കാലിൽ ഉമ്മ വെച്ചു
പോയ തിര കടലിൽ ചേർന്നു. അമ്മക്കടലിന്റെ മടിത്തട്ടിൽ വെള്ളാരം കല്ലുകൾ കുളിച്ചൊരുങ്ങി. കരളിലെ സ്നേഹം ഉറവ പൊട്ടി മെയ്യാകെ നനച്ചു അവാച്യമായ അനുഭൂതിയോടെ തീരത്തു തളർന്നു കിടന്ന് മീനു ആകാശത്തിലേക്കു നോക്കി.
ആട്ടിൻ പറ്റങ്ങൾ പോകും പോലെ മേഘങ്ങൾ ഒഴുകി നീങ്ങി. നക്ഷത്ര വിളക്കുകൾ ആട്ടിടയന് വഴികാട്ടിയായി. മീനു സ്വപ്നയാത്രയുടെ ലഹരിയിൽ ഉന്മാദം കൊണ്ടു.
മീനൂ മീനൂ എന്ന് ആരോ വിളിക്കും പോലെ. കയ്യിൽ തടഞ്ഞ ഒരു ചെറിയ പ്രതിമ. പെട്ടന്ന് ചാടി എഴുന്നേറ്റ് അവൾ ആ പ്രതിമയെ മടിയിൽ വെച്ചു. മുത്തുമാലകൾ വിൽക്കാൻ പോയ അമ്മ തിരിച്ചെത്തി. മീനു വരൂ പോകാം.
അമ്മയുടെ ക്ഷീണിച്ച മുഖം അവളെ വേദനിപ്പിച്ചു.ഇന്ന് അധികം ഒന്നും വിറ്റു പോയിട്ടില്ലെന്ന് മുഖം പറയുന്നു. പ്രതിമയെ അവൾ ചെറിയ തുണി സഞ്ചിയിൽ ഒളിപ്പിച്ചു. അമ്മയും മകളും മാത്രമുള്ള കുടിലിലേയ്ക്ക് അവർ രണ്ടുപേരും നടന്നു നീങ്ങി. ഇരുട്ടി ത്തുടങ്ങിയിരുന്നു. കൈ കാൽ കഴുകി ശുദ്ധി വരുത്തി അവൾ നിലവിളക്കു കൊളുത്തി ഉമ്മറത്തിരുന്നു പ്രാർത്ഥിച്ചു. അമ്മ അത്താഴം ഉണ്ടാക്കുന്ന തിരക്കിൽ ആയപ്പോൾ പതുക്കെ സഞ്ചിയിൽ നിന്നും അവൾ ആ പ്രതിമ പുറത്തെടുത്തു. മീനുവിനോട് അതു വിശേഷങ്ങൾ പങ്കു വെച്ചു. നിനക്ക് എങ്ങനെ സംസാരിക്കാൻ കഴിയുന്നു അവൾ ചോദിച്ചു. എനിക്ക് എല്ലാവരോടും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. കടലിൽ ഒഴുകിപ്പോയിട്ട് വർഷങ്ങൾ ആയി. നിന്റെ വിരൽ തുമ്പുകൾ തൊട്ടപ്പോൾ എനിക്കു സംസാരിക്കുവാൻ സാധിച്ചു. പഴയതു പോലെ ഞാൻ ഒരു ചോളരാജാവിന്റെ അന്തപ്പുരത്തിലെ രാജ കുമാരിയുടെപൂജാ വിഗ്രഹം ആയിരുന്നു. തമ്പുരാട്ടിയോട് എനിക്കു സംസാരിക്കാൻ കഴിഞ്ഞിരുന്നു.
അവൾ തെല്ലൊരതിശയത്തോടെ കേട്ടിരുന്നു.
മീനു കഴിച്ചു കിടന്നുറങ്ങാൻ നോക്കൂ.
ദാ അമ്മ വിളിക്കുന്നു. ഞാൻ ഇപ്പോൾ വരാം അവൾ സഞ്ചിയിൽ തന്നെ പ്രതിമ ഒളിപ്പിച്ച് അമ്മയുടെ കൂടെയിരുന്നു ഭക്ഷണം കഴിച്ചു.
അവർ ഉറങ്ങാൻ കിടക്കുമ്പോളും അവളുടെ മനസ്സിൽ പ്രതിമയുടെ കഥ കേൾക്കാനുള്ള വെമ്പൽ ആയിരുന്നു.
പതിയെ പതിയെ അമ്മ ഉറക്കത്തിൽ വീണു. അവൾ വീണ്ടും സഞ്ചി തുറന്നു പ്രതിമയെ പുറത്തെടുത്തു.
പറയൂ എന്നിട്ട്…. കുമാരി എന്നോട് പറയാത്ത കാര്യങ്ങൾ ഇല്ല. ഞങ്ങൾ പിരിയാൻ വയ്യാത്ത കൂട്ടുകാർ ആയി. ആയിടക്കാണ് കുമാരിക്ക് വിവാഹാലോചനകൾ വന്നത്. പക്ഷെ അവൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. ഞാൻ എന്ന പ്രതിമയെ പൂജിച്ചും സംസാരിച്ചും അവൾ നിർവൃതിയടഞ്ഞു. വിവാഹിതയാവാത്തത് ഈ പ്രതിമ കാരണം ആണെന്ന് പറഞ്ഞു അച്ഛനായ രാജാവ് എന്നെ കടലിൽ എറിഞ്ഞു. കുമാരി വന്നു തൊടുന്ന നിമിഷം എനിക്കു സംസാര ശേഷി കിട്ടുമെന്ന് കടലിലെ നാഗ റാണികൾ എന്നോട് പറഞ്ഞു. വർഷങ്ങൾ കാത്തു കാത്തു കിടന്നു. ഇന്നു നീ പാടിയ പാട്ട് ഒഴുകി നടന്ന എന്നിലേക്ക് എത്തി. ഞാൻ തീരത്ത് അണയുമ്പോൾ നീ രാജകുമാരിയെ പോൽ ആകാശം നോക്കി സ്വപ്നം കാണുന്നു. ഒഴുകി വന്നു ഞാൻ നിന്നിലേക്ക് നിന്റെ വിരലുകൾ എന്നെ സ്പർശിച്ചപ്പോൾ എനിക്ക് സംസാരിക്കാൻ സാധിച്ചു. എനിക്കെല്ലാം ഓർമ്മ വന്നു.
പക്ഷെ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നില്ല. നീയെന്നെ ചുംബിക്കൂ അപ്പോൾ നിനക്ക് നമ്മൾ ആരാണെന്ന് ഓർമ്മിക്കാം. അവൾ പ്രതിമയെ ചുംബിച്ചു. ജന്മാന്തരങ്ങൾ അവൾക്കു മുന്നിൽ ഒന്നൊന്നായി തുറന്നു വന്നു.
അതേ നീയെന്റെ ദേവൻ എനിക്കെല്ലാം ഓർക്കാൻ കഴിയുന്നു.
ഇവിടെ ഞാൻ വെറും പ്രതിമയായിരിക്കും പ്രതിമ മുരണ്ടു. കടലിന്നടിയിൽ വേറൊരു ലോകമുണ്ട്. അവിടെ എനിക്ക് രൂപമുണ്ട്. നമുക്ക് പോകാം. ഇനിയും ഇവിടെ നിന്നാൽ പിന്നീട് നമുക്ക് ഒരിക്കലും കാണാൻ സാധിക്കില്ല. വരൂ കുമാരി.
എന്റെ അമ്മ എന്റെ അമ്മ…. ദേവാ
അമ്മ ഒറ്റക്കാവില്ലേ. ഇല്ല അമ്മയിനി ഉണരില്ല. അമ്മയുടെ ആയുസ്സ് അവസാനിച്ചു. നീ ഒറ്റക്കാകാൻ പാടില്ല. വരൂ കുമാരി എന്റെ ലോകത്തേയ്ക്ക് അവിടെ നമ്മൾ യുഗങ്ങളോളം യുഗങ്ങളോളം വെൺ ശംഖുകൾക്കൊപ്പം, പവിഴ കൊട്ടാരങ്ങളിൽ മുത്തു കോർത്ത പോലെ ജനിമൃതികളില്ലാതെ ഒരിക്കലും തീരാത്ത ലഹരിയിലേക്ക്.
അവൾ കടലിനു നേരെ നടന്നു. ഒരു സ്വപ്നാ ട കയെ പോലെ. മാറോടു ചേർത്തു വെച്ച പ്രതിമയോടൊപ്പം അവൾ വെള്ളത്തിലേക്കു കുതിച്ചു. ജലദേവതകൾ അവരെ സ്വീകരിച്ചു. യുവ കോമളനായി മാറിയ ദേവനൊപ്പം നാഗ ലോകത്തേക്ക് അവർ യാത്രയായി.
മുഖത്തു വെള്ളം കുടഞ്ഞു അമ്മ വിളിക്കുന്നു മീനു എണിൽക്കൂ അമേരിക്കയിൽ നിന്നു വന്ന ഒരു കൂട്ടം വീടിനു പുറത്ത്. അമ്മയുടെ കര വിരുത് കേട്ടു വന്നവർ.
അവൾ കണ്ണു തിരുമ്മി അവരെ നോക്കി. താഴെ പായയിൽ അവളെ നോക്കി കിടക്കുന്ന പ്രതിമയിലേയ്ക്ക് അവളുടെ കണ്ണുകൾ പോയി.
സ്വപ്നമായിരുന്നോ എല്ലാം
അവളുടെ ചോദ്യം നമ്മൾ വായന ക്കാരോടാണ്
About The Author
No related posts.