LIMA WORLD LIBRARY

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 10 – കാരൂര്‍ സോമന്‍

അധ്യായം-10

കണക്കുകൂട്ടലുകള്‍

 

ഗോപാലനും രവിയും തോട്ടത്തിലെത്തുമ്പോഴേക്കും പണിക്കാര്‍ റബര്‍ വെട്ടാന്‍ തുടങ്ങിയിരുന്നു. ചിരട്ടയ്ക്കുള്ളില്‍ ഉറഞ്ഞു വീണ ഓട്ടുപാലിന്‍റെ ഗന്ധം പരന്നു. പണിക്കാരുടെ കത്തിയുടെ മൂര്‍ച്ച മരങ്ങളുടെ അരിഞ്ഞു പകുതിയായ മുറിവില്‍ വീണ്ടുമമര്‍ന്നു. മുറിവിലൂടെ തുടിച്ചു പൊന്തുന്ന പാലിന്‍റെ ധവളിമ ഗോപാലന്‍റെ മുഖത്ത് സംതൃപ്തിയായി വിടര്‍ന്നു. രവിയും കത്തിയെടുത്ത് മരമരിയാന്‍ തുടങ്ങി. വനസമാനമായ തോട്ടത്തിലെ തളിര്‍ത്തുനില്‍ക്കുന്ന റബറിന്‍റെ ഇലകള്‍ ഇളംകാറ്റില്‍ സൂര്യന്‍റെ ആദ്യകിരണങ്ങളേറ്റു തുടിച്ചു. മഞ്ഞ് നനച്ച കരിയിലകളുടെ ശബ്ദത്തിനു പോലും സംഗീതം.

രാവിലെ തന്നെ രവിയെ ചീത്തപറഞ്ഞെങ്കിലും തോട്ടത്തിലെത്തിയപ്പോള്‍ ഗോപാലന്‍റെ മനസിനു വല്ലാത്ത സന്തോഷം തോന്നി. ഈയിടെയായി തോട്ടത്തില്‍ നിന്നും മെച്ചപ്പെട്ടാണു പാലു കിട്ടുന്നത്. റബറിനുണ്ടായ വിലയിടിവ് ഗോപാലനെ രണ്ടുമൂന്നു മാസം മുന്‍പ് അലോസരപ്പെടുത്തിയെങ്കിലും ഇപ്പോഴുണ്ടായ കുതിച്ചുകയറ്റം നല്ല ലക്ഷണമാണ് കാണിക്കുന്നത്. കൂലി കൂട്ടിത്തരാന്‍ പറയുന്ന പണിക്കാരെ ആവലാതി പറഞ്ഞു പറ്റിക്കുക ഗോപാലന്‍റെ തന്ത്രമാണ്. റബറിനു വില കൂടുന്നുണ്ടോ എന്ന് ഒരു പണിക്കാരനും തിരക്കില്ല. റബറിന്‍റെ കാശ് ബാങ്കില്‍ കനത്തുകനത്തു വരട്ടെയെന്നുമാത്രമാണ് ചിന്ത. എന്നാല്‍ രവിയെ അങ്ങിനെ വശത്താക്കാന്‍ പറ്റില്ല. മാര്‍ക്കറ്റിലെ വിലയും കച്ചവടത്തിനിടയിലുള്ള കളിയും അവനു മന:പ്പാഠമാണ്. അവനു കാശു കൊടുത്തില്ലേല്‍ റബര്‍ഷീറ്റേല്‍ കരിപ്പുക പിടിക്കും. ഷീറ്റടിക്കുന്നതും മാര്‍ക്കറ്റിലെത്തിക്കുന്നതും അവന്‍ തന്നെയാണല്ലോ. എന്തോ ഇപ്പോ കാശു കൂട്ടിത്തരണമെന്നു അവന്‍ പറയാറില്ല. പണ്ട് വലിയ ശല്യമായിരുന്നു അവനെക്കൊണ്ട്. കാശു കൂട്ടിക്കൊടുത്തില്ലേലും രാഷ്ട്രീയ പരിപാടികള്‍ക്കുപോകന്‍ സമ്മതിച്ചാല്‍മതി. പണി കഴിഞ്ഞ് അവന്‍ എവിടെപ്പോയാലും തനിക്കെന്താ…. ഗോപാലനു മനസില്‍ ചിരി വന്നു. അയാള്‍ തോട്ടത്തില്‍ പൊന്തിനില്‍ക്കുന്ന കല്ലിനുമുകളില്‍ ഇരുന്നു. ഇലകിള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴുന്ന സൂര്യരശ്മികള്‍ കിളവന്‍റെ മുഖത്തുപതിച്ചു. പ്രായം മുഖത്തുവീഴ്ത്തിയ ചുളിവുകള്‍ക്കു കൂടുതല്‍ തെളിമയായി. ഒരു ബീഡി കിട്ടിയാല്‍ വലിക്കാമെന്നു അയാള്‍ക്കു തോന്നി. കാശു കൊടുത്തു ബീഡി വാങ്ങുന്ന പതിവില്ലാത്തതിനാല്‍ പണിക്കാരന്‍ ചാക്കോച്ചനെ ഗോപാലന്‍ തേടി. ചാക്കോച്ചന്‍ ദൂരെയായാണു വെട്ടുന്നത്. അവിടെ വരെ നടക്കുന്നതിന്‍റെ കഷ്ടപ്പാടോര്‍ത്തു ബീഡി വലിക്കാനുള്ള ആഗ്രഹം അയാള്‍ മനസില്‍ പൂഴ്ത്തി.

വെട്ടുന്നതിനിടയില്‍ ഗോപാലന്‍റെ ഇരിപ്പ് നോക്കുകയായിരുന്നു രവി. കെളവന്‍റെ ആലോചന കണ്ടപ്പോള്‍ മരത്തിനു പകരം കെളവന്‍റെ മുഖത്തു കത്തിവച്ചു വരയാനാണു തോന്നിയത്. കാശിനോടാര്‍ത്തിയുള്ള പലയാളുകളെയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു സാധനത്തെ കണ്ടിട്ടില്ല. റബറു വിറ്റ് കാശ് കുന്നുകൂടുകയാണ്. എങ്കിലും പത്തുപൈസ കൂലി കൂട്ടാന്‍ കെളവനു പറ്റില്ല. തൊഴിലാളി നേതാവു കൂടിയാണെങ്കിലും ഈ തോട്ടത്തില്‍ പണിക്കൂലി കൂട്ടാന്‍ സമരം ചെയ്യാന്‍ രവിക്കു താത്പര്യമില്ല. കെളവനോട് ഉടക്കിയാല്‍ തന്‍റെ പല ഉദ്ദേശ്യങ്ങളും ലക്ഷ്യം കാണാതെ പോകും. എത്ര കാശു കിട്ടിയാലും പണിക്കാര്‍ പണി നടത്തിക്കോളും. തനിക്കു കാശു കൂടുതല്‍ കിട്ടണമെങ്കില്‍ ദിവസവും രണ്ടു ഷീറ്റു റബര്‍ അടിച്ചുമാറ്റിയാല്‍ മതിയാകും. കെളവിനിതറിയുന്നുണ്ടോ. കാശു കുറച്ചുകൊടുത്തു എല്ലാവരെയും പറ്റിച്ച അഹങ്കാരത്തിലാണ് അയാള്‍. പക്ഷെ അപ്പണി തന്‍റെ അടുത്തു മാത്രം ചെലവാകില്ലെന്നു രവി മനസിലോര്‍ത്തു.

വല്ല്യപ്പോ…. -രവി കത്തിയുടെ കല്ലില്‍ കത്തിയുടെ മൂര്‍ച്ച കൂട്ടുന്നതിനിടയില്‍ വിളിച്ചു.

എന്തോന്നാടാ… വെട്ടു കഴിഞ്ഞോ… -അവന്‍ വിളിച്ചത് ഗോപാലനു ഇഷ്ടപ്പെട്ടില്ല. പണിക്കിടെ അവനിതു പതിവാണ്. വെറുതെ തന്നോട് ഒരോന്നു പറഞ്ഞു സമയം കളയും.

ഹേയ്… കഴിഞ്ഞിട്ടില്ല…. തോട്ടത്തിന്‍റെ വടക്കുഭാഗത്തെ മരങ്ങള്‍ക്കു ഇത്തിരി വാട്ടമുണ്ട്… അവിടെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സകലതും ഉണങ്ങിപ്പോകും. പിന്നെ കഴിഞ്ഞ കാറ്റില്‍ വീണ മരങ്ങള്‍

നിന്നിടത്ത് പത്തിരുപത് തൈ വയ്ക്കണം…. അല്ലേല്‍ ആ സ്ഥലം വെറുതെയായിപ്പോകും- രവി പറയാന്‍ ഉദ്ദേശിച്ച കാര്യം മറച്ചുവച്ചു പറഞ്ഞു.

കിളവനു പണിക്കിടെ വര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ലെന്നു രവിക്കറിയാം. എന്നാല്‍ കാശു കിട്ടുന്നതും ഗുണമുള്ളതുമായ കാര്യമാണേല്‍ രാവു വെളുക്കുന്നതുവരെ കേട്ടുകൊണ്ടിരിക്കും. ആദ്യം ഇങ്ങനെയുള്ള കാര്യമൊക്കെ പറഞ്ഞു സോപ്പിട്ടാലേ മറ്റുള്ളവ പറയാന്‍ പറ്റൂ.

അങ്ങിനെയാന്നോടാ… വടക്കു ഭാഗത്ത് എന്നാന്നു വച്ചാ മരുന്നു തളിക്കാന്‍ ഏര്‍പ്പാടു ചെയ്തോ…. ഷെഡിന്‍റെ പുറകിലായി തൈകള്‍ വച്ചിട്ടുണ്ട്. അതെടുത്തു നടേം ചെയ്തോ… -ഗോപാലന്‍ തലയുയര്‍ത്തി രവിയെ നോക്കി പറഞ്ഞു.

നാളെ തന്നെ അതുചെയ്തേക്കാം എന്ന മട്ടില്‍ രവി തലകുലുക്കി. പറഞ്ഞതു കുരിശായല്ലോ എന്ന് മനസില്‍ കരുതുകയും ചെയ്തു. ഇനി ദിവസവും ഇതുപറഞ്ഞായിരിക്കും ശല്യം. ഇക്കാര്യം ഇപ്പോള്‍ എഴുന്നെള്ളിക്കാന്‍ തോന്നിയ തന്നെ പറഞ്ഞാല്‍ മതിയല്ലോയെന്നു രവി സ്വയം ശപിച്ചു പിറുപിറുത്തു. താന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ ഇനിയും സമയമെടുക്കും…. കാത്തിരിക്കുക തന്നെ. രവി കത്തിമിനുക്കിയശേഷം തൊട്ടടുത്തുള്ള മരത്തിനടുത്തെത്തി. ഇടയ്ക്കിടെ അവന്‍ കിളവനെ തോക്കും. വലിയ ആലോചനയിലാണ് പുള്ളിക്കാരന്‍. ആരേയെങ്കിലും വെട്ടിലാക്കാനുള്ള ആലോചനയായിരിക്കും.

എടേയ്… നെനക്കിന്നു റാഷ്ട്രീയ പരിപാടികളൊന്നുമില്ലേ..- കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം കിളവന്‍ ആധികാരികമായാണ് രവിയോട് ചോദിച്ചത്.
താനും പണ്ട് വലിയ രാഷ്ട്രീയക്കാരനാണെന്നു ഗോപാലന്‍ വീമ്പിളക്കാറുണ്ട്. പറമ്പുമായി ബന്ധപ്പെട്ടു ചില കേസുകള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി ആപ്പീസില്‍ നാലഞ്ചു തവണ കയറിയിട്ടുണ്ട്. പിന്നെ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ജാഥയുടെ കൂടെയും നാലഞ്ചു തവണ നടന്നു. സ്വന്തം കാര്യം കാണാനല്ലാതെ കെളവന്‍ ഒന്നും ചെയ്യില്ലെന്നു നാട്ടില്‍ ബോധമുള്ളവര്‍ക്കെല്ലാമറിയാം. താന്‍ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നു വന്നപ്പോള്‍ പാര്‍ട്ടിയും വേണ്ട പട്ടക്കാരും വേണ്ട എന്നായി ഗോപാലന്.

കിഴവന്‍ തന്‍റെ വഴിക്കുവരുന്നതു കണ്ട് രവിക്കു സന്തോഷമായി. കത്തി ഒന്നു കൂടി കല്ലിലുരച്ച് അവന്‍ ഉന്മേഷവാനായി. പറയാന്‍ ഉദ്ദേശിച്ചതിന്‍റെ വഴിതന്നെയാണു കിളവന്‍ ഇട്ടുതന്നിരിക്കുന്നത്.

ങാ… പ്രവര്‍ത്തനങ്ങളെല്ലാം ഉഷാറാകാന്‍ പോകുകയല്ലേ… പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കാറായി. ഇത്തവണ തെരഞ്ഞെടുപ്പ് പൊടിപാറും. ഇടതന്മാര് ഒരു സീറ്റിനല്ലേ പഞ്ചായത്ത് ഭരിക്കുന്നത്. അതും നമ്മുടെ കൂടെ നിന്നും മറുകണ്ടം ചാടിയ ചാണ്ടിയുടെ ബലത്തില്‍. ഇത്തവണ ആ പണി നടക്കില്ല. കുറഞ്ഞതു നാലു സീറ്റിന്‍റെയെങ്കിലും ഭൂരിപക്ഷം നമുക്കുകിട്ടും. പക്ഷെ പ്രസിഡന്‍റു സ്ഥാനം സ്ത്രീസംവരണമാണ്. പറ്റിയ വല്ലവരുമുണ്ടോയെന്നു ജില്ലാക്കമ്മറ്റിയില്‍നിന്നും എന്നോടു വിളിച്ചു ചോദിച്ചു. ഈ മലമുക്കില്‍ ആരുണ്ടാകാനാ… പഞ്ചായത്തു പ്രസിഡന്‍റെന്നൊക്കെ പറയുമ്പോള്‍ ഇത്തിരി അക്ഷരാഭ്യാസമൊക്കെ വേണ്ടെ. ഞങ്ങളുടെ മഹിളാനേതാവ് സുലോചനയ്ക്കാണേല്‍ നാലാം ക്ലാസിന്‍റെ വിവരം തന്നെ കൂടിയ അവസ്ഥയിലാ…. അതിനെയൊക്കെ നിര്‍ത്തിയാല്‍ ഈ പഞ്ചായത്ത് മുടിഞ്ഞു പണ്ടാരമടങ്ങിപ്പോകും…. – രവി ഇതു പറഞ്ഞു കിളവന്‍റെ മുഖത്തുനോക്കി. കിളവന്‍ തന്‍റെ വര്‍ത്തമാനം രസിക്കുന്നുണ്ട്. ആരെയെങ്കിലും കുറ്റം പറയുന്നതും കിളവനു സുഖിക്കുന്ന കാര്യമാണ്.

എടേയ്… ഈ സുലോചനയെന്നു പറയുന്നത് വലിയകുളം കുമാരന്‍റെ ഭാര്യയല്ലയോ… അവനവളെ ഉപേക്ഷിച്ചു നില്‍ക്കുവായിരുന്നല്ലോ- ഗോപാലനു രസം കയറിത്തുടങ്ങി.

ഓ… എന്തോന്നു ഉപേക്ഷിക്കല്… സുലോചനയിപ്പം മഹിളകളുടെ നേതാവായപ്പം പൊലീസ് സ്റ്റേഷനിലൊക്കെ നല്ല പിടിപാടല്ലേ… എസ്.ഐ മുട്ടന്‍ സെബാസ്റ്റ്യന്‍ രണ്ടു വിരട്ടുവിരട്ടിയപ്പം കുമാരന്‍ ഒതുങ്ങിയില്ലയോ….. ഇപ്പോ സുലോചന പറഞ്ഞാല്‍ കുമാരന്‍ മുള്ളുകപോലും

ചെയ്യില്ല…അവളു പറഞ്ഞാല്‍ അവിടെ നില്‍ക്കും കുമാരന്‍. അതാ ഈ രാഷ്ട്രീയത്തിലിറങ്ങിയാലുള്ള ശക്തി… – കിളവന്‍റെ രസം പിടിക്കല്‍ രവിയെ കൂടുതല്‍ വാചാലനാക്കി.

ഗോപാലന്‍ എല്ലാം കേട്ടു തലകുലുക്കി. രവി കത്തി കയ്യിലുരച്ചു കിളവിനിരിക്കുന്നിടത്തേക്കു നടന്നു. ഗോപാലനിരിക്കുന്നതിനടുത്തുള്ള കല്ലില്‍ അയാളിരുന്നു. എന്നിട്ടു രഹസ്യമെന്ന പോലെ പറഞ്ഞു- കാര്യമിതൊക്കെയാണേലും സുലോചനയെ സ്ഥാനാര്‍ഥിയാക്കില്ല. ആക്കിയാല്‍ തന്നെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കസേര നല്‍കുകയുമില്ല…. ജില്ലാക്കമ്മറ്റിക്കതു താത്പര്യമില്ല… കുമാരന്‍ ഉപേക്ഷിച്ചുനിന്ന സമയത്ത് ചീരോത്തെ ജോര്‍ജുകുട്ടിയല്ലേ അവള്‍ക്കു ചെലവിനു കൊടുത്തിരുന്നത്. രണ്ടു പേരും ഗുരുവായൂര് പലതവണ തൊഴാന്‍ പോയിട്ടുണ്ട്… ഇക്കാര്യം ജില്ലാക്കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തതാ….- ഗോപാലനെ നോക്കി രവി വളിച്ച ചിരി ചിരിച്ചു. എടീ കേമി എന്ന മട്ടില്‍ ഗോപാലന്‍ മുഖം വക്രിപ്പിച്ചു.

അതുകൊണ്ട് പറ്റിയൊരാളെ തെരഞ്ഞെടുപ്പിനു നിര്‍ത്തണം… ഞാന്‍ നോക്കിയിട്ട്…. നമ്മുടെ സരളയെ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും…- രവി മടിച്ചുമടിച്ചാണ് പറഞ്ഞത്.

മറുപടിയായി മുഖമടച്ചുള്ള ആട്ടാണു പ്രതീക്ഷിച്ചതെങ്കിലും ഗോപാലനില്‍നിന്നു അതുണ്ടായില്ല. സംഭവം കൊള്ളാമല്ലോ എന്ന തോന്നലാണ് ആ മുഖത്ത് കണ്ടത്. ഇനിയിത് തന്നെ കളിയാക്കാന്‍ രവി പറയുന്നതായിരിക്കുമോ. തന്‍റെ വീട്ടില്‍നിന്നും ഒരു പഞ്ചായത്തു പ്രസിഡന്‍റ് ഉണ്ടാകുകയെന്നു വച്ചാല്‍ അത്രമോശം കാര്യമൊന്നുമല്ല. രവിയുടെ മുഖത്തേയ്ക്കു ഗോപാലന്‍ ഉറ്റുനോക്കി. അവന്‍ മുഖത്തു തമാശ പറയുന്നതിന്‍റെ ലക്ഷണമൊന്നുമില്ല. അവന്‍ ഗൗരവത്തില്‍ തന്‍റെ മറുപടിക്കായി ആകാംഷയോടെ കാത്തുനില്‍ക്കുകയാണ്.

അതൊക്കെ നടക്കുമോടേയ്… ഇതുവരെ നാലാളുടെ നേരെനോക്കി നാലു വര്‍ത്തമാനം പോലും പറയാത്തവളാണ്….- ഗോപാലന്‍റെ സംശയം രവിയോട് പങ്കിട്ടു.

ഗോപാലന്‍റെ മറുപടി രവിയുടെ ഉള്ളില്‍ ആശ്വാസത്തിന്‍റെ മഴയാണു പെയ്തിറക്കിയത്. തന്‍റെ ഉദ്ദേശ്യങ്ങളെല്ലാം കൃത്യമാകുന്നുണ്ട്. സരളയെ എങ്ങിനെയെങ്കിലും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയാണെങ്കില്‍ അവളുടെ എല്ലാ കാര്യത്തിനും താന്‍ വേണ്ടിവരും. സരളയുമായി കൂടുതല്‍ അടുക്കാനും അടുത്തിടപഴകാനും കഴിയും. തന്‍റെ നിയന്ത്രണത്തിലേക്കു അവളെ കൊണ്ടുവരുന്നതിനു പിന്നെ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. സരള തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു കൂടിയില്ല. പ്രചരണത്തിനു ഇറങ്ങുന്ന സമയമെങ്കിലും തനിക്കുകിട്ടിയാല്‍ മതി. അവളെ വളച്ചൊടിക്കുന്ന കാര്യം തനിക്കു നിഷ്പ്രയാസം നടത്താന്‍ കഴിയും. പിന്നെ പറഞ്ഞതു പോലെ ജയിച്ചു കഴിഞ്ഞാല്‍ എല്ലാം ഒത്തുവന്നാല്‍ പഞ്ചായത്ത് പ്രസിഡന്‍റെന്ന സ്ഥാനവും അവള്‍ക്കകലെയല്ല.

-വല്ല്യച്ചോ… സരളയെ ഒന്നാംതരം സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ഞാനേറ്റു… എത്രയെത്ര രാഷ്ട്രീയക്കാരുടെ ജീവിതം കണ്ടവരാ നമ്മള്‍… സരളയെക്കൊണ്ട് ഇക്കാര്യം വല്യപ്പന്‍ സമ്മതിപ്പിച്ചാല്‍ മതി. സരളയെപ്പോലെയുള്ള എത്രപേര്‍ അടുക്കളയില്‍നിന്നും രാഷ്ട്രീയത്തിന്‍റെ കളിക്കളത്തിലിറങ്ങി വിജയിച്ചിരിക്കുന്നു. ഇപ്പോത്തന്നെ രാജീവ് ഗാന്ധിയുടെ ഭാര്യയായി ഒതുങ്ങിക്കൂടിയ സോണിയാഗാന്ധിയല്ലേ ഇപ്പോ ഇന്ത്യയെ നിയന്ത്രിക്കുന്നത്…- രവി തികച്ചും രാഷ്ട്രീയക്കാരനായി.

കാര്യങ്ങളൊക്കെ അങ്ങിനെയാണോ എന്നമട്ടില്‍ ഗോപാലന്‍ ആലോചനയില്‍ മുഴുകി. പഞ്ചായത്തു പ്രസിഡന്‍റിന്‍റെ അമ്മായിയച്ഛനെന്നു പറയുന്നത് അത്രചെറുതല്ല. നാട്ടിലൊക്കെ നല്ല വില കിട്ടുന്ന കാര്യമാണ്. കാശു കുറെയുണ്ടെങ്കിലും നാട്ടുകാര്‍ക്കു തന്നെ അത്ര പഥ്യമല്ലെന്നു ഗോപാലനറിയാം. ഇയാളെക്കൊണ്ട് പത്തുപൈസക്കു ഗുണമില്ലെന്നു പലരും അടക്കം പറയുന്നത് ഗോപാലന്‍റെ ചെവിയിലുമെത്തിയിട്ടുണ്ട്. ഇനിയിപ്പോ തെരഞ്ഞെടുപ്പെന്നു വച്ചാല്‍ കാശു ചെലവുവരുന്ന കാര്യമാണോ. അതിന്‍റെ പേരില്‍ പത്തുപൈസ ചെലവാക്കാന്‍ തന്‍റെ കൈയിലില്ല. സരളയുടെ

കയ്യില്‍നിന്നും കാശുപോകുന്നതും തനിക്കിഷ്ടമല്ല. കാര്യം ശരി അവളുടെ കാശ് തന്നെക്കൊണ്ട് തൊടീപ്പിക്കില്ലെങ്കിലും കുടുംബത്തുനിന്നുതന്നെയല്ലേ ചെലവാകുന്നത്. ഗോപാലന്‍റെ ആലോചന പലവഴിക്കു തിരഞ്ഞു. തന്‍റെ കയ്യില്‍നിന്നും കാശുപിടുങ്ങാനുള്ള രവിയുടെ തന്ത്രമായിരിക്കാനും വളരെ സാധ്യതയുണ്ടെന്നു അയാള്‍ക്കു തോന്നി. രവി അത്ര നല്ല പുള്ളിയല്ലെന്നും ഗോപാലനു നിശ്ചയമുണ്ട്. അത്തരം ഊരാക്കുടുക്കുകളില്‍ താന്‍ തലവച്ചുകൊടുക്കുന്നവനല്ല. എല്ലാം കൃത്യമായി മനസിലാക്കിയ ശേഷം മതി തീരുമാനങ്ങളെടുക്കാന്‍. സംശയം നിറഞ്ഞുകുത്തുന്ന കണ്ണുകളുമായി അയാള്‍ രവിയെ നോക്കി.

പത്തുപൈസ ചെലവില്ലാത്ത കാര്യമാണ്. വേണമെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നല്ലൊരു സംഖ്യ നമ്മുടെ കയ്യിലുമിരിക്കും. നല്ലപോലെ പിരിവു നടത്തിയാല്‍ മതി. പിന്നെ പ്രസിഡന്‍റെങ്ങാനും ആയാല്‍ കിട്ടുന്ന കാശിന്‍റെ കണക്കുനോക്കാന്‍ പോലും പറ്റില്ല….- കിളവന്‍റെ മനസിലുള്ളതു മുഴുവന്‍ വായിച്ചു രവി പറഞ്ഞു. കിളവനെ ഇന്നും ഇന്നലെയും മാത്രമല്ലല്ലോ തന്‍ കണ്ടിരിക്കുന്നത്. കാലം കുറെയായില്ലേ. ഇതില്‍ കിളവന്‍ വീണതുതന്നെ രവി ഉറപ്പിച്ചു.

തണുപ്പുകൊണ്ടു വരണ്ട കിളവന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. കാശുചെലവില്ലെങ്കില്‍ എന്തോ നോക്കാന്‍. കിട്ടുന്നതു ലാഭംതന്നെ അയാള്‍ മനസിലോര്‍ത്തു.
രവിയേ…. നീ തന്നെ ആദ്യം അവളോടു പറഞ്ഞുനോക്ക്… ഞാനും സംസാരിക്കാം… കാശുകിട്ടുമെന്ന കാര്യമാണെങ്കില്‍ അവളു സമ്മതിക്കും….- പകുതി സമ്മതിച്ചെന്ന മട്ടില്‍ ഗോപാലന്‍ രവിയോടു പറഞ്ഞു.

അയാളുടെ മറുപടികേട്ടു രവിക്കു ചിരിയാണു വന്നത്. സരള കാശു കിട്ടുമെന്നു പറഞ്ഞാല്‍ സമ്മതിക്കുമത്രേ. പറയുന്ന ആള്‍ ആരാ… കാല്‍കാശു കണ്ടാല്‍ കമഴ്ന്നടിച്ചു വീഴുന്ന തരമാ. എന്തായാലും കാശുകിട്ടുന്ന കാര്യം പറഞ്ഞു കിളവനെ കുപ്പിയിലാക്കി ഇനി സരളയെ പറഞ്ഞു സമ്മതിപ്പിക്കണം. ഏതായാലും മനസിനു വലിയ ഉത്സാഹമായി. അവന്‍റെ മുഖത്ത് സന്തോഷം എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കാര്യങ്ങള്‍ വഴിക്കുവരുന്നതിന്‍റെ ആവേശവുമായി അയാള്‍ കത്തിയെടുത്തു അടുത്ത മരത്തിനടുത്തെത്തി.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px