LIMA WORLD LIBRARY

അറിവും അന്ധവിശ്വാസവും – ശ്രീ മിഥില

ഗ്രാമത്തിലെ സ്ത്രീകൾക്ക് യോഗിയായ സിദ്ധനെ വിശ്വാസവും സ്നേഹവും ആരാധനയുമാണ്. മതാന്ധതയുള്ള, വിദ്യാഭ്യാസം കുറവുള്ള കുറേ ആൾക്കാർ. ഭംഗിയുള്ള ഗ്രാമം. ഉണക്കാനിട്ടിരുന്ന ഗോതമ്പുമണികൾ വാരിയെടുത്തു വായിലിട്ടു ഓടിപ്പോകുന്ന മാധുരി. ഒരുവശത്തു മുളകുമാങ്ങാ അങ്ങനെ പലതും ഉണക്കാൻ നിരത്തിയിട്ടുണ്ട്.
“ഒന്ന് സഹായിക്കൂ കുട്ടീ . ചെറിയ കുട്ടിയെന്നാ വിചാരം.”
ദാവണിയുടെ കോന്തലയിലെ കണ്ണാടിപ്പൊട്ടുകൾ അവളുടെ കണ്ണിലെ പ്രകാശത്തിൽ തിളങ്ങി. “അമ്മാ മേ ഗംഗാ പ്രസാദ്ജി കെ പാസ്സ് ജാരെ.” (ഞാൻ ഗംഗാ ജിയുടെ അടുത്ത് പോകുന്നു.)
“ഇന്ന് ആരതിയുണ്ട്. അമ്മ വരുന്നില്ലേ? “ഇല്ല കുട്ടീ അദ്ദേഹത്തിനുള്ള അച്ചാർ തയ്യാറാക്കട്ടെ. സമാൽ കെ ജാവോ ബേട്ടി” (സൂക്ഷിച്ചു പോകൂ. )
കാൽ നിറഞ്ഞുനിൽക്കുന്ന കൊലുസുകൾ കിലുക്കിയ ശബ്ദം അകന്നുപോയി. ഇന്നു പ്രഭുവിന്റെ ആരതി. മഞ്ഞൾതളിച്ചു ഒരു പെൺകുട്ടിയെ പൂജക്കെടുക്കും ആരാണാവോ ആ ഭാഗ്യവതി.

ഭക്തിനിർഭരമായ അന്തരീക്ഷം. ഗ്രാമവാസികൾ സാകൂതം നോക്കിനിൽക്കുന്നു. ആരതിക്കിടയിൽ കുസൃതികാട്ടി പാവാടയിൽ കാലുടക്കിയൊന്നുവീണുപോയി മാധുരി.
ഗംഗാപ്രസാദിന്റെ ശ്രദ്ധയിൽപെട്ട അവളെ പുഞ്ചിരിയോടെവന്നു അദ്ദേഹം മഞ്ഞൾകുടഞ്ഞു സ്വീകരിച്ചു. ആർപ്പുവിളികളും ബഹളങ്ങളും. അവളുടെ പാദുകപൂജ ചെയ്തു അവളെ സ്വീകരിച്ചു അകത്തേക്ക് കൊണ്ടുപോയി. അന്നു രാത്രി അവിടെ ചിലവിട്ട് നാളെരാവിലെ ഒരു ദേവിയെപ്പോലെ അലങ്കാരങ്ങളോടെ വീട്ടിലേക്കു പ്രത്യേകം തയ്യാറാക്കിയ മഞ്ചലിൽ കൊണ്ടുചെന്നാക്കും.
അതാണ് പതിവ്.

പിറ്റേന്ന് അനുഗ്രഹീതയായ മകളെ സ്വീകരിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.
സർവ്വാഭരണവിഭൂഷിതയായ അവളെക്കണ്ട് ആളുകൾ ദൃഷ്ടിയുഴിഞ്ഞു. ഇനി അവൾക്ക് ഒരു നല്ല ചെക്കനെ കണ്ടെത്തണം അതാണ് നാട്ടുനടപ്പ്.

കുഞ്ഞുനാൾ മുതൽ ഹീരയും മാധുരിയും നല്ല ചെങ്ങാത്തത്തിലാണ് . രണ്ടുപേരും കാണാതിരിക്കില്ല ഒരുനാൾപോലും.
“നമുക്ക് ഇന്നു ഹീരയുടെ അച്ഛനെ കണ്ടു സംസാരിക്കാം. നമ്മുടെ മകൾ വധു ആകാനുള്ള സമയമായി. പ്രഭുവിന്റെ അനുഗ്രഹം കിട്ടിയവൾ.”അവർ മതിമറന്നു.
മാധുരിയിൽ ഒരുതരം മരവിപ്പ് മാത്രമായിരുന്നു. ഒന്നിലും താൽപ്പര്യമില്ലാത്തപോലെ. “ഇന്നു അച്ഛൻ ഹീരയുടെ പിതാവിനെ കാണാൻ പോകുന്നു മോളേ.”
അവൾ ഒന്നും മിണ്ടിയില്ല. അവൾ ഒരു മഞ്ഞുകട്ടപോലെ തണുത്തിരുന്നു. അവളുടെ ഉള്ളുപിടയ്ക്കുന്നു. അവൾ മുട്ടിൽ തലയുംവെച്ചു കുനിഞ്ഞിരുന്നു. “ബേട്ടി കൊ ക്യാ ഹുവാ?”( മോൾക്ക് എന്തു പറ്റി?”)
പിതാജി അവളെ ചേർത്തുപിടിച്ചു നിറുകയിൽ ചുംബിച്ചു.
അവൾ അറിയാതെ വിതുമ്പിപ്പോയി.

അന്നു സന്ധ്യയോടെ ഹീരാ വീട്ടിലേക്കു വന്നു. അവൻ വളരെ സന്തോഷവാനായിരുന്നു. മാധുരിയുടെ അമ്മ അവനുവേണ്ടി പ്രത്യേകം ചായ തയ്യാറാക്കാൻ അകത്തേക്ക് പോയി.
ഹീരയുടെ കണ്ണുകൾ വികാരംകൊണ്ടു തിളങ്ങി. അവൾ സ്വന്തമാകാൻ പോകുന്നു. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
പെട്ടന്ന് മാധുരി അവന്റെ കൈ തട്ടിമാറ്റി പൊട്ടിക്കരഞ്ഞുകൊണ്ടു പുറത്തെ ബദാംമരത്തിന്റെ താഴെ നിഴൽവീണ വഴിയിലേക്ക് നോക്കി വിതുമ്പി. എത്ര സ്വപ്‌നങ്ങൾ എന്തൊക്കെ. പ്രഭുവിനോപ്പമുള്ള പൂജയും ആരതിയും അവളെ ഏതോ ഭീതിയുള്ള ഓർമ്മകളിൽ തള്ളിയിട്ടു. അവൾ ആഴത്തിലേക്ക് പതിച്ചു. കര കാണാതെ കൈകാലിട്ടടിച്ചു.

“അരെ മേരി റാണി മധു”
അവൻ പ്രണയത്തോടെ അവളെ വിളിച്ചു. അവൾ മുഖമുയർത്തിയില്ല. പൂജയെന്ന മറവിൽ ഗംഗാപ്രസാദ് എന്ന പ്രഭുവിന്റെ ലീലകൾ അവൾ പൊട്ടിക്കരഞ്ഞുകൊണ്ടു തന്റെ പ്രിയനേ അറിയിച്ചു. ഹൃദയം നിന്നുപോകുമോ എന്ന് ഹീര ഭയന്നു. അവളുടെ കൈകൾ തന്റെ കൈക്കുമ്പിളിലാക്കി കുറച്ചു സമയം അവൻ അങ്ങനെ ഇരുന്നു.

ചായയുമായി അമ്മ വന്നപ്പോൾ ഹീര അവരെ വിവരങ്ങൾ ധരിപ്പിച്ചു. അടുത്ത ദിവസം പഞ്ചായത്ത് വിളിച്ചുകൂട്ടാൻ അവൻ തീരുമാനിച്ചു. ഒപ്പം നിൽക്കാൻ പലരും മടിച്ചു. വിവാഹിതരായി സുഖമായി കഴിയുന്ന കൂട്ടുകാരിൽ പലരും കേട്ടറിഞ്ഞെത്തി. അവൾക്കൊപ്പം സാക്ഷിപറയാൻ അവരും എത്തി. പ്രഭുവിന്റെ ചെയ്തികൾ ഒരു അനുഗ്രഹംപോലെകണ്ട ആ പെൺകുട്ടികൾ ഇന്നേവരെ ആരോടും പറയാതെ മറച്ചുവെച്ചു.
ഹീരയുടെ തീരുമാനം ഉറച്ചതായിരുന്നു.
സർപഞ്ച്(പഞ്ചായത്ത് അധികാരി ) ഒഴിഞ്ഞുമാറാൻ പറ്റാത്ത അവസ്ഥയിൽ പ്രഭുവിനെതിരെ ശിക്ഷ പ്രസ്ഥാവിച്ചു. അതിനുംപുറമെ പട്ടണത്തിൽനിന്നും പോലീസ് അധികാരികൾ സഥലത്തെത്തി അയാളെ വിലങ്ങുവെച്ചു. അതിനുള്ള ഏർപ്പാടുകൾ ഹീരയും കൂട്ടുകാരും ചെയ്തിരുന്നു.

അന്നു ഗ്രാമത്തിൽ ഉത്സവമായിരുന്നു. മാധുരിയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുമ്പോൾ ഹീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒപ്പംകൂടി നിന്നവരുടെയും.

പിറ്റേന്ന്തന്നെ ഹീരാ വക്കീൽപഠനത്തിനുള്ള അപേക്ഷഫോറം തയ്യാറാക്കി.
ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും നല്ല വിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകളും ചെയ്തു.
അങ്ങനെ ഒരു വിഭാഗത്തിന്റെ യെങ്കിലും അജ്ഞത മാറ്റാൻ അവൻ ആവുന്നതും പ്രയത്നിച്ചു.


കഥ : അറിവും അന്ധവിശ്വാസവും
രചന : ശ്രീ മിഥില

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px