LIMA WORLD LIBRARY

ഓണത്തിന്റെ പ്രസക്തി – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ് –136 🌻
🌹 ഓണത്തിന്റെ പ്രസക്തി.🌹

മിത്തുകൾ സത്യമോ അസത്യമോ എന്നത് പ്രസക്തമല്ല. അതിലെ മാതൃകകളാണ് ശ്രദ്ധിക്കപ്പെടേണ്ടത്. പുതിയ കാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്കും അത് സഫലമാകാനുള്ള പ്രവർത്തനങ്ങൾക്കും നൽകുന്ന ഒരു പുരാണ സങ്കല്പമാണ് ഓണത്തിനുള്ളത്. മനുഷ്യനെ ചൂഷണം ചെയ്യാതെ സമത്വവും സാഹോദര്യവും ഒരുമയും കാത്തുസൂക്ഷിച്ച് ജാതിമത ചിന്തയില്ലാതെ ജീവിക്കണമെന്നും നന്മയെ ചവിട്ടിതാഴ്ത്തിയാലും അതൊരിക്കലും നശിക്കില്ലെന്നും ഓണം നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യൻ സ്വാഭാവികമായി ഉത്സവപ്രിയനാണ്. അവന്റെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളെയും വേദനകളെയും മറന്ന് ഏതാനും ദിവസങ്ങളെങ്കിലും സന്തോഷത്തിലും വിനോദത്തിലും സമൃദ്ധിയിലും ലയിക്കാനുള്ള അവസരമാണ് ഓണം നൽകുന്നത്. ഓണം നൽകുന്ന സന്ദേശം സ്നേഹം സമത്വം സാഹോദര്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായതിനാൽ ഈ ആഘോഷത്തിന് ദേശീയ ഉത്സവത്തിന്റെ പരിവേഷമുണ്ട്. കേരളത്തിൽ ഓണാഘോഷം ഗവൺമെന്റിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. എല്ലാ ചാനലുകളിലും കനത്ത ആഘോഷം. യഥാർത്ഥത്തിൽ ഇത്തരം ഉത്സവങ്ങൾ കൊണ്ടാടേണ്ടത് ജനങ്ങൾ തന്നെയായിരിക്കണം. അതിനാവശ്യമായ സഹായം നൽകുകയാണ് ഗവൺമെന്റിന്റെ ചുമതല. സംഘം ചേർന്ന് പാട്ടുപാടി പൂ പറിക്കുന്നതും പൂവിടുന്നതും പലതരം വിനോദങ്ങളിൽ വ്യാപൃതരാകുന്നതും ഒക്കെ ഇന്ന് പ്രായോഗിക ജീവിതത്തിൽ അത്യപൂർവമായിരിക്കുന്നു
ഓണാഘോഷ
ത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. എഡി ആറാം നൂറ്റാണ്ടിലാണ് ഓണാഘോഷങ്ങൾ ആരംഭിച്ചത് എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം.എന്നാൽ ചില പൗരാണിക ഗ്രന്ഥങ്ങളിലെ സൂചന പ്രകാരം ഓണാഘോഷത്തിന് 2000 വർഷത്തിലേറെ പഴക്കമുണ്ട്. അതെന്തായാലും കേരളം വാണിരുന്ന മാവേലി തമ്പുരാനെ കുറിച്ചുള്ള സ്മരണ പുതുക്കാൻ ആണ് ഓണം ആഘോഷിക്കപ്പെടുന്നത് എന്ന ഐതിഹ്യത്തിനാണ് നമുക്ക് പ്രാധാന്യം.
