കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 11 – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

അധ്യായം-11

നാടിന്‍റ ഗന്ധം

 

രാവിലെ ആറിനായിരുന്നു അവരുടെ ഫ്ളയ്റ്റ് നെടുമ്പാശേരിയില്‍ എത്തിയത്. ചെക്കിങും മറ്റും കഴിഞ്ഞു പിന്നേയും ഒരു മണിക്കൂര്‍ കൂടിയെടുത്തു പുറത്തേക്കുവരാന്‍. അമേരിക്കയിലെ തണുപ്പില്‍ നിന്നും കേരളത്തിന്‍റെ മണ്ണിലെത്തിയപ്പോള്‍ വല്ലാത്തൊരാശ്വാസം തോന്നുന്നതായി ബിന്ദുവിനു തോന്നി. ഇനി തിരിച്ചുപോക്ക് എന്നാണെന്നു പറയുക വയ്യ. ചിലപ്പോള്‍ അങ്ങിനെയൊന്നു ഉണ്ടായില്ലെന്നും വരും. ജീവിതത്തിന്‍റെ വലിയൊരു പരീക്ഷണമാണ് കഴിഞ്ഞത്. ആരും എഴുതിവയ്ക്കാത്ത ജീവിതമെന്ന നാടകത്തിന്‍റെ വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍ പലതാണ് കഴിഞ്ഞുപോയത്. വേദനയില്‍ പിടഞ്ഞും നഷ്ടപ്പെടലുകളുടെ ചിന്തകളില്‍ പതറിയും ആശ്വാസത്തിന്‍റെ കിരണങ്ങള്‍ കണ്ടും തിരിച്ചറിവുകളുടെ എന്തൊക്കെയോ അടയാളങ്ങള്‍ മനസിലാക്കുകയായിരുന്നു. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. കടന്നുപോയ വേദനകള്‍ക്കു പകരമായി ആനന്ദത്തിന്‍റെ മധുരമായിരിക്കും കാത്തിരിക്കുകയെന്നു വിശ്വസിക്കുകയാണ് നല്ലത്. എല്ലാം നല്ലതില്‍ കലാശിക്കുവാന്‍ പ്രാര്‍ഥിക്കുക മാത്രമെ തന്നെപ്പോലൊരു ജന്മത്തിനു കഴിയുകയുള്ളുവെന്ന് ബിന്ദു സ്വയം പറഞ്ഞു.

മോഹന്‍റെ തോളില്‍ ആനന്ദ് നല്ല ഉറക്കത്തിലാണ്. തലയിലെ കെട്ട് സ്കാര്‍ഫ് കൊണ്ടു മൂടിയിട്ടിരിക്കുകയാണ് ബിന്ദു. അവളെ വീല്‍ചെയറിലാണ് പുറത്തേക്കു കൊണ്ടുവന്നത്. അവരേയും കാത്ത് രവി പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആഗതര്‍ക്കുള്ള വഴിയിലൂടെ വരുന്ന മോഹനെ കണ്ടതും രവി അങ്ങോട്ടേക്കു ഓടിച്ചെന്നു. കഴിഞ്ഞ വരവില്‍ കണ്ട മോഹനല്ല ഇതെന്നു രവിക്കുതോന്നി. ആകെ വിഷാദമായ മുഖം. ആളു പകുതിയായിപ്പോയിരിക്കുന്നു. വീല്‍ചെയറിലിരിക്കുന്ന ബിന്ദുവിനെ രവിക്കു മനസിലായതേയില്ല. തലയില്‍ കെട്ടുമായി ആകെ കോലംകെട്ട ഒരു രൂപം. ആകെ ഒന്നോരണ്ടോ പ്രാവശ്യം മാത്രമെ ബിന്ദുവിനെ രവി കണ്ടിട്ടുള്ളൂ. കണ്ടാല്‍പ്പിന്നെ കണ്ണെടുക്കാന്‍ പറ്റാത്ത സൗന്ദര്യമായിരുന്നു അന്നവള്‍ക്ക്. മോഹന്‍റെ ഭാഗ്യമെന്നല്ലാതെ അന്നു മറ്റാര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. സത്യത്തില്‍ അന്നു മോഹനോട് രവിക്കു വല്ലാത്ത അസൂയ തോന്നിയിരുന്നു. ദേ… ഇതിപ്പോ പഴയ ബിന്ദുവിന്‍റെ പ്രേതം പോലെയുണ്ട്. രവി അവളെനോക്കി ചിരിക്കാന്‍ ശ്രമിച്ചു. നിസംഗമായ ഭാവമായിരുന്നു അവളുടേത്. മോഹന്‍റെ തോളില്‍നിന്നും ഉറങ്ങിക്കിടന്ന ആനന്ദിനെ രവിയെടുത്തു. പിന്നെ കാറു കിടക്കുന്നിടത്തേക്ക് അയാള്‍ നടന്നു. ഡ്രൈവറുടെ സീറ്റിനരികെ മുന്നില്‍ രവി കുഞ്ഞുമായിരുന്നു. പിറകില്‍ മോഹനും ബിന്ദുവും.

യാത്രക്കിടെ ആരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. ആ നിശബ്ദത അസഹനീയമായി രവിക്കു തോന്നി. അവന്‍ പലതും അവരോടു ചോദിച്ചുവെങ്കിലും എങ്ങും തൊടാതെയുള്ള ഉത്തരങ്ങളാണ് മോഹനില്‍നിന്നുമുണ്ടായത്. ബിന്ദുവാകട്ടെ കാറിന്‍റെ ഡോര്‍ ഗ്ലാസിലൂടെ ഒന്നിലും ശ്രദ്ധിക്കാതെ നോക്കിയിരിക്കുകയാണ്. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. രവിയുടെ ചിന്തകള്‍ അങ്ങിനെയായി. തന്‍റെ കാര്യം വിട് ഇത്രയും നേരമായിട്ടും ഇരുവരും ഒന്നുമിണ്ടുക പോലും ചെയ്തിട്ടില്ല. അതിനിടയില്‍ എന്തെങ്കിലും കുടിക്കണമോ എന്നു മോഹന്‍ ചോദിച്ചപ്പോള്‍ വേണ്ട എന്ന ഉത്തരം ഒരു തലയാട്ടലില്‍ മാത്രമാണ് ബിന്ദു ഒതുക്കിയത്.

നേരം ഉച്ചയാകാറായപ്പോഴാണ് അവര്‍ വീട്ടിലെത്തിയത്. ദൂരെനിന്നും കാര്‍ വരുന്നതുകണ്ട് സരള വിളിച്ചുപറഞ്ഞു മോഹനും ബിന്ദുവും വരുന്നെന്ന്. വടക്കേമുറ്റത്തുവീണ ചാണകം കോരിക്കളയുകായിരുന്നു ഗോപാലന്‍. അയാളാപ്പണി പകുതി വഴിക്കുപേക്ഷിച്ചു. അമ്മ പറയുന്നതു കേട്ട് ഉണ്ണിക്കുട്ടനും ഉമ്മറത്തെത്തി. അവനും ഉത്സാഹത്തിലാണ്. കൊച്ചച്ചന്‍ അമേരിക്കയില്‍നിന്നു വന്നാല്‍ എന്തെങ്കിലും തനിക്കു കിട്ടാതിരിക്കില്ല എന്നു അവനും നിശ്ചയമുണ്ട്. ചെങ്കല്‍പാതയിലൂടെ പൊടിക്കാറ്റുയര്‍ത്തി കാര്‍ ഉമ്മറത്തുവന്നുനിന്നു.

കാറില്‍ നിന്നു ആദ്യമിറങ്ങിയത് രവിയും ആനന്ദുമായിരുന്നു. അവന്‍ യാത്രക്കിടെ ഉണര്‍ന്നിരുന്നു. രവിയുമായി അവന്‍ നല്ല അടുപ്പത്തിലായെന്നു കണ്ടാലറിയാം. സരള ഓടിച്ചെന്നു

