മിട്ടുപ്പൂച്ചയും ,മഞ്ഞക്കിളിയും – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

ബാല കഥ


മുറ്റത്തുള്ള തൈമാവിൽ ഓടിക്കയറുവാൻ ശ്രമിക്കുകയായിരുന്നു മിട്ടുപ്പൂച്ച. ഓരോ പ്രാവശ്യവും
ഓടിക്കയറുമ്പോൾ ഡും .എന്ന് അവൻ താഴെ വീഴും.പിന്നെയും ഉരുണ്ട് പിണഞ്ഞെഴുനേറ്റ് അവൻ
വലിഞ്ഞു കയറും. അവന്റെ പരാക്രമങ്ങൾ കണ്ട്
മാവിൻ കൊമ്പിലിരുന്ന മഞ്ഞക്കിളിക്ക് ചിരി വന്നു.
അവളിരുന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. ദേഷ്യം
വന്ന മിട്ടുപ്പൂച്ച മഞ്ഞക്കിളിയെ പിടിക്കുവാനായി
മരത്തിലേക്ക് പാഞ്ഞു കയറി. അത്ഭുതമെന്ന് പറയട്ടെ .ഇത്തവണ മിട്ടുപ്പൂച്ച വീണില്ല.അവൻ
മാവിൻ കൊമ്പിൽ പിടിച്ച് സന്തോഷത്തോടെ ‘മ്യാവൂ’ എന്ന് കരഞ്ഞു.
“നിന്റെ ദേഷ്യമൊക്കെ പോയോ മിട്ടൂ”.മഞ്ഞക്കിളി
സ്നേഹത്തോടെ ചോദിച്ചു.
മിട്ടു ആഹ്ലാദത്തോടെ വാലുയർത്തി നല്ലഗമയിൽ
മാവിൻ കൊമ്പിലിരുന്നു.മഞ്ഞക്കിളിയോടുള്ള
ദേഷ്യം മാറി അവനും അവളെ ഇഷ്ടമായി.
“കണ്ടോ ,ലക്ഷ്യം നേടാൻ പരിശ്രമിക്കുമ്പോൾ
നിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അതാണ് നിനക്ക് ദേഷ്യം വന്നത് .വിജയം
നേടുവാൻ പരിശ്രമത്തിനൊപ്പം ക്ഷമയും ആവശ്യമാണ്. അതിനിടയിൽ എന്നെപ്പോലെ
ചിലർ പരിഹസിക്കുവാനും ,തളർത്തുവാനുമൊക്കെ
കാണും. അതൊന്നും കേട്ട് മനസ്സു തളരരുത്.
ഉത്സാഹം വിടാതെ ലക്ഷ്യത്തിലേക്ക് നീങ്ങണം.”
മഞ്ഞക്കിളി പറഞ്ഞു.

“മഞ്ഞക്കിളിയേ നിന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ”.മിട്ടു മഞ്ഞക്കിളിയോട് കുശലം ചോദിക്കുവാൻ തുടങ്ങി.
“ഞാനൊരു ദേശാടനക്കിളിയാണ്.ഞങ്ങളുടെ രാജ്യത്ത് തണുപ്പ് കൂടിയപ്പോൾ കൂട്ടരുമൊത്ത് ചൂടുള്ള സ്ഥലം നോക്കി മുട്ടയിടുവാനായി ഇവിടേക്ക്
പറന്നു വന്നതാണ്”കിളി പറഞ്ഞു.
“ഇത്രയും ദൂരം പറന്നു വന്ന നീയൊരു കേമൻ
തന്നെ” മിട്ടു അത്ഭുതത്തോടെ കിളിയെ നോക്കി.
“ഇരുട്ടത്ത് ശബ്ദമുണ്ടാക്കാതെ പമ്മി നടന്ന് ഇരയെ
പിടിക്കുന്ന നീയുമൊരു മിടുക്കനാണ്.നനുത്ത രോമവും ,തിളങ്ങുന്ന കണ്ണുകളുമുള്ള നിന്നെ
കാണാൻ നല്ല ഭംഗിയുമുണ്ട്.”

പരസ്പരസ്നേഹവും ,ബഹുമാനവുമുള്ള മിട്ടുപ്പൂച്ചയും ,മഞ്ഞക്കിളിയും അങ്ങനെ നല്ല സുഹൃത്തുക്കളായി മാറി.

About The Author

Leave a Reply

Your email address will not be published. Required fields are marked *