നിറത്തെ ചൂണ്ടി ജാതി തുപ്പുന്നു – ഡോ. വേണു തോന്നയ്ക്കൽ

Facebook
Twitter
WhatsApp
Email

സുന്ദരികളായ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമുള്ളതാണ് മോഹിനിയാട്ടമെന്ന് ഒരു നർത്തകി. അവർ അപ്രകാരം അഭിപ്രായപ്പെടാൻ കാരണമുണ്ട്.
സവർണ പുരുഷ സാമ്രാട്ടുകളെ കൊതിപ്പിക്കാനും ആനന്ദിപ്പിക്കാനും ഉള്ള കലാരൂപമാണ് നൃത്തം വിശേഷിച്ചും മോഹിനിയാട്ടം എന്നൊരു പാഠമുണ്ട്. അപ്രകാരം ഒരു പൂർവ്വ ബോധത്തിൽ ഇന്നും ജീവിക്കുന്ന ഒരു നർത്തകി. പുരാണ കഥാപാത്രമായ മോഹിനിയുടെ ധർമത്തിനൊത്ത് ആടണമെന്ന മനോഗതി സൂക്ഷിക്കുന്നവരോടെന്തു പറയാൻ. ആധുനിക കാലത്ത് നൃത്ത രൂപത്തെ എപ്രകാരം നോക്കി കാണണമെന്ന ബോധം അവർക്ക് നഷ്ടമായിരിക്കുന്നു.
അത്തരമൊരവസ്ഥയിലേക്ക് അവരുടെ മനോനില പ്രവർത്തിക്കണമെങ്കിൽ തീർച്ചയായും എവിടെയോ ഒരു കനത്ത പ്രഹരമേറ്റിരിക്കുന്നു.
പെൺകുട്ടികളുടെ ശരീരഘടന മെച്ചപ്പെടാൻ നൃത്തവും പുരുഷ കേസരികൾക്ക് കളരിപ്പയറ്റ് തുടങ്ങിയ കായിക രൂപങ്ങളും വിധിച്ചിട്ടുള്ള കാലം പണ്ട് എന്ന് പറയുമ്പോൾ ജാത്യാലുള്ളത് തൂത്താൽ പോവില്ല എന്ന് പറയേണ്ടി വരും.
ദേവദാസി സമ്പ്രദായത്തിൽ മനസ്സുകൊണ്ട് ജീവിക്കുന്നവരുടെ മനോഘടന ഏതു കാലത്തും തുടരും. കാലം മാറിയത് അറിയാതെ അവർ ഓരോ ജല്പനങ്ങളുമായി ഊളിയിട്ടിറങ്ങും. അത്തരക്കാർക്ക് പിന്തുണയുമായി അധികാര കസേരകളുടെ തോഴരുണ്ടെങ്കിൽ പറയുകയും വേണ്ട.
അണഞ്ഞ സ്വപ്നങ്ങളെ തെളിയിക്കാൻ കാവലിരിക്കുന്ന മനീഷികൾക്ക് ഉടൽ ജ്വലിക്കാതെ വരുമ്പോൾ പിന്നെ എന്താണൊരുപശാന്തി. അവരുടെ മനസ്സുകൾ പലവിധേന കാളകൂടവും അമേദ്യവും വിസർജിച്ചുകൊണ്ടിരിക്കും. ചില വിസർജ്യങ്ങളെ ആധുനിക സമൂഹം താൽക്കാലികമായെങ്കിലും വിപ്ലവാശയമായി തെറ്റിദ്ധരിക്കും. പരമജ്ഞാനത്തിൽ മുക്കിയ അപ്സരസുകൾ എന്നഭിമാനിക്കുന്ന ഇവർ നിറത്തെ കൂടി കൂട്ടിന് വാങ്ങി. നിറമല്ല ജാതിയാണ് അവരുടെ കെടുതി. നിറത്തെ ചൂണ്ടി ജാതിയെ തുപ്പുകയാണ്.
പത്മശ്രീ ജേതാവും ഒറ്റപ്പാലം കാരിയുമായ മറ്റൊരു നർത്തകിയുടെ പേരിനെ കൂടി ഇവർ അശുദ്ധമാക്കിയതിൽ നമുക്ക് ഖേദിക്കാം.
ഈ മഹിളാരത്നത്തിന്റെ ഉടൽ വമിപ്പിക്കുന്ന വകതിരിവ് ഇന്നാരംഭിച്ചതല്ല. തൻറെ കീഴിൽ നൃത്താഭ്യാസത്തിന് വരുന്ന പാവം ബാലികമാരോട് പോലും ഇവർ കാട്ടിയ നെറികേടിന്റെയും ചെറ്റത്തരത്തിന്റെയും പൊറുതി കേടുകൾ ശ്രദ്ധിച്ചിട്ടുണ്ട്.
എത്ര ഉയരങ്ങളിൽ ശോഭിച്ചാലും മനസ്സു കൊണ്ടെങ്കിലും ഒരു സ്ത്രീ അമ്മയാകുമ്പോഴാണ് അവരുടെ ജന്മം സുകൃതമാകുന്നത്. ഒരു അമ്മയ്ക്ക് ചേരാത്ത വിധത്തിൽ കലാഭ്യാസത്തിന് ഗുരു മുഖത്തെത്തിയ കുട്ടിയോട് പെരുമാറുമ്പോൾ അവരെ എന്തെന്നാണ് വിളിണ്ടേത്. ഭാഷയിൽ അത്തരം മോശം പദങ്ങൾ ശേഷിക്കുന്നില്ല. അവരുടെ വൃത്തികേടുകളെ നൃത്ത രൂപത്തിന്റെ ഭൂമികയിൽ ചേർത്ത് കെട്ടണോ?
ഇലക്ട്രോണിക് പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും ചൊല്ലിക്കൂട്ടിയ വാർത്തകളിൽ അവർ ലജ്ജിക്കും എന്നൊരു ധാരണ വേണ്ട. ആസനത്തിൽ ഒരാലു കുരുത്താൽ അതിൽ പരമാനന്ദം ദർശിക്കുന്ന വിഷ വിത്തുകളെ കുറിച്ച് എന്തു പറയാൻ.
ഈ മനോ വൈകൃതത്തിൽ അനവധി കാരണങ്ങൾ ഉണ്ട്. കാര്യകാരണങ്ങളിലേക്ക് ഇവിടെ ചർച്ചയില്ല. അതിന് മറ്റൊരു പാഠഭാഗം വേണ്ടിയിരിക്കുന്നു. ഇവരൊക്കെ എത്ര ഉയരങ്ങളിൽ ശോഭിച്ചാലും അവരൊഴുക്കുന്ന നിലാവെളിച്ചം വിഷം വമിപ്പിക്കുന്നതാണ്.
കലാകാരി എന്ന പേരിനേക്കാൾ കീടജന്മം എന്ന് എഴുതിച്ചേർക്കുന്നതാവും ഉചിതം. ഇത്തരം നികൃഷ്ട ജന്മങ്ങൾക്ക് മനോരോഗ ചികിത്സ മാത്രം മതിയാവുമോ ആവോ?

About The Author

Leave a Reply

Your email address will not be published. Required fields are marked *