ആരും ഒരിക്കലും ആലോചിക്കാത്ത ചിന്തകളുടെ തീച്ചൂളയിലൂടെയാണ് അബ്ദുവിൻ്റെ മനസ്സെപ്പോഴും സഞ്ചരിക്കുക.
അവനാണെങ്കിലോ..?ലോകത്ത് ആർക്കുമില്ലാത്ത സംശയങ്ങളാണ് താനും.
പ്രവാസമെന്ന പ്രതിസന്ധിക്കാറ്റിൽ പെട്ട് ജീവിതമെന്ന സമുദ്രത്തിലൂടെ ലക്ഷ്യം തേടി ആടിയുലഞ്ഞ് നീങ്ങുന്ന പായ്ക്കപ്പൽ പോലെ ഞാൻ ജോലി ചെയ്യുന്ന
“കഫ്തീരിയ ” യിലിരുന്ന്
ജീവിതത്തെക്കുറിച്ച് ഗഹനവും ഗൗരവമാർന്നതുമായ ചിന്തയിൽപെട്ട് ഉഴറി നിൽക്കുന്ന സമയത്താണ് അബ്ദുവിൻ്റെ വരവ്.
ഞാനും അബ്ദുവും ഒരേ നാട്ടുകാരാണ്.
“പിന്നെയ്…
ചെറിക്കാക്കാ.. ”
ഞാൻ തലയുയർത്തി.
“ഞമ്മളെ കാള്യേവ്ന്ന് ഞമ്മള് തൃശൂര് പോഗ്വാന്ന്.. ങ്ങള് വിചാരിച്ചോളിം… ”
പടച്ച തമ്പുരാനേ.
എന്തൊക്കെയോ ചിന്തിച്ച്
കൂട്ടിയുള്ള വരവാണിവൻ.
ഞങ്ങളുടെ നാടായ കാളികാവിൽ നിന്ന് തൃശൂരിലേക്ക് പോവുകയാണെന്ന് വിചാരിക്കാനാണവൻ പറയുന്നത്. എന്തിനുള്ള പുറപ്പാടാണാവോ..
” യെന്തിന് ..?”
ഞാൻ ചോദിച്ചു.
“അല്ല….
ഇങ്ങള് വിചാരിച്ചീം ചെറിക്കാക്കാ.. ”
“ങാ… വിചാരിച്ചു. ”
“അപ്പൊ,
കാള്യേവ്ന്ന് വണ്ടൂര്. വണ്ടൂര്ന്ന്… പെരിന്തൽമണ്ണ .
അവ്ടന്ന് ഷൊർണ്ണൂര് . പിന്നെ തൃശൂര് .. ഇങ്ങന്യെല്ലേ ഞമ്മള് തൃശൂര്ക്ക് പോഗ്വാ…?”
“ങാ.. അങ്ങൻത്തന്നെ ഞമ്മള് പോഗ്വാ… അയ്ന്പ്പെന്താ. അദ്ദ്വോ..?”
“അല്ലെയ്’… ഞാം വിജാരിച്ച്വെയ്നു..”
” ഇജ്ജെന്ത്
വിചാരിച്ച്ണ് അദ്ദ്വോ…?
ഓരോ മാണ്ടാത്ത ചിന്തീം കൊണ്ട് വെരും ഓന്.. ഇജ്ജൊന്ന് പൊയ്ക്കാ. ”
” അതല്ല ചെറിക്കാക്കാ.
യെന്താറ്യോ…?
ഞമ്മളെ
കാള്യേവ്ന്ന്
തൃശൂര് വെരെ
ഒഴ്ഞ്ഞ് കെടക്ക്ണെ
ഒര് സ്തലോ,
കാടോ,
കൊറേ ദൂരം ആൾപ്പാർപ്പ്ല്ലാതെ വിജനമായിക്കടക്ക്ണെ ഒര് സ്തലോ അങ്ങനെ യെന്തേലും ണ്ടോ..?”
“ഇല്ല. ഞമ്മളെ നാട്ട്ന്ന് തൃശൂര് വരെ നല്ല റോഡും കടകളും പെരകളും ഒക്കെത്തന്നേണ്.
അയ്ന്പ്പെന്താണ്…?
പൊന്നാര അദ്ദ്വോ
ഇജ്ജ് ടെൻശനടിപ്പിച്ചാതെ കാര്യം പറീം. എന്താപ്പൻ്റെ
സംശയം..? ”
“അങ്ങൻത്തെ ഒയ്ഞ്ഞ ഒരു സ്തലോം ഇല്ലാഞ്ഞിട്ടും
പിന്നെ തൃശൂര് ചെല്ലുമ്പോ എങ്ങനേ ഓലെ ബാശ മാറ്ണ് ..?
ഓല് പറീണത് വേറൊരു കോലത്തില്. അതെന്താ…?
ഇതേദ് പെരീന്നാ
ഈ ബാശ മാറ്ണ് യെന്ന് എത്തര ചിന്തിച്ച്ട്ടും… ഇച്ച് മൻസിലാക്ണ്ല്ല…!!”
അവൻ്റെ സംശയം കേട്ടപ്പോൾ ഞാനൊന്നമ്പരന്നു.
ഇവൻ പറഞ്ഞത് ശരിയാണല്ലോ.
തൃശൂർക്കാരുടെ ഭാഷാശൈലി,
“ഡാ ഗഡീ …
എന്തൂട്ടടാ ശവീ…
അവൻ മ്മടെ ഡാവാട്ടാ..
ചേട്ടൻ പടായീട്ടാ….” എന്നിങ്ങനെയൊക്കെ തന്നെയാണല്ലോ…?
കാളികാവിൽ നിന്ന് തൃശൂര് പോകുമ്പോൾ തൃശൂര് വരെ വീടുകളും കടകളും ചെറുതും വലുതുമായ ടൗണുകളും തന്നെ. പിന്നെ ഏതു വീട്ടിൽ വെച്ചാണ് സംസാരഭാഷയുടെ
ഈ രൂപമാറ്റം നടക്കുന്നത് എന്നാണ് അബ്ദുവിൻ്റെ നിഷ്കളങ്കമായ സംശയം.
ഇവൻ്റെ ഓരോ ചിന്ത.!
ഇവനോട് ഞാനെന്ത് പറയുമെന്ന് നിങ്ങൾ തന്നെ പറ..?
സാക്കിർ സാക്കി
നിലമ്പൂർ
About The Author
No related posts.