ഓണാഘോഷത്തിൽ ജാതി ചിന്തയുടെയോ
സവർണ്ണ–അവർണ്ണ വ്യത്യാസത്തിൻെയോ
തരിപോലും കടന്നിട്ടില്ല. പഞ്ഞമാസമായ കർക്കിടകത്തിലെ കഷ്ടപ്പാടുകൾ മറന്ന് ചിങ്ങം പുലരുന്നതോടെ കാർഷിക വിളവെടുപ്പിന്റെ സന്തോഷവുമായി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ലോകത്തിലേക്കുള്ള വരവായിട്ടുകൂടിയാണ് ഓണത്തെ സങ്കൽപ്പിക്കുന്നത്. അതുകൊണ്ടാണ് ഓണാഘോഷങ്ങളിൽ യാഗങ്ങൾക്കോ പൂജകൾക്കോ പ്രസക്തി ഇല്ലാത്തത്. ഓണപ്പാട്ടിൽ പറയുന്നതുപോലെ കള്ളവും ചതിയും ഇല്ലാത്ത, പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത എല്ലാവരെയും സമന്മാരായി കരുതുന്ന, അന്ധവിശ്വാസങ്ങൾ ഇല്ലാത്ത മഹാബലി രാജാവിന്റെ ഭരണകാലം പണ്ടെങ്ങോ ഇവിടെ നിലനിന്നിരുന്നു. അതിനെയാണ് വെൽഫെയർ സ്റ്റേറ്റ് അഥവാ പ്രാകൃത കമ്മ്യൂണിസം എന്ന വിളിപ്പേരുള്ളത്. ഇതിൽ നിന്നും ക്രമേണ അസമത്വമുള്ള വർഗ്ഗസമൂഹം ഉണ്ടായി. എങ്കിലും മനുഷ്യരെല്ലാം സ്നേഹത്തിലും ഐക്യത്തിലും ജീവിച്ച, നന്മ നിറഞ്ഞ ആ പഴയ കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണാഘോഷങ്ങൾ. ജീവിതം അതുപോലെ ആകണമെന്ന് നാം സ്വപ്നം കാണുന്നു. അതിന്റെ ഓർമ്മയ്ക്കായി, പ്രതീക്ഷക്കായി “കാണം വിറ്റും ഓണം ഉണ്ണുന്നു”
സ്വപ്നം യാഥാർത്ഥ്യ മാകണമെങ്കിൽ നമ്മുടെ ചിന്തകളും ഭാവനകളും നന്മ നിറഞ്ഞവയായിരി ക്കണം.യാതനാഭരിതമായ ജീവിതാനുഭവങ്ങളാണ് സ്വപ്നത്തിന് ജന്മം നൽകേണ്ടത്. തെരുവിലെ ദാരിദ്ര്യവും രോഗവും മരണവും ഒക്കെ കണ്ടപ്പോഴാണ് ശ്രീബുദ്ധന് തന്റെ സ്വപ്നത്തിന് രൂപം കൊടുക്കാനായത്. സൗത്ത് ആഫ്രിക്കയിൽ താൻ നേരിട്ട് അനുഭവിച്ച ദുരിതങ്ങളാണ് ഒരു ജനതയുടെ തന്നെ സ്വാതന്ത്ര്യം കൊടുക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞത്. സമാന അനുഭവങ്ങളാണ് എബ്രഹാം ലിങ്കിൺ, നെൽസൺ മണ്ടേല, മദർ തെരേസ,ഭഗത് സിംഗ്, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, കെ പി കറുപ്പൻ, വി റ്റി
ഭട്ടതിരിപ്പാട്, ചാവറ അച്ഛൻ, എ കെ ജി, തുടങ്ങിയ എത്രയോ മഹാത്മാക്കൾ നേരിട്ടത്.എന്നാൽ ഇന്ന് ഇവരാരും പുത്തൻ തലമുറക്ക്‌ റോൾ മോഡലുകൾ അല്ലാതായിരിക്കുന്നു.
വാമനനോ മാവേലിയോ ശരിയെന്ന ചോദ്യത്തിന് രണ്ടുത്തരം ഉണ്ട്. അധികാരം നഷ്ടപ്പെട്ടവർക്ക് വാമനനും, ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയും ആണ് ശരി. അതുകൊണ്ടാണ് ഇത്രമാത്രം ജനങ്ങൾ വർഷംതോറും മാവേലിക്കായി കാത്തിരിക്കുന്നത്. മഹാബലിയുടെ കാലത്തെപ്പോലെ ധർമ്മം പുലരുന്നതും സമ്പത്തും സമൃദ്ധിയും എല്ലാവർക്കും ഒരുപോലെ അനുഭവിക്കാൻ പറ്റുന്നതുമായ ഒരു സമൂഹം ഉണ്ടാകണമെന്ന് നമ്മൾ എല്ലാം ആഗ്രഹിക്കുന്നു. പക്ഷേ ലക്ഷ്യത്തിലെത്താൻ വേണ്ടിയുള്ള കഠിനാധ്വാനവും സത്യനിഷ്ടയും ആത്മാർത്ഥതയും ധർമ്മബോധവും നമ്മുടെ പ്രവൃത്തികളിൽ ഉണ്ടാകാനുള്ള ശ്രമം ഉണ്ടാകുന്നില്ല എന്നതാണ് കാതലായ പ്രശ്നം. ഓണക്കാലത്ത് മാത്രം വെറുതെ ഓർമ്മയിൽ ഉരുവിടുന്നതിനപ്പുറം നമ്മുടെ പ്രവൃത്തികളിൽ കർമ്മങ്ങളിൽ കാതലായ മാറ്റത്തിന്റെ വിത്ത് പാകുവാൻ സാധിക്കുമോ? ഇന്ന് മാവേലിമന്നൻ തന്റെ പ്രജകളെ കാണാനെത്തിയാൽ കാണുന്നതോ…. കള്ളവും ചതിയും വഞ്ചനയും കൊള്ളയും നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹം. ആത്മഹത്യയും ജീവിത പീഡനങ്ങളും പുതിയതരം മാറാരോഗങ്ങളും വൃദ്ധ മാതാപിതാക്കളെ കാത്തിരിക്കുന്ന വൃത്തസദനങ്ങളും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂട്ടുപിടിച്ച് വ്യക്തികളെയും സമൂഹത്തെയും ചൂഷണം ചെയ്യുന്നവർ. മഹാബലിയുടെ ജീവിതദർശനങ്ങളായ ധർമ്മം നീതി ദാനം സ്നേഹം ഇവയെക്കുറിച്ചൊന്നും ഓർക്കാൻ പോലും സമയമില്ലാത്തവർ…. അങ്ങനെ പോകുന്നു ഈ നേർക്കാഴ്ചകൾ. ഓണ ദിവസങ്ങളിൽ മാത്രം പണ്ടെങ്ങോ നിലനിന്നിരുന്ന സമത്വ സുന്ദരമായ ജീവിതം തിരിച്ചു വരണമെന്ന് സ്വപ്നം കാണുന്ന ജനം!
