ആഡംബര ഹോട്ടൽ മുറിയിൽ അവളുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത വിധം ഒരു ശാന്തിയും സമാധാനവും അനുഭവിച്ചിരുന്നു ..
ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ടെങ്കിലും ‘വേദിക’ ഒരു പ്രത്യേക സ്ത്രീയാണെന്നയാൾക്കു തോന്നി…. അൽപ്പം ചാരനിറമുള്ള കണ്ണുകൾ …..അവളുടെ കണ്ണുകളിൽ നോക്കിയിരിക്കാൻ ഒരു പ്രത്യേക രസം തോന്നി അയാൾക്ക് ….
അവളുടെ കണ്ണുകളിൽ ശാന്തമായൊരു കടൽ അയാൾ കണ്ടു ….
അവൾ അയാളുടെ ശിരസിൽ പതിയെ തലോടിക്കൊണ്ടിരുന്നു… ആ മാന്ത്രിക സ്പർശത്തിൽ അയാളുടെ കണ്ണുകൾ താനെ അടഞ്ഞു പോകുന്നു… ശാന്തമായൊരു അനുഭൂതി …..നിർവൃതി ….
അവളോടൊപ്പം ഇങ്ങനെ അൽപ്പ സമയം ചിലപ്പോഴെങ്കിലും ചിലവഴിക്കുന്ന സമയത്താണയാൾ സമാധാനം എന്താണെന്നറിഞ്ഞിരുന്നത് …അവൾ ഒരു കൊച്ചു കുഞ്ഞിനെ പ്പോലെ അയാളെ ഉറക്കുകയാണ്…….
ചെറിയ രീതിയിൽ അവൾ പാടുന്നുണ്ടായിരുന്നു…അത് താരാട്ടു പാട്ടു
പോലെ അയാൾക്കനുഭവപ്പെട്ടു
അവൾക്കു മാത്രമായുള്ള ഒരു ഗന്ധമുണ്ടായിരുന്നു….
എരിക്കിൻ പൂവിന്റെ ഗന്ധമായിരുന്നു അതിന്…
ആ ഗന്ധം രാവുണ്ണിയെ പലപ്പോഴും ജീവിതത്തിൽ തളന്നുപോകുമ്പോൾ ഉണർത്താൻ പര്യാപ്തമായിരുന്നു ….
ഒരിക്കലും ആരെയും ഒരിക്കലും കുറ്റപ്പെടുത്താതെ കുറ്റപ്പെടുത്താതെ സംസാരിക്കുന്നവൾ…,
വരും നാളുകളെക്കുറിച്ചു പോസിറ്റീവായി മാത്രം സംസാരിക്കുന്നവൾ
യഥാർത്ഥത്തിൽ ഇവൾ ആരാണ്…?
രാവുണ്ണി സ്വയം അയാളോട് തന്നെ ചോദിച്ചു …
ആരാണിവൾ തനിക്ക്….
കാമുകിയെന്നു പറയാൻ കഴിയില്ല. ….സുഹൃത്ത് മാത്രമാണോ ..അതുമല്ല.
രാവുണ്ണി തിരിച്ചറിയുന്നു…
കാമുകിയ്ക്കും സുഹൃത്തിനുമപ്പുറത്തു മറ്റെന്തോ ആണിവൾ..
അന്ന് സന്ധ്യയിലാണ് വേദികയുമായി രാവുണ്ണി നടക്കാനിറങ്ങിയത്…
അവർ വെറുതെ കോഫി ഷോപ്പിലും നഗരത്തിലുമൊക്കെയായി നഗരത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു …..
പിന്നെ അവർ നേരെ പോയത് കടൽക്കരയിലേക്കായിരുന്നു ….
കടലിനെ കാറ്റിന് ഉപ്പു രസം…..
അവരെ തഴുകി കടന്നു പോയ ആ കാറ്റിന് അവളുടെ ശരീരത്തിന്റെ ഗന്ധം കൂടിയുണ്ടെന്നയാൾക്ക് തോന്നിയിരുന്നു …..
അവർ ഒരിടത്തു ഇരുന്നു ….
“ഹോ ..വിയർത്തു നന്നായിട്ട്….”-
അവൾ പറഞ്ഞു ….
“ നിന്റെ വിയർപ്പിന് ഒരു സുഗന്ധമുണ്ട് …ആ സുഗന്ധത്തിൽ ഞാൻ അലിഞ്ഞില്ലാതാവുന്നു പലപ്പോഴും….”-
അയാൾ പറഞ്ഞത് കേട്ട് അവൾ വെറുതെ ചിരിച്ചു
” ഞാൻ സന്യാസിനിയാകാൻ പോവുകയാണ് …”-
അവൾ അകലങ്ങളിലെ മടിച്ചു നടക്കുന്ന തിരമാലകളെ നോക്കി പറഞ്ഞു …
” സന്യാസിനിയോ …ഇപ്പോഴെയോ ..”
“അതെ , എനിക്ക് സമ്പാദിക്കുകയും വേണ്ട ഒന്നും വേണ്ട ….ഞാൻ ഇനിയുള്ള കാലം സർവ്വതും ദൈവത്തിനു വേണ്ടി സമർപ്പിക്കുകയാണ് …”-
അവൾ പതുക്കെ പറഞ്ഞു ….പക്ഷെ അതിൽ ഒരു വേദന ഒളിഞ്ഞിരിക്കുന്നതുപോലെ അയാൾക്ക് തോന്നി… അവളെ എന്തൊക്കെയോ വിഷമതകൾ അലട്ടുന്നതുപോലെ അയാൾക്ക് തോന്നിയിരുന്നു …..പരിചയപ്പെട്ട ഇന്നോളം അവരവരുടെ സ്വകാര്യ
വിഷയങ്ങൾ അവർ ഒരിക്കലും സംസാരിച്ചിരുന്നില്ല എന്നയാൾ അത്ഭുതത്തോടെ ഓർത്തു ..ഒരു പക്ഷെ , അതായിരിക്കണം ഇടവേളയിലെ സമാധാനത്തിന്റെ അവരുടെ രഹസ്യവും എന്നയാൾ കരുതി.
“ ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചിരിക്കുന്നതെതിനാണെന്നറിയാമോ … അവളോട് അയാൾ ചോദിച്ചു …
അതിനുത്തരം അവൾ പറഞ്ഞില്ല…
അപ്പോൾ അയാൾ തുടർന്നു…
“മനുഷ്യജന്മത്തിനു ഒരുപാട് ധർമ്മങ്ങളുണ്ട് …അത് നിർവഹിക്കാതെ എല്ലാം ത്വചിച്ചു ജീവിക്കുന്നതാണോ യഥാർത്ഥ സന്യാസം ….”-
ജീവിതത്തിലെ യാത്രയിൽ മറ്റുള്ളവർക്ക് കൈത്താങ്ങാകാൻ പറ്റുമെങ്കിൽ അങ്ങനെ …….പരമാവധി ആരെയും ഉപദ്രവുക്കാതിരിക്കാൻ ശ്രമിക്കുക … മറ്റുള്ളവരെ നമ്മുടെ സന്തോഷങ്ങളിൽ പങ്കാളികളാക്കുക ഇതൊക്കെയല്ലേ യഥാർത്ഥ സന്യാസം …”-
“ നമുക്ക് ദൈവം ഒരു നല്ല സൗന്ദര്യമുള്ള ശരീരവും മനസും തന്നു ഭൂമിയിലേക്ക് വിട്ടിരിക്കുന്നതിനു ഒരു പാട് അർത്ഥങ്ങളുണ്ട് …അത് മനസിലാക്കാതെ വെറും കാവിയും പുതച്ചു സന്യാസിനിയാണെന്നു പറഞ്ഞാൽ അതാകില്ല…. “-
അവൾ മറുത്തൊന്നും പറയാതെ അയാളുടെ മുഖത്തേക്ക് നോക്കി…
രാവുണ്ണി തുടർന്നു …
പരസ്പരം സ്നേഹിക്കാൻ …..
ചുറ്റുപാടുകളെ അനുകൂലമാക്കുവാൻ …
വെല്ലുവിളികളെ നേരിടാൻ …
പ്രണയിക്കുവാനും , കാമിക്കുവാനും ഉലകം മുഴുവൻ ചുറ്റിനടന്നു കാണുവാനും ഉള്ളതാണ് ജീവിതം ……… നല്ല സുഹൃത്തുക്കൾ ….അവരോടൊന്നിച്ചുള്ള യാത്രകൾ …..
നല്ല കാഴ്ചകൾ …..
ഭൂമിയിലുള്ളതെല്ലാം അവഗണിച്ചു നമ്മൾ കണ്ണടച്ച് ഇരുട്ടാക്കി ഒന്നും ഉപഗോഗിക്കാതെ ..മരിച്ചു മണ്ണടിഞ്ഞു കഴിയുമ്പോൾ ദൈവം ചോദിയ്ക്കാൻ സാധ്യതയുള്ള ഒരു ചോദ്യം അവശേഷിക്കും ….
“എന്ത് കൊണ്ട് അനുവദിച്ചു തന്ന സൗഭാഗ്യങ്ങൾ… ആനന്ദങ്ങൾ നീ സ്വയം ഇല്ലാതാക്കിയെന്ന്….”-
“ അത് കൊണ്ട് , ജീവിതം ഏറ്റവും നന്നായി ആരിലും സങ്കടവും വിദ്വേഷവും ഉണ്ടാക്കാതെ ജീവിക്കുന്ന അർത്ഥമുള്ള ജീവിതമാണ് ഏറ്റവും നല്ല സന്യാസം ….”-
അയാൾ പറഞ്ഞു നിർത്തി .
ദേവികയുടെ കൂടെ നടന്നു താൻ പോസിറ്റീവായി ചിന്തിക്കാൻ പഠിച്ചിരിക്കുന്നു ….അയാളോർത്തു ….
അയാൾ അവളെ പാളി നോക്കി …അവളുടെ മുഖം ശാന്തമായിരിക്കുന്നു….
എന്നും തനിക്ക് ആശ്വാസമായവളെ ഒരിക്കലെങ്കിലും തനിക്ക് സമാധാനം നൽകാൻ കഴിഞ്ഞല്ലോ എന്നോർത്തയാൾ സന്തോഷിച്ചു ….
അവൾ അകലെ കടലിൽ പൊങ്ങിമറിയുന്ന തിരമാലകളെ നോക്കി
…അവയും സന്തോഷിക്കുകയാവും…
പിന്നെ അവൾ എഴുന്നേറ്റു ദേഹത്ത് പറ്റിയ മണൽത്തരികൾ തൂത്തു കളഞ്ഞു …
അയാളെയും എഴുന്നേൽപ്പിച്ചു …
കടൽ തിരയിലൂടെ അവർ കൈകോർത്തു നടന്നു…..
കുറേക്കഴിഞ്ഞു അയാളോട് യാത്ര പറഞ്ഞവൾ നടന്നകന്നു….
അപ്പോൾ വീശിയ കാറ്റിൽ അവളുടെ ശരീരത്തിന്റെ മണമുണ്ടായിരുന്നു……എരിക്കിൻ പൂവിന്റെ മണം……
About The Author
No related posts.