടെങ്കിൽ മേരിമ്മയായാലും അതു ചെയ്തു കൊടുക്കില്ലേ അല്ലെങ്കിൽ മറിയ. ഈ വിധത്തിലുള്ള ചർച്ചാവിഷയ ങ്ങളിലാണ് ബേവച്ചനും സോളിയും തമ്മിൽ അടിക്കടി  തർക്കങ്ങൾ ഉടലെടുത്തത്. അത് വീണ്ടും കടുത്തത് തലേന്ന് ഉണ്ടായ വിഷയത്തെ ചൊല്ലിയും. ചേടത്തി പറഞ്ഞതിൽ എന്താണു തെറ്റെന്നു ബേവച്ചൻ.വിവാഹം കഴിഞ്ഞാൽ അത് നാട്ടു നടപ്പല്ലേ? എന്ന ചോദ്യവും .നാട്ടു നടപ്പനുസരിച്ചല്ല നമ്മുടെ സൗകര്യവും ഇഷ്ടവുമാണ് നോക്കേണ്ടത് എന്നു സോളി. ആദ്യകാലങ്ങൾ വിവാഹജീവിതം എൻജോയ് ചെയ്യാനുള്ളതാണ്. പെട്ടെന്ന് ഒരു കുഞ്ഞായാൽ അതെങ്ങനെ നടക്കും? സോളിയുടെ നാവിനു മുന്നിൽ ബേവച്ചന് ഉത്തരം മുട്ടിപ്പോയി. പിന്നെ അവൻ ഒന്നും മിണ്ടിയില്ല

         മേരിമ്മ കോരച്ചൻ ഉടുത്തു  മാറിയിട്ടിരുന്ന തുണികളും സോജുമോന്റെയും തന്റെയും ചേർത്ത് അലക്കാൻ എടുത്ത കൂട്ടത്തിൽ പതിവനുസരിച്ച് ചാക്കോച്ചന്റെയും ശോശാമ്മയുടേയും എടുത്തു
നനച്ചു കൊണ്ടു വരാൻ. ശോശാമ്മ പറഞ്ഞു
“അതവിടെ ഇട്ടേക്ക് മേരിമ്മേ! സിന്ധു നനച്ചു കൊള്ളും. നിങ്ങളുടേയും കൊടുക്ക്. അവൾ നനക്കട്ടെ.”
കോരച്ചൻ ഒരു സ്ത്രീയെ കൊണ്ടു വന്നിട്ടുണ്ടെന്നെ പറഞ്ഞിരുന്നുള്ളു.   പേരു സിന്ധു എന്നാണെന്ന് അറിഞ്ഞിരുന്നില്ല.
“മേരിമ്മ പറഞ്ഞു വേണ്ടമ്മേ! അതു ഞാൻ തന്നെ നനച്ചോളാം എന്തെങ്കിലും അരുതായ്ക വന്നാൽ കൊടുത്തോളാം.”
കേട്ടുകൊണ്ടു കടന്നു വന്ന സോളി പറഞ്ഞു.
” അവളെ ഞാൻ ആവശ്യപ്പെട്ട പ്രകാരം കൊണ്ടുവന്നതാണ് ഞങ്ങളുടെ മാത്രം  ആവശ്യത്തിന്.”
ശോശാമ്മ ചോദിച്ചു
“അതെന്താ സോളി അങ്ങനെ? ഇവിടെ ഞങ്ങൾ നിങ്ങൾ എന്ന വ്യത്യാസമുണ്ടൊ?ഇതു നീ കെട്ടി വന്ന വീടല്ലേ?നമ്മളെല്ലാം ഒന്നല്ലേ?അങ്ങനെയല്ലേ വേണ്ടത് ”
മേരിമ്മക്ക് വീണ്ടും താൻ തീർത്തും വില കുറഞ്ഞവളായി പോകുന്നതു പോലെ തോന്നി. വേണ്ട രണ്ടു കൈയും കൂട്ടിയടിച്ചാലല്ലേ ഒച്ചയുണ്ടാകു. അവൾ സ്വയം നിയന്ത്രിച്ചു ഒന്നും മിണ്ടാതെ താനെടുത്ത തുണികളുമായി തോട്ടിലേക്ക് നടന്നു. ശോശാമ്മയുടെ ചോദ്യത്തിന് സോളി മറുപടി ഒന്നും പറഞ്ഞില്ല. അതിന്റെ ആവശ്യമില്ലെന്നവൾക്കു തോന്നിയിരിക്കാം അതൊ ധാർഷ്ട്യമോ? അവൾ അതും അതിനപ്പുറവും കാട്ടും. ശോശാമ്മ ചിന്തിച്ചെങ്കിലും താനായി  അതിനെ ഊതിപ്പെരുപ്പിക്കേണ്ടന്ന ചിന്തയിൽ ഒന്നും പറയാതെ അകത്തേക്കു  നടന്നു.
തുണി നനച്ചു കൊണ്ടിരുന്നപ്പോഴെല്ലാം മേരിമ്മ ഒന്നു മാത്രമെ ചിന്തിച്ചുള്ളു. സോളിക്ക് തന്നെ ഉൾക്കൊള്ളാനാകുന്നില്ല. താൻ എത്രയും അടുക്കാൻ ശ്രമിക്കുന്നൊ അത്രയും അകലുകയാണവൾ.

     ഇനി താൻ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സോളിയെ കുഞ്ഞന്നാമ്മയുടെ സ്ഥാനത്തു പ്രതിഷ്ടിക്കാം എന്നു കരുതിയ താൻ എത്ര മഠയി. വേണ്ട തനിക്കിനി അങ്ങനെ ഒരനുജത്തി വേണ്ട
കുഞ്ഞന്നാമ്മയുടെ സ്ഥാനം കുഞ്ഞന്നാമ്മക്കു മാത്രം.

About The Author

Leave a Reply

Your email address will not be published. Required fields are marked *