അപരലോകം – ജയരാജ് മിത്ര

Facebook
Twitter
WhatsApp
Email

നേർപാതിലോകം അത്ഭുതത്തോടെ കേൾക്കും.
മറുപാതിയിലെ പാതി , നിസ്സംഗരായി കേൾക്കും.
ഇനിയുള്ള പങ്കുകാർ പുച്ഛിക്കും.
ഈ ചെറിയൊരു ശതമാനത്തിൻ്റെ പുച്ഛത്തെ ചിന്തിച്ചിരുന്നാൽ ഈ ലോകത്ത് ജീവിക്കാനാവില്ല.
സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്ന് പറയാനുമാവില്ല.

മരണം, മരണാനന്തരചടങ്ങുകൾ, പിതൃക്കൾ, ബലിതർപ്പണം എന്നിവയുമായി ബന്ധപ്പെട്ട ഒരനുഭവമാണ് പറയാനുള്ളത്.

എന്നോട് വടക്കാഞ്ചേരിക്കടുത്തുള്ള പുതുരുത്തിയിലെ വിനോദ് വൈദ്യർ ഒരു ദിവസം പറഞ്ഞു;
“ജയേട്ടാ, ഇവിടെ അടുത്ത്, ശ്രീരാമക്ഷേത്രത്തിൽ പൂജ ചെയ്യുന്ന ഒരാളുണ്ട്. നല്ല പ്രായമായി. ചെവി കേൾക്കില്ല. ജയേട്ടൻ ഒന്ന് പരിചയപ്പെടേണ്ട വ്യക്തിയാണ്. ത്രികാലജ്ഞാനമുള്ള ആളാണ്.”

അങ്ങനെ, ഞാനും വിനോദും അദ്ദേഹത്തെ കാണാൻ ചെല്ലുന്നു.
ഉമ്മറത്തേയ്ക്ക് കയറുന്ന എന്നെ ഒന്ന് നോക്കിയതും അദ്ദേഹം എൻ്റെ മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിച്ചു !
ഞാനൊന്ന് പരിഭ്രമിച്ചു.
എൻ്റെ മുത്തശ്ശൻ്റെ പ്രായമുള്ള ആളാണ് എന്നെ നമസ്ക്കരിക്കുന്നത്!

എഴുന്നേറ്റ്, അദ്ദേഹം പറഞ്ഞു;
“അസ്വസ്ഥത വേണ്ടാ….. കൂടെ വന്ന അയ്യപ്പനെയാണ് ഞാൻ നമസ്ക്കരിച്ചത്.”

എൻ്റെ കൂടെ വന്ന അയ്യപ്പനെ കണ്ട അദ്ദേഹത്തെയും ;
ഞാൻ കാണാത്ത ആ അയ്യപ്പനേയും ചേർത്ത്, ഞാനും സാഷ്ടാംഗം നമസ്ക്കരിച്ചു.

ഞങ്ങൾ വിശദമായി, ഇരുന്ന് സംസാരിച്ചുതുടങ്ങി.

അദ്ദേഹം ചോദിച്ചു.

“എന്താ അയ്യപ്പൻ കൂടെ?
ഉപാസകനാണോ?”

“അറിയില്ല. ഉപാസനകളില്ല.”

“താമസിക്കുന്ന വീടിൻ്റെ തൊട്ടടുത്ത് അയ്യപ്പൻ്റെ അമ്പലം കാണുന്നുണ്ടല്ലോ!”

“ഉണ്ട്. വീട്ട്ന്ന് പത്തടി നടന്നാൽ അയ്യപ്പൻ്റെ അമ്പലമാണ്.”

“വെറുതെയല്ലാ !
എപ്പോഴും കൂടെ രക്ഷയായി വന്നിട്ടും; അങ്ങോട്ട് പോകുന്നില്ലാ എന്നൊരു പ്രസന്നതക്കുറവ് അയ്യപ്പന് കാണുന്നുണ്ടല്ലോ!പോകാറില്ലേ?”

“കുറവാണ്.”

“അവിടെ താമസം തുടങ്ങിയിട്ട് എത്ര കാലമായി?”

“പത്ത് വർഷം.”

“എത്ര വട്ടം കാവിൽ പോയി?”

“ഒരു പക്ഷേ പത്ത് . കൂടിയാൽ ഇരുപത്.”

“നന്ന്!
അയ്യപ്പൻ കൂടെയുണ്ട്.
എങ്ങോട്ടിറങ്ങുമ്പോഴും ഒന്ന് സ്മരിക്കുകയെങ്കിലും ചെയ്യൂ.”

“ഉവ്വ്. ദൈവനിഷേധി അല്ലാ.
അങ്ങനെ നിത്യം എന്തെങ്കിലും ചെയ്യുന്ന ശീലമില്ലാ എന്നേ ഉള്ളൂ.”

തുടർന്ന്, അദ്ദേഹം ഒരു കടലാസിൽ, എൻ്റെ വീട്ടിലേയ്ക്ക് വരുന്ന വഴി വരച്ചുതന്നു !

ഞാൻ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും വിവരം അദ്ദേഹത്തിന് കൊടുക്കുംമുൻപേയാണ് അദ്ദേഹം;
‘ഇവിടെ തിരിവല്ലേ? ‘ ‘ഇവിടെ വലിയൊരു മരമില്ലേ?’
‘ഈ പാടം കടന്നല്ലേ…..’
എന്നൊക്കെ ചോദിച്ച്, വരച്ച് വരച്ച് എൻ്റെ വീട്ടിലെത്തിയത് !

അതായത്,
ഒരു തരത്തിലുള്ള രെജിസ്ട്രേഷനും നടത്താതെ,
ഗ്യാലറി ആക്സസ് ചെയ്യാനുള്ള പെർമിഷൻ കൊടുക്കാതെ,
അദ്ദേഹം സ്വന്തമായ മാപ്പിങ് വഴി എൻ്റെ വീട്ടിലെത്തിയിരിക്കുന്നു!

ഈ കാലത്തിനിടയ്ക്ക് ഞാൻ ഇത്തരം ഒരു പാട് കാര്യങ്ങളുമായി പൊരുത്തമായതിനാൽ പല പറച്ചിലും എന്നിൽ അത്ര അത്ഭുതമൊന്നും തോന്നിച്ചില്ല.
അത്ഭുതമില്ലാഞ്ഞല്ല;
എനിക്ക്, ഇത്തരം അത്ഭുതങ്ങൾ നിത്യസംഭവമായി മാറിയതിനാൽ, ഇതിനെയെല്ലാം ഏറെ സ്വാഭാവികമായി എടുക്കാൻ ഞാൻ ശീലിച്ചുതുടങ്ങിയിരിക്കുന്നു.

ഏറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു.
ഭാര്യയേപ്പറ്റി, മക്കളേപ്പറ്റി, തൊട്ടപ്പുറത്തുള്ളതും; പലരും ശ്രദ്ധിക്കാതെപോകുന്നതുമായ രക്തേശ്വരിയുടെ അമ്പലത്തേപ്പറ്റി ഒക്കെ പറഞ്ഞു.

ഇത്രയും ആമുഖം പറയുന്നത്, ഇനിയുള്ള ഭാഗത്തിനായാണ്.

“നിങ്ങളുടെ വീടിൻ്റെ മുറ്റത്ത്, തൊടിയിൽ , മുന്നിലെ വഴിയിൽ ഒക്കെ ആരോ നടക്കുന്നതായി നിങ്ങൾക്ക് തോന്നിയിട്ടില്ലേ?”

ഞാൻ ഒന്നും പറഞ്ഞില്ല.

“രാത്രി എഴുതാനിരിക്കുമ്പോൾ, ആരോ ജനലിനപ്പുറം നിൽക്കുന്നതായി തോന്നി, നിങ്ങൾ തിരിഞ്ഞുനോക്കാറില്ലേ?”

“ഉവ്വ്.”

“ഇടയ്ക്ക് മുറ്റത്ത് ഒരു നിഴൽപോലെ ആരോ പോകുന്നത് കണ്ടിട്ടില്ലേ?”

“ഉണ്ട്.”

“അതിനേപ്പറ്റിയാണ് പറയുന്നത്.
അതാരാന്ന് മനസ്സിലായിട്ടുണ്ടോ?”

“ഇല്ലാ.”

“നിങ്ങളുടെ ഒരു സുഹൃത്തിൻ്റെ അച്ഛൻ്റെ, ഗതി കിട്ടാത്ത ആത്മാവാണത്.”

ഞാൻ അദ്ദേഹം വഴി എന്നിലേയ്ക്കൊഴുകി വരുന്ന ; മറ്റൊരു ലോകത്തിലെ കാഴ്ചകളുടെ ഉറവുകളെ, സ്വച്ഛന്ദം ഒഴുകാൻ വിട്ടു.
ഇടയ്ക്ക് ചോദ്യങ്ങളോ ഒരു മൂളൽ പോലുമോ നൽകാതെ കേട്ടിരുന്നു.

“മകനെ അവിശ്വാസിയാക്കിയ ; യുക്തിവാദിയായ ഒരു അച്ഛൻ്റെ, ഗതി കെട്ട പ്രേതം !
താൻ മരിച്ചാൽ തൻ്റെ മരണസമയത്ത് ഒരു ചടങ്ങും നടത്തരുത് എന്ന് അയാൾ മകനോടും ഭാര്യയോടും പേരമക്കളോടും പറഞ്ഞേൽപ്പിച്ചിരുന്നു. യുക്തിവാദികുടുംബം അത് അക്ഷരം പ്രതി അനുസരിച്ചു !
ഇപ്പോൾ തൊണ്ട വരണ്ട് ഒരു തുള്ളി വെള്ളം കിട്ടാതെ അലയുകയാണ്.
എടുത്ത് കുടിക്കില്ല അവർ.
നമ്മൾ കണ്ടറിഞ്ഞ് കൊടുത്തതേ എടുക്കാനാവൂ.”

എന്നിട്ട്, എന്നോട് ചോദിച്ചു.

“അവരെ മനസ്സിലായോ?”

“ഉവ്വ്. ഈ കാര്യങ്ങൾ അയാൾ എന്നോട് പറഞ്ഞിട്ടുണ്ട്.
കടുത്ത യുക്തിവാദികളാണ്.
അതിൽ, അനാവശ്യമായ അഭിമാനവും കൊണ്ടുനടക്കുന്നു!”

അപ്രതീക്ഷിതമായിരുന്നു ചോദ്യം.

“അവർ ചെയ്യില്ലെങ്കിൽ നിങ്ങൾക്ക് ചെയ്തൂടേ ?”

“ഞാൻ അവരുടെ അച്ഛന് ക്രിയ ചെയ്യുന്നതിലെ യുക്തി എന്താണ്?”

ഈ ഗതികേടിൻ്റെ കഥ, മകൻ പറഞ്ഞ് അറിയുന്ന ; വിശ്വാസികൂടിയായ ഒരാൾ നിങ്ങളാണ് എന്ന്, ആ പ്രേതത്തിനറിയാം.
നിങ്ങളെ അവരുടെ ഇപ്പോഴത്തെ ഈ ദുരവസ്ഥ അറിയിക്കാനായാൽ, നിങ്ങൾ ഒരു വഴിയുണ്ടാക്കിക്കൊടുക്കും എന്നറിഞ്ഞാണ് എപ്പോഴും നിങ്ങടെ വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്നതും ശ്രദ്ധയിൽപ്പെടാൻ നോക്കുന്നതും.”

“പറഞ്ഞോളൂ ഞാൻ എന്താ ചെയ്യണ്ടത് ?”

“രാത്രി കിടക്കുംമുൻപ്, ഒരു മൊന്തയിൽ, ശുദ്ധമായ വെള്ളം, പുറത്ത് തിണ്ണയിൽ അടയ്ക്കാതെ വെയ്ക്കൂ.
ഇവർക്ക് കുടിക്കാനുള്ളതാണ് എന്നും ; ഇവരുടെ ദുരിതം മാറാനാണ് എന്നും സങ്കൽപ്പിച്ച്, ‘വന്ന് കുടിക്കൂ….’ എന്ന്, അവരോട് പറഞ്ഞ് വേണം വെള്ളം വെയ്ക്കാൻ.
അപ്രകാരം ഒരു പത്ത് നാൾ വെയ്ക്കൂ.”

‘ഇതിലൊക്കെ വല്ല അർത്ഥവുമുണ്ടോ’ എന്ന എൻ്റെ ഉള്ളിൻ്റെയുള്ളിലെ ചോദ്യമേറ്റ് അദ്ദേഹം തുടർന്ന് പറഞ്ഞു.

“സംശയമുണ്ടെങ്കിൽ, കാലത്ത് ചെന്ന് നോക്കിക്കോളൂ.
പാത്രത്തിലെ വെള്ളം കുറഞ്ഞിരിക്കും.”

ആ ഭാഗം മാത്രം വിശ്വസിക്കാതെ, ഞാൻ, അന്ന് രാത്രിതന്നെ വെള്ളം വെച്ചുതുടങ്ങി.

ഇതൊക്കെ അറിയും മുൻപ്……
അതായത്,
ഗതികിട്ടാതെ, ആത്മാക്കൾ, ദാഹിച്ച് വലഞ്ഞ് നടക്കുമെന്ന സംഗതികളൊക്കെ അറിയുംമുൻപ്,
ഞാൻ എഴുതി, വിഷ്ണു സംവിധാനം ചെയ്ത, ‘വാട്ടർ ജയിൽ’ എന്ന സിനിമ എനിക്കോർമ്മവന്നു.
കഥയിൽ,
ആത്മാവിന് വെള്ളം വെച്ചുകൊടുക്കുന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ചത് എൻ്റെ മോൾ ദേവമിത്രയാണ്!

കാലത്തെഴുന്നേറ്റ്, ഞാൻ പാത്രം നോക്കി.
വെള്ളം കുറഞ്ഞിരിക്കുന്നു!
അതായത്, ആരോ കുടിച്ചിരിക്കണം!
ഞാൻ ആശ്വാസമണഞ്ഞു.

അപ്രകാരം ആറ് ദിവസം വെള്ളത്തിൽ കൃത്യമായ കുറവുണ്ടായി!

പൂച്ച കുടിച്ചതാകും എന്ന് കരുതാം.
മറ്റേതെങ്കിലും ജീവി കുടിച്ചതാണെന്നും കരുതാം.
ചൂടിൽ അവിയായിപ്പോയതാകുമെന്നും കരുതാം.
ഞാനൊരു അന്ധവിശ്വാസിയായ യുക്തിവാദി ആയിരുന്നെങ്കിൽ,
ഞാനും ഇതൊക്കെത്തന്നെ കരുതുമായിരുന്നു.
പക്ഷേ, എൻ്റെ മനസ്സ് തൃപ്തമാവുന്നത്;
ആ ആത്മാവിൻ്റെ,
ദാഹം തീർക്കാനാകാതെ അലഞ്ഞുനടന്നിരുന്ന ആ ദുരിതം തീർന്നു എന്ന് കരുതുന്നതിലാണ്.
ഞാനതുതന്നെ വിശ്വസിക്കുന്നു.
എൻ്റെ വിശ്വാസങ്ങളെ ഉറക്കെ പറയാൻ എനിക്ക് യാതോരു മടിയുമില്ലാ.

പത്തു ദിവസം കഴിഞ്ഞ്, ഞാനീ വെള്ളം വെയ്ക്കൽ നിറുത്തി.
പിന്നെയീ ആത്മാവിൻ്റെ സാന്നിദ്ധ്യം എൻ്റെ മുന്നിൽ ഉണ്ടായതുമില്ല.
നിഴലുകൾ എന്നെ പിന്നെ അലട്ടിയിട്ടില്ലാ.

ദൈവവും ആത്‌മാവും പ്രേതവും പുനർജ്ജൻമവുമൊക്കെ ഇല്ലാ എന്ന് പറയാൻ എളുപ്പമാണ്.
ഉണ്ട് എന്ന് പറയാനും എളുപ്പമാണ്.
‘അഥവാ ഉണ്ടെങ്കിൽ !?’ എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം കണ്ടെത്തലാണ് പണി.

യേശുദാസും എസ് പി ബിയും ജാനകിയുമൊക്കെ ; ജനിച്ചുവീണതും ഗായകരായതാണെന്ന് ഞാൻ കരുതുന്നില്ലാ.
എത്രയോ ജൻമങ്ങളിലെ സാധനകൾക്ക് ശേഷമാണ് ഒരു പുണ്യജൻമമായി ഈ ശരീരത്തിൽ അവർ എത്തിയിരിക്കുന്നത്.
അപ്പോൾ, ഈ ശരീരം വെടിഞ്ഞാലും അതിലെ ആത്മാക്കൾ ആ യാത്ര തുടരേണ്ടതാണ്.
ഇതാണ് എൻ്റെ യുക്തി.

അങ്ങനെയെങ്കിൽ, ജീവിച്ചിരുന്നപ്പോൾ നന്നായി നോക്കിയാൽ മാത്രം പോരാ; മരിച്ചാലും ചില നോട്ടങ്ങൾ വേണ്ടതുണ്ട് എന്ന് എൻ്റെ മനസ്സ് കണ്ടെത്തുന്നു.
അതാണ് ശവസംസ്കാരച്ചടങ്ങുകളും ബലികർമ്മങ്ങളും ആണ്ടിലെ ശ്രാദ്ധവും വാവുബലിയുമൊക്കെ.

സംഗതി ലളിതമാണ്.

ഇതിനെയൊക്കെ പുച്ഛിച്ചാലാണ് മനസ്സിന് ആനന്ദവും സ്വസ്ഥതയും കിട്ടുന്നതെങ്കിൽ പുച്ഛിക്കണം, എതിർക്കണം, വെറുക്കണം, തകർക്കണം.

ഇതെല്ലാം ആചരിച്ചും അനുഷ്ഠിച്ചും ജീവിക്കുമ്പോഴാണ് സ്വസ്ഥതയും സുഖവും ശാന്തിയും കിട്ടുന്നതെങ്കിൽ ഇതെല്ലാം നിശ്ശബ്ദമായി ആചരിക്കണം.

ഞാൻ, ഈ, നൻമ നിറഞ്ഞതും; ആർക്കും ഒരു ദ്രോഹമില്ലാത്തതുമായ ‘അന്ധവിശ്വാസങ്ങളു’ടെ കൂടെയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *