ഒരിക്കലുമില്ല… – ഡോ.ആനിയമ്മ ജോസഫ്

Facebook
Twitter
WhatsApp
Email

പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.
പുറത്തു മാത്രമോ?
എന്റെ ഉള്ളിലും പെയ്യുന്നില്ലേ ഒരു മഴ…വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള മഴ…
അന്നു മുഴുവൻ ഞാൻ സങ്കടത്തിൽ ആയിരുന്നു…നഷ്ടപ്പെട്ടുപോയ എന്റെ പ്രണയത്തെ ഓർത്ത്…എന്നിൽ നിന്നും പിരിഞ്ഞുപോയ എന്റെ പ്രേയസിയെ ഓർത്ത്…

“ഗ്ലോറിയ… നീ ഇനി വരില്ലേ?”

ഒരു തവണ എന്റെ മനോഗതം ഉറക്കെയായിപ്പോയി എന്നറിഞ്ഞത് അതിനൊരു ഉത്തരം ഉടൻ തന്നെ കിട്ടിയപ്പോഴാണ്:

“ഒരിക്കലുമില്ല…”

ഒരു സ്ത്രൈണസ്വരം!

കിടന്നിടത്തു തന്നെ കിടന്നു തല പൊന്തിച്ചു നോക്കി.
ആരാണത് പറഞ്ഞത്?ആരെയും കണ്ടില്ല.

“ഗ്ലോറിയ…നീ വരുമോ?” ഒരിക്കൽ കൂടി ചോദിച്ചു, പരീക്ഷിക്കുവാൻ…

“ഒരിക്കലുമില്ല!”
അസന്നിഗ്ദമായ ഒരു സ്ത്രൈണസ്വരം വീണ്ടും!

“ഗ്ലോറിയ!”

അവൾ അവിടെ ഇല്ല എന്നറിഞ്ഞിട്ടും വിളിച്ചുപോയി.

മറുപടി ഇല്ല!

സോഫയിൽ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. ആരുടെ ശബ്ദമാണ്? വാതിൽ അടച്ചിരിക്കുകയാണ്. തുറന്നുകിടക്കുന്ന ജനലിന്റെ ഒരു പാളിയിലൂടെ ഇളം മഞ്ഞ സായാഹ്നവെളിച്ചം അകത്തേക്ക് അരിച്ചെത്തുന്നുണ്ട്…പുറത്തു നിൽക്കുന്ന ചെടിയിൽ നിന്നും തലനീട്ടുന്ന കോളാമ്പി പൂക്കൾ!

പരീക്ഷിക്കുവാൻ ഒരിക്കൽ കൂടി ചോദിച്ചു.

“ഗ്ലോറിയ…നീ വരില്ലേ…
?”
“ഇല്ല! ഒരിക്കലുമില്ല!!”

മറുപടി ഉടനുണ്ടായി!

ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി.പെട്ടെന്നാണ് ഒരു കാക്കയെ ശ്രദ്ധിച്ചത്. നീല നിറം കലർന്ന ഒരു കറുത്ത കാക്ക!
ഒന്നു ഞെട്ടി!
സംസാരിക്കുന്ന കാക്കയോ?
കോളാമ്പിപ്പൂക്കൾ പടർന്നുകിടന്ന ചെടിതണ്ടിൽ ഇരുന്ന കാക്ക എന്നെ ഒന്ന് ചെരിഞ്ഞുനോക്കി. ആ ‘ടിപിക്കൽ’ കാകനോട്ടം! ഒരു പരിഹാസഭാവം ആ നോട്ടത്തിൽ കലർന്നിരുന്നോ…
ഒന്ന് സന്ദേഹിച്ചു.

“എന്റെ ഗ്ലോറിയ ഇനി വരില്ലേ?” അവനെ നോക്കി ഞാൻ പരിക്ഷീണനായി ചോദിച്ചു.
ഉടൻ വന്നു ഉത്തരം:
“ഒരിക്കലുമില്ല! ഒരിക്കലുമില്ല!!”

“Nevermore” എന്നുകൂടി പറഞ്ഞോ എന്നൊരു സംശയം.എഡ്ഗാർ അലൻ പോ എന്ന കവിയോട് ആ അമേരിക്കക്കാരൻ കാക്ക(Raven)പറഞ്ഞതല്ലേ, ഇങ്ങനെ!

“എന്റെ ലെനോർ, നീ വരില്ലേ?” എന്ന് നിരാശനായ കാമുകകവി പറഞ്ഞപ്പോൾ ആ കാക്ക പറഞ്ഞ ഉത്തരം:”Nevermore!”

ഞാനെന്റെ ഗ്ലോറിയയുടെ കാര്യം ചോദിച്ചപ്പോളും അതു തന്നെ അനുഭവം!

അതോ,എനിക്ക് തോന്നിയതോ?

എന്റെ ചോദ്യവും കാക്കയുടെ മറുപടിയും അന്തരീക്ഷമണ്ഡലത്തിൽ ശബ്ദഘോഷത്തോടെ മുഴങ്ങിനൃത്തം വെച്ചു.
Nevermore…Nevermore എന്നു ആവർത്തിച്ചാവർത്തിച്ചു ശബ്ദവീചികൾ നൃത്തമാടി…
പെട്ടെന്ന് ഓർമ്മ വന്നു, ഡിക്കെൻസിന്റെ
(Charles Dickens)കാക്കയെ. എന്തിനും ഏതിനും ആ കാക്കയെ വേണമായിരുന്നു, ഡിക്കൻസിന്. സന്തതസഹചാരിയായിരുന്നു. അത് ചത്തുപോയപ്പോൾ ഡിക്കൻസ് ആകെ തകർന്നു പോയിരുന്നു എന്നു ചരിത്രം പറയുന്നു.

ഇവർക്കെല്ലാം മുൻപേ ഉണ്ടായിരുന്നതാണ് ബൈബിളിലെ നോഹയുടെ കാക്ക. ജലപ്രളയത്തിനു ശേഷം ഏഴാം മാസം നോഹയുടെ പെട്ടകം അറാറാത്തു പർവതത്തിൽ ഉറച്ചു. പാർവതത്തിന്റെ മുകൾ പരപ്പ് കാണുന്നത് പത്താം മാസം ആദ്യദിവസം. പിന്നീട് നാല്പത് ദിവസത്തിനുശേഷമാണ് നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്ന് ഒരു കാക്കയെ അയച്ചത്. എന്നാൽ വെള്ളം മുഴുവൻ ഭൂമിയിൽ നിന്നും ഇറങ്ങുന്നതുവരെ അത് കറങ്ങി കറങ്ങി പറന്നുകൊണ്ടിരുന്നുവെന്നാണ് പറയുന്നത്. അതേ പെട്ടകത്തിലെ പ്രാവാകട്ടെ, ഒരു കിളുന്ന് ഒലിവ് ഇലയും കൊത്തിയെടുത്തുകൊണ്ടാണ് മടങ്ങി വന്നത്.

ഇനി ബൈബിളിലെ പഴയനിയമം പ്രവാചകനായിരുന്ന എലിയാവിന്റെ കാര്യം എടുക്കാം
കെരിത്തു തോട്ടിനടുത്തു ചൂരച്ചെടികൾക്ക് മറവിൽ ഒളിച്ചിരുന്ന എലിയാവിനെ യഹോവ കാക്കകളെക്കൊണ്ടു എന്നും രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും കൊടുപ്പിച്ചാണ് പോറ്റിയത്! അറിയാമോ? കെരിത്തു തോട്ടിലെ വെള്ളവും കുടിക്കും.

പക്ഷെ, ഇതെന്തൊരു തല തിരിഞ്ഞ കാക്ക. “ഒരിക്കലുമില്ല…ഒരിക്കലുമില്ല…” എന്ന കോറസുമായി കോളാമ്പിപ്പൂക്കളുടെ ഇളം തണ്ടുകളിലിരുന്നൂയലാടുന്നു! ഇടക്കിടെ പരിഹാസത്തോടെ എന്നെ പാളി നോക്കുന്നുണ്ടോ എന്നൊരു തോന്നൽ…

കുഞ്ഞുന്നാളിൽ പഠിച്ച ഒരു കാക്കപ്പാട്ട് ഓർമ്മ വരുന്നു. എത്ര പാവം കാക്കയായിരുന്നു, വൈലോപ്പിള്ളിയുടെ കാക്ക: തങ്കപ്പെട്ട കാക്ക!
“കൂരിരുട്ടിൻ കിടാത്തിയെന്നാൽ, സൂര്യപ്രകാശത്തിനുറ്റ തോഴി…”എത്ര നല്ല കാക്കയായിരുന്നു,അത്!
ഇതെന്തൊരു തല തിരിഞ്ഞ, തർക്കുത്തരം പറയുന്ന കാക്ക!

അറിയാതൊരു ആത്മഗതം നെഞ്ചിൽ നിന്നും പുറപ്പെട്ടു:
“ഗ്ലോറിയ…നീ വരില്ലേ…?”
ഉടൻ തന്നെ ഉത്തരം പല്ലവിയും അനുപല്ലവിയുമായി കോളാമ്പിപ്പൂക്കളുടെയിടയിൽ നിന്നും വന്നുകഴിഞ്ഞു:
“ഒരിക്കലുമില്ല; ഇല്ല;ഇല്ല; ഒരിക്കലുമില്ല!”

 

About The Author

Leave a Reply

Your email address will not be published. Required fields are marked *