കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 19)

Facebook
Twitter
WhatsApp
Email

പുതുവഴികള്‍ തേടി

ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നു മോഹനു മനസിലായി. കമ്പനിയില്‍നിന്നും എത്രയും വേഗം ജോലിക്കു ഹാജരാകണമെന്നുള്ള അറിയിപ്പുകള്‍ പലതായി. സോഫിയയ്ക്കു അഡ്ജസ്റ്റ് ചെയ്യുവാന്‍ കഴിയുന്നതിനു പരിധിയുണ്ട്. സോഫിയ വന്നുപോയിട്ട് ഒരു മാസമാകുന്നു. ഇടയ്ക്കിടെ അവള്‍ വിളിക്കാറുണ്ട്. ബിന്ദുവിനോട് അവള്‍ സംസാരിക്കണമോ എന്നു ചോദിച്ചിരുന്നു. വേണ്ടെന്നാണ് താന്‍ പറഞ്ഞത്. അത് കൂടുതല്‍ വഷളാകാനെ ഉതകൂ. എത്രയോ തവണ ബിന്ദുവിനെ താന്‍ വിളിച്ചു. താനാണെന്നു കണ്ടാല്‍ ഫോണ്‍ നിശ്ചലമാകുകയാണ് പതിവ്. ആദ്യമൊക്കെ മീനാക്ഷിയമ്മ ഫോണെടുക്കുമായിരുന്നു. എന്താണു സംഭവിച്ചതെന്നു അവര്‍ക്കറിയില്ലായിരുന്നു. അവര്‍ തന്നോടാണ് കാര്യങ്ങള്‍ ചോദിച്ചത്. ഒന്നുമറിയില്ല എന്ന മട്ടിലായിരുന്നു താന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ അവരും ഫോണെടുക്കാതെയായി.

വീട്ടിലിപ്പോള്‍ മോഹന്‍ ഒറ്റപ്പെട്ട മട്ടിലാണ്. സരളയാകട്ടെ വല്ലതും വച്ചുണ്ടാക്കിയാല്‍ മേശപ്പുറത്തു മൂടിവച്ചിരിക്കും. മിണ്ടലുപോലുമില്ല. രാവിലെ തന്നെ അവള്‍ കുളിച്ചൊരുങ്ങി പോകുന്നുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണത്രെ. രവിയ്‌ക്കൊപ്പമാണ് വരവും പോക്കും. തോട്ടത്തിന്റെ കണക്കും മറ്റും അവന്‍ സരളയെയാണ് ഏല്‍പ്പിക്കുന്നത്. എന്തെങ്കിലുമാകട്ടെ, അതില്‍ തലയിടേണ്ട കാര്യം തനിക്കില്ല. കിട്ടുന്ന ചില്ലറ കൊണ്ട് സരള ജീവിച്ചോട്ടെ. കൂടെക്കിടന്നതിന്റെ ഔദാര്യമായി വേണമെങ്കില്‍ അതിനെക്കരുതാം.

താന്‍ ചതിച്ചുവെന്നാണ് സരളയുടെ വിചാരം. ചതിക്കാനായി താനെന്തു തെറ്റാണു ചെയ്തത്. അടക്കിപ്പിടിച്ചിരുന്ന വികാരങ്ങളുടെ നിയന്ത്രണം വിട്ടത് അവള്‍ക്കായിരുന്നു. സഹോദര ഭാര്യയെന്ന നിലയില്‍ ചെയ്തതു തെറ്റാണെന്നു പറയാമെങ്കിലും അതിലിത്ര പാപം കാണേണ്ടതുണ്ടോ. ഇല്ല, താന്‍ ചെയ്യുന്നതുതന്നെയാണ് ശരി. ശരീരമാവശ്യപ്പെട്ടത് അവള്‍ക്കും തനിക്കും ലഭിച്ചു. അവള്‍ വേണ്ട എന്നു തീരുമാനിച്ചപ്പോള്‍ പിടിച്ചുവാങ്ങാന്‍ താന്‍ ശ്രമിച്ചില്ല. പെണ്ണെന്ന നിലയില്‍ എല്ലാ ബഹുമാനവും അവള്‍ക്കു താന്‍ നല്‍കി.

പിന്നെ ആഗ്രഹങ്ങളുടെ കെട്ടഴിച്ചുവിടപ്പെട്ടത് അവളുടെ മനസിലായിരുന്നു. തനിക്കൊപ്പം ജീവിക്കണമെന്നത് അവളുടെ മനസിന്റെ അപക്വമായ ചിന്ത മാത്രമായിരുന്നു. അങ്ങിനെ മോഹിച്ചത് അവളുടെ തെറ്റ്. ആ തെറ്റിന്റെ ഓര്‍മകളില്‍ അവള്‍ എരിഞ്ഞെങ്കില്‍ തനിക്കെന്തു ചെയ്യാന്‍ കഴിയും. അവള്‍ക്ക് അവളുടെ വഴി, തനിക്കു സഞ്ചരിക്കാന്‍ ഇനിയുമേറെയുണ്ട്. സരളയെപ്പോലെ ഒരു പെണ്ണിനൊപ്പം ജീവിക്കാനായിരുന്നെങ്കില്‍ താന്‍ എങ്ങുമെത്തുമായിരുന്നില്ല. തന്റെ ലക്ഷ്യങ്ങള്‍ പലതാണ്. ചിലപ്പോള്‍ തനിക്കുപോലും മനസിലാക്കാന്‍ കഴിയാത്തത്.

നാളെത്തന്നെ ബിന്ദുവിന്റെ വീട്ടില്‍ പോകണം. തെറ്റുകള്‍ക്കു കാല്‍ക്കല്‍ വീണു മാപ്പു പറയണം. മുഖത്തുനോക്കി തന്നോടു എതിരു പറയാന്‍ അവള്‍ക്കു കഴിയില്ലെന്നുറപ്പുണ്ട്. ഏതു ചെളിക്കുണ്ടില്‍ വീണാലും ഒരിക്കല്‍ സ്‌നേഹിച്ച ആണിനെ പൂര്‍ണമായും തള്ളിപ്പറയാന്‍ ഒരു പെണ്ണിനുമാകില്ല. തന്റെ ഒരു തലോടലില്‍, ചുടുചുംബനത്തില്‍ അവള്‍ക്കു മടങ്ങിവന്നേ മതിയാകൂ…. മോഹന്‍ അവളെ തിരിച്ചുകിട്ടാന്‍ എത്രവേണമെങ്കിലും താഴാന്‍ തയാറായി. അവള്‍ തന്റെ ജീവിതത്തിലേക്കു തിരിച്ചുവന്നില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇത്രയും നാള്‍ സ്വരുക്കൂട്ടിയ കിനാവുകളായിരിക്കുമെന്ന് അയാള്‍ക്കറിയാം. താന്‍ കാലങ്ങളായി തയാറാക്കിയ പദ്ധതികളുടെ അവസാനമായിരിക്കുമതെന്നും അയാള്‍ക്കു നിശ്ചയമുണ്ട്,

മുറ്റത്ത് പോസ്റ്റുമാന്റെ ബെല്ലടി കേട്ടപ്പോഴാണ് അയാള്‍ ചിന്തകളില്‍നിന്നുമുണര്‍ന്നത്. കയ്യില്‍ നീട്ടിപ്പിടിച്ച രജിസ്റ്റേഡ് കത്തുമായി പോസ്റ്റുമാന്‍ നില്‍ക്കുന്നു. ഇവിടേക്കു ആരാണ് രജിസ്റ്റേഡ് കത്തയ്ക്കാന്‍. ഇനി ബാങ്കില്‍നിന്നും ലോണോ മറ്റോ എടുത്തിട്ടുണ്ടോ. അതിന്റെ അടവു മുടങ്ങിയതിന്റെതാണോ, അതോ സരളയ്ക്കു വന്നതു വല്ലതുമായിരിക്കുമോ. രാജന്റെ പേരില്‍ കുറച്ചു പണം കൂടി കിട്ടാനുണ്ടെന്നു അവള്‍ ഒരിക്കല്‍ പറയുന്നതു കേട്ടു.

പക്ഷെ കത്ത് തന്റെ പേരിലാണ്. മോഹന് അത്ഭുതം കൂറി, തനിക്കാര് കത്തയക്കാന്‍, അയാള്‍ ഒപ്പിട്ട കത്തുവാങ്ങി. വക്കീല്‍ നോട്ടീസാണ്. ഡൈവോഴ്‌സ് ആവശ്യപ്പെട്ട് ബിന്ദുവിനു വേണ്ടിയുള്ള വക്കീല്‍ നോട്ടീസ്. അത് അയാളുടെ കയ്യിലിരുന്നു വിറച്ചു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍ ചെന്നിയിലൂടെ ഒഴുകാന്‍ തുടങ്ങി. തനിക്കു തിരിച്ചടി കിട്ടിത്തുടങ്ങിയിരിക്കുന്നുവോ. നാവികനില്ലാത്ത കപ്പലെന്നപോലെ അയാളുടെ മനസ് ഏങ്ങോട്ടൊക്കെയോ ഒഴുകാന്‍ തുടങ്ങി. എല്ലാം കൈവിട്ടുപോകുന്നതുപോലെ. ബിന്ദു തന്റെ പക്കല്‍നിന്നും ഏതോ വിദൂരതയിലേക്കു അകന്നുപോകുന്നതായി അയാള്‍ക്കു തോന്നി.

മോഹന്‍ ഫോണിനടുത്തെത്തി. ബിന്ദുവിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്തു. നീട്ടിയടിക്കുന്ന ബെല്ലുകള്‍ക്കു മറുപടിയുണ്ടായില്ല. അയാള്‍ വീണ്ടും വീണ്ടും ഡയല്‍ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ റിസീവറെടുക്കുന്ന ശബ്ദം അയാള്‍ കേട്ടു.
ബിന്ദുവാണോ….- പതറിയാണ് അയാള്‍ ചോദിച്ചത്
അതെ…. -മറുപടിക്ക് പതര്‍ച്ചയുണ്ടായിരുന്നില്ല.
എനിക്കു നിന്നെയൊന്നു കാണണം…..

വക്കീല്‍ നോട്ടീസ് കിട്ടിയല്ലേ…. അതില്‍ കൂടുതലൊന്നും എനിക്കുപറയാനില്ല. ഇനിയൊരിക്കലും കാണരുതേയെന്നാണ് എന്റെ ഇപ്പോഴത്തെ പ്രാര്‍ഥന. ദയവായി എന്നേയും കുഞ്ഞിനേയും ഉപദ്രവിക്കാനായി വന്നേയ്ക്കരുത്….. അതു പറഞ്ഞുതീര്‍ന്നതും റിസീവര്‍ വയ്ക്കുന്ന ശബ്ദവും മോഹന്റെ കാതുകളില്‍ മുഴങ്ങി. മറിച്ചൊന്നു പറയാന്‍ പോലും അയാള്‍ക്കായില്ല.

മോഹന്‍ മുറിയിലെത്തി പകുതി തീര്‍ത്ത മദ്യക്കുപ്പിതുറന്നു ഒരു തുള്ളിവെള്ളം പോലും ചേര്‍ക്കാതെ വായിലേക്കൊഴിച്ചു. സിഗരറ്റെടുത്ത് ചുണ്ടില്‍വച്ചു. ലൈറ്ററെടുത്ത് കത്തിച്ചു. മുറിയില്‍ നിറഞ്ഞ പുകപ്പടര്‍പ്പില്‍ അയാള്‍ കണ്ണടച്ചിരുന്നു. മുന്‍പിലുള്ളതെല്ലാം ശൂന്യം.
അമേരിക്കയിലേക്കു തിരച്ചുപോകുകതന്നെ. ലക്ഷ്യം പരാജയപ്പെട്ടാല്‍ തിരിച്ചുനടക്കുന്നതു തന്നെയാണ് നല്ലത്. വീണ്ടും മറ്റൊരു ബിന്ദുവിനെ കണ്ടെത്തും വരെ ആ തിരിച്ചു നടക്കല്‍ മാത്രമാണ് ഇനി പോംവഴി.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *