LIMA WORLD LIBRARY

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 7 – കാരൂര്‍ സോമന്‍

അധ്യായം-7

രവി

ഇരുളു മാറുന്നതേയുള്ളൂ. രവി പായയില്‍ നിന്നെഴുന്നേറ്റു. ഇന്നലെ ഇത്തിരി കൂടിപ്പോയതായി അവനു തോന്നി. രാത്രി പാര്‍ട്ടി ആപ്പീസില്‍നിന്നുമിറങ്ങുമ്പോള്‍ രണ്ടു പെഗ് അടിക്കണമെന്നു മാത്രമെ ഉണ്ടായിരുന്നുള്ളൂ. നാരായണേട്ടന്‍റെ ചായക്കടയുടെ ചായ്പ്പില്‍ എത്തിയപ്പോള്‍ ടോമിച്ചനും സുരേഷും നേരത്തെ തന്നെ ഹാജരായിരുന്നു. പൊട്ടിക്കാത്ത രണ്ടു കുപ്പിയും അച്ചാറുമായി ഇരുവരും പിന്നെ കടയില്‍ ബാക്കിവന്ന ഇറച്ചി ചൂടാക്കി നാരായണേട്ടനും രവിയെ കാത്തുനില്‍ക്കുകയായിരുന്നു. കുളത്തൂരിലെ ചാക്കപ്പന്‍റെ പറമ്പ് കച്ചവടമാക്കിയതിന്‍റെ കമ്മിഷന്‍ കിട്ടിയ സന്തോഷത്തിലാണ് ടോമി. ഒരു കുപ്പി തീര്‍ക്കാം എന്നുകരുതി തുടങ്ങിയത് രണ്ടാമത്തതിന്‍റെ അവസാനത്തിലാണ് നിന്നത്. സമയം പന്ത്രണ്ടു കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍. ഉമ്മറത്തു ചുരുട്ടിവച്ചിരുന്നു പായില്‍ നിവര്‍ന്നുകിടന്നതുമാത്രം ഓര്‍മയുണ്ട്. എങ്ങിനെ വീട്ടിലെത്തിയെന്നത് ഒരു പിടുത്തവും കിട്ടുന്നില്ല. ചായക്കടയില്‍ നിന്നിറങ്ങുമ്പോള്‍ സുരേഷ് കൂടെയുണ്ടായിരുന്നു. അവന്‍ വീട്ടിലെത്തിയോ ആവോ. ശരീരമാസകലം രവിക്കു വേദനിച്ചു. കൈമുട്ടുകള്‍ പൊട്ടിയിട്ടുണ്ട്. ദ്രവിച്ചുതുടങ്ങിയ ഖദര്‍ ഷര്‍ട്ടിലും മുണ്ടിലും പറ്റിയ അഴുക്കില്‍ നിന്നും ചാണകനാറ്റം. ഇന്നലെ എവിടെയോ വീണിട്ടുണ്ട്. അയാള്‍ പതിയെ എഴുന്നേറ്റു. കാലുകള്‍ ഇപ്പോഴും നിലത്തുറയ്ക്കുന്നില്ല. കൈവിരലുകളില്‍ ഇന്നലെ തിന്ന ഇറച്ചിക്കറിയുടെ അവശിഷ്ടങ്ങള്‍. അയാള്‍ മുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കോരി മുഖവും കൈകളും വൃത്തിയാക്കി. അഴയില്‍ കിടന്നിരുന്ന ലുങ്കിചുറ്റി ഷര്‍ട്ടും മുണ്ടും ഉമ്മറക്കോലായിയുടെ മൂലയിലേക്കു വലിച്ചെറിഞ്ഞു. വേലിക്കരികില്‍ ചെന്നുനിന്നു മൂത്രമൊഴിച്ചു അയാള്‍ തിരിച്ചു പായയിലേക്കു വീണു. മുറ്റത്തുകിടന്നിരുന്ന ചാവാലിപ്പട്ടി അയാളെ കണ്ടു സ്നേഹത്തോടെ വാലാട്ടി.