ആനന്ദിനെയെടുത്തു. അതിനിടെ രവിയുടെ കണ്ണുകളിലേക്കു ആഴത്തിലൊരു നോട്ടവും നല്‍കി. ഡ്രൈവര്‍ക്കു കാശു കൊടുത്തതിനു ശേഷമാണ് കാറില്‍നിന്നും ബിന്ദുവിനെ പിടിച്ചുകൊണ്ട് മോഹന്‍ ഇറങ്ങിയത്. ഇതിനിടെ ഡിക്കിയില്‍നിന്നും സാധനങ്ങള്‍ രവി ഇറക്കിവച്ചുകഴിഞ്ഞിരുന്നു. മോഹനെയും ബിന്ദുവിനെയും കണ്ടപ്പോള്‍ സന്തോഷം അലിഞ്ഞുപോകുന്നതായി സരളയ്ക്കു തോന്നി. ഗോപാലനും വിശ്വസിക്കാന്‍ പറ്റിയില്ല, എന്തുപറ്റിയെന്ന ആകാംഷ ഇരുവരുടെയും മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. ബിന്ദുവിന്‍റെ തലയിലെ വലിയകെട്ടിലായിരുന്നു ഇരുവരുടേയും ശ്രദ്ധ. ബിന്ദുവിന്‍റെ അവസ്ഥ കണ്ടപ്പോള്‍ എന്തോ കാര്യമായി സംഭവിച്ചതായി അവര്‍ക്കു മനസിലായി. ഗോപാലന്‍ മകനെ നോക്കി. നിശബ്ദമായ കടല്‍ പോലെയായിരുന്നു മോഹന്‍റെ ഭാവം. അലമാലകളോ ചെറു ഓളങ്ങളോ ഇല്ലാതെ വെറുതെ കിടക്കുന്ന കടല്‍പോലെ. ബിന്ദുവാകട്ടെ അവരെ നോക്കി വെറുതെയൊന്നു ചിരിക്കാന്‍ നോക്കി. തിരിച്ചു പ്രതികരിക്കാനാകാതെ പകച്ചുനില്‍ക്കുകയായിരുന്നു സരള. ഉണ്ണിക്കുട്ടന്‍ മാത്രം മോഹന്‍ കൊണ്ടുവന്ന പെട്ടിയുടെ വലിപ്പത്തില്‍ ശ്രദ്ധിക്കുകയായിരുന്നു.

സാധനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞതോടെ കാര്‍ പൊടിപാറിച്ച് തിരിച്ചുപോയി. രവി പെട്ടികളെല്ലാം അകത്തേയ്ക്കു എടുക്കാന്‍ തുടങ്ങി. ബിന്ദുവും മോഹനും അകത്തേക്കു നടന്നു. മോഹന്‍റെ കൈകള്‍ അവളെ നടക്കുവാന്‍ സഹായിക്കുന്നുണ്ടായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. സരളയുടെ കയ്യിലിരുന്നു ആനന്ദ് എന്തൊക്കെയോ ചിണുങ്ങുന്നു. ഉണ്ണിക്കുട്ടന്‍ രവിയുടെ പിന്നാലെ പെട്ടികള്‍ വയ്ക്കുന്നിടത്തേക്കു നടന്നു. ഗോപാലനാകട്ടെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിഴക്കേ ആകാശത്തേയ്ക്കു നോക്കിക്കിടന്നു. കിഴക്ക് ഇരുണ്ടമേഘങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു. കാലം തെറ്റി പെയ്യാന്‍ മഴ കാത്തുനില്‍ക്കുന്നതുപോലെ. എന്തുകൊണ്ടോ ഗോപാലന്‍റെ മനസ് വല്ലാതെ അസ്വസ്തമായി.

സരള വരുന്നവര്‍ക്കുവേണ്ടി നേരത്തെത്തന്നെ മുറി ഒരുക്കിയിരുന്നു. ബിന്ദുവിനെ മോഹന്‍ അവിടെ കിടത്തി. ബാഗില്‍നിന്നും സിറപ്പുകളും ടാബ് ലെറ്റുകളും എടുത്തുവച്ചു. കട്ടിലിനോട് ചേര്‍ന്നുള്ള ജാലകപ്പാളികള്‍ അയാള്‍ തുറന്നു. പിന്നെ അയാള്‍ ക്ഷീണം മാറാനായി കുളിക്കാന്‍ ബാത്ത് റൂമിലേക്കു പോയി. ഷവറിനു കീഴെ നില്‍ക്കുമ്പോള്‍ അയാളുടെ മനസ് ശൂന്യമായിരുന്നു. ഇനി ഒന്നില്‍നിന്നും എല്ലാം തുടങ്ങണമെന്നു അയാള്‍ സ്വയം പറഞ്ഞു.

റബര്‍മരങ്ങള്‍ക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിനു നേര്‍ത്ത കുളിര്‍മ. ബിന്ദു ചരിഞ്ഞുകിടന്നു ജാലകത്തിലൂടെ പുറത്തേക്കു നോക്കി. ആശുപത്രിയിലെ ജാലകക്കാഴ്ചയായിരുന്നു അവളുടെ മനസില്‍ തെളിഞ്ഞത്. മഞ്ഞിന്‍റെ വെളുപ്പുമാത്രമായി ഒരു കാഴ്ച. പക്ഷെ ഇവിടെ പച്ചപ്പിന്‍റെ സമൃദ്ധിയാണ് തുടിക്കുന്നത്. മാവും പിലാവും വാഴയും അതിനുമപ്പുറം ഇരുള്‍ക്കാടെന്നപോലെ റബര്‍ത്തലപ്പുകളും. അവളുടെ മനസിന്‍റെ ഭാരങ്ങള്‍ എങ്ങോ ഒഴുകിപ്പോകുന്നതുപോലെ തോന്നി. ജീവിതത്തില്‍ എന്തെല്ലാമോ തിരിച്ചുവന്നിരിക്കുന്നതുപോലെ. മറഞ്ഞുപോയ ഒരു സുന്ദരസ്വപ്നം ഓര്‍മകളിലേക്ക് ഓടിയെത്തിയതുപോലെ. തനിക്കു വധശിക്ഷ നീട്ടിക്കിട്ടിയിരിക്കുകയാണ്. എത്രനാളെക്കെന്നറിയില്ല. എങ്കിലും മരണത്തിനുമുകളിലുള്ള നൂല്‍പ്പാലത്തിലൂടെ താന്‍ ജീവിതത്തിലേക്കു നടന്നു കയറിയിരിക്കുകയാണ്. തനിക്കിനി മരണമുണ്ടാകില്ലെന്നുപോലും മനസു പറയുന്നു. എല്ലാ വെല്ലുവിളികളും മറികടന്ന് താന്‍ വീണ്ടും മോഹനു സ്വന്തമായിരിക്കുകയാണ്. ഒരു പക്ഷെ തന്‍റെ പോരായ്മകള്‍ കൊണ്ടായിരിക്കാം ചില കാര്യങ്ങളില്‍ മോഹന്‍റെ കാലിടറിയിട്ടുള്ളത്. ഏതൊരാണിനും പറ്റാവുന്ന ചെറിയ തെറ്റു മാത്രമാണത്. അതിനെ തെറ്റെന്നു വിളിക്കാമോ എന്നു പോലും പറയാനാവില്ല. ഒരു പക്ഷെ താന്‍ മരിച്ചിരുന്നെങ്കില്‍ ആ തെറ്റ് വലിയൊരു ശരിയാകുമായിരുന്നു. ബിന്ദുവിന്‍റെ മനസില്‍ ഹോസ്പിറ്റലില്‍ നിന്നും ആനന്ദിനേയുമെടുത്ത് നടന്നു നീങ്ങുന്ന സോഫിയയുടെ രൂപം തെളിഞ്ഞു. അവളും ഒരുപക്ഷെ മോഹിച്ചിരിക്കാം. തനിക്കു മരണമില്ലെന്നറിഞ്ഞപ്പോള്‍ അറിയാതെയായെങ്കിലും അവളുടെ മനസ് തന്നെ ശപിച്ചിരിക്കാം. ബിന്ദുവിന്‍റെ കണ്ണുകള്‍ എന്തിനെന്നറിയാതെ നനഞ്ഞു. ഏതാണു ശരിയെന്നും ഏതാണു തെറ്റെന്നും തിരിച്ചറിയുക വലിയ കടമ്പയാണെന്നു അവളുടെ മനസു പറഞ്ഞു.

മോഹന്‍ കുളി കഴിഞ്ഞെത്തി. അയാള്‍ അടുത്തുവന്നപ്പോള്‍ നാടന്‍ വാസനസോപ്പിന്‍റെ സുഗന്ധം. ബിന്ദു അയാളുടെ കയ്യില്‍ ചെറുബലത്തോടെ പിടിച്ചു തന്‍റെ അരികിലിരുത്തി. അയാളുടെ

വിരലുകളുയര്‍ത്തി അവള്‍ ചുംബിച്ചു. ആ കൈപ്പടങ്ങള്‍ മാറില്‍വച്ചു അവള്‍ എല്ലാം തനിക്കുമാത്രമെന്ന് പ്രാര്‍ഥിച്ചു. അയാള്‍ അവളുടെ നെറ്റിയില്‍ തന്‍റെ ചുണ്ടമര്‍ത്തി. വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെ എല്ലാ ഭാവങ്ങളും അയാളില്‍ അവള്‍ കണ്ടു. അവളുടെ മനസില്‍ പുതിയ വസന്തത്തിന്‍റെ നറുപുഷ്പങ്ങള്‍ വിടര്‍ന്നുല്ലസിച്ചു. തനിക്ക് ഒരിക്കലും മോഹനെ നഷ്ടമാകില്ല. മാരക രോഗത്തിന്‍റെ മുള്‍മുനയില്‍ താന്‍ നില്‍ക്കുമ്പോഴും സ്നേഹത്തിനു ഒരു പണത്തൂക്കം പോലും കുറവുവരുത്താതെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയവനാണു മോഹന്‍. ആ മനസില്‍ തന്നെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമെ ഇനിയുണ്ടാകൂ. പക്ഷെ മോഹന്‍റെ മനസില്‍ പുതിയ പിരിമുറുക്കങ്ങള്‍ നാമ്പിട്ടുകഴിഞ്ഞിരുന്നു. അവളുടെ മുഖത്തേയ്ക്കു സ്നേഹം നിറഞ്ഞുതുളുമ്പി നോക്കുമ്പോഴും ഇനി എന്ന് എന്ന ചോദ്യം അയാളുടെ ഉള്ളില്‍ ഉണര്‍ന്നിരുന്നു.

മോഹന്‍ അവളുടെ അരികില്‍ നിന്നുമെഴുന്നേറ്റു. അവളുടെ ചുണ്ടുകളില്‍ വിടര്‍ന്ന പ്രതീക്ഷയുടെ പുഞ്ചിരി അയാളെ ആശ്ചര്യപ്പെടുത്തി. ബാഗില്‍ നിന്നും സിഗരറ്റ് പാക്കറ്റെടുത്ത് അയാള്‍ പുറത്തേക്കു നടന്നു.
ബിന്ദു അയാളെനടന്നു പോകുന്നത് നോക്കിക്കിടന്നു. പുറത്ത് അടക്കിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നുണ്ട്. രവി പോയിട്ടില്ല. അറിഞ്ഞതെല്ലാം അയാള്‍ അപ്പനോടും സരളയോടും വിവരിക്കുകയാകും.

മോഹന്‍ മുറിവിട്ടു പുറത്തുപോയയുടന്‍ ബിന്ദുവിനുള്ള ചായയുമായി സരളയെത്തി. ബിന്ദുവിനെ പതിയെ കട്ടിലില്‍ ചാരിയിരുത്തി ചായ കൊടുത്തു. കട്ടിലിനിരികിലിരിന്നു ആകാംഷയോടെ സരള ബിന്ദുവിനെ കണ്ണുകളിലേക്കു നോക്കി. എന്താണു സംഭവിച്ചതെന്ന ചോദ്യം അവളുടെ നോട്ടത്തിലുണ്ടായിരുന്നു. ബിന്ദു പതിയെ കണ്ണുകളടച്ചു. പിന്നെ എല്ലാം പറഞ്ഞു. ഈ വീട്ടില്‍ ആര്‍ക്കുമറിയാത്ത തന്‍റെ രോഗവും അതറിഞ്ഞിട്ടും തന്നെ സ്നേഹിക്കാന്‍ മാത്രം ശ്രമിച്ച മോഹനേട്ടന്‍റെ മനസും മരണം മാടി വിളിച്ച നിമിഷങ്ങളും എല്ലാം ചേടത്തിയോട് അവള്‍ പറഞ്ഞു. ഇനിയും കാത്തിരിക്കുന്നത് എപ്പോള്‍ വേണമെങ്കിലും അതിഥിയായെത്താനുള്ള മരണത്തേയും കാത്തുകൊണ്ടാണ്. എങ്കിലും ഉടനെയൊന്നു വലിയ അപകടം പ്രതീക്ഷിക്കേണ്ട എന്നാണു ഡോക്റ്റര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഒരു പക്ഷെ അതിവിദൂരമല്ലാതെ അവന്‍ തന്നെ തേടിയെത്തിയേക്കാമെന്ന ഭയം തന്നിലുണ്ട്. ഒരിക്കല്‍ എല്ലാം ഉറപ്പിച്ച് താന്‍ മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ ഒരപരിചിതനെപ്പോലെ അവന്‍ തന്നെ ഒഴിവാക്കി മാറിപ്പോയി. ഇനി ഞാന്‍ പറയുമ്പോഴെ മരണം തന്നെത്തേടി എത്തുകയുള്ളൂ- പറഞ്ഞു തീര്‍ന്നപ്പോഴേക്കും ബിന്ദുവില്‍ നിന്നും കരളുരുകുന്ന കരച്ചില്‍ പറിച്ചെടുത്തെന്ന പോലെ പുറത്തേക്കു വന്നു. സരളയ്ക്കും തേങ്ങലടക്കാനായില്ല.

സരള ഓര്‍ത്തു- മോഹന്‍ എത്ര നല്ല മനുഷ്യന്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *