കാലാന്തരങ്ങള്‍-കരൂര്‍ സോമന്‍ (നോവല്‍-അധ്യായം 16)

Facebook
Twitter
WhatsApp
Email

രതി

ഗോപാലന്റെ മരണത്തോടെ ആ വീടിന്റെ അനക്കങ്ങള്‍ക്ക് അറുതി വന്നതു പോലെ സരളയ്ക്കു തോന്നി. അപ്രധാനമെന്നു കരുതുന്നതുപോലും ഇല്ലാതെയാകുമ്പോള്‍ വലിയ ശൂന്യതയായിരിക്കും ഉണ്ടാവുക. ലോകത്തിന്റെ സമസന്തുലനം തെറ്റാന്‍ വന്‍ മരങ്ങള്‍ വീഴണമെന്നില്ല. ഒരു ചെറിയ പുല്‍നാമ്പ് പിഴുതെറിയപ്പെട്ടാലും മതിയാകും. സരളയുടെ ജീവിതത്തില്‍ ഗോപാലനു എന്തു സ്ഥാനമാണുണ്ടായത്. ഒന്നുമില്ല, ഭര്‍ത്താവിന്റെ അപ്പന്‍ എന്നതില്‍ കവിഞ്ഞ് ആത്മബന്ധത്തിന്റെ ഒരു കണികയും അയാളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. രാജന്‍ മരിച്ച ശേഷം തന്നെ ഇവിടെ കൊണ്ടുവന്നത് സ്‌നേഹസമ്പന്നത കൊണ്ടെല്ലെന്നു അവള്‍ക്കു നന്നായറിയാം. വീട്ടില്‍ ഒരാളാകുമല്ലോ എന്നതു മാത്രമായിരുന്നു ഗോപാലന്റെ മനസിലെന്നു അവള്‍ക്കു നിശ്ചയമുണ്ടായിരുന്നു. തനിക്കും അതുതന്നെയാണു നല്ലെതുന്നു തോന്നിയതു കൊണ്ടു മാത്രമാണ് ഇങ്ങോട്ടു പോന്നത്. എങ്കിലും ഗോപാലന്റെ മരണം സൃഷ്ടിച്ച ശൂന്യത വീടിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു അവള്‍ക്കു തോന്നി. അവസാന നാളുകളില്‍ അയാളിലുണ്ടായ മാറ്റത്തില്‍ ഏറെ സന്തോഷിക്കുകകൂടി ചെയ്തു അവള്‍. മരണം ഇത്ര പെട്ടന്നാകുമെന്നു ആരും കരുതിയില്ല.

ബിന്ദുവും ആനന്ദുമാണെങ്കില്‍ അവരുടെ വീട്ടിലാണ്. ആശുപത്രിയില്‍ നിന്നും നേരെ അങ്ങോട്ടുപോകുമെന്നു ബിന്ദു പറയുന്നുണ്ടായിരുന്നു. അവളുടെ വിശേഷങ്ങള്‍ എന്തായോ എന്തോ. ആശുപത്രിയില്‍ നിന്നും മടങ്ങിയ ദിവസം രാത്രി ഏറെ ഇരുട്ടിയാണ് മോഹനെത്തിയത്. നല്ലപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഭക്ഷണമൊന്നും കഴിക്കാതെ നേരെ കട്ടിലിലേക്കു വീഴുകയായിരുന്നു. കൂടുതലൊന്നും ചോദിക്കാന്‍ പറ്റിയില്ല. പിറ്റേന്നും മോഹന്‍ ആകെ വിവശനായിരുന്നു. മോഹന്റെ ഭാവം കണ്ടപ്പോള്‍ ബിന്ദുവിന്റെ അവസ്ഥ മോശമാണെന്നുതന്നെ സരള വിശ്വസിച്ചു. ഇനി അവളും എത്രകാലം. അടുത്ത മരണം കൂടി എത്രയും വേഗം കാണേണ്ടിവരുമോ. ബിന്ദുവിന്റെ മരണം തന്റെ ഭാഗ്യമായിരിക്കും നല്‍കുക. മോഹന്റെ ജീവിതത്തിലേക്കു കടക്കാനുള്ള ഏക വഴി അവളുടെ മരണം തന്നെയാണ്… ആര്‍ക്കും നഷ്ടങ്ങളില്ലാതെ തനിക്കൊരു ജീവിതം ലഭിക്കുകയാണെങ്കില്‍ ആരും കുറ്റം പറയുകയില്ല. ആനന്ദിനു നല്ലൊരമ്മയാകുവാന്‍ തനിക്കല്ലാതെ വേറെ ആര്‍ക്കാവും.

ഉണ്ണിക്കുട്ടന്‍ കുളിക്കാന്‍ പോയിരിക്കുകയാണ്. അവനുള്ള ആഹാരം മേശപ്പുറത്തെടുത്തുവച്ചു. ഇനി അവനെ സ്‌കൂളിലേക്കു അയയ്ക്കാനുള്ള തിരക്കായിരിക്കും. അവന്റെ പുസ്തകങ്ങളും ബാഗുമൊക്കെ ഒരുക്കിവയ്ക്കണം. യൂനിഫോം ഇന്നലെ തേച്ചുവച്ചിട്ടുണ്ട്. ഇനി അതുടുപ്പിച്ചു സ്‌കൂളിലേക്കയയ്ക്കുമ്പോഴേക്കും സമയം ഏറെയാകും. അവന്റെ ഉച്ചഭക്ഷണത്തിനുള്ള കറി വേവുന്നതേയുള്ളു. ടിഫിനെടുത്തുവയ്ക്കാന്‍ മറക്കരുത്…. ചെക്കനെ സ്‌കൂളിലേക്കു വിട്ടുകഴിഞ്ഞാല്‍ മാത്രമെ സരളയ്ക്കു ചെറിയൊരാശ്വാസമാകൂ.

തൊഴുത്തിലെ പണികള്‍ മുഴുവന്‍ കഴിഞ്ഞിട്ടില്ല. കറവക്കാരന്‍ രാവിലെ തന്നെവന്നു കറവയും കഴിഞ്ഞു പാലുമായി പോയി. പശുവിനെ കുളിപ്പിക്കാനും കച്ചിയിട്ടുകൊടുക്കാനും ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞേ പറ്റൂ. ഇനിയും പശുവിനെ നോക്കാന്‍ തനിക്കാവില്ല. അതിനെ വിറ്റുകളയണമെന്നു നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഗോപാലന്‍ സമ്മതിക്കാത്തതുകൊണ്ടാണ്. പത്തു പൈസയുടെ വരുമാനം അതില്‍നിന്നുമുണ്ടായാല്‍ കയ്ക്കുമോ എന്നായിരുന്നു അയാളുടെ പക്ഷം. പക്ഷെ പശുവിനെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് കിളവന്‍ അറിയുന്നുണ്ടായിരുന്നുവോ. ഇടയ്ക്കിടെ മുറ്റത്തുകിടക്കുന്ന ചാണകം വാരിക്കളയുന്നതു കാണാം. അത്രമാത്രം.

ഏതായാലും പശുവിനെ വിറ്റുകളയാന്‍ അവള്‍ തീരുമാനിച്ചു കഴിഞ്ഞു. രവിയോടൊന്നു പറയണം. പറ്റിയ ആള്‍ക്കാരുണ്ടെങ്കില്‍ പശുവിനെ കൊടുക്കാമെന്ന്. താനിനി അവനോടു നേരിട്ടു പറയുന്നത് ശരിയല്ല. വലിയൊരടുപ്പം ഇനി വളര്‍ത്തുന്നത് ആപത്താണെന്നു മനസിലാക്കുന്നു. പഴയതു പോലെയല്ല കാര്യങ്ങള്‍. അവന്റെ മനസില്‍ വല്ലാത്ത മോഹങ്ങള്‍ വളരുന്നുണ്ട്. അത് പലപ്പോഴും തനിക്കും മനസിലായതാണ്. മോഹന്‍ വരുന്നതിനു മുന്‍പ് പലപ്പോഴും ചില വികാരങ്ങള്‍ക്ക് താനും അടിപ്പെട്ടിരുന്നു. ഒരു പക്ഷെ അന്ന് രവി തന്നെ മേല്‍ സ്പര്‍ശിച്ചിരുന്നുവെങ്കില്‍ എല്ലാം മറന്ന് അവന്റെ മാറില്‍ ഒതുങ്ങുമായിരുന്നു. അവനും അത് തിരിച്ചറിഞ്ഞിരിക്കുന്നു. തന്നിലും അത്തരം മോഹമുണ്ടായിരുന്നുവെന്ന അവന്റെ അറിവ് അപകടമാണ്. അത് ഇല്ലാതെയാക്കണം. അതുകൊണ്ടുതന്നെയാണ് തന്നെകാണണമെന്ന ആര്‍ത്തിയോടെ നോക്കുന്ന രവിയുടെ കണ്ണുകളില്‍നിന്നും താന്‍ ഓടിയൊളിക്കുന്നത്. അവന്റെ സാന്നിധ്യമുള്ളിടത്തുനിന്നും താന്‍ ഒഴിവാകുന്നത്. ചെറിയൊരു മനംമാറ്റം മാത്രം മതി അവന്‍ തന്നിലേക്കു പടര്‍ന്നുകയറും. ഇല്ല അങ്ങിനെയൊന്നു ഉണ്ടാകരുത്. തന്നെക്കാത്ത് പ്രസന്നമായ ഒരു ഭാവിയുണ്ട്. മോഹനൊപ്പം ഭാര്യയായി ജീവിക്കുക എന്നതുമാത്രമാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതുതന്നെയാണ് ശരിയും.

ഉണ്ണിക്കുട്ടന്‍ ബാഗുമെടുത്ത് സ്‌കൂളിലേക്കു പുറപ്പെടാന്‍ തുടങ്ങി. മുഖത്ത് കഥകളിക്കോലം പോലെയാണ് അവന്‍ പൗഡറിട്ടിരിക്കുന്നത്. സരള സാരിത്തലപ്പുകൊണ്ട് അവന്റെ മുഖം തുടച്ചുകൊടുത്തു. തെറ്റിയിട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടന്‍സ് നേരെയാക്കി. വടക്കേത്തൊടിയുടെ അപ്പുറത്തെ വഴിയില്‍ സ്‌കൂള്‍ ബസിന്റെ ഹോണ്‍. ഉണ്ണിക്കുട്ടന്‍ അമ്മയുടെ പിടിവിടുവിച്ച് ഓടി. അവള്‍ ഗേറ്റിനപ്പുറത്തേയ്ക്കു ഓടിമറയുന്ന മകനെത്തന്നെ നോക്കിനിന്നു.

മോഹന്‍ ഉണര്‍ന്നുകാണുമോ ആവോ… ഇന്നലെയും നല്ല പോലെ മദ്യപിച്ചിരുന്നു.. ഇങ്ങനെ വിഷമിക്കേണ്ടന്നു മോഹനോടു പറയണം… ഇനി അതെല്ലാം പറഞ്ഞുമനസിലാക്കേണ്ടത് തന്റെ ഉത്തരവാദിത്വം കൂടിയാണ്. മനസിലെ മോഹം മറച്ചുവച്ചിട്ടാണെങ്കിലും തത്കാലം ചേട്ടത്തിയുടെ അധികാരം എടുക്കാമല്ലോ….- സരള മോഹന്റെ മുറിയിലേക്കു നോക്കി. കട്ടിലില്‍ ആളില്ല. അകത്തെ ബാത്ത് റൂമില്‍ വെള്ളം വീഴുന്ന ശബ്ദം. കുളിക്കുകയാകും. മേശപ്പുറത്തു രാവിലെ കൊണ്ടുവന്നുവച്ച ചായ തണുത്തിരിക്കുന്നു. ചായക്കോപ്പയുമെടുത്ത് അവള്‍ അടുക്കളയിലേക്കു നടന്നു.

മോഹന്‍ കുളിച്ചുവരും മുന്‍പേ പ്രാതല്‍ എടുത്തുവയ്ക്കണം. പ്ലേറ്റുകള്‍ കഴുകി ഡൈനിങ് ഹാളിലെ മേശപ്പുറത്തു കമഴ്ത്തിവച്ചു. ഉണ്ണിക്കുട്ടന്‍ കഴിച്ചതിന്റെ ബാക്കി മേശപ്പുറത്തിരിക്കുന്നുണ്ട്. പുട്ടിന്റെയും കടലക്കറിയുടെയും അടയാളങ്ങള്‍ മേശപ്പുറത്ത് ചിതറിക്കിടക്കുന്നു. അവളതു തുടച്ചുമാറ്റി. അടുക്കളയില്‍ നിന്നും ചൂടു പുട്ടെടുത്തു മേശപ്പുറത്തെ കാസറോളില്‍ വച്ചു. ഫ്‌ളാസ്‌കില്‍ ചായയുമൊഴിച്ചുവച്ചു. കുളി കഴിഞ്ഞു ആവശ്യമുള്ളപ്പോള്‍ മോഹന്‍ എടുത്തു കഴിച്ചുകൊള്ളട്ടെ.

നേരത്തെതന്നെ കൃഷിയാപ്പീസില്‍ പോകണം. റബറിനുള്ള മരുന്ന് വന്നിട്ടുണ്ടെന്നു രവി ഇന്നലെ മോഹനോടു പറയുന്നതു കേട്ടു. മോഹനതിലോന്നും താത്പര്യമുള്ളതായി തോന്നുന്നില്ല. ഷീറ്റ് വിറ്റ പണം മോഹനെയാണ് രവി ഏല്‍പ്പിക്കുന്നത്. അതു മോഹന്‍ നേരെ സരളയ്ക്കു നല്‍കും. താന്‍ തന്നെയാണ് ഇതെല്ലാം നോക്കേണ്ടതെന്നു മോഹന്‍ കരുതിയതില്‍ അവള്‍ക്കു സന്തോഷമുണ്ട്. ഇനി പോയൊന്നു കുളിക്കണം. നേരത്തെ കൃഷിയാപ്പീസില്‍ പോയാല്‍ ഉച്ചയ്ക്കുമുമ്പേ തിരികെയെത്താം. അവള്‍ തോര്‍ത്തും കാച്ചിയ എണ്ണയും ഇഞ്ചയുമെടുത്ത് പുറത്തെ കുളിമുറിയിലേക്കു നടന്നു.

മുടിയിലെ ഈറന്‍ തുടച്ചു വന്നപ്പോഴേക്കും മോഹന്‍ ഭക്ഷണം കഴിച്ചിരുന്നു. അകത്തെ മുറിയില്‍നിന്നും സിഗരറ്റിന്റെ മണം. വീണ്ടും കിടന്നിട്ടുണ്ടാകും. കിടന്നോട്ടെ മനസിന്റെ വിഷമം കുറയുമെങ്കില്‍ അത്രയുമായി. അവളോര്‍ത്തു. അലമാര തുറന്ന് സാരിയെടുത്തുടുത്തു. കണ്ണെഴുതി. കുട്ടിക്യൂറ പൗഡറിന്റെ ടിന്നെടുത്തു. നെറ്റിയില്‍ ഇത്തിര ചന്ദനവും തൊട്ടു. ഇളം വയലറ്റുസാരിയില്‍ താന്‍ കുറച്ചുകൂടി സുന്ദരിയായിരിക്കുന്നുവെന്നു അലമാരക്കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ അവള്‍ക്കു തോന്നി.

മോഹനോടു പറഞ്ഞു കൃഷിയാപ്പീസിലേക്കു ഇറങ്ങാമെന്നു കരുതി അവള്‍ അയാളുടെ മുറിയുടെ വാതില്‍ക്കലെത്തി. വേദന കൊണ്ടെന്നവണ്ണം ചുളുങ്ങിയ നെറ്റിയില്‍ വലതുകൈവിരലുകള്‍ വച്ചമര്‍ത്തി കിടക്കുകയാണയാള്‍. ഇടതുകയ്യില്‍ എരിയുന്ന സിഗരറ്റ്. വല്ലാത്ത സംഘര്‍ഷത്തിലാണ് അയാളുടെ മനസെന്നു സരളയ്ക്കു മനസിലായി.

മോഹന്‍….. അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു. അയാള്‍ പതിയെ കണ്ണുകള്‍ തുറന്നു. ചുവന്നു തുടുത്തിരിക്കുന്ന കണ്ണുകള്‍.
എന്തുപറ്റി…. എന്തെങ്കിലും വയ്യായ്കയുണ്ടോ…തലവേദനയോ മറ്റോ….-അവള്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. മറുപടിയായി കണ്ണുകള്‍ അമര്‍ത്തിയടയ്ക്കുക മാത്രം ചെയ്തു.
ഞാന്‍ വിക്‌സെടുത്തുകൊണ്ടുവരാം….- അവള്‍ അകത്തേയ്ക്കു പോയി വിക്‌സുമായെത്തി. മോഹന്‍ കണ്ണുകള്‍ അടച്ചുതന്നെ കിടക്കുകയാണ്. അയാളെ എഴുന്നേല്‍പ്പിക്കേണ്ടന്നു അവള്‍ കരുതി. വിക്‌സ് ഡപ്പിയുടെ അടപ്പു തുറന്നു ഒരു നുള്ള് അവള്‍ വിരലിലെടുത്തു. പതിയെ വിറയ്ക്കുന്ന മനസോടെ അവളത് അയാളുടെ നെറ്റിയില്‍ പുരട്ടി. ആദ്യമായാണ് മോഹനെ അവള്‍ ഇങ്ങിനെ സ്പര്‍ശിക്കുന്നത്. അയാളുടെ നെറ്റിയില്‍ തലോടുന്ന തന്റെ വിരലുകള്‍ തുടിക്കുന്നത് അവളറിഞ്ഞു. വീണക്കമ്പിയില്‍ മീട്ടിയെന്ന പോലെ വികാരങ്ങളുടെ സംഗീതം എവിടെ നിന്നോ ഒഴുകിവരുന്നത് അവളനുഭവിച്ചു. നെഞ്ചിലുറഞ്ഞുകൂടിയ കനപ്പ് കിതപ്പായി മാറുന്നു. മോഹന്റെ നെറ്റിയില്‍നിന്നും തന്റെ വിരലുകളിലേക്കു പടര്‍ന്ന ഇളംചൂടില്‍ ദഹിച്ചുപോകും പോലെ അവള്‍ക്കു തോന്നി. അവള്‍ വിയര്‍ത്തു. നെറ്റിയില്‍ തലോടിയിരുന്ന വിരലുകള്‍ അവന്റെ മുടിയിഴകളിലേക്കു പാഞ്ഞു.

അപ്രതീക്ഷിതമായി തന്റെ നെറ്റിയില്‍ പടര്‍ന്ന വിക്‌സിന്റെ തണുപ്പില്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ വികാരങ്ങളുടെ കനല്‍ക്കാറ്റടിക്കുന്ന സരളുയുടെ മുഖമാണ് അയാള്‍ കണ്ടത്. ആഭിചാരക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മന്ത്രവാദിനിയെപ്പോലെ അവളുടെ മിഴികള്‍ തിളങ്ങുന്നത് അവനറിഞ്ഞു. അവളുടെ മാറിലെ കിതപ്പിന്റെ താളം അവനില്‍ ഒഴുകിയെത്തി. വയലറ്റുസാരിയ്ക്കിടയിലൂടെ വിയര്‍പ്പുപൊടുഞ്ഞു തുളുമ്പുന്ന സരളയുടെ വയര്‍ മടക്കുകള്‍ അവന്റെ കണ്ണുകളില്‍ നിറഞ്ഞു. വാസനപൗഡറിന്റെയും കാച്ചിയ എണ്ണയുടെയും മാദക ഗന്ധം അവിടെ നിറഞ്ഞു. അവളുടെ നിശ്വാസത്തിന്റെ ചൂടില്‍ അവന്‍ പ്രകമ്പനം കൊണ്ടു. തൊടുക്കാന്‍ നില്‍ക്കുന്ന തെറ്റാലി പോലെയായി അവന്റെ മനസ്. തന്റെ മുടിയിഴകളില്‍ പരതുന്ന സരളയുടെ വിരലുകളില്‍ അവന്‍ പിടിച്ചു. പിന്നെ മറുകൈ കൊണ്ട് അരക്കെട്ടില്‍ പിടിച്ച് കിടന്നുകൊണ്ടുതന്നെ അവളെ തന്നിലേക്കു ചേര്‍ത്തു. പൊഴിയുവാന്‍ വെമ്പിനില്‍ക്കുന്ന പൂവ് പോലെ അവന്റെ മാറിലേക്കവള്‍ വീണു. കാലമേറെയായി അനുഭവിക്കാതിരുന്ന ആണറിവിന്റെ പുതിയ പാഠങ്ങള്‍ക്കായി അവള്‍ തുടിച്ചു. മൗനം ഘനീഭവിച്ച നിമിഷങ്ങളില്‍ സരളയുടെ ഓരോ അണുവിലും മോഹന്‍ പരതി. കയങ്ങളില്‍നിന്നും കയങ്ങളിലേക്ക് അവര്‍ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. വന്യമായ കരുത്തോടെ അവര്‍ മറ്റെന്തൊക്കെയൊ ആയി മാറി. ഇടയ്ക്കുയരുന്ന സീല്‍ക്കാരങ്ങള്‍ മാത്രം അവരുടേതായി ഉയര്‍ന്നു.

************** ***************** *********************** **************** ********

തനിക്കും സരളയ്ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്നു രവിക്കു മനസിലായില്ല. തന്നില്‍നിന്നും യാതൊരുവിധത്തിലുള്ള അബദ്ധങ്ങളൊന്നും സംഭവിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അവള്‍ തന്നില്‍നിന്നും ഇങ്ങനെ അകന്നു മാറുന്നത്. മനസിലുണ്ടായ മോഹങ്ങള്‍ തെറ്റാണെന്ന തോന്നല്‍ അവളിലുണ്ടായോ. ഇല്ല ഇത് പെട്ടന്നു സംഭവിച്ചതാണ്. അങ്ങിനെ മനസുമാറന്‍ വിധം ആ വീട്ടില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഗോപാലേട്ടന്റെ മരണമാണ് കാരണമെന്നു കരുതാനും വയ്യ. അതിനു മുന്‍പുതന്നെ അവളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.

മരണാവശ്യങ്ങള്‍ക്കായി താന്‍ എത്രമാത്രം കഷ്ടപ്പെട്ടതാണ്. അവിടുന്നു കിട്ടുന്ന നക്കാപ്പിച്ച കാശിനുവേണ്ടിയായിരുന്നില്ല അതെല്ലാം. മറിച്ചു സരളയ്ക്കു വേണ്ടിയായിരുന്നു. അവള്‍ക്കു തന്നോടുള്ള അടുപ്പം കൂടുവാന്‍ വേണ്ടിയായിരുന്നു. പക്ഷെ എന്തുകൊണ്ടെന്നറിയില്ല തന്നെ കാണുന്നതുപോലും അവള്‍ക്കു താത്പര്യമില്ലാത്തമട്ടാണ്. നേരിട്ടൊന്നു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കാര്യമെന്തെന്നറിയാമായിരുന്നു. അതിനുപോലും അവള്‍ നിന്നും തരുന്നില്ലല്ലോ. തോട്ടത്തിലെ കാര്യങ്ങള്‍ മോഹന്‍ വഴിയാണ് ഇപ്പോള്‍ നടത്തുന്നത്. അല്ലെങ്കില്‍ മറ്റേതെങ്കിലും പണിക്കാരോട് പറഞ്ഞ് തന്നെ അറിയിക്കും. എന്തോ ഒന്നും സഹിക്കാനാകുന്നില്ല. വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് സദ്യയില്ലെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍.

ഇപ്പോള്‍ എന്തിനും സൗകര്യമായ അവസ്ഥയാണ്. കാരണവരുടെ ശല്യം ഒഴിഞ്ഞല്ലോ. മോഹനാണേല്‍ അടുത്തുതന്നെ അമേരിക്കയിലേക്കു തിരിച്ചുപോകും. പിന്നെ സരളയും മോനും മാത്രമെ ഉണ്ടാകൂ. തോട്ടത്തിലെ കാര്യങ്ങള്‍ നോക്കുന്നയാളെന്നതു കൊണ്ട് നാട്ടുകാര്‍ക്കു വലിയ സംശയമൊന്നും ഉണ്ടാകുകയില്ല. ഇനി സരളയെ തെരഞ്ഞെടുപ്പിനു നിര്‍ത്തിക്കൊണ്ടു വരുതിയിലാക്കേണ്ട കാര്യമില്ല. എപ്പോള്‍ വേണമെങ്കിലും ആ വീട്ടിലേക്കു കയറിച്ചെല്ലാനുള്ള അധികാരവും തനിക്കിപ്പോഴുണ്ട്. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. എന്നാല്‍ എല്ലാം നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായതുപോലെ.

ഇതങ്ങനെ വിട്ടാല്‍ പറ്റില്ലെന്നു രണ്ടുദിവസമായി രവി കരുതുന്നു. കാര്യം എന്താണെങ്കിലും അറിഞ്ഞേ മതിയാകൂ. താനെന്തു തെറ്റു ചെയ്‌തെന്നെങ്കിലും അറിയണമല്ലോ. അതു കൊണ്ടാണ് രാവിലെതന്നെ സരളയുടെ വീട്ടിലേക്കു തിരിച്ചത്. ഇന്നു പുലര്‍ച്ചെതന്നെ ബിന്ദുവിന്റെ വീട്ടിലേക്കു മോഹന്‍ പോകുമെന്നു പറഞ്ഞിരുന്നു. ഇന്നലെ നല്ല പൂസിലാണ് പുള്ളിയുമായി പിരിഞ്ഞത്. എന്തോ മോഹന് ഇപ്പോള്‍ മദ്യപാനം ഏറുന്നുണ്ട്. അമേരിക്കയിലേക്കു ഉടന്‍ തന്നെ തിരിച്ചുപോകുമെന്നും പറയുന്നുണ്ടായിരുന്നു. ലീവ് നീട്ടിനീട്ടി കൊണ്ടിരിക്കുകയാണെത്രെ. ബിന്ദുവിന്റെ അസുഖവിവരം അറിയാവുന്നതുകൊണ്ട് ലീവെടുത്തതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും പറഞ്ഞിരുന്നു. മോഹന്‍ എത്രയും വേഗം പോയാല്‍ അത്രയും നന്ന്. അങ്ങിനെ ഒരു തടസം കൂടി നീങ്ങുമല്ലോ. തോട്ടത്തിലേയും മറ്റു കാര്യങ്ങളിലും തന്റെ ശ്രദ്ധവേണമെന്നും മോഹന്‍ സൂചിപ്പിച്ചിരുന്നു. കാര്യങ്ങളൊക്കെ നേരെയായാല്‍ എല്ലാത്തിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നു മനസില്‍ ചിരിച്ചുകൊണ്ടാണ് രവി അന്നേരമത് കേട്ടത്.
ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ പോയിട്ടുണ്ടാകും. മണി പത്താകാറായി. രാവിലെ തന്നെ തോട്ടത്തിലെത്തി പണിക്കാരെ കാര്യങ്ങളേല്‍പ്പിച്ചു മുങ്ങിയതാണ്.

രവി ഗേറ്റ് കടന്നുവന്ന് ചുറ്റും നോക്കി. ആരേയും കാണാനില്ല. ഗേറ്റ് തുറന്നുതന്നെയാണു കിടന്നിരുന്നത്. സരള അകത്തുതന്നെ ഉണ്ടായിരിക്കും. മോഹന്‍ ഉള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ അരമതിലില്‍ ഇരിക്കുന്നുണ്ടാകും. ഇന്ന് എല്ലാത്തിനും തീരുമാനമുണ്ടാക്കണം എന്ന മനസോടെയാണ് രവി വന്നിരിക്കുന്നത്. ഉമ്മറവാതില്‍ അകത്തുനിന്നും കുറ്റിയിട്ടിരിക്കുന്നു. അകത്ത് ആള്‍പ്പെരുമാറ്റത്തിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഉറക്കെവിളിക്കാമെന്നു കരുതിയതാണ്. പിന്നെ തോന്നി സരള തൊഴുത്തിന്റെടുത്തായിരിക്കുമെന്ന്. അയാള്‍ വീടിനരികിലൂടെ പുറകുവശത്തുള്ള തൊഴുത്തിലേക്കു നടന്നു.

ഒരുനിമിഷം, അകത്ത് ആരുടേയോ അനക്കം. നേര്‍ത്ത കാറ്റുവീശും പോലെ ചിലമ്പിച്ച അടക്കം പറച്ചിലുകള്‍. രവി കാതോര്‍ത്തു. മോഹന്റെ മുറിക്കകത്തുനിന്നാണ്. കൊളുത്തിടാതെ ചെറുതായകന്നു നിന്ന ജനല്‍പ്പാളികളിലൂടെ രവി അകത്തേക്കു നോക്കി. കട്ടിലില്‍ നഗ്നമായി പുളയുന്ന രണ്ടു രൂപങ്ങള്‍. രവിക്കു ശ്വാസം നിലച്ചുപോയതു പോലെ തോന്നി. അവന്റെ കണ്ണുകള്‍ക്കത് വിശ്വസിക്കാനായില്ല. സരള തനിക്കു നഷ്ടമായതെങ്ങിനെയെന്നു രവിക്കു വ്യക്തമായി.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *