LIMA WORLD LIBRARY

ഹൃദയരക്തം – സാക്കിർ സാക്കി നിലമ്പൂർ

ഓ..എൻ്റെ ഹൃദയമേ.

ഇത് ഞാൻ നിനക്കെഴുതുന്ന വെറുമൊരു
പ്രണയലേഖനമല്ല.
എന്റെ ഹൃദയരക്തം കൊണ്ട് , എന്റെ കപോലങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന
പൊള്ളുന്ന
കണ്ണീർകണങ്ങൾ കൊണ്ട് ഞാൻ കോറിവരക്കുന്നതാണിത്.

നീയെന്നചിന്ത ഒരുൻമാദമായി എന്നിൽ നിറയുമ്പോൾ, ഹൃദയതന്ത്രികളിൽ
നീ മാന്ത്രികസംഗീതം പോലെ പടരുമ്പോൾ,
എന്നിലെ പ്രണയപ്പൂമരം സ്നേഹപ്പൂക്കൾ കൊണ്ട് നിറയുകയാണ്.

പ്രണയമെന്ന വികാരത്തെ എന്റെ ആത്മാവിന്റെ ആഴങ്ങളിലേക്കെത്തിച്ച എന്റെ ആനന്ദമേ.
സ്നേഹമെന്ന പദത്തിന് ഒരായിരം അർത്ഥ തലങ്ങളുണ്ടെന്ന് എന്നെ പഠിപ്പിച്ച എന്റെ ആഹ്ളാദമേ.
നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ കണ്ടാലുംകണ്ടാലും മതിവരാത്ത
കടൽ കാണുന്നത്
പോലെ .
നിന്റെ പ്രണയസല്ലാപം കേൾക്കുമ്പോൾ
എന്റെ കാതുകൾ മാസ്മരികസംഗീതം കേട്ടാലെന്ന പോലെ.
നീ വിരൽ തുമ്പു കൊണ്ടെന്നെ സ്പർശിക്കുമ്പോൾ വൈദ്യുത തരംഗമേറ്റാലെന്ന പോലെ.

ഹൃദയരഹസ്യങ്ങൾ കൈമാറുന്ന രണ്ട് ഇണപ്പക്ഷികളായി നീലാകാശത്തിലൂടെ വെൺമേഘങ്ങളെ തൊട്ടുരുമ്മി ഒഴുകി നീങ്ങണം നമുക്ക്.
പ്രണയനിലാവ് പരന്നൊഴുകുന്ന പ്രണയപ്പുഴയുടെ കരയിൽ പ്രണയത്താഴ് വരയിൽ
പരസ്പരം മറന്ന് പ്രണയപാരവശ്യത്തോടെ
ഒരുപാടൊരുപാട് വർഷങ്ങൾ കെട്ടിപ്പുണർന്ന് നിൽക്കണം നമുക്ക് .
അങ്ങനെയങ്ങിനെ ഒരുപാട് കാലം .

നീയാണെന്റെ എല്ലാം.
നീ തന്നെയാണെനിക്ക് സർവ്വവും.
ഊഷരമായ എന്റെ മനസ്സിനെ ഉർവ്വരമാക്കുവാൻ വന്ന
വർഷകാലമേഘമായ നിന്നെക്കുറിച്ച് .
പ്രക്ഷുബ്ധമായ ഉൾക്കടൽ പോലെ തിരയടങ്ങാത്ത മനസ്സിനെ ശാന്തമാക്കാൻ വന്ന കുളിർതെന്നലായ നിന്നെക്കുറിച്ച്.
ബാല്യത്തിൽ പറമ്പിലെ കാട്ടെരിക്കുകൾക്കും
കാശിതെറ്റിക്കാടുകൾക്കുമിടയിൽ വീട് വച്ച് കളിച്ച ആ സുവർണ കാലഘട്ടം മുതൽക്കിന്നുവരെ
കൗമാരപ്രണയ കൗതുകങ്ങളിൽ മനസ്സിൽ ഉദിച്ചുയർന്ന നിറപ്പൊലിമയാർന്ന സ്വപ്നങ്ങളിൽ
എൻ്റെ സമസ്ത സ്വപ്നങ്ങളുടെയും സങ്കീർത്തനമായി മാറിയ നിന്നെക്കുറിച്ച്.
കർമ ബന്ധങ്ങൾ വേരറ്റു വീണപ്പോഴും കണ്ണുനീർപ്പാടങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടപ്പോഴും നിന്റെ സ്മൃതികളാണെന്നെ ആഹ്ളാദ തീരത്തെത്തിച്ചത് .

എന്റെ ആനന്ദമേ
എന്റെ ആഹ്ളാദമേ
എന്റെ ശ്വാസമേ
എന്റെ പ്രാണനേ
എന്റെ ,
എന്റെ മാത്രം പ്രണയമേ…
നീയെന്റെ ജീവനാണെന്നല്ല
നീ തന്നെയാണ് ഞാൻ
ഇനിയുള്ള
ഓരോ ജന്മജൻമാന്തരങ്ങളിലും എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നീയെന്ന ചിന്തകൾ മാത്രം നിറച്ച് നിന്നെ മാത്രം പ്രണയിച്ചങ്ങിനെ.

നിന്നോടുള്ള പ്രണയത്തിൽ ഞാൻ മണ്ണോട് ചേർന്നാലും എന്റെ കുഴിമാടത്തിൽ നിന്ന് മുളപൊട്ടുന്ന ഒരായിരം ചെടികളിൽ നിന്ന് വിടർന്ന് വരുന്ന പൂക്കൾ നിന്നോടുള്ള എന്റെ പ്രണയത്തിന്റെ നിത്യസ്മാരകങ്ങളായി മാറും

അങ്ങനെ,
അങ്ങനെ മരണത്തെ പോലും നിന്നോടുള്ള പ്രണയം കൊണ്ടെനിക്ക് അതിജീവിക്കണം
നിന്നെ മാത്രം ഓർത്ത് ,
നിന്നെക്കുറിച്ചുള്ള ചിന്തകളിൽ മനം നിറച്ച് ,
നിനക്ക് വേണ്ടി മാത്രം ജീവിച്ച
ജീവിക്കുന്ന,
നിന്റെ
നിന്റെ മാത്രം
പ്രാണനാഥൻ.

സാക്കിർ – സാക്കി
നിലമ്പൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts