വിപ്ലവത്തിന്റെ ശാദ്വല സംഗീതം – അഡ്വ.പാവുമ്പ സഹദേവൻ

Facebook
Twitter
WhatsApp
Email

 

ഭൂമിയിലെ എല്ലാ രാഷ്ട്രീയ വിപ്ലവങ്ങളിലും സംഗീതം അതിന്റെ സ്വർഗ്ഗീയ സുന്ദരമായ അകമ്പടി സേവിച്ചിട്ടുണ്ട്.
സംഗീതത്തിലൂടെയല്ലാതെ സാമൂഹ്യ വിപ്ലവത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻകൂടി കഴിയില്ല.
ബഹുഭൂരിപക്ഷം മനുഷ്യരും വിപ്ലവം നടക്കുമ്പോൾ
അതിന് വിരുദ്ധമായിട്ടാണ്
ചരിത്രത്തിലെന്നും നിലകൊണ്ടിട്ടുള്ളത്.
എന്നാൽ കാലങ്ങൾ കഴിയുമ്പോൾ, വിപ്ലവത്തെ എതിർത്തവർതന്നെ അതിന്റെ കൊടിക്കൂറയുമേന്തി മുന്നണിപ്പടയിൽ അണിനിരക്കുന്നത് സ്വാഗതാർഹമെങ്കിലും വിരോധാഭാസകരമായ കാഴ്ചയാണ്.
അവരൊക്കെ ഉജ്ജ്വലമായ വിപ്ലവഗാനം കേട്ടിട്ടാണോ
വിപ്ലവത്തിന്റെ ദീപശിഖയേന്തുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുപോകാറുണ്ട്.
എന്തെന്നാൽ വിപ്ലവത്തെപ്പറ്റി സംഗീതത്തിലൂടെയാണ് ഞാൻ മിക്കവാറും കാര്യങ്ങളൊക്കെ ഓർമ്മിച്ചെടുക്കുന്നത്.
പണ്ടെങ്ങോ ചരിത്രത്തിൽ പൊട്ടിപ്പുറപ്പെട്ട സാമൂഹ്യവിപ്ലവങ്ങളെ
സംഗീതത്തിലൂടെയാണ്
നമ്മൾ ഗൃഹാതുരത്വം നിറഞ്ഞ
സ്മരണകളാക്കി താലോലിക്കുന്നത്.

വിപ്ലവത്തെ സ്നേഹിക്കുന്നവരെല്ലാം തന്റെ കൺമുമ്പിൽ നിൽക്കുന്ന വിയർത്തൊലിച്ച തൊഴിലാളിയെ സ്നേഹിക്കണമെന്നില്ല.
കാരണം അവർ വിപ്ലവത്തെ സ്നേഹിക്കുന്നത് പണ്ടെങ്ങോ കേട്ട വിപ്ലവഗാനത്തിന്റെ അലയൊലികളിലൂടെയായിരിക്കും എന്നതാണ് .
ഞാനും ആദ്യമൊക്കെ വിപ്ലവത്തെ സ്നേഹിച്ചു തുടങ്ങിയത്, വിപ്ലവഗാനം കേട്ടിട്ടാണ്.
വിപ്ലവത്തിന്റെ കാഹള സംഗീതം കേട്ടിട്ട്,
ഭൂമിയിൽ ഞാൻ കേറാത്ത മലകളും കൊടുമുടികളുമില്ല .
വിപ്ലവത്തിന്റെ പെരുമ്പറ മുഴക്കത്തിന് തന്നെ പ്രപഞ്ചം
കുലുങ്ങുന്ന ഒരു സംഗീത താളലയമുണ്ട്.
എല്ലാ വിപ്ലവങ്ങളും പൂത്തുലയുന്നത് കാല്പനിക സംഗീതത്തിന്റെ മെലഡിയിൽ
ജനപഥങ്ങൾ ഇളകി മറിയുമ്പോഴാണ്.
വിപ്ലവ സംഗീതത്തിന്റെ കൊടുമുടികളിലെത്തിയിട്ട് താഴോട്ട് നോക്കുമ്പോൾ ഞാൻ വല്ലാതെ ഭയചകിതനായിട്ടുണ്ട്.
വിപ്ലവത്തിന്റെ താഴ്വാരങ്ങളിലേക്ക് നോക്കുമ്പോഴുണ്ടാകുന്ന ഭീകരമായ ഭയത്തെ സംഗീതത്തിലൂടെയാണ് ഞാൻ എന്നും അതിജീവിച്ചിട്ടുള്ളത്.
അപ്പോഴൊന്നും വിപ്ലവത്തിന്റെ കൊടുമ്പിരിക്കൊള്ളുന്ന പദാവലികളും സംവർഗ്ഗങ്ങളും എന്നെ രക്ഷിക്കാൻ എത്തിയിട്ടില്ല.

ശരിയാണ്, വിപ്ലവത്തിന്റെ ചടുലമായ സംഗീതത്തിലൂടെ തന്നെയാണ് ഞാൻ എന്റെ വിപ്ലവത്തിന്റെ സമ്മോഹന സങ്കല്പങ്ങളെ താലോലിച്ചിട്ടുളളത്.
ഭൂമിയിലെ പരുക്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ ഉദാത്തീകരിച്ച
സങ്കല്പങ്ങളിലൂടെയാണ്
എല്ലാ വിപ്ലവ സ്വപ്നങ്ങളും
ഹൃദയത്തിൽ പൊട്ടി വിടരുന്നത്.
വിപ്ലവ സംഗീതത്തിന്റെ മാസ്മരികമായ സുഗന്ധമാണ്
ജനലക്ഷങ്ങളെ വിപ്ലവത്തിന്റെ
മുന്നണിപ്പടയിൽ അണിചേരാൻ പ്രേരിപ്പിക്കുന്നത്.
അങ്ങനെ ജനപഥങ്ങൾ സംഗീതത്തിന്റെ തരംഗ വീചികളിലൂടെ ആകാശത്തിലേക്കുയരുമ്പോഴാണ്
ഭൂമിയിൽ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങൾ സംഭവിക്കുന്നത്.
ആകാശത്തിൽ നിന്ന് ആരോ താഴേക്കിറക്കിയ സംഗീതത്തിന്റെ
കനത്ത വടത്തിൽ പിടിച്ചാണ്
വിപ്ലവത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക്
വിപ്ലവകാരികൾ കുതിച്ചുയരുന്നത്.
വിപ്ലവ ശിഖരത്തിൽ നിന്നുയരുന്ന
മുദ്രാവാക്യങ്ങളിൽപോലും
ചെകിടോർത്താൽ കാല്പനിക സംഗീതത്തിന്റെ
പ്രതിദ്ധ്വനി കേൾക്കാം.
സംഗീതമില്ലാതെ വിപ്ലവമില്ല എന്ന്
പറഞ്ഞാൽ ഇനി എല്ലാവരും വിശ്വസിക്കുമെന്ന് എനിക്ക്
നൂറ് ശതമാനം ഉറപ്പാണ്.

എന്നാൽ യഥാർത്ഥത്തിലുള്ള
ഭൂമിയിലെ പച്ചയായ വിപ്ലവത്തെ ഞാൻ എന്നും ഭയപ്പെട്ടിരുന്നു.
ചോര വാർന്നൊഴുകുന്ന വിപ്ലവങ്ങളിൽ, ചില ജീവിതമൂല്യങ്ങൾ കൂടി ഒഴുകിപ്പോകുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല.
അപ്പോഴുണ്ടാകുന്ന എന്റെ ആത്മാവിന്റെ പിടയലുകൾക്ക്, അതേ വിപ്ലവ സംഗീതം തന്നെയായിരുന്നു എനിക്ക് ഒരേയൊരു ഒറ്റമൂലിയാകുന്നത് .
അങ്ങനെ കാലചക്രത്തിൽ പ്രതീക്ഷയർപ്പിച്ച്, വീണ്ടും വിപ്ലവത്തെ സംഗീതത്തിന്റെ അകമ്പടിയോടുകൂടിതന്നെ ഞാൻ നെഞ്ചോടണയ്ക്കുമായിരുന്നു.
ഒഴുകിപ്പോയ കാലഘട്ടത്തിന്റെ മൂല്യങ്ങൾ സംഗീതത്തിലൂടെ തിരികെ വരുന്നതിനെ,
വിപ്ലവ സംഗീതത്തിന്റെ ഗിരിശൃംഗങ്ങളിൽ വെച്ച് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു.
എന്നിരുന്നാലും, പിന്നീട് ചരിത്രത്തിന്റെ ഗതിവിഗതികളിൽ പഴയ ജീവിതമൂല്യങ്ങളെ പുറന്തള്ളി പുതിയ ജീവിതമൂല്യങ്ങളും സംസ്കൃതിയും സംഗീതത്തോടൊപ്പം ഉദിച്ചുയരുന്നത്, ഞാൻ നെഞ്ചേറ്റി സ്വീകരിച്ചിട്ടുമുണ്ട് .

സംഗീതമില്ലാത്ത വിപ്ലവം സഹാറ മരുഭൂമിപോലെ വരണ്ടതും മനുഷ്യത്വരഹിതവുമായിരിക്കും.
വിപ്ലവത്തിന്റെ ചോരപ്പുഴകളെ ആളിക്കത്തിച്ചതും, ഒപ്പം അതിനെ സ്വാന്തനിപ്പിച്ചതും എന്നും വിപ്ലവ വിശുദ്ധമായ സംഗീതം തന്നെയായിരുന്നു.
വിപ്ലവ സംഗീതംപോലെ ഔഷധ ഗുണമുള്ള ഒരു സാമൂഹ്യസൂചിക, യാതൊരു വിപ്ലവ പദാവലികൾക്കും വിപ്ലവാശയങ്ങൾക്കും
പകർന്നുതരാൻ കഴിയില്ല.
വിപ്ലവ സംഗീതത്തിന് പകരം വെയ്ക്കാൻ ചരിത്രത്തിലെ
യാതൊരു വിപ്ലവ പദാവലികൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വിപ്ലവ ചരിത്രങ്ങളുടെ യഥാർത്ഥ്യം.
എന്റെ എല്ലാ വിപ്ലവ സ്വപ്നങ്ങൾക്കും എന്നും ചിറകു പിടിപ്പിച്ചത് ഐതിഹാസികമായ വിപ്ലവാത്മക സംഗീതങ്ങൾ തന്നെയായിരുന്നു.
എല്ലാ വിപ്ലവങ്ങൾക്കും മുന്നോടിയായി വരുന്ന, വിപ്ലവത്തിന്റെ ഉശിരൻ ഉണർത്തുപാട്ടുകൾ
വിപ്ലവത്തിന്റെ മുന്നണി പോരാളികളെ എന്നും പ്രകമ്പനം കൊളളിച്ചിരുന്നു.
വിപ്ലവത്തിന്റെ ത്രസിപ്പിക്കുന്ന സിരകളിലൂടെ ഒഴുകിയ ചുടുരക്തത്തിന്,
എന്നും സംഗീതത്തിന്റെ താളലയഭാവങ്ങളുണ്ടായിരുന്നു.
വിപ്ലവകാരികൾ, ആകാശത്ത്
കേട്ട വിപ്ലവത്തിന്റെ
പടഹധ്വനി സംഗീതം,
ഭൂമിയിൽ വിപ്ലവകലാപങ്ങളായി സാക്ഷാത്കരിക്ക
പ്പെടുകയായിരുന്നു.

Written by Adv. Pavumpa Sahadevan.

Phone. 9744672832.

About The Author

Leave a Reply

Your email address will not be published. Required fields are marked *