(വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ട മകളുടെ, വിവാഹമോതിരമണിഞ്ഞ കൈ മാത്രം കൺമുന്നിൽ കണ്ടെത്തിയ പിതാവിന്റെ ആത്മനൊമ്പരം പത്രത്തിൽ, വായിച്ചപ്പോഴുണ്ടായ ദുഃഖം ചെറിയൊരു കാവ്യചിന്തയായി; അവർക്കായൊരു സമർപ്പണം)
പ്രതീക്ഷകൾക്കെന്നും ക്ഷാമമില്ല;
പ്രതീക്ഷയറ്റ മോഹഭംഗങ്ങൾക്കും!
ബാല്യത്തിൽ വിരൽപിടിച്ചു നടത്തി,
ഉറച്ചുനടക്കാറാകുമ്പോൾ പിടിവിട്ട വിരലുകൾ
ജീവിതത്തിന്റെ നന്മയിലേക്കും പലപിടിപ്പുകേടിലേക്കും
നമ്മെയൊക്കെയും വിരൽചൂണ്ടിയെത്തിക്കുന്നു!
ജീവിതമൊരു പ്രഹേളികയാണെന്നു
വീണ്ടും വീണ്ടും കാലമതിന്റെ ഗരിമയോടെ
തെളിയിച്ചു കൊണ്ടിരിക്കുന്നു!
മോതിരവിരലിലോമറ്റോ മുറുകിയ മോതിരം
പ്രതീക്ഷയുടെ മറ്റൊരു തുരുത്താകുമ്പോൾ
ജീവിതം വെറുമൊരു ഉടമ്പടിയിലൊതുങ്ങുന്നു!
മരണവുമായി യാതൊരു കരാറുമുറപ്പിക്കാതെ
ഉറപ്പിക്കാനൊരിക്കലുമാകാതെത്തുടരുന്ന
ജീവിതത്തിന്റെ വാസ്തവികതയെപ്പോഴും
നമുക്കു മുന്നിൽ നിശ്ശൂന്യമാണ്; മൗഢ്യമാണ്;
എങ്കിലും ജീവിതത്തെ നമ്മളാഴ്ന്നുപുൽകുന്നു!
ദുഃഖങ്ങൾ സ്ഥായീഭാവം പുലർത്തുന്ന
മുഖത്തും മനസ്സിലും മരണം,അതിവേദനയാകാം!
ഇരുൾ മൂടിയ പകലിൽപ്പോലും
നമുക്കന്യമാകാത്ത ദുരന്തത്തിന്റെ
ഉരുൾപ്പൊട്ടലുകൾ ഉൾക്കിടിലമുളവാക്കുന്നു!
ശരീരത്തിൽനിന്നു മനസ്സു തെറിച്ചുപോയെങ്കിലെന്ന്
പലവട്ടമാശിച്ച ജീവിതമിപ്പോഴും
നമ്മെ കൈവെടിയാതെ തുടരുന്നു;
കരമറ്റും പാദമറ്റും ചിതറിത്തെറിച്ച ശരീരശകലങ്ങൾ
അങ്ങകലേയ്ക്ക് മലവെള്ളപ്പാച്ചിലിൽ നിറുത്താതെയൊഴുകുന്നു
കവിളിലൂടെയൊഴുകുന്ന കണ്ണീരതിനോടു
താദാത്മ്യം പ്രാപിക്കുന്നു!
മകളുടെ, അറ്റുപോയ മോതിരക്കൈ
വിധി, കണ്ണിൽ കാഴ്ചയാക്കുമ്പോൾ
സാഗരഗർജ്ജനം പോലെ ഹുങ്കാരത്തോടെയുള്ള
പിതാവിന്റെ നിലവിളി കേട്ടവരാരുണ്ട്!
അതിതീവ്രതിളനിലയിൽ പെയ്തിറങ്ങുന്ന
മഴയത്തു നിന്നാൽപ്പോലും പൊള്ളുന്നതിനേക്കാൾ
കാഠിന്യമുണ്ടാകും ആ കണ്ണീരേറ്റാൽ!
കാലമേ, നിനക്കു കനിവില്ലേ?
About The Author
No related posts.