പെൺമ – റമീഷ ബക്കർ

Facebook
Twitter
WhatsApp
Email
ഒഴിഞ്ഞ അടുക്കളയുടെ വൃത്തിയായി തുടച്ചിട്ട ആ തിണ്ണയിലിരുന്ന് അവൾ ആകാശത്തെ നോക്കി.. ഒഴിവുള്ള സമയങ്ങളിൽ ഇങ്ങനെ ആകാശത്തെ നോക്കിയിരിക്കുമ്പോൾ ഒരു ആനന്ദമായിരുന്നു അവൾക്ക് .
മേഘങ്ങൾ ചലിക്കുന്നതും മഞ്ഞ് മൂടുന്നതും
 സൂര്യവെളിച്ചം പരക്കുന്നതും എല്ലാം ആകാശത്തിൽ ലയിക്കാൻ ബഹുരസമായി അവൾക്കു തോന്നി..
    ഈ ആകാശത്തെ ഇങ്ങനെ നോക്കിയിരിയ്ക്കാൻ അവൾ പഠിച്ചത് എന്നാണെന്ന് അവൾക്ക് വ്യക്തമായ ഓർമ്മയുണ്ട്. ഒരു ദിവസം സ്വന്തം വീട്ടിൽ നിന്ന് ഫോൺ വന്നു.   അമ്മയായിരുന്നു. മോളെ നമ്മുടെ അയൽപക്കത്തെ  അമ്മു അമ്മ മരിച്ചു. നീ വരുന്നില്ലെ  നിന്നെ ചെറുപ്പത്തിൽ ഒരുപാട് നോക്കിയ ഒരമ്മയാണ് നിന്റമ്മയെ പോലെ തന്നെ യല്ലെ നിനക്ക് അവരും.
     ഉടനെ തന്നെ അമ്മു അമ്മയെ കാണണമെന്നു തോന്നി … ഭർത്താവിന്റെ അമ്മയ്ക്കു മുൻപിൽ പേടിച്ച് ആദരവോടെ ചെന്ന് പറഞ്ഞു അമ്മാ എന്റെ വീടിനടുത്ത ഒരു അമ്മ മരിച്ചു ഞാനങ്ങോട്ട് പോകട്ടെ …
      രൂക്ഷമായ ഒരു നോട്ടം പരിഹാസത്തോടെയുള്ള ചിരി ഇതു രണ്ടും കൂടിക്കലർന്ന ആ സംസാരം വെറുപ്പുളവാക്കുന്നവയായിരുന്നു.
അയൽപക്കത്തെ സ്ത്രീ മരിച്ചതിന് നീ എന്തിന് പോകണം .
അതല്ല ചെറുപ്പത്തിൽ എന്നെ ഒരു പാട് നോക്കിയിട്ടുള്ള സ്ത്രീയാ..
     ഇപ്പോ പരിഹാസ ചിരികാരണം അമ്മായിഅമ്മയുടെ മുഖം വികൃതമായി …
അതെ ചെറുപ്പത്തിൽ അങ്ങനെ പലവരും എടുത്തു കൊണ്ട് നടന്നിട്ടുണ്ടാകും  ഇങ്ങനെയുളള പല കാരണങ്ങളും പറഞ്ഞ് ഈ വീട്ടിന്ന് ഇങ്ങനെ പുറത്ത് പോകാം എന്ന്  കരുതണ്ട ഞങ്ങൾ അടക്കോം ഒതുക്കോം ഉള്ള കുടുംബക്കാരാ ആവശ്യത്തിന് മാത്രമേ  ഇവിടുന്ന് സ്ത്രീകൾ പുറത്തിറങ്ങു.
മാത്രമല്ല നീ ദിവസവും പഠിക്കാനെന്നും പറഞ്ഞ് പുറത്ത് പോകുന്നുണ്ടല്ലോ അതു തന്നെ ഞങ്ങളുടെ ഔദാര്യമെന്ന് കൂട്ടിയാൽ മതി കല്ല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ഇങ്ങനെ അഴിഞ്ഞാടി നടക്കാറുണ്ടോ എവിടേലും :
ഒന്നും മിണ്ടിയില്ല ഫോണെടുത്ത് ഭർത്താവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
അമ്മ അങ്ങനെ പറഞ്ഞെങ്കിൽ എന്നാൽ അതു തന്നെ കേൾക്കുകയാണ് നല്ലത്. അമ്മയെ പിണക്കുന്നത് ബുദ്ധിയല്ല ഞാനെപ്പഴും നിന്റെ കൂടെ ഉണ്ടാകില്ല. അമ്മയെ ഉണ്ടാകൂ..
         ഈർഷ്യവും സങ്കടവും ഒരുമിച്ച് വന്നപ്പോൾ സ്വന്തം മുറിയിലേയ്ക്ക് ഓടി .
കൗമാരവും യുവത്വവും സ്വപ്നം കണ്ടു നടന്ന മണിയറ … സന്തോഷങ്ങളും ആനന്ദങ്ങളും കളിയാടുന്ന,  ഭർത്താവിന്റെ പുന്നാരങ്ങൾ ഏറ്റുവാങ്ങുന്ന മണിയറ പക്ഷെ ഇന്നെനിക്ക്
 അവിടെ എത്തിയപ്പോഴാണ് തന്റെ തലയിണയും ആ മുറിയുടെ ചുമരുകളും തന്നെ ദയനീയതയോടെ  നോക്കുന്നത് കണ്ടത്.
തന്റെ കണ്ണീർക്കണങ്ങൾ ഏറ്റുവാങ്ങി അവർ മരവിച്ചിരിക്കുന്നു..
ആ അടുക്കളയുടെ ഒരു മൂലയിൽ ചെന്നപ്പോഴാണ് പുറത്തെ വിശാലമായ  തിണ്ണകണ്ടത്. അവിടെ ഇരുന്നു … കരയാൻ അപ്പോഴേക്കും മടുപ്പ് തോന്നിയിരുന്നു.   വെറുതെ എന്നോണം അടുത്തുള്ള തെങ്ങിൻ മുകളിലേയ്ക്ക് നോക്കി അപ്പോഴതാ വെളുത്ത പഞ്ഞി കട്ടകൾ തന്നെ നോക്കി ചിരിക്കുന്നു …
മനസ്സിനൊരു ആശ്വാസം   അതാ ഒരു മേഘ കീറ് തന്നോട് പറഞ്ഞു.. ഈ സമയവും കടന്നു പോകും..
ആശ്വാസത്തോടെ ആ മേഘ കീറിനെ നോക്കി ചിരിച്ചു.
മേഘകീറ് തന്നോട് പറഞ്ഞ സമയങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ ദുരിത സമയങ്ങൾ കടന്നുവന്നുകൊണ്ടിരുന്നു.
       ഭർതൃവീട്ടിൽ ചെന്നാൽ അനുസരിക്കേണ്ട ചിട്ടവട്ടങ്ങൾ പഠിപ്പിച്ച തന്റെ വളർച്ചാ ഘട്ടങ്ങൾ ഓർമ്മിക്കുന്ന തന്റെ വീട്ടിൽ എന്നിരുന്നാലും എവിടെയൊക്കെയോ തനിക്കൊരു സ്വാതന്ത്ര്യമുണ്ടായിരുന്നതായി അവൾക്ക് തോന്നി.
     ഇതൊരു ജയിലറയാണ് വല്ലാത്ത ജയിലറ.
കുറ്റം ചെയ്യാത്ത പെൺകുട്ടികളെ ഒരുപാട് സ്വർണ്ണവും പണവും കൊടുത്ത് ജയിൽ വാർഡന്റെ അട്ടഹാസങ്ങൾ, ആജ്ഞാപനങ്ങൾ അനുസരിച്ച് ചലിക്കാൻ വിധിക്കപെട്ട യുവതികളുടെ  ജയിലറ…
     ആ ആകാശത്തിൽ ലയിച്ചിരിക്കുമ്പോൾ വീണ്ടും വന്ന ആ ആജ്ഞാപനം. എന്തിനാ നീ വെറുതെയിരിക്കുന്നെ   അവിടെ  തെങ്ങോലകൾ വെള്ളത്തിൽ കുതിർത്തിട്ടിരിക്കുന്നു   അതെടുത്ത് ചൂലുണ്ടാക്കൂ…
   പലവരും പറയുന്നത് കേട്ടിട്ടുണ്ട് ഈ അമ്മായിയമ്മമാർ അതി ഭയങ്കരികളാണെന്ന് പക്ഷെ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.
സ്വന്തം വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേയ്ക്കുള്ള മാറ്റത്തിൽ സ്വന്തം അമ്മയെ മിസ്സ് ചെയ്യാതിരിയ്ക്കാൻ വേറൊരമ്മ അത്രമാ ത്രമായിരുന്നു മനസ്സിൽ
എല്ലാം സഹിക്കാം അയൽപക്കത്തെ വീടുകളിൽ പോയി എന്റെ കുറ്റവും കുറവും പറഞ്ഞ് അവിടത്തെ പെണ്ണുങ്ങളെയും കൂട്ടി  തന്നെ പഠിപ്പിക്കാൻ ഒരു വരവുണ്ട്. തീരെ സഹിക്കാൻ കഴിയാത്തവ.
     ഈ ഭാര്യ എന്നു പറയുന്നത് അനുസരിക്കേണ്ടവൾ എന്നാണോ… മരുമകൾ എന്നു പറയുന്നത് സഹിക്കേണ്ടവൾ എന്നാണോ …
   സ്വന്തം വീട്ടിൽ ചെന്ന്  പരാതി പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയുള്ള അടയാളപ്പെടുത്തലായിരുന്നു.
എനിക്കിനി അവിടത്തെ വേലക്കാരിയായി കഴിയേണ്ട .  മടുത്തു .. എന്തിനെനിക്ക് ഇട്ടുമൂടാനുള്ള പണവും സ്വർണ്ണവും തന്നു  ഒരു യജമാനനെയും അവിടത്തെ വാല്യക്കാരിയെയും തന്നു.
 കുറെയൊക്കെ  കണ്ടും കേട്ടും സഹിച്ചും നിൽക്കണം. പെണ്ണുങ്ങൾ എന്നു പറഞ്ഞാൽ അങ്ങനാ ഒരു കുടുംബ വ്യവസ്ഥയുടെ തുടക്കമാ നിന്റെ .അത് ഭർത്താവിന്റെ വീട്ടിലാ തുടങ്ങണ്ടേ    ഇവിടല്ല..
  അപ്പോ നിങ്ങൾക്ക്  എന്നെ ഭാരമായിട്ട് ഒഴിവാക്കിയത് തന്നെയാണല്ലെ…
അങ്ങനല്ല ഒരു നാട്ടുനടപ്പ് അങ്ങനെയാ നീ എന്നും ഞങ്ങളുടെ മോള് തന്നെയല്ലെ…
    കൂടുതലൊന്നും പറയാൻ തോന്നിയില്ല തിരിച്ച് ഭർത്താവിന്റെ വീട്ടിലേയ്ക്ക് തന്നെ പോയി..
 സ്വന്തം വീട്ടുകാർ കൂടെ കൂടെ വരുന്നു. വിലപിടിപ്പുള്ള സാധന സാമഗ്രികൾ . വീട്ടിലേയ്ക്ക് കൊണ്ടുവരുന്നു. അമ്മായിയമ്മയുടെ മുഖം വികസിപ്പിക്കുന്നു. ഭർത്താവിന്റെ മനം കുളിർപ്പിക്കുന്നു.
എന്തിന്? ആ ചോദ്യം മാത്രം എന്നിൽ അവശേഷിക്കുന്നു.
 ഒരു ജോലി, സമാധാനമായി കിടക്കാനൊരിടം . ഇത്ര മാത്രമെ എനിയ്ക്ക് വേണ്ടുള്ളൂ. ഒരു ഭർത്താവ് വേണംന്ന് തോന്നുകയാണെങ്കിൽ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ പങ്കാളിയാക്കാം.  അതിനെന്തിന് കുറെ സ്വർണ്ണവും പണവും.
ഇന്നെനിക്കിങ്ങനെ ആകാശത്തെ നോക്കിയിരിയ്ക്കാൻ വലിയൊരു കാരണമു ണ്ടായി …
അയൽപക്കത്തെ സ്ത്രീയുമായി വന്ന് അമ്മായിയമ്മ ഒരു പ്രധാന കാരണം പറഞ്ഞു.
കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു. ഇത്രേം ആയിട്ടും എന്താ പ്രസവിക്കാത്തതെന്ന് നാട്ടുകാർ ചോദിക്കുന്നു.  “നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ പെണ്ണേ ” ഇത് ചോദിച്ചത് അയൽപക്കത്തെ സ്ത്രീയായിരുന്നു.
         അതെ എന്റെ കോഴ് സൊന്ന് കഴിഞ്ഞോട്ടെ.. എന്നിട്ട് തീരുമാനിക്കാം ഇതൊക്കെ . പിന്നെ അമ്മയ്ക്ക് എന്നോടെന്തെങ്കിലും ചോദിയ്ക്കണമെങ്കിൽ നേരിട്ട് ചോദിയ്ക്കാം എന്തിനാ ഇവരുമായി…
അതെന്താടീ എന്നെ നിനക്ക് പിടിച്ചില്ലെ ..
ഞങ്ങളിവിടെ സ്വന്തക്കാരെ പോലെയാ കഴിയുന്നെ . അയൽപക്കത്തെ സ്ത്രീ രോഷം കൊണ്ടു.
അതെ എന്നെ ഈ വീട്ടിലേക്കാണ് കെട്ടി കൊണ്ട് വന്നത് എന്റെ കാര്യം നോക്കാൻ ഇവിടെ ആളുകളുണ്ട് നിങ്ങൾ അതിൽ ഇടപെടണ്ട.
ഒരു സ്ത്രീ എപ്പോ ഗർഭം ധരിക്കണം പ്രസവിക്കണം എന്നു തീരുമാനിക്കുന്നത് അവളാണ് അതിന് മറ്റുള്ളവരുടെ ചൊറിച്ചിൽ കേൾക്കാൻ എനിയ്ക്ക് സമയമില്ല…
പിന്നീടങ്ങോട്ട് നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു.
   വൈകിട്ട് ഭർത്താവ് വീട്ടിൽ വന്നപ്പോൾ  നെഞ്ചത്തടി ആർപ്പ് വിളി…
മോനെ എനിക്കീ  ഗതി വന്നല്ലോ…
വയസ്സിന് മൂത്തവരെ ബഹുമാനിയ്ക്കാൻ പഠിക്ക് . അവരെ അനുസരിയ്ക്കാൻ പഠിക്ക് . “ശേഷം ഒരു പരിഹാസ ചിരി.”..
ഹും അതെങ്ങിനാ അതൊക്കെ വീട്ടിൽ
നിന്ന് പഠിച്ചിട്ട് വേണ്ടേ…
അമ്മ പറഞ്ഞതിൽ എന്താ തെറ്റ് അല്ലെങ്കിൽ തന്നെ നീയൊക്കെ പഠിച്ചിട്ട് എന്താക്കാനാ…
കോഴ്സ് കഴിഞ്ഞ് കുട്ടികളുണ്ടായാലും നിനക്ക് ജോലിയ്ക്ക് പോകാൻ പറ്റുമോ..
ഭർത്താവിന്റെ രോഷത്തിനു മുമ്പിൽ തകർന്നു പോയി
തന്റെ വ്യക്തിത്വത്തെ എന്തിനിങ്ങനെ ചൂഷണം ചെയ്യുന്നു. ഞാനാരുടെ ക്കെയോ അടിമയായി മാറിയിരിക്കുന്നു.
പ്ലസ്ടു പഠനം കഴിഞ്ഞ്  കഷ്ടപ്പെട്ട് നേടിയ എൻട്രൻസും എഞ്ചിനീയറിംഗിന് കിട്ടിയപ്പോൾ തോന്നിയ ആഹ്ലാദവും, തനിക്കൊരു സംരക്ഷൻ വരുമെന്ന കൗമാര സ്വപ്നവും അവളെ നോക്കി കൊഞ്ഞനം കുത്തി .
 എവിടന്നാണ് തനിയ്ക്ക് നീതിയുള്ളത് .
പരാതി പറഞ്ഞാൽ രണ്ടു കൂട്ടരെയും താക്കീതും തന്നു വിടുന്ന പോലീസ് സ്റ്റേഷനിലോ.. നിന്റെ ജീവിതം ഇനി അവിടെ മാത്രം എന്നുറപ്പിച്ച സ്വന്തം വീട്ടിലോ …
ഇല്ല.. ആകാശമേ… എന്റെ സമയം കടന്നുപോയി കൊണ്ടിരിയ്ക്കുന്നു.   ഞാൻ നിന്നിൽ തിളങ്ങുന്ന നഷത്രമാകാം…
ഈ ഭൂമി എനിയ്ക്ക് മടുത്തിരിക്കുന്നു.
ഞാൻ സൂക്ഷിച്ച  വിഷക്കായ്കൾ എന്നിൽ പ്രവർത്തിപ്പിക്കാൻ സമയമായിരിക്കുന്നു…
       പെട്ടെന്നൊരു വെള്ളിടി … കൂടെ ഒരു മിന്നൽ പിണറും. ആകാശം തന്നോട് ദേഷ്യപ്പെട്ട പോലെ .
      തുടർന്ന് ആകാശം പൊഴിച്ച കണ്ണീർ കണത്തിൽ അവൾക്ക് ഒരു കാര്യം മനസ്സിലായി. ഒരു പീറചെക്കനും വിവരമില്ലാത്ത തള്ളയ്ക്കും വേണ്ടി ത്യജിക്കാനുള്ളതല്ല തന്റെ ജീവിതം.
തനിക്കിനിയും ഒരുപാട് ജീവിതമുണ്ട് ഒരു പാട് അനുഭവങ്ങളുണ്ട്. ഒരു പാട് സ്വപ്നങ്ങളുണ്ട് താനെന്ന വ്യക്തി താൻ മാത്രമാണ്. തന്റെ സ്വകാര്യതയും സ്വപ്നങ്ങളും തന്റെ അമൂല്ല്യ സമ്പത്താണ്.
ആ മഴ തുള്ളികൾ കൈകളിലെടുത്ത് അവൾ പ്രതിജ്ഞ പോലെ മനസ്സിൽ ഉരുവിട്ടു.
      അവൾ അവിടുന്നെണീറ്റു ഏറ്റവും വലിയ ദൈര്യത്തോടെ റൂമിലേയ്ക്ക് നടന്നു.
രാത്രി 12
മണി ആയിരിക്കുന്നു.
പെട്ടെന്നാണ് കോളിംഗ് ബെൽ കേട്ടത്
അമ്മയായിരിക്കാം വാതിൽ തുറന്നു കൊടുത്തത്.
പുള്ളിക്കാരൻ മുറിയിലേക്ക് വന്നപ്പോൾ തന്നെ
നല്ല വീര്യം കൂടിയ മദ്യത്തിന്റെ മണമുണ്ടായിരുന്നു.
നിലത്തുറക്കാത്ത കാലുമായി
കിടക്കയിലേക്ക് മറിഞ്ഞപ്പോൾ
ഞാനറിയാതെ ഒന്നു താങ്ങി .
“എൻറെ അമ്മോ
അപ്പോ എന്നെ നോക്കിയ ഒരു നോട്ടം “
വെറുപ്പോ,അവജ്ഞയോ,ദേഷ്യമോ
ഒന്നും വേറിട്ട് എനിക്ക് അതിൽ നിന്ന് വായിച്ചെടുക്കാനാ യില്ല . കാരണം എല്ലാം കൂടി കലർന്ന ഒരു വേറൊരു മുഖമായിരുന്നു അത്.
പെട്ടെന്നാണ് വാതിലിൽ ഒരു തട്ടു കേട്ടത്
മോനേ നിനക്ക് ഭക്ഷണം കഴിക്കണ്ടേ …
വാതിൽ തുറന്ന
എന്റെ മുഖത്തേയ്ക്ക് നോക്കി
മദ്യലഹരിയിൽ തളർന്നുകിടക്കുന്ന
മകനെ
നോക്കിക്കൊണ്ട്
പരിഹാസരൂപേനെ
ആ സ്ത്രീ പിറുപിറുത്തു .
അതെങ്ങനാ
വീട്ടിലിരിക്കുന്ന സ്ത്രീകൾ
ആണുങ്ങൾക്ക്
സമാധാനം കൊടുക്കേണ്ടേ ….
അപ്പോ അവർ ലഹരി യൊക്കെ തേടി പോകും.
വീണ്ടും ഞാൻ ചിന്തിച്ചു
സ്ത്രീകൾക്ക് സമാധാനത്തിന് ലഹരി തേടി പോയിക്കൂടെ
വലിയ വലിയ സിറ്റികളിൽ ഒക്കെ അങ്ങനെയുള്ള സ്ത്രീകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
ചുമ്മാതല്ല സ്ത്രീകൾ സ്വാതന്ത്ര്യവും ആഗ്രഹിച്ച് എല്ലാം ഉപേക്ഷിച്ചോടുന്നത്.
പെട്ടെന്ന് എന്തുകൊണ്ടോ മനസ്സിൽ വല്ലാത്ത ഒരു മടുപ്പ് തോന്നി.
എന്തിനാണ്
എന്തിനും അടികിട്ടുന്ന
ഒരു ചെണ്ടയെ പോലെ
ഞാനിവിടെ …
പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കുല സ്ത്രീകളോട് വല്ലാത്തൊരു വെറുപ്പ് തോന്നി.കാലങ്ങളായി നിലനിർത്തി പോകുന്ന
കുടുംബ വ്യവസ്ഥയോട്
ഒരുതരം പുച്ഛം തോന്നി
പുരുഷാധിപത്യ ത്തിൻറെ നിറസാന്നിദ്ധ്യത്തിൽഭരിക്കപ്പെടേണ്ട
സ്ത്രീയെന്നും,
സഹിക്കപ്പെടേണ്ട സ്ത്രീ യെന്നും ,
ആധിപത്യം സ്ഥാപിക്കേണ്ട സ്ത്രീ വേറെ
ജീവിക്കാൻ ഇങ്ങനെ പോകേണ്ട സ്ത്രീ ജനത…
വല്ലാത്തൊരു കുടുംബമഹിമ ഇതാണോ പാരമ്പര്യ കുടുംബം :
ഇങ്ങനെയൊക്കെയുള്ള സ്ത്രീകളോട് പിന്നെയും മനസ്സിൽ പുച്ഛം  കൂടി കൂടി വന്നു.
അപ്പോഴേക്കും തന്നെ ഭർത്താവ് ഉറക്കത്തിന് അഗാധതയിൽ ഉള്ള ഖൂർക്കംവലി യിലേക്ക്
നീങ്ങിയിരുന്നു
അകത്തു അമ്മായിഅമ്മയുടെ ശബ്ദങ്ങളെല്ലാം നിലച്ചിരിക്കുന്നു.
തൻറെ ഉടയാടയും
മറ്റു സാധനങ്ങളും എടുത്ത് ശബ്ദമില്ലാതെ ആ ഗേറ്റ് തുറന്നു ഇറങ്ങുമ്പോൾ തനിക്ക് ധൈര്യം പകർന്ന ആ ആകാശത്തെ മനസ്സിൽ ധ്യാനിച്ചു.
പുറത്തുനിന്ന് ശുദ്ധ
വായുവിന്റെ നിറസാന്നിദ്ധ്യം അനുഭവപ്പെട്ടു.
ആശ്വാസമായി ശ്വസിച്ചു.
ഇനി നേരെ
റെയിൽവേ സ്റ്റേഷനിലേക്ക് …
എങ്ങനെയെങ്കിലും അവിടെ എത്തിപ്പെടണം.
എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തണം
തൻറെ പഠനം മുഴുവൻ ആക്കണം എന്നിട്ട് .. എന്നിട്ട് ഞാൻ എൻറെ സ്വന്തം കാലിൽ ജീവിക്കണം സ്വതന്ത്രമായി , സമാധാനമായി എനിക്ക് എല്ലാം നേടിയെടുക്കണം
എൻറെ ആഗ്രഹങ്ങൾ, എൻറെ ജീവിതങ്ങൾ, ഞാനെന്ന എന്നെ തന്നെ ….
എനിക്ക് പൂർണമാകണം
ഒരുപക്ഷേ
സ്നേഹത്തിൽ കവിഞ്ഞ എന്റെ കുടുംബം നാട്ടു നടപ്പ് മറന്ന്  എന്നെ തിരിച്ചു വിളിക്കു മായിരിക്കാം ” പക്ഷേ” കുറച്ചു കാലങ്ങൾ കഴിഞ്ഞാൽ അവർക്ക് വീണ്ടും ഞാൻ ഒരു ബാധ്യതയായി യിരിക്കും.
അതുകൊണ്ട്
എന്നാൽ കഴിയുന്ന സഹായവും ചെയ്തു കൊടുത്തു
ഞാനെന്നും ഞാനായി സ്വന്തം അധ്വാനിച്ച്  ജീവിച്ചു  എല്ലാം എല്ലാം നേടിയെടുക്കണം അപ്പോൾ എനിക്കും ഒരു കുടുംബം ഉണ്ടാകും എൻറെ ആഗ്രഹങ്ങൾക്ക് അനുസൃതമായ ഒരു കുടുംബം . എൻറെ സന്തോഷങ്ങൾക്ക് എന്നും കൂടെയുള്ള കുടുംബം  എനിക്കും ഉണ്ടായിരിക്കാം അങ്ങനെയും ഒരു ജീവിതം .
അല്ലെങ്കിൽ തന്നെ
അങ്ങനെ ഒരു ജീവിതം ഇല്ലേലും എന്താ ?
 എനിക്ക് ഞാനായി ജീവിക്കാമല്ലോ ….
സ്വതന്ത്രമായി ….. സമാധാനമായി …. എനിക്കായി ….
      ശുഭം.
.

About The Author

Leave a Reply

Your email address will not be published. Required fields are marked *