ഇടര്‍ച്ചകള്‍
അപ്പന്റെ ചാരുകസേരയില്‍ കഴിഞ്ഞുപോയ സംഭവങ്ങളുടെ തീഷ്ണതയില്‍ വെന്തുരുകി കിടക്കുകയാണ് മോഹന്‍. ബിന്ദുവിന് ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു താനും സരളയും പെരുമാറിയിരുന്നത്. സരളയുമായുള്ള തന്റെ അടുപ്പം ബിന്ദു അറിഞ്ഞുവോ എന്ന വിദൂരമായ സംശയം ഉള്ളിലുദിച്ചതുകൊണ്ടാണ് വളരെ ശ്രദ്ധയോടെ എല്ലാ ചുവടുകളും മുന്നോട്ടുവച്ചത്. പക്ഷെ ഒരു ചെറിയ നിമിഷത്തിന്റെ പിഴവില്‍ പിടിക്കപ്പെട്ടിരിക്കുന്നു. അയാള്‍ ചുറ്റും നോക്കി. എന്തൊരു നിശബ്ദത. അപ്പന്‍ മരിച്ചപ്പോള്‍പോലും ഇങ്ങനെയൊരു മൂകത ഈ വീട്ടില്‍ ഉണ്ടായിട്ടില്ല.
സരളയും ആകെ തളര്‍ന്നുപോയിരിക്കുന്നു. ഇങ്ങനെയൊന്ന് ഉണ്ടാകുമെന്നു അവളും കരുതിയതല്ല. അടുക്കളയില്‍നിന്നും അവള്‍ പുറത്തേയ്ക്കിറങ്ങാറെയില്ല. ആര്‍ക്കോവേണ്ടിയെന്നയെന്നവണ്ണം എന്തൊക്കെയോ വച്ചുവേവിക്കുന്നു… ആരൊക്കെയോ തിന്നുന്നു. അത്രതന്നെ. സഹജീവിതങ്ങളുടെ ഇഴയടുപ്പങ്ങള്‍ ചെറിയൊരു ചലനത്തില്‍ പോലും ഇല്ലാതാകുമെന്നത് എത്ര സത്യമാണെന്നു അവളിപ്പോള്‍ മനസിലാക്കുന്നു. ബിന്ദുവിന്റെ അസുഖം നിശേഷം മാറുന്ന അവസ്ഥ സാധ്യമാണെന്ന സുചന ആരെങ്കിലും തന്നാല്‍ മതിയായിരുന്നു. അങ്ങിനെയൊന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ ദുര്‍ബല നിമിഷത്തെ അതിജീവിക്കാമായിരുന്നു. അടക്കിവച്ചിരുന്ന വികാരങ്ങളുടെ തിരത്തള്ളലില്‍ അതുതന്നെയാണ് ശരിയെന്നു തീരുമാനിക്കുകയായിരുന്നു. ഒരു പക്ഷെ ബിന്ദുവിന്റെ അസുഖം വീണ്ടും മൂര്‍ഛിച്ചു വീണ്ടും മരണത്തിലേക്കു നടന്നടുക്കുകയായിരുന്നുവെങ്കില്‍ താന്‍ ചെയ്തതാകും ഏറ്റവും വലിയ ശരിയെന്നു അവള്‍തന്നെ പറയുമായിരുന്നു. പക്ഷെ കണക്കുകൂട്ടലുകളില്‍ വലിയ തെറ്റുകളുടെ കളങ്ങളായിരുന്നു കൂടുതല്‍….. സരള സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു.
ബിന്ദു ബോധംക്കെട്ടുവീണപ്പോള്‍ എല്ലാം തീര്‍ന്നെന്നു കരുതി. കട്ടിലില്‍ കിടത്തി മുഖത്തു തണുത്തവെള്ളമൊഴിച്ചു അവളെ ഉണര്‍ത്തിയപ്പോഴാണ് ശ്വാസം നേരെയായത്. അബോധാവസ്ഥയില്‍നിന്നും ബോധാവസ്ഥയിലേക്കു അവള്‍ എഴുന്നേറ്റത് വന്യതയുടെ പര്യായമായായിരുന്നു. പൊട്ടിക്കരച്ചിലിന്റെ ഉന്മാദവസ്ഥയില്‍ മുറിയിലെ സകല സാധനങ്ങളും അവള്‍ വലിച്ചെറിഞ്ഞു. വലിഞ്ഞുമുറുകിയ അവളുടെ ഞരമ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നു തോന്നിച്ചു. ഒരു വാക്കുപോലും മോഹനെക്കൊണ്ടു പറയിക്കാന്‍ അവള്‍ അനുവദിച്ചില്ല. കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തതയില്‍ അവള്‍ വീണ്ടും തളര്‍ന്നുറങ്ങി. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ നിര്‍വികാരയായിരുന്നു അവള്‍. ശേഷം അവളുടെയും ആനന്ദിന്റെയും കയ്യില്‍കിട്ടിയ വസ്ത്രങ്ങള്‍ ബാഗില്‍ കുത്തിനിറച്ച് ആരോടും ഒന്നും മിണ്ടാതെ വീടിന്റെ പടിയിറങ്ങി. പോകരുതെന്നു പറയാന്‍ സരളയുടെ മനസു മന്ത്രിച്ചെങ്കിലും നാവിനതിനുള്ള ശേഷിയുണ്ടായിരുന്നില്ല. ബിന്ദുവിന്റെ കയ്യിലിരുന്ന് സരളയെ നോക്കി ആനന്ദ് തേങ്ങിക്കരയുന്നുണ്ടായിരുന്നു. മോഹന്റെ മുഖത്തുപോലും നോക്കാതെയാണ് അവള്‍ പടിയിറങ്ങിയത്. ഇനിയൊരിക്കലും ഇവിടേക്കു തിരിച്ചുവരില്ല എന്ന നിശ്ചയം അവളുടെ മുഖത്ത് അടയാളപ്പെടുത്തിയിരുന്നു.
ചാരുകസേരയിലിരുന്നു വിദൂരതയിലേക്കു നോക്കിക്കിടക്കുകയാണ് മോഹന്‍. അയാളിപ്പോള്‍ വീടിനുപുറത്തേയ്‌ക്കൊന്നും പോകാറില്ല. രവിയാകട്ടെ ഇപ്പോഴിങ്ങോട്ട് വരാറെയില്ല. ഷീറ്റുവിറ്റതിന്റെ പണം മറ്റേതെങ്കിലും പണിക്കാരാകും കൊണ്ടുവരിക. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ആയിത്തുടങ്ങിയത്രെ. അതുകൊണ്ട് വൈകുന്നേരം മദ്യപാനം പോലും ഒറ്റയ്ക്കാണ്.
സരളയാണെങ്കില്‍ തികച്ചും അപരിചിതയെപ്പോലെയാണു പെരുമാറുന്നത്. തകര്‍ന്നുപോയത് അവളാണെന്നു മോഹനറിയാം. ഇനിപ്പറഞ്ഞിട്ടുകാര്യമില്ലെന്നു അയാള്‍ക്കറിയാം. പ്രശ്‌നങ്ങളൊക്കെ പറഞ്ഞുതീര്‍ക്കുക തന്നെ വേണം. രവി വന്നിരുന്നെങ്കില്‍ അവനെ ബിന്ദുവിന്റെ വീട്ടിലേക്കയയ്ക്കാമായിരുന്നു. അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെങ്കിലും മനസിലാക്കാമല്ലോ. താനിപ്പോള്‍ അങ്ങോട്ടുചെന്നാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം എന്നു പറയാനാവില്ല… മോഹന്‍ പതിയെ സിഗരറ്റിനു തീകൊളുത്തി. രാവിലെ തന്നെ കഴിച്ച മദ്യത്തിനു ലഹരി പോരെന്നു അയാള്‍ക്കു തോന്നി. എത്ര കഴിച്ചാലും മതിയാകുന്നില്ല. അടുത്ത ഗ്ലാസ് നിറയ്ക്കുന്നതിനായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയതാണ്. ദൂരെ റബര്‍ മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ ഒരു കാര്‍ പൊടിപരത്തി വരുന്നത് അയാള്‍ കണ്ടു. ഇപ്പോള്‍ ഇങ്ങോട്ടുവരുന്നത് ആരാണെന്ന് അയാള്‍ ആലോചിച്ചു. ബിന്ദുവിന്റെ വീട്ടില്‍നിന്നാകുമോ. എല്ലാമറിഞ്ഞപ്പോള്‍ അവളുടെ അമ്മയും മറ്റുമാണഓ വരുന്നത്. കുറെ അകന്ന ബന്ധുക്കള്‍ അവള്‍ക്കുള്ളതായറിയാം. കാര്യങ്ങളുടെ സത്യാവസ്ഥ അറിയേണ്ടത് അവരുടെ അവകാശം കൂടിയാണല്ലോ. മോഹന്‍ എന്തിനും തയാറായി ഇരുന്നു.
കാര്‍ ഗേറ്റിനപ്പുറം നിര്‍ത്തി. വാതില്‍ തുറന്നു ഇറങ്ങിയ ആളെ കണ്ടപ്പോള്‍ മോഹന് ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. സോഫിയ…. അയാള്‍ അറിയാതെ പറഞ്ഞുപോയി. അയാള്‍ കസേരയില്‍ നിന്നും അറിയാതെ എഴുന്നേറ്റു. ഇവളെങ്ങിനെ ഇവിടെ. ഒന്നു ഫോണ്‍ ചെയ്യുകപോലും ചെയ്യാതെ ഇങ്ങനെയൊരു വരവ്…. അയാള്‍ അവളെക്കണ്ടപ്പോള്‍ ചിരിക്കാന്‍ പോലും മറന്നുപോയി. കൂടെ ആരെങ്കിലുമുണ്ടോ എന്നു നോക്കി. ഇല്ല, ആരുമില്ല… സോഫിയ ഒറ്റയ്ക്കാണ്.
എന്താ പ്രതീക്ഷിച്ചില്ല അല്ലേ…. സോഫിയ ചോദിച്ചു. മോഹന്‍ മറുപടിയൊന്നും പറയാനാകാതെ നില്‍ക്കുകയാണ്.
ആന്വല്‍ ലീവ് കുറച്ചുണ്ടായിരുന്നു. അഞ്ചലീനയ്ക്കാണെങ്കില്‍ പരീക്ഷാച്ചൂടില്‍ ഹോസ്റ്റലിലും. എവിടെയെങ്കിലും ഒരു യാത്രപോകണമെന്നു തോന്നി. ഡാഡിയുടെ ബന്ധുക്കള്‍ നാട്ടിലെവിടെയൊക്കെയൊ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവരുടെ അടുത്തേയ്‌ക്കൊരു യാത്ര. കേട്ടറിഞ്ഞ കേരളത്തിന്റെ സൗന്ദര്യം അറിയാമല്ലോ. പിന്നെ നിന്നെയും കാണാം…. അവന്റെ അത്ഭുതത്തിനു മേലെ അവള്‍ വരവിന്റെ ഉദ്ദേശ്യം പറഞ്ഞു.
വരൂ…. അകത്തേയ്ക്കു കയറൂ….- മോഹന്‍ പറഞ്ഞു. ഉമ്മറത്തെ വര്‍ത്തമാനം കേട്ടു സരളയുമെത്തി. അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ടപ്പോള്‍ അവളും പരുങ്ങി. സ്വര്‍ണമത്സ്യം പോലെയിരിക്കുന്ന ഈ പെണ്ണ് ആരെന്നു അവള്‍ക്കു പിടികിട്ടിയില്ല. എത്ര സ്വാതന്ത്ര്യത്തോടെയാണ് അവള്‍ മോഹനോട് പെരുമാറുന്നത്. ഇങ്ങനെ ഒരാളെപ്പറ്റി മോഹന്‍ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.
ബിന്ദുവിനേയും ആനന്ദിനേയും സോഫിയ ചോദിച്ചു. അവര്‍ അവരുടെ വീട്ടിലാണെന്നു സംശയത്തിന്റെ ഒരു കണികപോലുമില്ലാതെ അയാള്‍ പറഞ്ഞൊപ്പിച്ചു. വാതില്‍ക്കല്‍ വന്നുനിന്ന സരളയെ മോഹന്‍ പരിചയപ്പെടുത്തി. ചേട്ടന്റെ ഭാര്യ. അതുപറയുമ്പോള്‍ ബഹുമാനത്തിന്റെ അംശം വാക്കുകളില്‍ പുരട്ടാന്‍ അയാള്‍ മറന്നില്ല. തനിക്കൊപ്പം അമേരിക്കയില്‍ ജോലിചെയ്യുന്നതാണെന്നും തന്റെ മേലുദ്യോഗസ്ഥയാണെന്നും സരളയോട് അയാള്‍ പറഞ്ഞു. സരളയ്ക്കാശ്വാസമായി. നാട്ടിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകനെ കാണാന്‍ വന്നതാകും.
സരളേടത്തീയെന്നു വിളിച്ചു ചായയെടുക്കാന്‍ മോഹന്‍ പറഞ്ഞപ്പോള്‍ അവളുടെ മനസില്‍ എന്തെല്ലാമോ തികട്ടിവന്നു… സരളേടത്തി…. അങ്ങിനെ വിളിക്കുമ്പോള്‍ പൊള്ളുന്നതുപോലെ. ഇനി അങ്ങിനെയൊരു വിളിയുടെ ആവശ്യമുണ്ടോ. സരള ചായയെടുക്കാനായ അടുക്കളയിലേക്കു പോയി. കഴിക്കാനെന്തു കൊടുക്കും. പുറകിലെ തൊടിയില്‍ പപ്പായ പഴുത്തുകിടപ്പുണ്ട്. ഇരുവരും മോഹന്റെ മുറിയിലാണിരിക്കുന്നത്. ചായ അങ്ങോട്ടേയ്ക്കു കൊണ്ടുപോയാല്‍ മതി.
മോഹന്റെ കട്ടില്‍ സോഫിയ കിടന്നു. മോഹന്‍ കസേരയിലാണ് ഇരിക്കുന്നത്. അയാള്‍ അവളുടെ മുഖത്തേയ്ക്കുതന്നെയാണ് നോക്കുന്നത്. സോഫിയ വെറുതെ വരാന്‍ സാധ്യതയില്ല. എന്തോ ഉണ്ട്. തന്നെയൊ, അല്ലെങ്കില്‍ പരിചയമുള്ള മറ്റാരേയോ തേടിപ്പോകുന്ന സ്വഭാവം അവള്‍ക്കില്ല. ഒരു ബന്ധത്തിനും അമിതമായ അടുപ്പം നല്‍കാത്തവളാണിവള്‍. മോഹന്‍ ചോദ്യഭാവത്തില്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവളുടെ മുഖത്തെ ചിരി മായുന്നു. പറിച്ചുനട്ടെന്ന പോലെ ഗൗരവം അവളുടെ മുഖത്ത് നിറയുന്നു.
മോഹന്‍ എനിക്കിനി ഒറ്റയ്ക്കു ജീവിക്കാന്‍ വയ്യ… ഇനി നിന്റെ കൂട്ട് എനിക്കുവേണം…. അതില്ലാതെ എനിക്കു പറ്റുന്നില്ല. നിന്നെ മനസില്‍നിന്നും ഒഴിവാക്കാന്‍ ഏറെ ശ്രമിച്ചുനോക്കി. പക്ഷെ കഴിയുന്നില്ല. എനിക്കൊരു ഭാര്യയാകാന്‍ കൊതിയാകുന്നു. പെട്ടെന്നൊരു തീരുമാനം പറയേണ്ടതില്ല. എപ്പോള്‍ വേണമെങ്കിലും ബിന്ദു ഇല്ലാതെയാകാം. അതുവരെയും കാത്തിരിക്കാനും ഞാന്‍ തയാറാണ്. അവള്‍ മരിച്ചാല്‍ ആനന്ദിനെ നോക്കാന്‍പോലും ഏല്‍പ്പിച്ചത് എന്നെയാണ്. ഞാന്‍ നിനക്കൊപ്പം കഴിയുന്നത് അവളുടെ ആത്മാവിനെ തരിമ്പും വേദനിപ്പിക്കില്ല….- ഒറ്റശ്വാസത്തിനു പറഞ്ഞു തീര്‍ക്കുമ്പോള്‍ സോഫിയയുടെ മനസു പിടയ്ക്കുന്നുണ്ടായിരുന്നു. ആദ്യമായാണ് അവള്‍ ഒരു പുരുഷനെ ഇങ്ങനെ ആവശ്യപ്പെടുന്നത്. ശരീരത്തിനു വേണ്ടിയല്ല. മനസിനുവേണ്ടി. അവള്‍ പതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു. തൊട്ടടുത്ത കസേരയിലിരുന്ന മോഹന്റെ കൈത്തലങ്ങള്‍ അവള്‍ മുഖത്തോട് ചേര്‍ത്തു.
അവളുടെ കണ്ണുകളില്‍ പ്രണയത്തിന്റെ എല്ലാത്തിളക്കങ്ങളും മോഹന്‍ കണ്ടു. അവളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് താന്‍ മാത്രമാണെന്നു അവന്‍ തിരിച്ചറിഞ്ഞു. പിടിവള്ളികളെല്ലാം നഷ്ടപ്പെട്ടപ്പോള്‍ ദൈവം കാണിച്ചുതന്ന വഴിയാണ് സോഫിയയുടെ ഇപ്പോഴത്തെ മനസെന്നു അയാള്‍ക്കു തോന്നി. അവളെ വിവാഹം കഴിക്കുകയെന്നു പറഞ്ഞാല്‍ വലിയ ഈ പ്രത്യേക അവസ്ഥയില്‍ വലിയ നഷ്ടക്കണക്കാകുമെന്നു അയാള്‍ക്കു തോന്നിയില്ല. പക്ഷെ ബിന്ദു… ഇനിയും സാധ്യതകള്‍ ഉണ്ട്. മരണം ദൈവത്തിന്റെ രൂപത്തില്‍ അകന്നുനില്‍ക്കുകയാണെങ്കിലും തന്നെ തോല്‍പ്പിക്കാന്‍ അവള്‍ക്കാകില്ലല്ലോ. അവളെ അമേരിക്കയിലേക്കു കൊണ്ടുപോകണം. അവിടെ വച്ചായിരിക്കണം അവളുടെ മരണം. ഇത്രയും നാള്‍ കാത്തിരുന്നതെല്ലാം വെറുതെ കളയാന്‍ തയാറല്ലെന്നു മോഹന്‍ മനസിലുറപ്പിച്ചു. എല്ലാം സോഫിയയോടു പറയുകതന്നെ വേണം. തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സോഫിയയ്ക്കു കഴിയുകയാണെങ്കില്‍ തന്റെ ബാക്കി ജീവിതം അവളുമായി പങ്കിടാനും തയാറാണ്.
സോഫിയ…. വരൂ, നമുക്കൊന്നു പുറത്തേയ്ക്കു നടന്നിട്ടുവരാം….- മുറിയിലിരുന്നു സംസാരിച്ചാല്‍ ശരിയാകില്ലെന്നു മോഹനു തോന്നി. അയാള്‍ പതിയെ കസേരയില്‍നിന്നും എഴുന്നേറ്റു. കട്ടിലില്‍നിന്നു സോഫിയയും.
അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍ സരളയ്ക്കു കേള്‍ക്കാമായിരുന്നു. ചായയുമായി മുറിക്കു മുന്നിലെത്തിയപ്പോഴാണ് സോഫിയയുടെ വാക്കുകള്‍ ചാട്ടുളി പോലെ മനസിലേക്കു തറച്ചത്. ചതുരംഗക്കളത്തില്‍ തലയറഞ്ഞുവീണ കാലളിന്റെ അവസ്ഥയാണ് തനിക്കെന്നു അവള്‍ക്കു തോന്നി. സഹതപിക്കാനോ തന്റെ മനസു മനസിലാക്കാനോ ആരുമില്ലെന്നും അവളറിയുകയായിരുന്നു. മോഹനെ മോഹിച്ചത് ശരീരത്തിന്റെ വിശപ്പു മാറ്റാന്‍ മാത്രമായിരുന്നില്ലല്ലോ. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാന്‍ കൂടിയായിരുന്നു. മോഹന്റെ ജീവിതത്തിന്റെ പങ്കാളിയാകാന്‍ കാത്തിരിക്കുന്ന മറ്റൊരാള്‍. തന്നെക്കാളും എന്തുകൊണ്ടും യോഗ്യയായ മറ്റൊരാള്‍. മോഹിച്ചതൊക്കെയും വെറുതെയായിപ്പോയി. ആനന്ദിനെയും ബിന്ദുവിനെയുമൊക്കെ മനസറിഞ്ഞു സ്‌നേഹിച്ചതും വെറുതെയായിപ്പോയി. താന്‍ ചതിക്കപ്പെട്ടിരിക്കുന്നു. സരളയുടെ മനസ് വല്ലാതെ നോവുന്നുണ്ടായിരുന്നു. പ്ലേയ്റ്റിലിരുന്ന പപ്പായയുടെ ചുവപ്പ് കണ്ണുകളിലേക്കു വ്യാപിക്കുന്നതായി അവള്‍ക്കു തോന്നി. ചായയും പപ്പായയും മേശപ്പുറത്തുവച്ച് അവള്‍ അടുക്കളയിലേക്കു ഓടി. നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി അടുക്കളയുടെ ഒരു മൂലയില്‍ അവള്‍ മുഖംപൊത്തിയിരുന്നു.
മോഹനും സോഫിയയും റബര്‍ത്തോട്ടത്തിലൂടെ നടന്നു. അവളുടെ മനസിനു പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആനന്ദമുണ്ടായിരുന്നു. പലതവണ ആലോചിച്ചതാണ് ഇങ്ങനെയൊരു നിലപാടെടുക്കണമോയെന്ന്. പക്ഷെ ഇതുതന്നെയാണ് ശരിയെന്നു മനസു പറഞ്ഞു. ഏതളവുകോലുകൊണ്ട് അളന്നാലും ഇങ്ങനെയൊരു ആഗ്രഹത്തിനു തെറ്റുകാണുവാന്‍ കഴിയില്ല. അവള്‍ മോഹന്റെ നേര്‍ക്കുനോക്കി. ആഴത്തിലുള്ള ആലോചനയിലാണ് അയാള്‍. ഇരുവരും തോട്ടത്തിനു നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറമേല്‍ ഇരുന്നു.
മോഹന്‍ പറഞ്ഞുതുടങ്ങി. ബിന്ദു എങ്ങിനെ തന്റെ ജീവിതത്തിലേക്കുവന്നുവെന്നും. എന്തിനാണ് താനവളെ പോറ്റുന്നതെന്നും. അവനും സോഫിയയോടൊത്തുള്ള ജീവിതം ഇഷ്ടമാണെന്നും അവനറിയിച്ചു. പക്ഷെ കാത്തിരിക്കണം. ബിന്ദുവിന്റെ മരണം വരെ. ഒരുപക്ഷെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്ന സ്ഥിതിക്ക്, അവളുടെ മരണം സൃഷ്ടിക്കപ്പെടുന്നതുവരെ. അവളുമായി താന്‍ അമേരിക്കയിലേക്കു ഉടന്‍ത്തന്നെ മടങ്ങി വരുമെന്നും അവിടെ വച്ച് എല്ലാം തീരുമാനിക്കപ്പെടുമെന്നും സോഫിയയോട് അവന്‍ വ്യക്തമാക്കി.
വള്ളിപുള്ളി തെറ്റാതെയുള്ള മോഹന്റെ വിവരണം കേട്ടപ്പോള്‍ നടുക്കമാണ് സോഫിയയില്‍ ഉണ്ടായത്. വിശ്വസിക്കാനാവുന്നില്ല മോഹന്‍ തന്നെയാണോ ഇതെന്നു. ഭാര്യയെ ഇത്രയും സ്‌നേഹിക്കുന്ന ഒരു പുരുഷനെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു. പിന്നെ രോഗം വലിയൊരു മതിലായി ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ശരീരത്തിന്റെ ആവശ്യങ്ങള്‍ മാത്രമായിരുന്നു അവനുണ്ടായിരുന്നതെന്നാണു താന്‍ കരുതിയിരുന്നത്. ജീവിതത്തിന്റെ അടരുകള്‍ പൊളിച്ചെടുക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങള്‍ ഭയാനകമായിരിക്കും… സോഫിയയ്ക്കു കൂടുതലൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ താഴെവീണുകിടന്നിരുന്ന കരിയിലകളിലേക്കു നോക്കിയിരുന്നു. മറുപടിയായി എന്തുപറയണമെന്ന് അവക്ക് ആലോചിക്കാനേറെയുണ്ടായിരുന്നു. കാത്തിരിക്കാന്‍ തയാറല്ല എന്ന മറുപടി അവനെ തന്നില്‍നിന്നും എന്നത്തേയ്ക്കുമായി അകറ്റുമെന്നു അവള്‍ക്കു തോന്നി. സ്വന്തം ജീവിതത്തെക്കുറിച്ചുമാത്രം ആലോചിച്ചാല്‍ മതിയല്ലോ എന്ന ചിന്തയും അവളുടെയുള്ളില്‍ തെളിഞ്ഞു.. എങ്കിലും……
സോഫിയ ഒന്നും പറഞ്ഞില്ല.. എനിക്കൊപ്പം നില്‍ക്കാന്‍ നിനക്കാകുമോ…- മോഹന്റെ വാക്കുകളില്‍ ആകാംഷ നിറഞ്ഞിരുന്നു.
അവന്റെ കൈവിരലുകളില്‍ മുറുകെയമര്‍ത്തി അവള്‍ സമ്മതം മൂളി. അവര്‍ വീട്ടിലേക്കു മടങ്ങി.
എടുത്തുവച്ച ചായ തണുത്തിട്ടുണ്ടായിരുന്നു. അതു വീണ്ടും ചൂടാക്കി സരള അവര്‍ക്കു നല്‍കി. പപ്പായയുടെ മധുരം സോഫിയ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.ഉച്ചയൂണുകഴിഞ്ഞു പോയാല്‍പോരെയെന്നു മോഹന്‍ ചോദിച്ചതാണ്. ഇനിയും ഒരുപാടിടത്ത് പോകാനുണ്ടെന്ന കാരണം പറഞ്ഞ് സോഫിയ അത് നിഷേധിച്ചു. ഇനിയെന്നെങ്കിലും വരാമെന്നു സരളയോടു പറഞ്ഞ് സോഫിയ ഇറങ്ങി. കാറിന്റെയടുത്തുവരെ മോഹന്‍ അവളെ അനുഗമിച്ചു. അമേരിക്കയില്‍ എത്തിയാലുടന്‍ വിളിക്കാമെന്നു പറഞ്ഞ് അവള്‍ കാറില്‍ കയറി.
തിരിച്ചെത്തിയ മോഹന്‍ കണ്ടത് തലകുമ്പിട്ടു കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന സരളയെയാണ്. ചുവരിനോട് ചേര്‍ന്നുനില്‍ക്കുന്ന അവളില്‍നിന്നും തേങ്ങലുകള്‍ ഉയരുന്നുണ്ടായിരുന്നു. മോഹന്‍ പതിയെ അവളുടെ തോളില്‍ കൈവച്ചു. ഒരു പൊട്ടിത്തെറിയാണ് ഉണ്ടായത്.
തൊട്ടുപോകരുതെന്നെ…..
മോഹനു ചിരിയാണ് വന്നത്, താനാര്‍ക്കും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല.
(തുടരും)