അധ്യായം-6
തിരിച്ചുവരവുകള്‍
ഓപ്പറേഷന്‍ തീയറ്ററിന്‍റെ പുറത്തുള്ള വിസിറ്റേഴ്സ് റൂമിലെ കസേരയില്‍ മോഹന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ബിന്ദുവിനെ അകത്തേക്കു പ്രവേശിപ്പിച്ചിട്ട് അഞ്ചുമണിക്കൂറാകുന്നു. നീണ്ട കാത്തിരിപ്പിന്‍റെ നിരാശയും എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയും അയാളുടെ മുഖത്ത് വായിച്ചെടുക്കാം. അയാള്‍ പുറത്തേക്കു നോക്കി. ചില്ലുജാലകത്തിലൂടെ വെയിലിന്‍റെ തിളക്കം അയാളുടെ കണ്ണുകളിലേക്കടിച്ചു. ഇന്നു മഞ്ഞു വീഴ്ച കുറവാണ്. ആകാശത്തിനു കൊതിപ്പിക്കുന്ന നീലപ്പ്. ഇലകള്‍ പൊഴിഞ്ഞ മരത്തില്‍ പേരറിയാത്ത ഒരു നാട്ടുപക്ഷിയുടെ സാന്നിധ്യം.
തൊട്ടപ്പുറത്ത് സോഫിയ ഇരിക്കുന്നുണ്ട്. അവള്‍ക്കൊപ്പം എയ്ഞ്ചലും വന്നിട്ടുണ്ട്. ചെമ്പന്‍ മുടിയും നക്ഷത്രക്കണ്ണുമായി സങ്കരജനനത്തിന്‍റെ എല്ലാ അടയാളങ്ങളും അവളിലുണ്ട്. ആര്‍ക്കും ഇഷ്ടപ്പെടുന്ന ചാരുത അവളിലുണ്ട്. ഒരു പക്ഷെ കാലങ്ങള്‍ക്കു ശേഷം അമ്മയുമായി അവള്‍ ആദ്യമായിരിക്കാം ഇങ്ങനെ പുറത്തേക്കിറങ്ങുന്നത്. ആനന്ദുമായി അവള്‍ വളരെ അടുത്തുകഴിഞ്ഞു. അവന്‍റെ കളിയിലും ചിരിയിലും അവള്‍ വീണു പോയി എന്നു പറയുകയാകും ശരി. ആശുപത്രിയിലെത്തിയിട്ടും അവനെ അവള്‍ താഴെ വയ്ക്കുന്നല്ല. ഉമ്മവച്ചും കൊഞ്ചിച്ചും അവള്‍ അവനെ അനുജനായിത്തന്നെ കണ്ടുകഴിഞ്ഞിരിക്കുന്നു.
തന്‍റെ എതിരെയുള്ള കസേരയില്‍ സോഫിയ എന്തോക്കെയോ ആലോചിച്ചിരിക്കുകയാണ്. അനിശ്ചിതത്വത്തിന്‍റെ നിഴല്‍ അവളിലുണ്ട്. അവളുടെ മനസ് ഒരു നല്ല വാര്‍ത്തയാണോ പ്രതീക്ഷിക്കുന്നത്. അവളുടെ ഭാവം എന്തെന്നുപോലും മോഹനു മനസിലായില്ല. ജാഗ്രതയോടെ എവിടെയോ നോക്കി ഉള്ളുതണുപ്പിക്കുകയാകും അവള്‍. ഇടയ്ക്കിടെ തന്നിലേക്കു പാളിവരുന്ന നോട്ടങ്ങള്‍ അസ്വസ്ഥനാക്കുന്നു. ഉപാധികളൊന്നുമില്ലാതെ ബന്ധത്തിനിടയ്ക്കു എങ്ങിനെയൊ വന്നുപെട്ട അടുപ്പങ്ങളെ അതിശയത്തോടെ മാത്രമെ കാണാന്‍ കഴിയുന്നുള്ളു. തനിക്കും സോഫിയയ്ക്കും പരസ്പരം കടക്കാന്‍ ഇഷ്ടപ്പെടാത്ത ഇടങ്ങള്‍ ഉണ്ടായിരുന്നു. അവളുടെ ജീവിതത്തിന്‍റെ അകങ്ങളിലേക്കു താന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ല. തന്‍റെ ജീവിതത്തിന്‍റെ വഴികളിലേക്കും അവളും പ്രവേശിക്കാന്‍ ഇതുവരെ തയാറായിട്ടുമില്ല. പക്ഷെ ഇപ്പോള്‍ ആനന്ദും എയ്ഞ്ചലും നിര്‍മലമായ സ്നേഹത്തിന്‍റെ പ്രകാശം പരസ്പരം പങ്കുവയ്ക്കുമ്പോള്‍ ഇരുവരുമറിയാതെ ആത്മബന്ധങ്ങളുടെ നേര്‍വേരുകള്‍ പടര്‍ന്നു പിടിക്കുകയാണ്- ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നു അയാള്‍.
സോഫിയയാകട്ടെ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി തന്നിലുണ്ടായ മാറ്റത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. കാലങ്ങളായി നിര്‍ത്താതെ വീശിയടിച്ച കൊടുങ്കാറ്റ് ശമിച്ച പോലെയായിരുന്നു അവളുടെ മനസ്. ഒഴുക്കിനോപ്പം നീന്തിയും കാറ്റിനൊപ്പം എവിടേക്കോ പറന്നും മുന്നോട്ടുപോയ തന്‍റെ ജീവിതം ഇപ്പോള്‍ ഉലയാത്ത വള്ളമെന്നപോലെ തീരത്തടിഞ്ഞതായി അവള്‍ക്കു തോന്നി.
അന്ന് ബിന്ദു ആവശ്യപ്പെട്ടതിന്‍റെ പൂര്‍ണാര്‍ഥം പിടികിട്ടാന്‍ പിന്നേയും സമയമെടുത്തു. തന്നെ ഏല്‍പ്പിക്കുന്നത് ആനന്ദിനെ മാത്രമല്ലെന്നും മോഹന്‍റെ ജീവിതം കൂടിയാണെന്നും അവള്‍ തിരിച്ചറിഞ്ഞു. മരണത്തെ മുന്നില്‍ കാണുന്ന ബിന്ദുവിന്‍റെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരം മാത്രമല്ല താന്‍ ഉള്‍ക്കൊണ്ടത്. ആരുമില്ലായ്മ എന്ന അവസ്ഥയുടെ ദുരന്തമുഖം കൂടി അറിയുകയായിരുന്നു അന്ന്. താനില്ലാതാകുന്ന അവസ്ഥയെപ്പറ്റി അതുവരെ ചിന്തിച്ചിട്ടില്ലായിരുന്നു. ജീവിതം രസങ്ങളെ തേടിയുള്ള യാത്രയെന്നു മാത്രമായിരുന്നു തന്‍റെ കണ്ടെത്തല്‍. അതു തകര്‍ന്നു പോയത് ബിന്ദുവിന്‍റെ കണ്ണുകള്‍ക്കുമുന്നില്‍. ആശുപത്രിയില്‍ നിന്നും ആനന്ദുമായിറങ്ങുമ്പോള്‍ മനസില്‍ മുഴുവന്‍ കഴിഞ്ഞുപോയ കാലത്തിന്‍റെ മങ്ങിയ ചിത്രങ്ങളായിരുന്നു. തന്‍റെ ജീവിതത്തിന്‍റെ മൂല്യമില്ലായ്മ അന്നു മനസിലായി. ജോലിയൊ സമ്പത്തോ പിന്നെ സൗന്ദര്യമെന്ന മുഖംമൂടിയോ ഇല്ലാതായാല്‍
ആര്‍ക്കും വേണ്ടത്ത വസ്തുവാണ് താനെന്നു തിരിച്ചറിയുകയായിരുന്നു. സ്നേഹിക്കാന്‍ മറന്നുപോയ ജീവിതമാണ് തന്‍റേത്. കൊടുക്കാത്തതൊന്നും തിരിച്ചുകിട്ടുകയുമില്ല. പ്രത്യേകിച്ച് സ്നേഹം. തനിക്കതുണ്ടായിക്കൂട… ജീവിതത്തില്‍ സ്വന്തമെന്നു കരുതാന്‍ എന്തെങ്കിലും വേണം. നിലയറ്റ കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഒരു കരം തന്നെ തേടിവരുമെന്ന പ്രതീക്ഷയെങ്കിലും വേണം. ഹോസ്പിറ്റലില്‍നിന്നറങ്ങി ആനന്ദുമായി സോഫിയ നേരെ പോയത് എയ്ഞ്ചലിന്‍റെ ഹോസ്റ്റലിലേക്കായിരുന്നു. അവളിനി തനിക്കൊപ്പം വളരട്ടെയെന്നു സോഫിയ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
എയ്ഞ്ചലിനാകട്ടെ ജീവിതത്തിലെ ഏറ്റവും അസുലഭമായ നിമിഷങ്ങളാണ് ലഭിച്ചിരിക്കുന്നത്. സത്യത്തില്‍ അവള്‍ക്ക് അമ്മയെ തിരിച്ചുകിട്ടിയിരിക്കുകയാണ്. കൂടെ ഒരു കൊച്ചനുജനേയും. തനിക്ക് ആരെങ്കിലുമുണ്ടെന്ന തോന്നല്‍ അവള്‍ക്ക് അളവില്ലാത്ത സന്തോഷത്തിന്‍റെ വസന്തമാണ് നല്‍കിയിരിക്കുന്നത്. അതില്‍ ആ കുഞ്ഞുമനസ് വല്ലാതെ ആഹ്ലാദിക്കുന്നുണ്ട്. ആനന്ദിനെ കണ്ടതുമുതല്‍ അവനെ നിലത്തുവയ്ക്കാതെ കൊണ്ടുനടക്കുകയാണ് അവള്‍. മുറിക്കുള്ളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന അവളുടെ കളിക്കോപ്പുകള്‍ മുഴുവന്‍ ആനന്ദിനു നല്‍കി. ഇനിമുതല്‍ ആനന്ദ് നമ്മോടൊപ്പമാണുണ്ടാകുക എന്ന് മമ്മ പറഞ്ഞപ്പോള്‍ അവള്‍ തുള്ളിച്ചാടുകതന്നെയായിരുന്നു. അവനെ കണ്ടതുമുതല്‍ ഇതുവരെ ഒരു നിമിഷം പോലും അവള്‍ അവനരികില്‍നിന്നും മാറിനിന്നിട്ടില്ല. കളിയും ചിരിയും കൊഞ്ചലുകളുമായി അവര്‍ ചേച്ചിയും അനുജനും അവരുടെ ലോകത്താണ്.
നഴ്സ് വന്നു വിളിക്കുമ്പോള്‍ മോഹന്‍ പകുതി മയക്കത്തിലായിരുന്നു. ഡോക്റ്റര്‍ കാബിനിലേക്കു വിളിക്കുന്നുവെന്നു പറഞ്ഞു അവര്‍ അകത്തേയ്ക്കു പോയി. നെഞ്ചില്‍ ആധിയുടെ കനപ്പുമായി അയാള്‍ കസേരയില്‍നിന്നെഴുന്നേറ്റു. ഒപ്പം സോഫിയയും. മോഹന്‍ ഡോക്റ്ററുടെ കാബിനിലേക്കു നടന്നു. ആനന്ദിനെ ശ്രദ്ധച്ചോണേ എന്നു എയ്ഞ്ചലിനോടു പറഞ്ഞ് സോഫിയയും അയാള്‍ക്കൊപ്പം നടന്നു. കാബിന്‍റെ ഡോറില്‍ തട്ടി അനുവാദം ചോദിച്ചു അയാളും സോഫിയയും ഉള്ളിലേക്കു കടന്നു. കാബിനുള്ളില്‍ വെളുത്തുതടിച്ച ഡോക്റ്റര്‍ അവരെ കണ്ടപ്പോള്‍ ചിരിച്ചെന്നു വരുത്തി. അയാളുടെ പകുതി മങ്ങിയ മുഖം പ്രതീക്ഷയുടെ വെളിച്ചമാണ് മോഹനു നല്‍കിയത്.
ഇരുവരോടും ഇരിക്കുവാന്‍ ഡോക്റ്റര്‍ പറഞ്ഞു. വളരെ പതുക്കെയാണ് അയാള്‍ പറഞ്ഞുതുടങ്ങിയത്. അവിശ്വസനീയമായിരുന്നത്രെ കാര്യങ്ങള്‍. സാധ്യതകള്‍ വളരെ ചെറിയ ശതമാനം മാത്രമായിരുന്നു ബിന്ദുവിനു അവര്‍ നല്‍കിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം എന്ന മെഡിക്കല്‍ സയന്‍സിന്‍റെ അടിസ്ഥാനങ്ങള്‍ക്കപ്പുറമുള്ള നിയമം ബിന്ദുവിന്‍റെ കാര്യത്തില്‍ സംഭവിക്കുകയായിരുന്നു. അവള്‍ ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ഇടുങ്ങിയ ഇരുള്‍ വഴികളില്‍ നിന്നും തിരച്ചുവന്നിരിക്കുന്നു. അവള്‍ തത്ക്കാലം മരണത്തെ കീഴടക്കിയിരിക്കുന്നു. എങ്കിലും എത്രകാലമെന്നു പറയാനാവില്ല. നിലവില്‍ ബിന്ദുവിന്‍റെ അവസ്ഥ സുരക്ഷിതം തന്നെ. പക്ഷെ അര്‍ബുദത്തിന്‍റെ തുടര്‍വളര്‍ച്ചയെ ഒരിക്കലും തള്ളിക്കളയാനാകില്ല. ഒരുപക്ഷെ അത് തിരിച്ചുവന്നേക്കാം. ഓപ്പറേഷനിടെ മസ്തിഷ്കത്തിലുണ്ടായ ക്ഷതങ്ങള്‍ എന്നെങ്കിലും തിരിച്ചടിക്കുകയും ചെയ്തേക്കാം… അത് എന്ന് എന്നത് അവളുടെ വിധിയുടെ പുസ്തകത്തിലായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്. മരുന്നുകളില്‍ ചിലത് തുടരേണ്ടിവരും. എല്ലാം ഭാഗ്യമാണ്…. പിന്നെ ഇങ്ങനെയൊരു രോഗിയെ രക്ഷപ്പെട്ടതില്‍ പങ്കുണ്ടെന്ന അഭിമാനവും ഈ ഹോസ്പിറ്റലിനുണ്ട്. ബിന്ദുവിനെ കാണണമെങ്കില്‍ ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റിലെ നഴ്സിനോട് പറഞ്ഞാല്‍ മതി- ഡോക്റ്റര്‍ പറഞ്ഞുനിര്‍ത്തി.
വിളറിയ ഒരു ചിരി മാത്രമായിരുന്നു മോഹന്‍റെ മുഖത്ത് തെളിഞ്ഞത്. സോഫിയയാകട്ടെ സന്തോഷിക്കണമോ സങ്കടപ്പെടണമോ എന്നറിയാത്ത മനസിന്‍റെ പിരിമുറുക്കം പിടിച്ചമര്‍ത്തുകയായിരുന്നു. വെറുതെ പറഞ്ഞ നന്ദിയില്‍ മറുപടിയൊതുക്കി മോഹന്‍ കാബിനു പുറത്തിറങ്ങി. സോഫിയ പുറകെയും. പരസ്പരം ഒന്നും പങ്കുവയ്ക്കാനില്ലാതെ ഇരുവരും നിശബ്ദരായി ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റിനടുത്തേക്കു നടന്നു.
ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റില്‍ ഇപ്പോഴും അബോധാവസ്ഥയിലാണ് ബിന്ദു. ജീവിതം തിരികെ
കിട്ടിയെന്നു അവള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിലേക്കു മനസാ യാത്രയായതാണ്. ബോധം തെളിയാന്‍ ഇനിയും സമയമേറെയെടുക്കും. മോഹനും സോഫിയയും ഐസിയുവിന്‍റെ ജാലകപ്പഴുതിലൂടെ അവളെ കണ്ടു. തലമുഴുവന്‍ മുറിവ് തുന്നിക്കെട്ടിയതിന്‍റെ വലിയൊരു പ്ലാസ്റ്റര്‍. മുഖത്ത് ഓക്സിജന്‍ ട്യൂബ് ഘടിപ്പിച്ചിരിക്കുന്നു. അപ്പുറമുള്ള ചെറിയ മോനിറ്ററുകളില്‍ അവളുടെ ജീവന്‍റെ തുടിപ്പുകള്‍ അടയാളപ്പെടുത്തുന്ന നീലരേഖകള്‍ പിടയ്ക്കുന്നു. അരണ്ടവെളിച്ചത്തില്‍ അവളുടെ മുഖം വ്യക്തമാകുന്നില്ല. എങ്കിലും എല്ലാ അടിയൊഴുക്കുകളും താണ്ടി അവള്‍ ശാന്തമായി കിടക്കുകയാണ്.
വിസിറ്റിങ് റൂമിലേക്കു തിരിച്ചെത്തുന്നതുവരെ സോഫിയയും മോഹനും നിശബ്ദരായിരുന്നു. പറയുവാന്‍ ഒന്നും മനസിലില്ലാതെ ഇരുവരും രണ്ടു ലോകത്തായിരുന്നു. ഇരുളിനെ വെല്ലുന്ന ആഴത്തിലാണ് മോഹന്‍റെ മനസ്. സോഫിയയാകട്ടെ മഴ നനഞ്ഞെത്തിയ കിളിയുടെ അവസ്ഥയിലും.
-ഞാന്‍ ഇറങ്ങുകയാണ്- സോഫിയ പറഞ്ഞു.
വെറുതെയൊരു മൂളലില്‍ മോഹന്‍ മറുപടിയൊതുക്കി. അവളുടെ നേര്‍ക്കുനോക്കാന്‍ പോലും അവന്‍റെ മനസനുവദിച്ചില്ല. ഇത്രയും നേരം ആശുപത്രിയില്‍ കൂട്ടായിരുന്നതിനു ഒരു നന്ദിവാക്കു പോലും അവനില്‍ നിന്നും വന്നില്ല. ആഗ്രഹിച്ചതെല്ലാം നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നു വീണതിന്‍റെ തരിപ്പിലായിരുന്നു മോഹന്‍.
എയ്ഞ്ചലിന്‍റെ മടിയിലിരുന്നിരുന്ന ആനന്ദിനെയെടുത്ത് സോഫിയ നെഞ്ചോട് ചേര്‍ത്തു. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ അവളില്‍ കാണാമായിരുന്നു. ആനന്ദിനെ കസേരയില്‍ ഇരുത്തി അവള്‍ എയ്ഞ്ചലിന്‍റെ കൈപിടിച്ച് വിങ്ങുന്ന മനസുമായി പുറത്തേക്കിറങ്ങി. എയ്ഞ്ചല്‍ കരച്ചിലിന്‍റെ വക്കോളമെത്തി. അവളുടെ കണ്ണുകളില്‍ നനവ് തിളങ്ങുന്നുണ്ടായിരുന്നു. കസേരയിലിരുന്നു ആനന്ദ് വിതുമ്പാന്‍ തുടങ്ങി. കൊഞ്ചിച്ചും ഓമനിച്ചും തനിക്കു പ്രിയപ്പെട്ട എയ്ഞ്ചല്‍ പോകുന്നത് ആ കുഞ്ഞു മനസിനെ വല്ലാതെ വേദനിപ്പിച്ചു. അവന്‍റെ തേങ്ങല്‍ മോഹനെ ഓര്‍മകളില്‍നിന്നുണര്‍ത്തി. അയാള്‍ അവനെയെടുത്ത് സോഫിയയും മകളും പോകുന്നത് നോക്കിനിന്നു. കാറിനടുത്തെത്തിയപ്പോള്‍ സോഫിയ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നോ. വെയില്‍ വീണെങ്കിലും വഴിതെറ്റിയ മഞ്ഞുതുള്ളി അവളുടെ മുഖത്തു വീണതോ. ഇല്ല. സോഫിയ കരയുകയാണ്. ഇത്രയും കാലം താന്‍ കാണാത്ത കാഴ്ചയാണിത്. ഒരു വേദനയും പുറത്തു കാണിക്കതെ, ഏതിനേയും രാകി മൂര്‍ച്ചയേകിയ മനസുകൊണ്ട് നേരിടുന്ന സോഫിയ കരയുന്നു. അവള്‍ എയ്ഞ്ചലിനെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. എയ്ഞ്ചല്‍ നടന്നു പോകുന്നതിനിടെ, ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട നൊമ്പരം ആ കുഞ്ഞിന്‍റെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. അവരുടെ കാര്‍ അലിഞ്ഞു തീരാറായ മഞ്ഞിന്‍തകിടിയിലൂടെ സാവധാനം ഒഴുകി മറഞ്ഞു.
ആനന്ദിന്‍റെ കരച്ചിലടക്കാന്‍ മോഹനു ഏറെ പ്രയത്നിക്കേണ്ടി വന്നു. ആനന്ദ് ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അവന്‍റെ കവിളുകളില്‍ കണ്ണൂനീര്‍പ്പാട് കനംപിടിച്ചു കിടന്നു. തന്‍റെ കണ്ണുകളില്‍ നനവ് പടരുന്നുണ്ടോ- മോഹന്‍ അത്ഭുതപ്പെട്ടു. എന്തിനു തന്‍റെ മനസില്‍ ഇതുവരെയില്ലാത്ത നീറലുകള്‍ പൊടിക്കുന്നു. സോഫിയ തന്നെ വേര്‍പിരിഞ്ഞു പോയിട്ടില്ല. അവള്‍ അതി വിദൂരങ്ങളിലേക്കു ചേക്കേറിയിട്ടില്ല. എങ്കിലും അവളും മകളും നിറകണ്ണുകളോടെ നടന്നുനീങ്ങിയപ്പോള്‍ തന്‍റെയും മനസ് വിതുമ്പിയതെന്ത്. മൃദുല വികാരങ്ങളുടെ തിരയിളക്കം തന്നിലും കടന്നുവന്നുവോ. സോഫിയയുമായുള്ള ഒരു ജീവിതം താന്‍ പോലുമറിയാതെ മനസ് പാകപ്പെടുത്തിയോ.
മോഹന്‍റെ ഉള്ളില്‍ സ്വയം പുച്ഛം തോന്നുന്ന ഒരു ചിരി വിടര്‍ന്നു. എല്ലാ ബന്ധങ്ങളും ലാഭക്കണക്കില്‍ മാത്രം കൊരുക്കുന്ന മോഹന്‍ ഒരു പെണ്ണിനെ ഓര്‍ത്തു നീറുകയോ. ഇനിയും കാത്തിരിക്കുകയാണ് വേണ്ടത്. അവസരം കഴിഞ്ഞുപോയിട്ടില്ല. ഇനിയും സമയമേറെയുണ്ട്. അന്ന് സോഫിയയ്ക്കൊപ്പം ജീവിക്കണമെന്നു തനിക്കു തോന്നിയാല്‍ അങ്ങിനെ മതി. വേദനകളും സന്തോഷങ്ങളും നിമിഷങ്ങളുടെ ആയുസുള്ളവ മാത്രം. അവയ്ക്കുപുറകെ പോയി കളയാനുള്ളതല്ല തന്‍റെ ജീവിതം- മോഹന്‍ മനസിലുറപ്പിച്ചു.
മോഹന്‍റെ തോളില്‍ ആനന്ദ് തേങ്ങിത്തേങ്ങി മയക്കത്തിലേക്കു വീണു. ഒരു ഉറക്കത്തിനു ശേഷം അവനും മറക്കും എല്ലാം. എയ്ഞ്ചല്‍ എന്ന ചേച്ചിയെയും സോഫിയ എന്ന അമ്മയെയും. ഒന്നു രണ്ടു ദിവസത്തിനകം വഴിവക്കില്‍ കണ്ടുമുട്ടുന്ന അപരിചിത രൂപങ്ങളായിരിക്കും ആനന്ദിന് ഇരുവരും. അങ്ങിനെയാണ് മനുഷ്യജീവിതം. എല്ലാവര്‍ക്കും എല്ലാവരോടും കടപ്പെട്ടിരിക്കുന്നതുപോലെ ആരും ആരോടും കടപ്പെടാതിരിക്കുന്നു. ജീവിതത്തിന്‍റെ വൈചിത്ര്യങ്ങള്‍ ഇങ്ങനെ പലതും കാണാനാകും. നിമിഷങ്ങള്‍ കൊണ്ടുണ്ടാകുന്ന ആഴത്തില്‍ പതിഞ്ഞ അടുപ്പങ്ങള്‍ മാഞ്ഞുപോകാനും നിമിഷങ്ങള്‍ മാത്രം മതി.
മയക്കത്തിലേക്കുവീണ ആനന്ദിനെയുമെടുത്ത് മോഹന്‍ വിസിറ്റിങ് റൂമിലെ സോഫയിലമര്‍ന്നു. കുറച്ചുനേരം എല്ലാം മറന്നൊന്നുറങ്ങണം. മനസൊന്നു ശാന്തമാക്കണം. ആനന്ദിനെ നെഞ്ചില്‍ ചേര്‍ത്ത് അയാള്‍ സോഫയില്‍ നിവര്‍ന്നു കിടന്നു.
************** *************** *************** ************* *************
ബിന്ദു പതുക്കെ കണ്ണുകള്‍ തുറന്നു. ദീര്‍ഘമായ മയക്കത്തിന്‍റെ ബാക്കിയായി കണ്‍പോളകളില്‍ കനം തൂങ്ങിനില്‍ക്കുന്നു. തലയിലെ തുന്നിക്കെട്ടിന്‍റെ വിങ്ങല്‍ അവളില്‍ ഞരക്കങ്ങളായി പരിണമിച്ചു. വരണ്ട ചുണ്ടുകള്‍ ദാഹജലത്തിനായി കൊതിച്ചു. തൊണ്ടയില്‍ നനവിന്‍റെ ഒരംശം പോലുമില്ല. കാതുകളില്‍ മോനിറ്ററുകളില്‍ നിന്നുള്ള മൂളല്‍ നിറഞ്ഞുപടരുന്നു. അരണ്ടവെളിച്ചത്തില്‍ ബോധാവസ്ഥയിലേക്കുള്ള മടങ്ങിവരവ് അവള്‍ക്കു തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. കഴിഞ്ഞ പതിനെട്ടുമണിക്കൂര്‍ ജീവിതത്തില്‍നിന്നു ഇല്ലാതായതും അവളറിഞ്ഞിട്ടില്ല. അവ്യക്തമായ കാഴ്ചയില്‍ തനിക്കരികില്‍ നില്‍ക്കുന്ന നഴ്സിന്‍റെ വിടര്‍ന്ന ചിരി അവളുടെ കണ്ണുകളില്‍ പതിഞ്ഞു. മരണം തന്നെ ഉപേക്ഷിച്ചു പോയതായി മാത്രം പകുതി മയക്കത്തില്‍ അവളറിഞ്ഞു.
പിന്നെയും രണ്ടുനാളെടുത്തു അവളൊന്നു സംസാരിക്കാന്‍. സന്ദര്‍ശക സമയങ്ങളില്‍ കൃത്യമായി മോഹന്‍ ഹോസ്പിറ്റിലില്‍ എത്തും. ആനന്ദിനെ തത്ക്കാലം പകല്‍ സമയങ്ങളില്‍ ഡേകെയറിലാണ് നിര്‍ത്തിയിരിക്കുന്നത്. മറ്റുകുട്ടികളോടൊപ്പം കളിയും ചിരിയുമായി അവന് വലിയ കുഴപ്പങ്ങളൊന്നുമില്ല. സോഫിയ പിന്നീട് മോഹനെ വിളിച്ചിട്ടില്ല. അവധിയാണെങ്കിലും ഒരു ദിവസം ഓഫിസില്‍ ചെന്നപ്പോള്‍ അയാള്‍ അവളെ കണ്ടിരുന്നു. വെറുംവാക്കുകളില്‍ വിശേഷങ്ങള്‍ ചോദിച്ചറിയുക മാത്രം ചെയ്തു സോഫിയ.
ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ഷീറ്റ് കിട്ടി. നാളെ ബിന്ദുവിനു വീട്ടിലേക്കു പോകാം. മോഹനും ആനന്ദും റൂമിലുണ്ട്. തെളിഞ്ഞ ആകാശത്തെ അശ്രദ്ധമായി നോക്കിക്കിടക്കുകയാണ് ബിന്ദു. അവളുടെ മനസില്‍ എന്തെല്ലാമോ ആകുലതകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജീവിതത്തിലേക്കു തിരിച്ചുവരികില്ലെന്നു കരുതി വിധിക്കുമുന്നില്‍ സകലതും അടിയറവു വച്ചുനിന്ന അവസ്ഥയെ തരണം ചെയ്ത ആശ്വാസം പോലും അവളുടെ മുഖത്തില്ല. മരണത്തെക്കീഴടക്കിയതിന്‍റെ ആഹ്ലാദം തരിമ്പും ആ കണ്ണുകളില്‍ കാണ്‍മാനില്ല. ആനന്ദിന്‍റെ കൊഞ്ചിക്കുഴയലുകള്‍ക്കു പോലും അവളില്‍ ഒരു ചെറുചിരി ഉണര്‍ത്താന്‍ കഴിഞ്ഞില്ല.
ബിന്ദു വിദൂരതയില്‍ നിന്നും കണ്ണെടുത്ത് മോഹന്‍റെ മുഖത്തേയ്ക്കു നോക്കി. ആ നോട്ടത്തില്‍ അപരിചിതത്വത്തിന്‍റെ നിഴലാട്ടം.
-മോഹന്‍- ചിലമ്പിച്ച ശബ്ദത്തില്‍ അവള്‍ വിളിച്ചു. അയാള്‍ അവള്‍ക്കരികിലേക്കു ചെന്നു.
-മോഹന്‍, നമുക്കു തിരിച്ചുപോകാം…. മോഹന്‍റെ നാട്ടിലേക്ക്. ഇവിടെ ഇനിയെനിക്കു ജീവിക്കാനാവില്ല- ഇതുപറയുമ്പോള്‍ അവളുടെ മുഖത്ത് വ്യക്തമായ തീരുമാനമെടുത്തതിന്‍റെ ഉറപ്പുണ്ടായിരുന്നു.
ബിന്ദുവിന്‍റെ വാക്കുകള്‍ പ്രതീക്ഷിച്ചതെന്ന പോലെയാണ് മോഹന്‍ കേട്ടത്. അവനില്‍ യാതൊരു ഭാവവ്യത്യാസവും അവളുടെ തീരുമാനം ഉണ്ടാക്കിയില്ല. അവള്‍ പറയുന്നത് ശരിയാണ്. മനസില്‍ പല ആശങ്കകളും ഇരുവര്‍ക്കും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അവള്‍ ഉണര്‍ന്നിട്ടിതുവരെയും സോഫിയയെ പറ്റി ചോദിച്ചിട്ടില്ല. സോഫിയ അവളില്‍ ഒരു തെറ്റായിക്കഴിഞ്ഞിട്ടുണ്ടാകും. തന്‍റെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ആവശ്യമുണ്ട്. ഉടന്‍ ബിന്ദുവിനെന്തെങ്കിലും വ്യക്തമായ കാരണമില്ലാതെ സംഭവിച്ചാല്‍ അത് സംശയങ്ങള്‍ക്കിട വരുത്തും. കാത്തിരിക്കുക തന്നെ തത്ക്കാലം നിവൃത്തിയുള്ളു. എടുത്തുച്ചാട്ടങ്ങളൊക്കെയും അബദ്ധങ്ങളായി ഒടുങ്ങുകയാണ് പതിവ്. അതിനിട കൊടുക്കരുത്. കാത്തിരിക്കാന്‍ താന്‍ തയാറാണ്. അവളുടെ മരണം കൃത്യമായ രീതിയില്‍ നടന്നാല്‍ മാത്രമെ തന്‍റെ കണക്കുക്കൂട്ടലുകള്‍ക്കു ലക്ഷ്യമുണ്ടാവു. നാട്ടിലേക്കൊരു യാത്ര ഇപ്പോള്‍ നല്ലതുതന്നെ. ഇവിടെ തുടര്‍ന്നാല്‍ സോഫിയയുടെ സാന്നിധ്യം ബിന്ദുവിന്‍റെ മനസില്‍ കനലുകള്‍ എരിയിക്കാന്‍ കാരണമാകും. ബിന്ദു സ്വയം ഒഴിഞ്ഞുമാറിയാല്‍, അവള്‍ വിവാഹ ബന്ധം ഉപേക്ഷിച്ചാല്‍ അത് എല്ലാത്തിനും അവസാനമാകും. നാട്ടിലേക്കു മടങ്ങുകതന്നെയാണ് ഇപ്പോള്‍ കാണുന്ന മികച്ച തീരുമാനം.
മോഹന്‍ അവളുടെ കൈകളില്‍ കൂട്ടിപ്പിടിച്ചു. ആ വിരലുകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു പ്രാര്‍ഥന പോലെ അവന്‍ ഇരുന്നു. പിന്നെ അവളുടെ ആഗ്രഹത്തിനു അവന്‍ സമ്മതം മൂളി. നാട്ടിലേക്കു പോകാം. അവളുടെ ചുണ്ടുകളില്‍ പ്രതീക്ഷകളുടെ മന്ദഹാസം.
ആനന്ദിനെയുമെടുത്ത് മോഹന്‍ ആശുപത്രിയില്‍ നിന്നിറങ്ങി. അവന്‍റെ കാര്‍ നേരെ എയര്‍ ലൈന്‍സ് ഓഫിസിലേക്കാണു പോയത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. എത്രയും വേഗം നാട്ടിലേക്കുതിരിക്കണം. വേഗം തിരിച്ചുവരാന്‍ വേണ്ടി. ഇനിയുള്ള വരവില്‍ ബിന്ദുവിന്‍റെ തിരിച്ചുപോക്ക് ഉണ്ടാവരുത്. രോഗത്താലോ അല്ലാതെയോ അവള്‍ ഇവിടെവച്ചില്ലാതാകണം. ഏറെ ദിവസങ്ങള്‍ക്കു ശേഷം മോഹന്‍റെയുള്ളില്‍ ഗൂഢസ്മിതം വിടര്‍ന്നു.