നീളൻ മുടിയോടുള്ള എൻ്റെ താല്പര്യം ചെറുപ്പകാലം മുതലേയുള്ളതായിരുന്നു. കാരണം എൻ്റെ മുടി. കിരുകിരാന്നു ചുരുണ്ടതാണ്. അല്പനേരം അത് അഴിച്ചിട്ടാൽ സായിബാബ സ്റ്റൈലിൽ അതു ചുരുണ്ടു കയറും. എത്ര എണ്ണ തേച്ചാലും ചീകിയാലും അത് അല്പം പോലും
. ഇതൊക്കെ കാരണം ഞാൻ നീളം മുടിയുടെ ആരാധികയായതിൽ അതിശയമില്ലലോ
എൻ്റെ ക്ലാസ്സിലെ അംബികയ്ക്കും ഷൈലജയ്ക്കുമൊക്കെ നല്ല നീളൻ മുടിയുണ്ട് അവരതു രണ്ടായി പിഞ്ഞിയിട്ട് പൂവുമൊക്കെ ചൂടിയാണ് ക്ലാസ്സിൽ വരുന്നത് ലേഖയാണെങ്കിൽ ആരോടെങ്കിലും വർത്തമാനം പറയുമ്പോഴും ക്ലാസ്സിൽ ഉത്തരം പറയുമ്പോഴും മുടി എടുത്ത് മുന്നിലേയ്ക്ക് എടുത്തിടും ഇങ്ങനെ സുകേശിനികളുടെ ഇടയിലാണ് ശുഷ്ക്കേശിനിയായ ഞാൻ ഇരിക്കുന്നത് പിന്നെ എങ്ങനെയാ അല്പം കുശുമ്പും അസൂയയും എനിക്ക് ഉണ്ടാകാതിരിക്കുക I ഞാൻ അവരോടൊക്കെ അവരുടെ കേശരഹസ്യത്തെപ്പറ്റി തിരക്കിയിട്ടുണ്ട് പക്ഷേ അവരുടെ രഹസ്യത്തെപ്പറ്റിയുള്ള വെളിപ്പെടുത്തൽ എനിക്കു തൃപ്തിയായില്ല. എന്നോട് സത്യം പറയുന്നില്ലാന്നാണ് ഞാൻ വിശ്വസിച്ചത് അന്നൊന്നും ഹെയർ സ്ട്രേറ്റ നിങ്ങിനെക്കുറിച്ചു ഞാൻ കേട്ടിട്ടു പോലുമില്ലായിരുന്നു.
വേനലവിധിക്ക് കണ്ടം കൊയ്തു കഴിഞ്ഞാൽ അവിടെ പച്ചക്കറി നടുന്നത് സാധാരണയായിരുന്നു. കണ്ടത്തിൻ്റെ മൂലയ്ക്ക് ഒരു കുഴികുത്തി അതിൽ നിന്ന് വെള്ളം എടുത്താണ് പച്ചക്കറികൾക്ക് ഒഴിക്കുന്നത്. പിറ്റേന്നു ചന്തയ്ക്ക് കൊണ്ടുപോയി വിൽക്കാനുള്ളത് ഒക്കെ പറിച്ചെടുത്ത് കൂട്ടിവയ്ക്കും ഈ കാഴ്ച കാണാൻ എനിക്കു വലിയ ഇഷ്ടമാണ്
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പടവലത്തോട്ടത്തിലെ ചെറിയ പടവലങ്ങയുടെ അടിയിൽ കുഞ്ഞുകല്ലുകെട്ടി തൂക്കിയിട്ടുണ്ട്. എൻ്റെ അടുത്ത് നിന്ന ആങ്ങളയോട് ഞാൻ കാര്യം തിരക്കി പടവലങ്ങ നീളംവെയ്ക്കാനാണെന്നു പറഞ്ഞു ഇത് എനിക്കങ്ങോട്ട് അത്ര വിശ്വാസം വന്നില്ല
“കല്ലുകെട്ടിയാ നീളം വെയ്ക്കുമോ?” എൻ്റെ അവിശ്വാസം നിറഞ്ഞ ചോദ്യം കേട്ട് ആങ്ങള പറഞ്ഞു
” സംശയമുണ്ടെങ്കിൽ നിൻ്റെ മുടിയുടെ അറ്റത്തും കെട്ടിയിട്. അപ്പോൾ കാണാം ” എനിക്കത് ഒരു പുതിയ അറിവായിരുന്നു
എന്നും എൻ്റെ അമ്മ ഞാൻ ഉറങ്ങുന്നതിനു മുമ്പ് തലമുടി ചെടയെല്ലാം കളഞ്ഞ് പിന്നി റിബ്ബണിട്ടു കെട്ടിത്തരും. അല്ലങ്കിൽ പിറ്റേന്ന് ചീപ്പു പോലും കയറാനാവാത്ത അവസ്ഥയാകും. /
. പതിവനുസരിച്ച അമ്മ തലമുടി പിന്നി കെട്ടാൻ തുടങ്ങി. അപ്പോൾ ഞാൻ മുറ്റത്തു നിന്ന് ചെറിയ ഒരു കല്ല് എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു കല്ലു കണ്ട അമ്മ കാര്യം മനസ്സിലാകാതെ അത് എന്തിനാണെന്നു ചോദിച്ചു.”മുടിക്ക് നീളം വയ്ക്കാൻ ”
“കല്ലുവച്ചാൽ മുടിക്കു നീളം എങ്ങനെയാ വരുന്നത്?. അമ്മയുടെ മറുചോദ്യം
“അത് പടവലത്തിനു നീളം വരാൻ തൂക്കുകയില്ലേ… അതുപോലെ ” പുറകിൽ നിന്ന് ആങ്ങളയുടെ ചിരി കേട്ടപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലായി. “എടാ, ആ കൊച്ചിനെ ഇങ്ങനെ പറ്റിക്കണോ?” അമ്മ അടിക്കാൻ കയ്യോങ്ങിക്കൊണ്ട് ആങ്ങളയോട് ചോദിച്ചു. അടികൊള്ളാതെ എന്നെകളിയാക്കി ചിരിച്ചു കൊണ്ടു ഓടി മാറിയ ആങ്ങളെയെ ഞാൻ അമർഷത്തോടെ നോക്കി.