സുരേഷിന് ഭാര്യയെക്കാളും സ്നേഹം അവന്റെ സുഹൃത്തുക്കളോടാണെന്നു അവന്റെ ഭാര്യ മാളു പരിഭവത്തോടെ എല്ലാവരോടും പറയും.
അവനെ അവന്റെ സുഹൃത്തുക്കൾ സ്നേഹിക്കുന്നത് അവളിൽ കണ്ണുകടിയുണ്ടാക്കുന്നുണ്ടെന്ന് സുരേഷിന് തോന്നി.
അവൻ വിദേശത്തേക്ക് പോയപ്പോൾ അവന്റെ പ്രിയ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു.
നാട്ടിലായിരിക്കുമ്പോൾ മാളുവിന് സുരേഷിനെ അടുത്ത് കിട്ടുക തന്നെ പ്രയാസമാണ്… അവന്റെ ചുറ്റിനും ഫ്രണ്ട്‌സ് വലയം തന്നെ പലപ്പോഴുംമുണ്ടാകും…പിന്നീട് അവൻ നാട്ടിൽ ചെന്നാൽ വെള്ളമടിയും ടൂറും എല്ലാം സുരേഷിന്റെ ചിലവിൽ തന്നെയാകുവാൻ അവനും സ്നേഹിതരും ശ്രദ്ധിച്ചിട്ടുണ്ട്…
ജോലി കഴിഞ്ഞു വന്നാൽ എല്ലാവരെയും ഫോണിൽ വിളിച്ചു വിശേഷം തിരക്കാതെ അവനു സമാധാനം വരില്ല.
“അവരൊക്കെ അവിടെ തിരക്കിലായിരിക്കും നിങ്ങളെന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്?”
മാളു സ്നേഹത്തോടെ അവനെ ശാസിക്കും.
ഈ പ്രവാസ ജീവിതത്തിൽ സ്നേഹിതരുടെ ശബ്ദം കേൾക്കുന്നതാണ് സുരേഷിന് ഏക ആശ്വാസം.
ഒരു ഞായറാഴ്ച്ച അവനും കുടുംബവും ബീച്ചിൽ പോയി.
അവന്റെ ഒരു സുഹൃത്തായ മനുവിനെ വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ അവൻ വീഡിയോ കാൾ വിളിച്ചു.
അവന്റെ സന്തോഷത്തിൽ മനുവും പങ്കെടുത്തു.
പെട്ടെന്നാണ് ഒരു വലിയ തിര വന്നു സുരേഷിന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു നടുക്കടലിലേക്ക് തിരിച്ചു പോയത്.
“സാരമില്ല നമുക്ക് ഒരു പുതിയ ഫോൺ മേടിക്കാം…”മാളു അവനെ അശ്വസിപ്പിച്ചു.
പെട്ടെന്നുണ്ടായ ഷോക്കിൽ മനുവിന് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു സുരേഷിന്റെ ഭയം.
അവർ ഒരു പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു.
പക്ഷെ പഴയ സിമ്മിലെ കോൺടാക്ട് റിക്കവറി ചെയ്യുവാൻ സാധിച്ചില്ല.
“എന്താണ് വെടി കൊണ്ട പന്നിയെപ്പോലെ നടക്കുന്നത്?…. എനിക്ക് മനസ്സിലായി കൂട്ടുകാരുടെ നമ്പരെല്ലാം കടലിൽ ഒലിച്ചു പോയി അല്ലെ?”മാളു അവനെ കളിയാക്കി.
“നമ്പർ പഴയത് തന്നെയല്ലേ… അവരുടെ കൈയ്യിൽ എന്റെ നമ്പർ ഉണ്ടെല്ലോ…’
അവൻ ആശ്വാസത്തോടെ പറഞ്ഞു.
“നിങ്ങൾക്കെന്താ വട്ടുണ്ടോ? അവർക്ക് വേറെ തിരക്കുണ്ട്…. നിങ്ങളുടെ നമ്പർ അവർ സേവ് ചെയ്തിട്ട് പോലും കാണില്ല…”
പക്ഷെ സുരേഷ് കാത്തിരുന്നു. മൂന്നാഴ്ച കഴിഞ്ഞിട്ടും ആരും വിളിച്ചില്ല…
എന്നാൽ മനു സുരേഷിനെ മറന്നില്ല… കൃത്യം മൂന്നാഴ്ച് കഴിഞ്ഞപ്പോൾ അവൻ സുരേഷിനെ വിളിച്ചു.
സുരേഷിന് ജോലിയിൽ തിരക്കായതുകൊണ്ട് അപ്പോൾ കാൾ അറ്റൻഡ് ചെയ്യുവാൻ സാധിച്ചില്ല.
“നീയല്ലേ പറഞ്ഞത്… ആരും എന്നെ വിളിക്കില്ല എന്ന്…. ഇന്ന് മനു വിളിച്ചിരുന്നു…”
സുരേഷ് വീട്ടിൽ ചെന്നപ്പോൾ തന്നെ മാളുവി നോട് പറഞ്ഞു.
അവളുടെ മുന്നിൽ വെച്ച് തന്നെ അവൻ സ്പീക്കർ ഫോൺ ഓൺ ചെയ്തു മുനുവിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചു.
“അളിയാ…. ഭാര്യയുടെ അനിയത്തിയുടെ കല്യാണമാണ്…. അർജെന്റായി ഒരു ഇരുപത്തി അയ്യായിരം രൂപ എനിക്ക് അയച്ചു തരണം….”
സുരേഷ് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ മനു പറഞ്ഞു.
സ്പീക്കർ ഓഫ് ചെയ്ത അവൻ മാളുവിന്റെ മുഖത്ത് നോക്കാതെ തന്നെ സ്വന്തം മുറിയിലേക്ക് പോയി.
“നീ ആ മനുവിനെ വിളിക്കാറില്ലേ….”
വൈകുന്നേരം വീഡിയോ കാൾ വിളിച്ചപ്പോൾ അമ്മ അവനോട് ചോദിച്ചു.
“എന്റെ ഫോൺ പോയതിനു മുൻപ് എന്നും വിളിക്കുമായിരുന്നു…. എന്താ അമ്മേ കാര്യം?”
“അല്ല….അവൻ ഇന്നലെ ഇവിടെ വന്നു നിന്റെ ഫോൺ നമ്പർ വാങ്ങിക്കൊണ്ട് പോയി…”
അമ്മ അധികം സംസാരിക്കുന്നതിനു മുൻപ് സുരേഷ് അടുക്കളയിലേക്ക് നടന്നു.. മാളുവിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു.
“ദേ മോൻ കാണും”
അവൾ അയാളെ തള്ളിമാറ്റുവാൻ ശ്രമിച്ചു.
“നിന്നെ ഞാൻ സ്നേഹിക്കുന്നത് അവൻ കാണട്ടെ. വലുതാകുമ്പോൾ വിവാഹം കഴിക്കുവാനും ഭാര്യയെ സ്നേഹിക്കുവാനും അവന് കഴിയണം.”
“ശ്ശോ ഈ മനുഷ്യന്റെ കാര്യം”