വിഖ്യാത ഐറിഷ് നാടകകൃത്തും കവിയും ചെറുകഥാകൃത്തുമായ സാമുവൽ ബെക്കറ്റ് (Samuel Beckett) ന്റെ പ്രസിദ്ധ കൃതിയാണ് ‘ഗോദോയെ കാത്ത് ‘(Waiting for Godot). ആരെന്നറിയാത്ത ഒരിക്കലും കണ്ടിട്ടില്ലാത്ത ഗോദോ എന്ന വരാത്ത അതിഥിക്ക് വേണ്ടി സുഹൃത്തുക്കളായ,പ്രധാന കഥാപാത്രങ്ങളായ, വ്ലാദിമർ, എസ്ട്രാഗൺ എന്നിവരുടെ അനന്തവും അർത്ഥശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. നാടകത്തിന് തിരിശീല വീഴുന്നതുവരെ അതിഥി എത്തുന്നില്ല. എങ്കിലും അതിഥിക്ക് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.
രക്ഷകന് വേണ്ടിയുള്ള കാത്തിരിപ്പെല്ലാം വിഫലമാണ്.രണ്ടു മഹായുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മനുഷ്യനെ പഠിപ്പിക്കുന്ന
പാഠം അതാണ്. മനുഷ്യന്റെ രക്ഷകനായി കരുതുന്ന’ദൈവത്തിന്റെ മരണം’ ഒന്നാം മഹായുദ്ധത്തിനു (1914–1918) മുമ്പേ പ്രവചിച്ച വലിയ നിഷേധചിന്തകനായിരുന്നു ജർമൻ പണ്ഡിതനും
തത്വചിന്തകനുമായ
ഫ്രഡറിക് നീഷേ. ( Friderich Neitzsche).
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ് ഭാഷാനാടകമായി ‘ഗോദോയെ കാത്ത് ‘ തെരഞ്ഞെടുക്കപ്പെട്ടു.
ഈ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ നമ്മൾ മലയാളികളും തിരിച്ചുവരാത്ത പണ്ടത്തെ സുഖ സമ്പൂർണ്ണമായ ഓണ ദിനങ്ങളെയും മാവേലിയുടെ രാജകീയ വരവിനെയുംസ്വപ്നംകണ്ട് പ്രതീക്ഷാനിർഭരമായി എല്ലാവർഷവും ആഘോഷങ്ങൾക്ക് സാക്ഷിയായി
തൃപ്തിയടയുന്നു. ആഘോഷംകഴിഞ്ഞാലോ?
കുത്തഴിഞ്ഞ ജീവിതം വീണ്ടും വിജയപ്രദമായി ആവർത്തിക്കപ്പെടുന്നു!അപ്പോഴും വേണ്ടത് ഭാവിയെക്കുറിച്ചുള്ള സ്വപ്നവും അത് നേടാനുള്ള ചിന്ത കൈവിടാതിരിക്കലു
മാണ്. അമേരിക്കയിലെ മൂന്നാമത്തെ പ്രസിഡന്റും, അടിമക്കച്ചവടം നിയമം മൂലം നിർത്തലാക്കിയ നേതാവുമായ തോമസ് ജെഫേഴ്സൺ പറഞ്ഞത് ഇത്തരുണത്തിൽ സന്ദർഭോചിതമാണ് :
“ചരിത്രത്തിലെ കൊഴിഞ്ഞുപോയ കാലത്തെക്കുറിച്ച് ഓർക്കുന്നതിനേക്കാൾ എനിക്ക് പ്രിയം
ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്”എന്നാണ്.
16–09–2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts