ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജയമോഹന് രണ്ടു സഹോദരിമാരാണ്. സുധയും അജിതയും.
മൂന്ന് പേരും വിവാഹിതരായി…
ജയമോഹന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ തറവാട് വീതം വെച്ചു.
മക്കൾക്കെല്ലാം തുല്യവീതം…..
ജയമോഹന്റെ ഭാര്യ രേവതി ടീച്ചറാണ്..
സുധയുടെ വിവാഹം അച്ഛന്റെ മരണ ശേഷമായിരുന്നു…!!!
ജയമോഹന്റെ എതിർപ്പ് വക വെക്കാതെ തന്നെ രേവതി തന്റെ സ്വർണ്ണം സുധക്ക് കൊടുത്തു.
“പഴേ സ്വർണ്ണം കുറച്ചു രേവതി കൊടുത്തു… അവൾക്ക് സ്വർണ്ണം ഇഷ്ടമല്ല…”
സ്വർണ്ണത്തിന്റെ കാര്യം ചോദിച്ചവരോട് മാലതി കുശുകുശുത്തു.
ഒരു കോളേജ് അധ്യാപകനെ ഭർത്താവായി കിട്ടിയിട്ടും സുധയുടെ മുഖം തെളിഞ്ഞില്ല
അജിതയുടെ ഭർത്താവ് മോഹൻ ഗൾഫിലാണ്….
അമ്മ മാലതി തറവാട്ടിലാണ് താമസം…
ഇനിയാണ് കഥ ആരംഭിക്കുന്നത്..!!!!
ജയമോഹൻ തറവാട് പുതുക്കി പണിയുവാൻ തീരുമാനിക്കുന്നു…..
തീരുമാനം അമ്മയെ അറിയിച്ചു..
ബാങ്ക് ലോൺ ശരിയാക്കി..
രേവതിയുടെ അച്ഛൻ കുറച്ചു പണം നൽകാമെന്ന് സമ്മതിച്ചു…
ഒരു ദിവസം സുധ കരഞ്ഞു കൊണ്ട് തറവാട്ടിലെത്തി..
“ചേട്ടാ….. ഒന്നിനും കൊള്ളില്ലാത്ത ഒരു ഭർത്താവിനെയാണ് എനിക്ക് കിട്ടിയത്..”
“അവൻ ഒരു കോളേജ് അധ്യാപകനല്ലേ..
അതും യു ജി സി.
“അതുകൊണ്ടെന്താണ് കാര്യം? കിട്ടുന്ന പണം മുഴുവനും ധൂർത്തടിക്കുകയല്ലേ.. ഞാനും കുട്ടികളും മിക്ക ദിവസങ്ങളിലും പട്ടിണിയാണ്…”
“പട്ടിണിയോ?”
“എന്നുവെച്ചാൽ ചോറും കറികളും ഇല്ലെന്നല്ല… കുഞ്ഞുങ്ങളുടെ ആഗ്രഹം ഒന്നും സാധിച്ചു കൊടുക്കുവാൻ സാധിക്കുന്നില്ല….. പുതിയ വീട് വെച്ചതിന്റെ ലോൺ അടവ് ബാക്കിയാണ്…… എനിക്ക് ചത്താൽ മതി…..”
“അതിന്റെ ഒരു തലെ വിധി…..ഭർത്താവ് കൊള്ളരുതാത്തവൻ ആയിപ്പോയി… പാവം കൂടെപ്പിറപ്പ് എന്തെങ്കിലും ചെയ്യുമെന്ന് കരുതി വന്നതാണ്…… പക്ഷെ ഈ അച്ചിക്കോന്തനോട് പറഞ്ഞിട്ട് എന്ത് കാര്യം? ”
സുധ തിരിച്ചു പോയിക്കഴിഞ്ഞപ്പോൾ മാലതി ആരോടെന്നില്ലാതെ പറഞ്ഞു.
മാലതിയുടെ ബൂമറാങ് കൊള്ളേണ്ടിടത്ത് കൊണ്ടു.
“കുറച്ചു പണം കൊടുത്ത് സുധയെ സഹിയിക്ക്….”
രേവതി രാത്രിയിൽ ജയമോഹനെ ഉപദേശിച്ചു.
“അപ്പോൾ വീട്….???
“ഈശ്വരൻ എന്തെങ്കിലും വഴി കാട്ടിതരും”
അങ്ങിനെ ജയമോഹന്റെ ഒരു ലക്ഷം പോയിക്കിട്ടി.
അടുത്തത് അജിതയുടെ ഊഴമാ യിരുന്നു.
കോവിഡ് കാരണം അവളുടെ ഭർത്താവിന് ശമ്പളം കിട്ടുന്നില്ല.
അനിതയുടെ കരച്ചിലും അമ്മയുടെ അച്ചി കോന്തൻ പ്രയോഗവും രേവതിയുടെ ഉപദേശവും അന്നും ഉണ്ടായി…
വീട് പണിയുവാൻ കിട്ടിയ ലോണിൽ നിന്നും ഒരു ലക്ഷം അവളും കൊണ്ടുപോയി….!!!
തറവാട് പൊളിച്ചു.
സുധ: ഏട്ടൻ ഒരു മൂശേട്ടയാണ്… അല്ലെങ്കിൽ ഞങ്ങളുടെ ഒപ്പം ഏട്ടനും കുടുംബത്തിനും താമസിക്കാമായിരുന്നു..
അനിത: ആ തള്ള മഹാ മോശമാണ്… അല്ലെങ്കിൽ ഞങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് താമസിക്കാമായിരുന്നു…
ജയമോഹൻ ഒരു ചെറിയ വീട് വാടകക്കെടുത്തു.
വീട് പണി തുടങ്ങിയപ്പോഴാണ് അത് നിസ്സാര ടാസ്ക് അല്ലെന്ന് ജയമോഹൻ മനസ്സിലാക്കിയത്…
എടുക്കാവുന്ന ലോൺ എല്ലാം എടുത്ത് കഴിഞ്ഞിട്ടും വീട് പണി തീർന്നില്ല….
“സുധയുടെ ഭർത്താവിന് ശമ്പളം ഇപ്പോൾ കൂടിയിട്ടുണ്ട്. കുറച്ചു പണം കടമായി ചോദിച്ചു നോക്ക്…”
രേവതി വീണ്ടും ജയമോഹനെ ഉപദേശിച്ചു.
മനസ്സില്ലാ മനസ്സോടെ ജയമോഹൻ സുധയുടെ വീട്ടിലെത്തി.
മുറ്റത് പുതിയ കാർ കിടക്കുന്നു!!!
“ഒരു രക്ഷയും ഇല്ല….. മുഴുവനും കടമാണ് ”
രഘു പറഞ്ഞപ്പോൾ സുധ അത് കേൾക്കാത്ത ഭാവത്തിൽ നിന്നു.
“ഏട്ടാ ചായ കുടിച്ചില്ല….”
സുധയുടെ വാക്കുകൾ കേൾക്കാത്ത ഭാവത്തിൽ ജയമോഹൻ അവിടെ നിന്നും ഇറങ്ങി.
അനിതയുടെ ഭർത്താവ് ഗൾഫിൽ നിന്നും വന്നു. അയാൾ അവിടെയും ചെന്നു.
അവിടെ രണ്ടാം നിലയുടെ പണി തകിർതിയായി നടക്കുകയാണ്…
“ഞാൻ തിരിച്ചു പോന്നു… ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് വീട് പുതുക്കി പണിയുന്നത്… കുട്ടികൾ വളർന്നു വരികയല്ലേ?
രഘു ഓഫർ ചെയ്ത രണ്ടെണ്ണം അടിക്കാതെ തന്നെ അയാൾ അവിടെ നിന്നും ഇറങ്ങി…..
രേവതിയുടെ അച്ഛന്റെ സഹായത്തോടെ ജയമോഹൻ വീട് പണി ഒരു വിധത്തിൽ പൂർത്തിയാക്കി.
“നമ്മുടെ പുതിയ വീടിന് എന്താണ് പേരിടുന്നത്?”
“നമുക്ക് ജയവിലാസം എന്ന് ഇടാം… ”
രേവതി പറഞ്ഞു…
“അതൊന്നും വേണ്ട…. നല്ല പേര് സുധ കണ്ടു പിടിച്ചു കൊള്ളും… അവൾ അതിനൊക്കെ മിടുക്കിയാണ്….”
അമ്മ ഇടക്ക് കയറി…..
ജയമോഹനും ഭാര്യയും മുഖത്തോട് മുഖം നോക്കി.
പാല് കാച്ചിന്റെ തലേ ദിവസം…
പൂജാരിയെ അനിത ഏർപ്പാടാക്കി…..
ഗണപതി ഹോമവും ഭഗവത് സേവയും…!!!
പൂജാരിയിൽ നിന്നും ആദ്യം പ്രസാദം വാങ്ങിയത് മാലതിയാണ്…
സാരമില്ലെന്ന് രേവതി ഭർത്താവിനെ കണ്ണുകൾ കൊണ്ട് അഗ്യം കാണിച്ചു.
എന്നാൽ ഒരു നല്ല തുക ദക്ഷിണയായി കൊടുക്കേണ്ട ചുമതല ജയമോഹൻ ഏറ്റെടുത്തു.
സുധ വീടിനു പേരിട്ടു കഴിഞ്ഞിരുന്നു..
“മാതൃ ഭവനം….”
അമ്മ വീട്ടിൽ മൂന്നു പേരുടെയും കുട്ടികൾ ഓടിക്കളിച്ചു.
അവർ വാശിക്ക് തന്നെ ഇലക്ട്രിക് സ്വിച്ചുകളിൽ മാറി മാറി പ്രയോഗം നടത്തി….
മാതൃഭവനം എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പും ഉണ്ടായി.
പാല് കാച്ച് ദിവസവും രേവതിയുടെ അവകാശങ്ങൾ പല പ്രാവശ്യം ധ്വംസിക്കപ്പെട്ടെങ്കിലും അവൾ സന്തോഷവതിയായി അഭിനയിച്ചു…..
പുതിയ വീടിനുള്ളിൽ സുധയും അനിതയും അഭിമാനത്തോടെ നടന്നു.
രഘുവിന്റെ ഒരു ബന്ധുവാണ് സദ്യക്കാരൻ… സദ്യ കഴിഞ്ഞ് അയാൾ കൊടുത്ത ബില്ല് കണ്ട ജയമോഹന്റെ തലകറങ്ങി.
“അളിയാ കുപ്പി ഒന്നും ഇല്ലേ?”
സന്ധ്യയായപ്പോൾ രഘു ജയമോഹനനോട് ചോദിച്ചു.
“ഇല്ല… ഞാൻ മദ്യപിക്കില്ല….”
“അത് വിട്…. അളിയൻ ഒരു അയ്യായിരം രൂപാ ഇങ്ങു തന്നെ…. ഞാൻ ഇപ്പോൾ തന്നെ സംഘടിപ്പിക്കാം….”
അതും പറഞ്ഞു രഘു സ്വാതന്ത്ര്യത്തോടെ ജയമോഹന്റെ പോക്കറ്റിൽ കൈ വെച്ചു.
ജയ മോഹന്റെ നിയന്ത്രണം വിട്ടു…
“എടുക്കടോ പോക്കറ്റിൽ നിന്നും തന്റെ കൈ….”
അത് പറഞ്ഞതും ജയമോഹൻ രഘുവിനെ ആഞ്ഞു തള്ളി…….
രഘു മലർന്നടിച്ചു വീണു…
“ഈ ഏട്ടനെന്താ ഭ്രാന്തയോ?”
പെണ്ണുങ്ങളെല്ലാം ഓടി വന്നു.
കുട്ടികൾ കളി നിർത്തി ഭീതിയോടെ ജയമോഹനനെ നോക്കി…..
അരുതേ…… രേവതി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
ജയമോഹൻ അലറി..
“ഇപ്പോൾ തന്നെ എല്ലാവരും ഇവിടെ നിന്നും ഇറങ്ങിക്കോണം…… ഇത് എന്റെ വീടാണ്… എന്റെ മാത്രം…”
“തലയണ മന്ത്രത്തിന്റെ ഒരു ഫലം…”
മാലതി പിറുപിറുത്തു..
ജയമോഹൻ അമ്മക്ക് നേരെ തിരിഞ്ഞു.
“നിങ്ങൾക്കും വേണമെങ്കിൽ പോകാം…”
സ്തംഭിച്ചു നിന്നുപോയ ബന്ധു ജനങ്ങളെ വകഞ്ഞു മാറ്റി
ഉറച്ച കാൽ വെപ്പ് കളോടെ അയാൾ തന്റെ വീടിനുള്ളിലേക്ക് നടന്നു.
About The Author
No related posts.