LIMA WORLD LIBRARY

തിരുവോണം ബംപർ…. കോയിക്കൽ കുഞ്ഞു – മോൻ ചേട്ടന്റെ കുഞ്ഞു കഥ – മുതുകുളം സുനിൽ

ഉച്ചയൂണ് കഴിഞ്ഞു ഉച്ചമയക്കത്തിനു പോകുന്നതിനു മുമ്പ് കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് ഒന്ന് കൂടി നോക്കി…
ഇന്നാണ് നറുക്കെടുപ്പ്.

ലോട്ടറിയുടെ ചരിത്രം ഓർമ്മകളിലേക്ക് വന്നു. ധനമന്ത്രി ആയിരുന്ന പി. കെ. കുഞ്ഞു
സാഹിബ്‌ ആണ് ലോട്ടറി എന്ന ആശയം കൊണ്ടു വന്നത്.
1968 ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിൽ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടന്നു. ഒരു രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 50,000 രൂപ ആയിരുന്നു.
” ഊഹമൂലധനം “, “ദല്ലാൾ മൂല
ധനം ” എന്നൊക്കെ ആൾക്കാർ കളിയാക്കിയെങ്കിലും സംയുക്ത സോഷ്യലിസ്റ്റ്
പാർട്ടിക്കാരനായ അച്ഛൻ തന്റെ നേതാവായ കുഞ്ഞു സാഹിബിന്റെ
സംരഭത്തിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നു.

കുറെദിവസം മുമ്പ് പാണക്കാട് രുദ്രൻ തിരുമേനിയെ കണ്ടപ്പോൾ…
” ഇപ്പോൾ ശുക്രദശയാണ്… നല്ല ഭാഗ്യം ഉള്ള സമയമാണ്… ”
തിരുമേനിയെ കണ്ടു ഇറങ്ങി അടുത്തു കണ്ട ലോട്ടറി കടയിൽ നിന്ന് 500 രൂപ കൊടുത്തു
തിരുവോണം ബംപർ ടിക്കറ്റ് എടുത്തു.

രണ്ടു മണി കഴിഞ്ഞപ്പോൾ

www.statelottery. kerala. guv. in എന്ന വെബ്സൈറ്റ്

തുറന്നു നോക്കി.
വാങ്ങിയ ടിക്കറ്റ് നമ്പരും വെബ്സൈറ്റിലുള്ള നമ്പരും പല പ്രാവശ്യം ഒത്തു നോക്കി.
ഒന്നാം സമ്മാനം 25 കോടിരൂപ എന്റെ നമ്പറിന്…
സന്തോഷം കൊണ്ട് തുള്ളി ചാടണം എന്ന് ഉണ്ടായിരുന്നു.
വേണ്ട.
ഇപ്പോൾ ആരും അറിയേണ്ട.

ശ്വാസംമുട്ടലുമായി ഒൻപതുദിവസങ്ങൾ ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ വന്നിട്ടും ഇടയ്ക്കൊക്കെ ശ്വാസംമുട്ടൽ തുടരുന്നു…
കഴിഞ്ഞദിവസം ശ്വാസം മുട്ടൽ കൂടിയപ്പോൾ ഹോം ഓക്സിജൻ മാസ്ക് വെച്ച് തന്ന് ഉയർന്നു താഴുന്ന നെഞ്ചുതടവി പദ്മിനി പറഞ്ഞു….
” നാട്ടിലേക്ക് വരുമ്പോൾ നമ്മുടെ വാഗനർ കാർ വിൽക്കേണ്ടിയിരുന്നില്ല… ആശുപത്രിയിൽ അത്യാവശ്യത്തിന് പോകണമെങ്കിൽ ടാക്സിയോ, ഓട്ടോയോ വിളിക്കണം…”
ആദ്യം പദ്മിനിയുടെ വിഷമം മാറ്റണം. ആരോടും പറയാതെ പട്ടണത്തിലേക്ക് പോയി.

ഓഡി കാർ RS 08 വാങ്ങി വീട്ടിൽ വന്നപ്പോൾ വീട് മുറ്റത്ത് വലിയ ആൾകൂട്ടം
എന്നെ കണ്ടതും അവർ ആർത്തു വിളിച്ചു….
” ജന്മനാടിന്റെ അഭിമാനതാരമായ…
ജന്മനാടിന്റെ
ഐശ്വര്യകാരണ ഭൂതനായ….
ജന്മനാടിന്റെ
കൺകണ്ട ദൈവമായ…
കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ സിന്ദാബാദ്..”
ജനകൂട്ടം വീണ്ടും വീണ്ടും ആർത്തു വിളിച്ചു.

സന്തോഷം കൊണ്ട് പൊട്ടി ചിരിച്ചു.
ഹ.. ഹ.. ഹ
പദ്മിനി വന്നു തട്ടി വിളിച്ചു ചോദിച്ചു…. “എന്താ വല്ല സ്വപ്നം കണ്ടോ… മണി നാലായി. ചായ കുടിക്കാൻ വാ ”
വീണ്ടും പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു…
“അമൂർത്തമായ സാഹചര്യത്തിലുള്ള ചോദ്യത്തിന് മൂർത്തമായ മറുപടി നൽകാനാവില്ല.
അമൂർത്തമായ മറുപടി ഭാഗികവും തെറ്റായതുമാകും….”
വീണ്ടും കുലുക്കി വിളിച്ച് പദ്മിനി ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി.

മയക്കത്തിൽ നിന്ന് എഴുന്നേറ്റു സൂക്ഷിച്ചു വെച്ചിരിക്കുന്ന ലോട്ടറി ടിക്കറ്റ് നോക്കി.
സുരക്ഷിതമായി അവിടെ തന്നെ ഉണ്ട്.
ചായ കുടിച്ചുകൊണ്ട് ഓർത്തു….
കഴിഞ്ഞ വിഷുബംപർ എടുത്തപ്പോഴും ഇതേ സ്വപ്നം കണ്ടിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px