രാവിലെ തന്നെ ഗോപാലേട്ടന്‍റെ വീട്ടിലെത്തണം, റബറു വെട്ടാനുണ്ട്…. കൃത്യമായി ചെന്നില്ലെങ്കില്‍ ആ കെളവന്‍റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കണം. അപ്പനായി തുടങ്ങിയ പണിയാണവിടത്തേത്. നാട്ടില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായി മാറിയെങ്കിലും കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പത്തു പൈസ വേണമെങ്കില്‍ തത്ക്കാലം പണിക്കുപോയെ തീരൂ. ഇടയ്ക്കിടെ അവിടന്ന് രണ്ടുമൂന്നു ഷീറ്റ് റബര്‍ അടിച്ചുമാറ്റിയിട്ടാണ് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അറുതിവരുത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ കയറി നാട്ടുകാരുടെ പ്രശ്നങ്ങളിലൊക്കെ ഇടപെട്ടുതുടങ്ങിയാല്‍ കാശിന്‍റെ വരവിനു ക്ഷാമമുണ്ടാവില്ല. അതിനു കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടി വരും. കുറഞ്ഞത് ബ്ലോക്ക് ഭാരവാഹിയെങ്കിലും ആകണം. നിലവില്‍ ബ്ലോക്ക് പ്രസിഡന്‍റ് ഇട്ടിയില്‍ തോമാച്ചനു ശിങ്കിടി പാടി നടക്കുന്നതേയുള്ളൂ. തട്ടിയും മുട്ടിയും വല്ലതും വല്ലപ്പോഴും തടയും എന്നതുതന്നെ ഭാഗ്യം. ഒരുനാള്‍ ഈ പാലക്കുന്ന് ഗ്രാമത്തിന്‍റെയും ഈ കേരള സംസ്ഥാനത്തിന്‍റെയും രോമാഞ്ചമായ നേതാവായിത്തീരും താന്‍, അതിനു വേണമെങ്കില്‍ ഇട്ടിയില്‍ തോമാച്ചയും വെട്ടിവീഴ്ത്താന്‍ മടിക്കരുത്, അതാണ് രാഷ്ട്രീയം- കോണ്‍ഗ്രസുകാരനും സര്‍വോപരി ചാലുമ്മൂട്ടേല്‍ ഗോപാലക്കാര്‍ന്നോരുടെ റബര്‍ത്തോട്ടത്തിലെ വെട്ടുകാരനുമായ രവി കുറ്റിക്കാടന്‍ ഇന്നലെക്കഴിച്ചതിന്‍റെ പൊഴിഞ്ഞുതീരാത്ത ലഹരിയില്‍ സ്വപ്നം കാണുവാന്‍ തുടങ്ങി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാള്‍ക്കു പിന്നീട് ഉറക്കം വന്നില്ല.

സത്യത്തില്‍ ഗോപാലേട്ടന്‍റെ പറമ്പില്‍ റബര്‍വെട്ടുകമാത്രമല്ലല്ലോ രവിയുടെ ലക്ഷ്യം. സരളയെ കാണണം. അവളുടെ ലാവണ്യത്തില്‍ മയങ്ങിയങ്ങുനില്‍ക്കണം. വല്ലാത്തൊരു പെണ്ണുതന്നെ അവള്‍. വയസു മുപ്പതു കഴിഞ്ഞെങ്കിലും പൊട്ടുവാന്‍ നില്‍ക്കുന്ന വീണക്കമ്പി കണക്കെയാണവള്‍- രവി ഓര്‍ത്തു.

ഗോപാലേട്ടന്‍റെ മൂത്തമകന്‍ കരുന്നാഗപ്പള്ളിയില്‍ സുനാമിത്തിരമാലകളില്‍പ്പെട്ടു മരിച്ചു പോയ രാജന്‍റെ ഭാര്യയാണ് സരള. കരുന്നാഗപ്പള്ളിയിലെ വീടും കടലെടുത്തുപോയപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ വന്നുനില്‍ക്കുകയാണ്. ഇനി അവള്‍ക്കു ജീവിത്തില്‍ ബാക്കിയുള്ളത് അഞ്ചുവയസുകാരന്‍ മകന്‍ മാത്രം.

എന്തോ ഇന്നുവരെ ഒരു പെണ്ണിനോടും തോന്നാത്ത ആസക്തിയാണ് സരളയില്‍ രവിക്കുള്ളത്. അത് അറിയിക്കാനോ തന്‍റെ ഇഷ്ടം നടപ്പാക്കാനോ അവനിതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള ധൈര്യം അവനിതുവരെ കിട്ടിയില്ല എന്നതാണ് യാഥാര്‍ഥ്യം. ആ പിടയ്ക്കുന്ന കണ്ണുകളും തുളുമ്പാന്‍ വെമ്പിനില്‍ക്കുന്ന ചുണ്ടുകളും മേനിയഴകിന്‍റെ തുടിപ്പും…. അവള്‍ അരികിലെത്തുമ്പോള്‍ രവി കിതയ്ക്കാന്‍ തുടങ്ങും. കാച്ചിയ പാലിന്‍റെ ഗന്ധമാണവള്‍ക്ക്. ഒന്നു തൊടാന്‍, ആ മാറില്‍കിടന്നൊന്നുറങ്ങാന്‍ അവന്‍ കൊതിക്കാത്ത ദിവസങ്ങളില്ല. പലപ്പോഴും മനസിന്‍റെയും ശരീരത്തിന്‍റെയും നിയന്ത്രണം വിട്ടു കുതിക്കുവാന്‍ ഒരുങ്ങിയെങ്കിലും അതെല്ലാം അടക്കിനിര്‍ത്തുകയായിരുന്നു. ഒരു ചെറിയ കൈത്തെറ്റുപോലും വരരുത്. അങ്ങിനെ ഒരു തെറ്റില്‍ എന്നന്നേയ്ക്കുമായി അവള്‍ തന്നില്‍നിന്നും അകന്നുപോകരുത്. അവള്‍ക്കുതന്നോട് ആര്‍ത്തിതോന്നുന്ന കാലം വരെ കാത്തിരിക്കണം. താനില്ലാതെ അവള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥവരണം. ഇപ്പോള്‍ത്തന്നെ ആ വീട്ടില്‍ വേണ്ടത്ര സ്വാതന്ത്ര്യം തനിക്കുണ്ട്. അതു വേണ്ടപോലെ പ്രയോജപ്പെടുത്തുകയാണ് ചെയ്യേണ്ടത്. എന്തിന്, ഒരു വാക്കു പറഞ്ഞാല്‍ അവളെ കെട്ടി വീട്ടില്‍ പൊറുപ്പിക്കാന്‍ പോലും രവി തയാറാണ്.

തണുത്ത കാറ്റടിച്ചു. രവി പുതപ്പിനുള്ളിലേക്കു ചുരുണ്ടുകൂടി. ആകാശത്തു മേഘങ്ങളില്‍ വെള്ളിവെളിച്ചം വീണിരിക്കുന്നു. വീടിനകത്തുനിന്നും അപ്പന്‍റെ ചുമയുടെ ചിതറിയ ഒച്ചയുയര്‍ന്നു. അടുക്കളയില്‍ പിച്ചളപ്പാത്രങ്ങളുടെ കലമ്പല്‍. അമ്മ എഴുന്നേറ്റു ചായ ഇടുന്നുണ്ടായിരിക്കും. ഒരു കല്യാണം കഴിക്കാന്‍ അപ്പനും അമ്മയും എപ്പോഴും പറയുന്നുണ്ട്. എന്തുകണ്ടിട്ടാണ് അവര്‍ കല്യാണം കഴിക്കാന്‍ പറയുന്നതെന്നു അവനു മനസിലാകുന്നില്ല. വീടിന്‍റെ കോലം കണ്ടാല്‍ത്തന്നെ മതി. മേഞ്ഞ ഓലകള്‍ക്കിടയിലൂടെ അരിച്ചുവരുന്ന വെളിച്ചത്തുട്ടുകളുടെ വലിപ്പം ചെറുതൊന്നുമല്ല. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്ന മട്ടിലാണ് ചുവരുകള്‍. കൈയില്‍ പത്തുപൈസ കൂടുതലുണ്ടെങ്കില്‍ അതെങ്കിലും പറയാം. തത്ക്കാലം കല്യാണം വേണ്ട എന്നാണ് രവിയുടെ തീരുമാനം. കല്യാണമൊക്കെ കഴിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഒഴിവാക്കി കൃത്യമായി പണിക്കുപോകേണ്ടി വരും എന്ന ചിന്തയും അയാളിലുണ്ട്. സരള സ്ഥിരമായി തന്‍റെ കൈവശമുണ്ടെങ്കില്‍ കല്യാണമെന്നത് അയാള്‍ക്കു ഒട്ടും ആവശ്യമില്ലതാനും. കാലം തനിക്കതിനു വഴിയൊരുക്കുമെന്നാണ് അയാള്‍ കരുതുന്നത്. അതിനുള്ള ചെറിയ പ്ലാനൊക്കെ അയാള്‍ മനസില്‍ കരുതിയിട്ടുണ്ട്

രവി എഴുന്നേറ്റ് ഇറയത്ത് ചിരട്ടക്കൂടില്‍ തൂക്കിയിട്ടിരിക്കുന്ന ഉമിക്കരിയെടുത്ത് പല്ലുതേച്ചു. രാവിലെ നല്ല തണുപ്പുണ്ട്. മണ്ഡലകാലമായതിനാല്‍ എവിടെനിന്നോ ശരണം വിളികള്‍ ഉയരുന്നു. റബര്‍മരങ്ങള്‍ക്കിടയിലൂടെ വരുന്ന കാറ്റിനു വല്ലാത്ത കുളിര്. അകലെക്കാണുന്ന മലകള്‍ക്കിടയില്‍ കോടമഞ്ഞ് കെട്ടിക്കിടക്കുന്നു. മഞ്ഞുതുള്ളികള്‍ ഇലത്തലപ്പുകളില്‍ തിളങ്ങി നില്‍ക്കുന്നു.

തങ്കമ്മ മകന് ചായയുമായി വന്നു. മധുരം കുറഞ്ഞ ചൂടുചായ അയാള്‍ മോത്തിക്കുടിച്ചു. ആ തണുപ്പില്‍ ചൂടുചായ ആശ്വാസമായി. അമ്മയ്ക്കു വയസേറെയായിരിക്കുന്നു. കറുത്തു മെലിഞ്ഞ വിരലുകളില്‍ പ്രായത്തിന്‍റെ ചുളിവുകള്‍ ചിതമ്പലുകള്‍ പോലെ. കണ്‍പോളകളില്‍ പീളയുടെ നേര്‍ത്തപാട. ഏറെ കഷ്ടപ്പെട്ടാണ് അവര്‍ രവിയെ വളര്‍ത്തിയത്. അപ്പന്‍ വേലപ്പന്‍ കിട്ടുന്ന കാശിനു കുടിച്ചും ചീട്ടുകളിച്ചും കാലം കഴിച്ചപ്പോള്‍ അയല്‍പക്കത്തെ വീടുകളിലും പറമ്പുകളിലും ചോരനീരാക്കിയാണ് മകനുവേണ്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയിരുന്നത്. മകനെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്നു അവര്‍ക്കു മോഹമുണ്ടായിരുന്നു. പത്താംക്ലാസിന്‍റെ പടിക്കല്‍ രവിയുടെ വിദ്യാഭ്യാസ യജ്ഞം അവസാനിച്ചപ്പോള്‍ അവരുടെ പ്രതീക്ഷകളുടെ കൂമ്പടഞ്ഞു. പിന്നേയും അവന്‍റെ ആവശ്യങ്ങള്‍ക്കെല്ലാം പണം നല്‍കേണ്ടിവന്നതും അവര്‍തന്നെ. ഏറെ പറഞ്ഞിട്ടാണ് അവനിപ്പോള്‍ ഗോപാലന്‍ കാരണവരുടെ തോട്ടത്തില്‍ റബറുവെട്ടാന്‍ പോകുന്നത്. അതുമാത്രം മുടക്കാതെ അവന്‍ കൃത്യമായി ചെയ്യുന്നതില്‍ ആ അമ്മയ്ക്ക് ആശ്ചര്യമുണ്ട്. എന്തായാലും ശരി ഇപ്പോള്‍ ഇടയ്ക്കെങ്കിലും ചില്ലറ വല്ലതും തരുന്നുണ്ടെന്ന ആശ്വാസമുണ്ട് തങ്കമ്മയ്ക്ക്.

വേലപ്പനാണേല്‍ നല്ല കാലത്തു കുടിച്ചു കൂത്താടിയതിന്‍റെ ബാക്കിയായി വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പറ്റാത്തവിധം കട്ടിലില്‍ തന്നെ കഴിയുകയാണ്. കരളില്‍ ഇനി ഒന്നും

ബാക്കിയില്ലെന്നാണു ഡോക്റ്റര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇനി കുടിച്ചാല്‍ എത്രയും വേഗം തെക്കോട്ടെടുക്കാമെന്നു അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരെങ്കിലും വന്നാല്‍ ആരുകാണാതെ കൊടുക്കുന്ന ബീഡിയാണ് വേലപ്പന് ഇപ്പോള്‍ ആശ്വാസം. തങ്കമ്മ അതുകണ്ടാല്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു കളയും. അത് വലിച്ച് അയാള്‍ ചുമയ്ക്കുന്നതു കണ്ടാല്‍ സഹിക്കാനാവില്ല. ഇപ്പോഴും ചുമയ്ക്കുന്നുണ്ട്. ആരെങ്കിലും കൊടുത്ത ബീഡിയുടെ കുറ്റിയില്‍ തീപിടിപ്പിച്ചിട്ടുണ്ടാകും വേലപ്പന്‍.
ചായയുടെ ചൂടു നല്‍കിയ ഉണര്‍വില്‍, ഇന്നലത്തെ ലഹരി തലയില്‍പെരുക്കുന്നുണ്ടെങ്കിലും രവി റബര്‍ വെട്ടുന്ന കത്തിയുമായും ടോര്‍ച്ചുമായി വീട്ടില്‍നിന്നിറങ്ങി.

രണ്ടു ദിവസത്തിനകം അമേരിക്കയില്‍നിന്നു മോഹനും കുടുംബവും എത്തുന്നുണ്ടെന്നു കഴിഞ്ഞദിവസം കിളവന്‍ പറഞ്ഞിരുന്നു. സാധാരണയായി മോഹന്‍ വന്നാല്‍ നാലു ഫോറിന്‍ പെഗും രണ്ടു പാക്കറ്റ് സിഗരറ്റും കിട്ടുക പതിവാണ്. കൂടെ അഞ്ഞൂറിന്‍റെ പിടയ്ക്കുന്ന ഒരു നോട്ടും. കല്യാണം കഴിഞ്ഞു പോയതിനു ശേഷം നാട്ടിലേക്കു വന്നിട്ടേയില്ല മോഹന്‍. ഇതെന്താണാവോ ഇത്ര പെട്ടന്ന്. ഇനി സരളയുടെ കാര്യത്തില്‍ വല്ല തീരുമാനവും എടുക്കാനാണാവോ. രണ്ടാമതൊരു കല്യാണം ആലോചിക്കുന്ന വിവരം ഒരിക്കല്‍ കേട്ടിരുന്നു. കിളവനോട് ചോദിക്കാമെന്നു വച്ചാല്‍ എന്തായിരിക്കും ആ കുരുട്ടു മനസില്‍ കയറുകയെന്നു പറയാന്‍ കഴിയില്ല. രവിയുടെ മനസില്‍ ആശങ്കയുടെ വിത്തുകള്‍ പൊട്ടി.

റബര്‍മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ ഗോപാലന്‍റെ വീട്ടിലെത്തി. നേരം വെളുക്കുന്നതേയുള്ളെങ്കിലും റബര്‍പാലെടുക്കാനുള്ള ബക്കറ്റുമായി കിളവന്‍ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എത്തിയപ്പോള്‍ തന്നെ വൈകിയതിനു ചെവിടടച്ച തെറിയായിരുന്നു കിളവന്‍ പറഞ്ഞത്. സഹിക്കുക തന്നെ. വീടിനകത്തുനിന്നും വെളിച്ചം പകുതി നരച്ച ജനല്‍ച്ചില്ലിലൂടെ പുറത്തേക്കൊഴുകി. അകത്ത് സരള അടക്കളയിലായിരിക്കും. ഒരു കപ്പ് ചായയുമായി അവള്‍ വന്നെങ്കിലെന്നു രവി ആഗ്രഹിച്ചു. എന്നാല്‍ അതുണ്ടായില്ല. പകരം പിന്നെയും പമ്മിനിന്നതിനു കിളവന്‍റെ വക വീണ്ടും തെറിയായിരുന്നു. മനസില്‍ പ്രാകി കൊണ്ട് കിളവനു പിറകിലൂടെ രവി റബര്‍ തോട്ടത്തിലേക്കു നടന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px