മൃത്യു – PRIYAKUMAR

Facebook
Twitter
WhatsApp
Email
 കട്ടപിടിച്ച ഇരുട്ടിൽ തളം കെട്ടി നിന്ന മൃത്യുഗന്ധം ഉൻമത്തമായ മനസ്സിൻ്റെ വെറും തോന്നലുകൾ മാത്രമായിരുന്നുവോ എന്ന ഒരു സംശയം എപ്പോഴായിരിക്കും തനിക്ക് തോന്നിയിട്ടുണ്ടായിരിക്കുക എന്ന് ആൻ്റണി വിചാരിക്കുകയായിരുന്നു. കൂരിരുട്ടിലേക്ക് ആഴ്ന്നാഴ്ന്നു നോക്കവേ ഇരുൾ ചലനങ്ങളുടെ അവ്യക്ത ശിഥില ചിഹ്നങ്ങൾ കണ്ണുകളെ കുത്തി നോവിച്ചു. ഉറക്കം പിണങ്ങി മാറി നിൽക്കുകയായിരുന്നു അന്നും. അകലെ എവിടെയോ ഉറക്കമുണർന്ന ഒരു കോഴി നീട്ടി നീട്ടി കൂവി. ഉഷ്ണം തപിപ്പിക്കുന്ന രാത്രിയിൽ പാതി ഉറങ്ങിയും പാതി ഉറങ്ങാതെയും തപിച്ചിരുന്ന മറ്റു കോഴികൾ ആ കൂവൽ അവ്യക്തമായി കേട്ടു. അവയും ചിറകിട്ടടിച്ചു പിന്നെ നീട്ടി നീട്ടിക്കൂവി. ആ കൂവൽ മലനിരകൾ ഏറ്റു ചൊല്ലി. ഇരുട്ടിന് കട്ടികുറയാതിരിക്കുകയും ഉഷ്ണം കനത്തു കനത്തു വരികയും ചെയ്തു. ഇരുട്ടിൽ ഉഷ്ണനദി നീന്തിക്കയറി വന്നപ്പോഴേക്കും ആകെ നനഞ്ഞിരുന്നു. ബട്ടൻസ് അഴിച്ച് ഷർട്ട് ഊരി ചുരുട്ടിക്കൂട്ടി എറിഞ്ഞിട്ട് തിണ്ണയിൽ വെറും നിലത്ത് അമർന്നു കിടന്നു. തറയും ചൂടായി കിടക്കുകയായിരുന്നു. ഗ്രാനൈറ്റിൽ നിന്നും ചൂട് പ്രസരിക്കുന്നുണ്ടായിരുന്നെങ്കിലും നേർത്ത ഒരു സുഖാനുഭൂതിയിൽ തറയിലേക്ക് പറ്റിച്ചേർന്നു കിടന്നു. തറയിലൊഴുകി വീണ വിയർപ്പു ചാലുകൾ പകർന്നു തന്ന കുളിരിൽ ആൻ്റണി ഉറങ്ങി.
       ഉറക്കത്തിൻ്റെ ശാന്തതയിലൂടെ ആൻ്റണി പറന്നു പോവുകയായിരുന്നു. അറിയപ്പെടാത്ത ഭൂഖണ്ഡങ്ങളിലേക്ക് മേഘത്തേരിലേറി ഒരു യാത്ര. വരണ്ട കാറ്റിൽ ചൂട് കുടിയേറിയിരുന്നു. യുദ്ധം തകർത്ത മരുപ്പറമ്പുകളിലെ ഉണങ്ങി മണക്കുന്ന ശവശരീരങ്ങളുടെ രൂക്ഷഗന്ധത്തിനും മുകളിലൂടെ ആൻ്റണി സഞ്ചരിച്ചു.ഗസ്സയിലെയും ഇസ്രയേലിലേയും ഉണങ്ങിയ ശരീരങ്ങൾ പുറപ്പെടുവിക്കുന്നത് ഒരേ ഗന്ധം തന്നെയാണല്ലോ എന്ന് അപ്പോൾ അവൻ ഓർത്തു. തകർന്നു കിടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും മത ഗന്ധം പ്രസരിക്കുന്നതേയില്ലെന്ന് അവൻ അപ്പോൾ തിരിച്ചറിഞ്ഞു. ഗന്ധങ്ങൾ അതിരുകൾ കടന്ന് പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ദേശങ്ങളിലൊന്നും ആരും അവയെ തടഞ്ഞില്ല. ശവഗന്ധങ്ങളിലേക്ക് ജാതിയുടേയോ, മതത്തിൻ്റെയോ എത്തിനോട്ടങ്ങളും ഉണ്ടായില്ല. അവ പരസ്പരം ഇണചേർന്ന് പറന്നു.
      ഉഷ്ണ രാത്രിയിലെ വിയർത്തു കുളിരുന്ന നിദ്രാടനത്തിനിടയിൽ താനേതൊക്കെ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ആൻ്റണി അത്ഭുതം കൂറി. നക്ഷത്രങ്ങൾക്കിടയിലൂടെ, മേഘങ്ങൾക്കുമുകളിലൂടെ, ചന്ദ്രനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആൻ്റണിയുടെ സഞ്ചാരം.. താനെത്ര മാത്രം ഉയരങ്ങളിലാണെന്ന് അവന് മനസ്സിലായതേയില്ല. താനിപ്പോൾ നിൽക്കുന്നത് ലോകത്തിൻ്റെ നെറുകയിൽ ഒത്ത മദ്ധ്യത്തിലാണെന്നു മാത്രം അവനിഞ്ഞു. അവൻ അവിടിരുന്ന് ലോകത്തെ മുഴുവനായും നോക്കിക്കണ്ടു. പ്രപഞ്ച സൃഷ്ടിക്കുശേഷം തൻ്റെ കലാവൈഭവം നോക്കി രസിച്ച് ദൈവം വിശ്രമിച്ച ഇടത്താണ് താൻ ഇപ്പോൾ ഇരിക്കുന്നതെന്ന് അവന് തോന്നി.ലോകത്തിൻ്റെ ഏതുഭാഗം കാണണമെന്ന് മനസ്സിൽ വിചാരിച്ചാലും ആ ഭാഗം തൻ്റെ മുന്നിലേക്ക് തെളിഞ്ഞു വരുന്നത് അവനിൽ കൗതുകമായി.
       ഇരുളിൽ കാണുന്ന കാഴ്ചകളിൽ ആൻ്റണി ഉൻമത്തനായി. ശവഗന്ധങ്ങൾക്കപ്പുറം സുരപാനവും സുരത താളവും അവൻ കണ്ടു. കൊടുങ്കാറ്റും, വേനൽത്തിരകൾ അലയടിച്ചുയരുന്ന കടലിൻ്റെ രൗദ്രതയും കണ്ട് അവൻ ഭയപ്പെട്ടു. തൻ്റെ വീടൊന്നു കാണണമെന്ന് അവനു തോന്നി ദൂരെ നിന്നും വലിയൊരു സ്ക്രീനിലേക്ക് സൂം ചെയ്ത ചിത്രം പോലെ വീട് മുന്നിൽ തെളിഞ്ഞു. തിണ്ണയിൽ കമിഴ്ന്നു കിടന്നുറങ്ങുന്നത് താൻ തന്നെയാണല്ലോ എന്ന് അവൻ വിചാരിച്ചു. അകത്ത് തൻ്റെ വരവറിയാതെ, ഭ്രാന്തമായി കറങ്ങുന്ന പങ്കകൾക്കടിയിലായി ഭാര്യയും മക്കളും ഉറങ്ങുന്നു. കറങ്ങുന്ന പങ്കകൾക്കിടയിൽ പെട്ട് ഉഷ്ണവായു ഞെരിയുന്നു.
തൻ്റെ മുന്നിൽ മതിൽ മറകളും ഇരുൾമറകളും അപ്രസക്തമാകുന്നത് ആൻ്റണി തിരിച്ചറിയുകയായിരുന്നു. തൻ്റെ കാഴ്ചകൾ മറയുന്നില്ല എന്നും താൻ വിചാരിക്കുന്ന കാഴ്ചകൾ മാത്രം കൺമുന്നിൽ തെളിയുന്നത് ഏതുജാലവിദ്യയാലാകാമെന്നും അവൻ അത്ഭുതം കൂറി. ആൻ്റണി അപ്പോൾ വളരെ വളരെ ഉയരത്തിലായിരുന്നു. നക്ഷത്രങ്ങൾക്കും മീതെ ആൻ്റണി. എന്നും മണ്ണിൽ നിന്ന് നക്ഷത്രത്തെ നോക്കി അത്ഭുതം കൂറാറുണ്ടായിരുന്നു താൻ. ഇപ്പോൾ നക്ഷത്രങ്ങൾ താഴെ നിന്ന് തന്നെ നോക്കുകയാവുമെന്ന് ചിന്തിച്ചപ്പോൾ അവന് ചിരി വന്നു. അവൻ ലോകത്തെ നോക്കിക്കണ്ടു.
       നോട്ടം പിന്നെയും കറങ്ങിക്കറങ്ങി വീട്ടിലേക്കു തന്നെ എത്തിനിന്നു. തൻ്റെ നാട്ടിൽ ഒരു വരണ്ടപ്രഭാതംകൂടി വിണ്ടു കീറി വരുന്നത് അവൻ അപ്പോൾ കാണുകയായിരുന്നു. വാതിൽ തുറന്നു പുറത്തേക്കു വരുന്ന ഭാര്യ തൻ്റെ കിടപ്പുകണ്ട് വെപ്രാളപ്പെടുന്നതും, കുട്ടികൾ ഓടിയെത്തി അലമുറയിടുന്നതും, ആളുകൾ ഓടിക്കൂടി ശരീരം വാരിയെടുക്കുന്നതും, അവൻ കണ്ടു. ഞാനിവിടുണ്ട് എന്നു വിളിച്ചു പറയാൻ അവൻ വെമ്പൽ കൊണ്ടു. വാക്കുകളില്ലാത്ത ലോകത്തിൽ നിശ്ചലനായി ഇരിക്കാൻ മാത്രമേ അവന് ആവുമായിരുന്നുള്ളു.
        ഉഷ്ണം തണുപ്പിച്ച ആ ശരീരം ഒരു വെള്ളത്തുണിയിൽ മൂടി വെളുത്ത മാർബിൾ മേശമേൽ പോസ്റ്റുമോർട്ടം കാത്തുകിടന്നു. തിരികെപ്പോയി ഇറങ്ങിപ്പോന്നിടത്തേക്ക് തിരിച്ചു കയറാൻ ആൻ്റണി കൊതിച്ചു. ഇനിയും വൈകുന്ന ഓരോ നിമിഷവും തൻ്റെ ശരീരത്തിനു സംഭവിച്ചേക്കാവുന്ന മുറിവുകൾ എത്രമാത്രം തീക്ഷ്ണതയേറിയതായിരിക്കാമെന്ന് അവൻ ഭീതിയോടെ ഓർത്തു. വല്ലാത്തൊരു മരവിപ്പിലേക്ക് തൻ്റെ ബോധമണ്ഡലം ആഴ്ന്നുപോകുന്നത് അവൻ അപ്പോൾ അനുഭവിക്കുകയായിരുന്നു. കാഴ്ചയും കേൾവിയും മാത്രം തന്നിൽ അവശേഷിക്കുന്നതായും, താൻ എവിടേക്കോ പാറിപ്പോകുന്നതുപോലെയും അവന് തോന്നി. അതോടെ തോന്നലുകളും ചിന്തകളും നിലച്ചു. കാഴ്ചയും കേൾവിയും മാത്രം അവശേഷിച്ചു. ആൻ്റണി തൻ്റെ പോസ്റ്റുമോർട്ടം കാണുകയായിരുന്നു. ആൻ്റണി തൻ്റെ ഭാര്യയേയും മക്കളേയും കാണുകയായിരുന്നു അവരുടെ ഏങ്ങലടികൾ കാതുകളിൽ വന്നലച്ചു.
       ” ആൻ്റണീ….
നിൻ്റെ കണ്ണുകളും കാതുകളും ഇനി തുറന്നു തന്നെയിരിക്കും. കാഴ്ചകൾ നിനക്ക് എപ്പോൾ മടുക്കുന്നുവോ അപ്പോൾ സ്വയം നിൻ്റെ കണ്ണുകൾ അടയും. ആ സമയം നീ നിത്യതയിലേക്ക് വിലയംപ്രാപിക്കും. അതുവരെ ഇവിടെ തുടരുക.”
       എവിടെ നിന്നാണ് ഒരശരീരി പോലെ കേൾവിയിലേക്ക് ഒരു സ്വരം ആഴ്ന്നിറങ്ങിയത് എന്ന് അവന് മനസ്സിലായില്ല. ഗാംഭീര്യമുള്ളതെങ്കിലും മൃദുവായ ഒരു ശബ്ദം. വ്യക്തമായിക്കേട്ടത് ഒന്നുകൂടി ഓർത്തെടുക്കുവാനോ അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാനോ അവന് ആകുമായിരുന്നില്ല. അവൻ പേസ്റ്റുമോർട്ടം ടേബിളിൽ തൻ്റെ തല പിളർക്കുന്ന കാഴ്ചകൾ കാണുകയായിരുന്നു.
       എത്ര പെട്ടെന്നാണ് എല്ലാം സാധാരണമാകുന്നത്. ഒരാളുടെ വിടവ് രണ്ടാഴ്ചയ്ക്കപ്പുറം ആരിലും ശൂന്യത നിറയ്ക്കുകയില്ലെന്ന് അവൻ മനസ്സിലാക്കി. ചിരികൾ തിരികെ വരുന്നതും അത് മെല്ലെ പൊട്ടിച്ചിരികളായി മാറുന്നതും അറിഞ്ഞു. തൻ്റെ അസാന്നിദ്ധ്യം എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. പപ്പയുടെ നെഞ്ചിൽ കിടന്നുറങ്ങാൻ വാശിപിടിച്ചിരുന്ന മക്കൾ രണ്ടാളും കൂടി അമ്മയുടെ അപ്പുറവും ഇപ്പുറവും സ്ഥാനം പിടിച്ചു. നിശ്വാസങ്ങൾ കുമിള പൊട്ടിയ രാത്രികൾക്കപ്പുറം മക്കൾ രണ്ടാളും അടുത്ത മുറിയിൽ ഒന്നിച്ചൊരു പുതപ്പിൻ കീഴിൽ ഉറങ്ങാൻ തുടങ്ങി. അവർ സ്വയം പര്യാപ്തതയിലേക്ക് പിച്ചവയ്ക്കുകയായിരുന്നു.
       ഭാര്യ വീടിനടുത്തൊരു പൊടി മില്ലിലെ ജീവനക്കാരിയായി. തന്നിൽ അവശേഷിച്ച വിഷാദം പച്ചരിയ്ക്കൊപ്പം കഴുകിപ്പൊടിച്ച് വറുത്തെടുത്തു അവൾ. പിന്നീട് കേവലമൊരു സഹതാപതരംഗത്തിനപ്പുറം പൊടിമില്ലുടമയുടെ നെഞ്ചോടു ചേർന്നു നിന്ന് കവിളിൽ മുഖമുരസി ചിരിക്കുന്ന ഭാര്യയെ കണ്ടനേരം കണ്ണുകൾ അറിയാതെ അടയുകയും ആൻ്റണി ശൂന്യതയിലേക്ക് മറയുകയും ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *