കനലുകള്‍ എരിയുന്നു
രവി പടിയിറങ്ങിപ്പോകുമ്പോഴും അവന്റെ വാക്കുകള്‍ ബിന്ദുവിന്റെ കാതുകളില്‍ കിടന്നു തിളയ്ക്കുകയായിരുന്നു. കൊഴിഞ്ഞുപോകുമെന്നു കരുതിയ ജീവിതം വീണ്ടും തളിര്‍ത്തു തുടങ്ങിയതാണ്. പക്ഷെ തനിയാവര്‍ത്തനമെന്നപോലെ ഓരോ ഇടവേളകളിലും നഷ്ടങ്ങളുടേയും ദുരന്തങ്ങളുടെയും നിഴലുകള്‍ തന്നെ വേട്ടയാടുകയാണ്. ഒടുവിലിതാ സരളയുടെ രൂപത്തില്‍ പിന്നെയും. ഉച്ചവെയില്‍ തിളച്ചുമറിയുന്ന സമയത്ത് രവി വീട്ടിലേക്കു കയറിവന്നപ്പോള്‍ എന്തുപറ്റിയെന്നായിരുന്നു അവളുടെ മനസില്‍. വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നന്നുവെന്നാണ് ബിന്ദു കരുതിയത്. എന്നാല്‍ രവി പറയേണ്ടതു മുഴുമിച്ചപ്പോള്‍ അത്യാഹിതം സംഭവിച്ചത് തനിക്കുള്ളിലാണെന്നു അവള്‍ക്കു തോന്നി. മനസില്‍ ഒട്ടും വിചാരിക്കാത്ത കാര്യമാണ് അവന്‍ പറഞ്ഞിരിക്കുന്നത്. സരളയേടത്തിയും മോഹനേട്ടനും തമ്മില്‍…. സ്വന്തം കണ്ണുകള്‍ കളവുപറയില്ലെന്നു രവി ആണയിട്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനാവുന്നില്ല. ആകെ ഒറ്റപ്പെട്ടതു പോലെയാണ് അവള്‍ക്കു തോന്നിയത്.
നാട്ടിലെത്തിയപ്പോള്‍മുതല്‍ സരളയേട്ടത്തി അമ്മയെപ്പോലെയാണ് തന്നെ ശ്രൂശ്രൂഷിച്ചത്. തന്റെ നന്മയ്ക്കുവേണ്ടി അവര്‍ എത്രമാത്രമാണ് പ്രാര്‍ഥിച്ചത്. അമ്പലത്തില്‍ പോയ് വരുമ്പോള്‍ തന്റെ പേരില്‍ ദൈവങ്ങള്‍ക്കു സമര്‍പ്പിച്ച നിവേദ്യപ്പൊതികളെല്ലാം എത്ര വിശ്വാസത്തോടെയാണ് തന്നെ ഏല്‍പ്പിച്ചത്. പലപ്പോഴും വീടിന്റെ വിളക്കാണ് സരളയേടത്തിയെന്നു തോന്നിപ്പോയിട്ടുണ്ട്. അതിരുവിട്ട് ആരോടും അധികം അടുക്കാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയ അവരെ അമ്മയുടെ സ്ഥാനത്തല്ലാതെ കാണുവാന്‍ കഴിഞ്ഞിട്ടില്ല. മോഹനേട്ടനോടു അവര്‍ കാണിച്ച സ്‌നേഹത്തിനു മറ്റൊരു അര്‍ഥമുണ്ടായിരുന്നുവെന്നു ഒരിക്കലും തോന്നിയിരുന്നില്ല.
എല്ലാം വെറുതെയായിരിക്കുമോ. രവി കണ്ടുവെന്നു പറഞ്ഞത് പച്ചക്കള്ളമാകുമോ. അല്ലെങ്കില്‍ത്തന്നെ അക്കാര്യം പറയാന്‍ ഇത്രയും ദൂരം പൊള്ളുന്നവെയിലില്‍ അവന്‍ ഓടിയെത്തിയത് എന്തെങ്കിലും മനസില്‍ കരുതിയായിരിക്കുമോ. ഏയ്.. അങ്ങിനെയാകാന്‍ വഴിയില്ല. രവിക്കു ആ വീടിനോട് വല്ലാത്ത അടുപ്പമുണ്ട്. അവിടത്തെ കാര്യങ്ങളെല്ലാം അവന്‍ തന്നെയാണ് നോക്കുന്നത്. വെറുതെ ആ വീട്ടുകാരെക്കുറിച്ച് ഇല്ലാത്തതു പറയേണ്ട ആവശ്യം അവനില്ല. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അത് തന്നോട് പറയേണ്ട എന്തു ബാധ്യതയാണ് അവനുള്ളത്. നന്നായി അടുത്ത പരിചയം പോലും അവനു തന്നോടില്ല. ഇതുവരെ കാര്യമായിട്ടു വര്‍ത്തമാനം പോലും പറഞ്ഞിട്ടില്ല. രവിയുടെ പരവേശവും തന്നെ പറഞ്ഞുബോധിപ്പിക്കാനുള്ള തിടുക്കവും മറ്റെന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നില്ലേ എന്ന സംശയവും ഉയരുന്നുണ്ട്. ഒന്നും വിശ്വസിക്കാനും തള്ളിക്കളയാനുമാകാത്ത അവസ്ഥയിലായിരുന്നു ബിന്ദു.
പുതിയ പരീക്ഷണങ്ങള്‍ക്കു നടുവിലാണല്ലോ ദൈവം തന്നെ എത്തിക്കുന്നതെന്നു അവളുടെ മനസു വിലപിച്ചു. കരുത്തുനേടി തിരിച്ചുവരുമ്പോഴെല്ലാം ഇത്തരം തിരിച്ചടികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. മരണത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എല്ലാം സോഫിയക്കായി മാറ്റിവച്ചവളാണു താന്‍. പക്ഷെ പിന്നെയും വിധി മറ്റൊരു രൂപത്തില്‍ തന്നെ പരീക്ഷിക്കുകയായിരുന്നു. പിന്നെയും അമേരിക്കയില്‍ തുടര്‍ന്നാല്‍ തന്റെ പകരക്കാരിയായി സോഫിയ മാറുന്നത് കാണേണ്ടിവരും എന്നത് മനസില്‍ ഉറച്ചുപോയിരുന്നു. അതുകൊണ്ടാണ് എത്രയും വേഗം ആ രാജ്യംവിട്ട് നാട്ടിലെത്താന്‍ വെമ്പിയത്. ഏതൊരു പെണ്ണിനേയും പോലെ ഇണയെ പങ്കുവയ്ക്കാന്‍ തനിക്കും കഴിയില്ല. വഴിമുട്ടിയ നിമിഷങ്ങളില്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും താനും ഒരു സാധാരണ പെണ്ണാണ്. ആണിനെ പങ്കുവയ്ക്കുകയെന്നത് സഹിക്കാനാകാത്ത സാധാരണ പെണ്ണ്.
എന്തായാലും സത്യമറിഞ്ഞേ മതിയാകൂവെന്നു ബിന്ദു തീരുമാനമെടുത്തു കഴിഞ്ഞു. ഇനിയും ഒരുപാട് അനുഭവിക്കാനുണ്ടെങ്കില്‍ അതും താന്‍ അനുഭവിച്ചേ മതിയാകൂ. ഒരു പക്ഷെ അങ്ങിനെയൊന്നും ഇല്ലെങ്കില്‍ ഭര്‍ത്താവിനേക്കാളുപരി താന്‍ ശപിക്കപ്പെടുന്നത് സരളേടത്തിയുടെ കാര്യത്തിലായിരിക്കും. ഒരു പാവം സ്ത്രീയെക്കുറിച്ചു വിചാരിച്ചതെല്ലാം തെറ്റാണെന്നു കണ്ടാല്‍ അതിന്റെ പാപം വലുതായിരിക്കും. ആ പാപത്തിന്റെ കറ സരളേടത്തിയുടെ കാര്യത്തില്‍ തന്റെ മനസില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്തതായിരിക്കും. അവള്‍ ചില തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു. അകത്ത് ആനന്ദ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു. അമ്മയെ കാണാതെ അവന്‍ കരയാന്‍ തുടങ്ങി. ബിന്ദു അകത്തേയ്ക്കു നടന്നു.
ഇത്രപെട്ടെന്ന് ബിന്ദു മടങ്ങുന്നതെന്തെന്നു മീനാക്ഷിയമ്മ ചോദ്യത്തിനു വ്യക്തമായ ഉത്തരം അവള്‍ നല്‍കിയില്ല. അവളുടെ ഭാവമാറ്റത്തില്‍ എന്തോ പന്തികേട് അവര്‍ക്കു തോന്നി. ഇനി ചിലപ്പോള്‍ ഇവിടെത്തെ അന്തരീക്ഷം പിടക്കാഞ്ഞിട്ടാണാവോ. അങ്ങിനെ വരാന്‍ തരമില്ല. കഴിഞ്ഞ ദിവസം വരെ അവള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആനന്ദാണെങ്കില്‍ തന്നോട് വലിയ അടുപ്പത്തിലുമായി. അവനെ വിട്ടുപിരിയുന്നതില്‍ വലിയ വിഷമമുണ്ട്. ഈ പ്രായത്തില്‍ പേരക്കിടാവിനെ കണ്ടുകഴിയുക എന്നതു തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. കണ്ടു കൊതിതീര്‍ന്നില്ല ആനന്ദിനെ… മീനാക്ഷിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
ഇത്രവേഗം പോണമോ എന്ന മീനാക്ഷിയമ്മയുടെ ചോദ്യത്തിനു വേണം എന്നുറച്ചമറുപടിയായിരുന്നു കിട്ടിയത്. പറഞ്ഞിട്ടിനി ഫലമില്ലെന്നു കണ്ടപ്പോള്‍ അവര്‍ മറുത്തൊന്നും പറഞ്ഞില്ല. ബിന്ദു അവളുടെയും ആനന്ദിന്റെയും വസ്ത്രങ്ങള്‍ ബാഗില്‍ അടുക്കിവയ്ക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അന്നുകൂടി നില്‍ക്കാമെന്നു ബിന്ദു സമ്മതിച്ചു.
********************** ****************** ********************** ***********************
രാവിലെ തന്നെ ബിന്ദുവും അമ്മയും പടികടന്നുവരുന്നതു കണ്ടപ്പോള്‍ മോഹന് അതിശയമായി. കാര്‍ ഗേയ്റ്റിനപ്പുറം നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരാഴ്ചയെങ്കിലും ബിന്ദു അവിടെ നില്‍ക്കുമെന്നാണ് അയാള്‍ കരുതിയിരുന്നത്. ഇതിപ്പോ പെട്ടെന്ന്. അകലെനിന്നും കണ്ടപ്പോള്‍തന്നെ അവളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നതായി മോഹനനു തോന്നി. മീനാക്ഷിയമ്മയുടെ കയ്യില്‍നിന്നും മോഹന്‍ ആനന്ദിനെ വാങ്ങി.
എന്താ ഇത്രവേഗം പോന്നോ എന്ന മോഹന്റെ ചോദ്യത്തിനു നനഞ്ഞുതുടങ്ങിയ കണ്ണുകളായിരുന്നു മറുപടി പറഞ്ഞത്. ആരോടും മിണ്ടാതെ അവള്‍ അകത്തേയ്ക്കു പോയി. പുറത്തെ ശബ്ദം കേട്ട അടുക്കളയില്‍നിന്നും സരള എത്തിയപ്പോഴേക്കും ബിന്ദു മുറിയില്‍ കയറി കതകടച്ചിരുന്നു. എന്താണു സംഭവിച്ചതെന്നു ചോദിച്ചപ്പോള്‍ മീനാക്ഷിയമ്മയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. രവി വന്നതും പോയതുമൊന്നും അവര്‍ അറിഞ്ഞതേയുണ്ടായില്ല. മോഹനും സരളയും പരസ്പരം നോക്കി. മീനാക്ഷയമ്മ വൈകാതെ തന്നെ വന്ന കാറില്‍ തന്നെ തിരിച്ചുപോയി.
പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ബിന്ദു വാതില്‍ തുറന്നത്. മോഹന്‍ മുറിയിലേക്കു ചെന്നു. ബിന്ദു തിരികെ കട്ടിലില്‍ ചെന്നുകിടന്നു. അയാള്‍ അവള്‍ക്കിരികിലിരുന്നു
ബിന്ദൂ…. എന്തുപറ്റീ… നിനക്ക് എന്തെങ്കിലും….?
അവള്‍ അയാളുടെ മുഖത്തുനോക്കി വെറുതെ കിടന്നതേയുള്ളു. അപരിചിതനെപ്പോലെയാണ് അയാളെന്നു അവള്‍ക്കു തോന്നി. ഈ മനുഷ്യന്റെ ഉള്ളിലെന്താണെന്ന ചോദ്യം അവളെ അലട്ടാന്‍ തുടങ്ങിയിരുന്നു. സരളേടത്തി ആനന്ദിനേയുമെടുത്ത് മുറിയ്ക്കുവെളിയില്‍ നില്‍ക്കുന്നുണ്ടെന്നു അവള്‍ക്കു മനസിലായി. എന്തേ അവര്‍ തന്റെയടുത്തേയ്ക്കു വരാത്തത്. കുറ്റബോധം കൊണ്ട് അവരുടെ ഉള്ളം നീറുന്നുണ്ടോ. ഇല്ല… എല്ലാം തന്റെ തോന്നലാണ്. മോഹനേട്ടന്‍ പഴയതുപോലെയാണ്. തന്നോടുള്ള സ്‌നേഹത്തിന്റെ ഒരു തരിപോലും കളഞ്ഞിട്ടില്ല. ഭാര്യയും ഭര്‍ത്താവും വര്‍ത്തമാനം പറയുന്നിടത്തേയ്ക്കു വരേണ്ട കാര്യം സരളേടത്തിക്കില്ലല്ലോ. പിന്നെ മുറിക്കു പുറത്തുനിന്നത്. തനിക്കെന്തു പറ്റിയെന്ന ആകാംഷ കൊണ്ടായിരിക്കും… ഇങ്ങനെയൊക്കെ വിചാരിക്കാനും വിശ്വസിക്കാനും ബിന്ദു ശ്രമിച്ചു കൊണ്ടേയിരുന്നു.
സരളയ്ക്കാകട്ടെ മുറിയിലേക്കു കടക്കാന്‍ വല്ലാത്ത മനപ്രയാസമുണ്ടായിരുന്നു. ബിന്ദുവിന്റെ മുഖത്തുനോക്കാന്‍ തനിക്കിനി എങ്ങിനെ കഴിയും. വലിയ തെറ്റുതന്നെയാണ് താന്‍ ചെയ്തതെന്നു അവള്‍ക്കുതോന്നി. അവളുടെ ഭര്‍ത്താവുമൊത്തുള്ള സഹശയനത്തിന്റെ ചൂടാറും മുന്‍പേയാണ് ബിന്ദു വന്നിരിക്കുന്നത്. അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ തന്റെ ഉള്ളു പൊള്ളുമെന്നു സരളയ്ക്കറിയാം. തോളില്‍ കിടന്നിരുന്ന ആനന്ദിനെ അവള്‍ കൂടുതല്‍ ചേര്‍ത്തുപിടിച്ചു.
മോഹന്റെ മനസില്‍ എന്തെല്ലാമോ ചിന്തകള്‍ ആടിയുലഞ്ഞുകൊണ്ടിരുന്നു. ബിന്ദുവിന്റെ ഭാവം കണ്ടാല്‍ ഇവിടെയെല്ലാവരും എന്തോ തെറ്റുചെയ്തുപോലെയുണ്ട്. ഇനി അവള്‍ക്കു വീണ്ടും തലവേദനയോ മറ്റോ ഉണ്ടായോ. അല്ലെങ്കില്‍ ഡോക്റ്റര്‍ പറഞ്ഞതുപോലെ ശസ്ത്രക്രിയയ്ക്കിടെ തലച്ചോറിലുണ്ടായ ക്ഷതം മൂലം എന്തെങ്കിലും വിഭ്രാന്തിയോ മറ്റോ. സമനില തെറ്റിയ മനസുമായാണോ ബിന്ദു വന്നിരിക്കുന്നത്. ഇല്ല.. അവള്‍ ശാന്തമായി കിടക്കുകയാണ്. കയറിവന്നപ്പോള്‍ കണ്ട ബിന്ദുവല്ല ഇപ്പോള്‍. കനംപിടിച്ച മുഖത്തിനുപകരം നിര്‍വികാരതയാണ് തെളിഞ്ഞുകിടക്കുന്നത്. അന്നേരമുണ്ടായിരുന്ന കണ്ണുകളിലെ വന്യത അലിഞ്ഞില്ലാതെയായിരിക്കുന്നു. ചുണ്ടുകളില്‍ സ്‌നേഹത്തിന്റെ അരുണിമ പടര്‍ന്നിട്ടുണ്ട്. എവിടെയോ ചില അക്ഷരത്തെറ്റുപോലൊന്നു തോന്നിയെങ്കിലും അങ്ങിനെയാണ് അയാള്‍ക്കു തോന്നിയത്. മോഹന്‍ വീണ്ടും ചോദിച്ചു..
നിനക്കെന്താ… പറ്റിയത്….
എനിക്ക്…. എനിക്ക്… മോഹനേട്ടനെ കാണണമെന്നു തോന്നി… -ബിന്ദു മനപ്പൂര്‍വം ചുണ്ടുകളില്‍ ചിരി പടര്‍ത്തിപ്പറഞ്ഞു.
മുറിക്കു പുറത്തുനിന്ന സരള നെഞ്ചില്‍ കൈവച്ചു ദീര്‍ഘ നിശ്വാസം വിട്ടു. മോഹന്റെ മനസ് ശാന്തമായി.
******************** ****************** ********************* ********************
ബിന്ദു തിരികെ വീട്ടിലെത്തിയിട്ട് നാലു ദിവസമാകുന്നു. അവള്‍ ഓരോ നിമിഷവും മോഹന്റെയും സരളയുടെയും ഉള്ളിലേക്കു കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇല്ല. എല്ലാം താന്‍ ഇവിടെ നിന്നു പോയതുപോലെ തന്നെയാണ്. ചേട്ടത്തിയുടെ സ്ഥാനത്തു തന്നെയാണ് മോഹന്‍ സരളയെ കാണുന്നത്. അനാവശ്യമായ ഒരു വര്‍ത്തമാനം പോലും മോഹനോട് സരളയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അശാന്തമായ കടലില്‍ തിരമാലകള്‍ അടങ്ങിയതു പോലെയാണ് ബിന്ദുവിന്റെ മനസ്. പ്രക്ഷുബ്ധതയുടെ എല്ലാ അടയാളങ്ങളും അലിഞ്ഞില്ലാതാകുകയാണ്. കനലുപോലെ കത്തിയെരിഞ്ഞിരുന്ന ബിന്ദുവിന്റെ ഉള്ളം ചാറ്റല്‍മഴയേറ്റതുപോലെയായി. എല്ലാം വെറുതെയായിരുന്നു.
തന്നെ സംശയത്തിന്റെ പടുകുഴിയില്‍ വീഴ്ത്തിയവന്‍ ഇങ്ങോട്ടു വരുന്നുകൂടിയില്ല. രവിക്ക് എന്താണിങ്ങനെ തോന്നാന്‍ കാരണമെന്നു അവള്‍ക്കെത്ര ആലോചിച്ചിട്ടും മനസിലായില്ല. കാര്യങ്ങളെല്ലാം മോഹനേട്ടനോട് തുറന്നുപറയുക തന്നെ വേണം. ആ നല്ല മനുഷ്യനെക്കുറിച്ചു താന്‍ എന്തൊക്കെയാണ് വിചാരിച്ചത്. എല്ലാം തുറന്നുപറയുമ്പോള്‍ അദ്ദേഹം എന്തു കരുതുമായിരിക്കും. ഇല്ല, തന്റെ മാനസികാവസ്ഥ നല്ലപോലെ മനസിലാക്കുന്നയാളാണ്. ഒരു തെറ്റും അക്കാര്യത്തില്‍ അദ്ദേഹം തന്നില്‍ കാണില്ല.
ബിന്ദുവിനിന്നു പതിവിലേറെ ഉന്മേഷം തോന്നി. ഒരിക്കല്‍ മരണത്തിന്റെ പിടിയില്‍ നിന്നും ജീവിതത്തിലേക്കു ഉണര്‍ന്നതുപോലെ. രാവിലെ തന്നെ കുളിച്ചൊന്ന് അമ്പലത്തിലേക്കു പോകണം. എല്ലാം പൊറുക്കാനായി പ്രാര്‍ഥിക്കണം. പിന്നെ തിരിച്ചുവന്നിട്ടുവേണം എല്ലാം പറയാന്‍. മോഹന്‍ എങ്ങോട്ടുപോയോ എന്തോ… കുളികഴിഞ്ഞു വന്നതാണ്. ആനന്ദ് അപ്പുറം ഉണ്ണിക്കുട്ടനോടൊപ്പം കളിയിലാണ്. സരളേടത്തി അടുക്കളയില്‍ തിരക്കിലും.
മുറിക്കകത്തെ ഡ്രസ് സ്റ്റാന്‍ഡില്‍ നിന്നും തോര്‍ത്തും മാറാനുള്ള വസ്ത്രങ്ങളുമെടുത്തു അവള്‍ വീടിനു പുറത്തെ കുളിമുറിയിലേക്കു നടന്നു. വാതിലടച്ചു കുറ്റിയിട്ടെങ്കിലും അവള്‍ ചിന്തകളില്‍ തന്നെയായിരുന്നു. എല്ലാം കലങ്ങിത്തെളിഞ്ഞുവരുന്നതിന്റെ സന്തോഷം മോഹനോടു എത്രയും വേഗം പങ്കുവയ്ക്കാന്‍ അവള്‍ കൊതിച്ചു. എന്നിട്ടുവേണം ആ മാറില്‍തലചായ്ച്ചു പൊട്ടിക്കരയാന്‍. അവള്‍ കുളിമുറിയിലെ ടാപ്പ് തുറന്നു. തണുത്ത വെള്ളം ബക്കറ്റിലേക്കു ഒഴുകി. വസ്ത്രങ്ങളഴിച്ചു മാറ്റാന്‍ തുടങ്ങിയപ്പോഴാണ് സോപ്പെടുത്തില്ലെന്ന് അവളോര്‍ത്തത്.
സരളേടത്തിയെ വിളിക്കാം എന്നു കരുതിയെങ്കിലും അടുക്കളയില്‍ നിന്നുതിരിയാന്‍ നേരമില്ലാത്തയാളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി അവള്‍ വാതില്‍ തുറന്നു വീടിനകത്തേക്കു നടന്നു. പിറകുവശത്തെ ഇളംതിണ്ണയില്‍ ആനന്ദും ഉണ്ണിക്കുട്ടനും കളിക്കോപ്പുകളുമായി ഇരിക്കുന്നു. അടുക്കളയിലെ ഷെല്‍ഫില്‍ നിന്നും സോപ്പെടുക്കാന്‍ ചെന്നപ്പോള്‍ സരളേടത്തിയെ അവിടെയെങ്ങും കാണുന്നില്ല. തന്റെ മുറിയില്‍ നിന്നും അടച്ചുപിടിച്ച വര്‍ത്തമാനം ഉയരുന്നു. ബിന്ദുവിന്റെ നെഞ്ചിലെ മിടിപ്പിനു വേഗതയേറി. അവള്‍ ഓരോ ചുവടുവയ്പ്പും ശ്രദ്ധയോടെ മുന്നോട്ടുവച്ചു മുറിക്കടുത്തേയ്ക്കു നടന്നു. പാതി അടച്ചിട്ട വാതിലിനപ്പുറം അവള്‍ അനങ്ങാതെ നിന്നു. അകത്തുനിന്നും സരളേച്ചിയുടെ ഏങ്ങലോടെയുള്ള വര്‍ത്തമാനം….
ഞാനിനി എന്തു ചെയ്യും… ബിന്ദുവിന്റെ അസുഖത്തിനു കുറവുണ്ടെന്നു ഒരു വാക്കു പറയാമായിരുന്നല്ലേ.. പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല…
ഞെട്ടലോടെയാണ് ആ വാചകങ്ങള്‍ ബിന്ദു കേട്ടത്. അവളുടെ ആത്മാവിലേക്ക് ഇടിത്തീ പെയ്തിറങ്ങിയതുപോലെ. അവള്‍ പതിയെ വാതില്‍പാളി തള്ളിത്തുറന്നു. മോഹന്റെ മാറില്‍ തലചായ്ച്ചു പുണര്‍ന്നു നില്‍ക്കുന്ന സരള.
കണ്ണുകളില്‍ ഉരുണ്ടുകൂടിയ ഇരുട്ട് ചുറ്റിലേക്കും വ്യാപിക്കുന്നതു പോലെ. കാതുകള്‍ കൊട്ടിയടച്ചിരിക്കുന്നു. തലയ്ക്കുള്ളില്‍നിന്നും കുത്തിക്കയറുന്നതുപോലെ തീഷ്ണമായ മൂളല്‍ മാത്രം. ബിന്ദു ബോധരഹിതയായി തറയിലേക്കു വീണു.
(തുടരും)







