മൊബൈൽ – സാക്കിർ – സാക്കി

Facebook
Twitter
WhatsApp
Email

മിനിക്കഥ
സാക്കിർ – സാക്കി
നിലമ്പൂർ

ഇന്നത്തെ കഥ ഒരൽപം ആനുകാലികമാവട്ടെ. നിത്യജീവിതത്തിൽ മൊബൈൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാവാം. ഞാനാലോചിച്ചു.
എൻ്റെ ഭാര്യയടക്കമുള്ള ഇന്നത്തെ തലമുറയുടെ ഫോൺ അഡിക്ഷനെക്കുറിച്ച് ഉള്ളിൽ തട്ടുന്ന വിധം ഒരു കഥയെഴുതണം. എൻ്റെ ഉമ്മയടക്കം എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് ഇത് വായിക്കുമ്പോൾ അവൾ കൂടി മനസ്സിലാക്കണം.

അങ്ങനെ ഞാനെഴുതാൻ തുടങ്ങി.

“എൻ്റെ ഉമ്മ പുലർച്ചെ എണീറ്റ് പ്രാർത്ഥിക്കുമായിരുന്നു.

കൊത്തിച്ചെറുതാക്കിയ വിറകുകഷ്ണങ്ങളിലേക്ക് ഊതിയൂതി തീപടർത്തി പുകചൊവയ്ക്കുന്ന കട്ടൻചായ ഉണ്ടാക്കുമായിരുന്നു.

അമ്മിയിൽ അരച്ച മസാലക്കൂട്ടുകൾ കൊണ്ട് നാവിൽ രുചിയുടെ പാണ്ടിയും പഞ്ചാരിയും തീർക്കുമായിരുന്നു.

കിണറിൽ നിന്ന് വെള്ളം കോരി അലക്കുകല്ലിൽ അലക്കി , വെയിലത്തഴയിലിട്ട്
ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വെക്കാറുണ്ടായിരുന്നു.

എനിക്ക് പനിച്ചു വിറക്കുമ്പോൾ ഞാൻ ചോദിക്കാതെ തന്നെ എനിക്ക് കടുപ്പമുള്ള ചുക്കുകാപ്പി അനത്തി തരുമായിരുന്നു.

വീട്ടിൽ വിരുന്നുകാർ വന്നാൽ അവരെ നന്നായി സൽക്കരിക്കുമായിരുന്നു.

അയൽപക്കക്കാരെ കേൾക്കാൻ സമയം കണ്ടെത്തിയിരുന്നു.

തീർച്ചയായും എൻ്റെ ഉമ്മാക്ക് മൊബൈൽ ഫോണോ അതിൽ വാട്ട്സപ്പോ ഫെയ്സ്ബുക്കോ ഉണ്ടായിരുന്നില്ല. ”

ഉഷാറൊരു കഥ എഴുതിപ്പൂർത്തിയാക്കി ഞാൻ മൊബൈലിൽ നിന്ന് തല ഉയർത്തി നോക്കിയപ്പോൾ പുച്ഛഭാവത്തോടെ ചിറി കോട്ടി നിൽക്കുന്നു ഭാര്യ.

“ഇര്വത്തിനാല് മണിക്കൂറും ആ മൊബൈല്മ്മെ തോണ്ടിങ്ങനെ ഇര്ക്കാതെ ഒന്നു പോയി കുൾച്ചൂടെ മൻസാ ങ്ങക്ക്.. ഹൗ….
എന്താന്നറ്യോ…?”

എൻ്റെ ഉദ്ദേശലക്ഷ്യം ബൂമറാംഗ് പോലെ തിരിച്ചു വന്നത് കണ്ടില്ലേ നിങ്ങൾ….?

സാക്കി

About The Author

Leave a Reply

Your email address will not be published. Required fields are marked *