ഭാര്യയുടെയും മക്കളുടെയും നിർബന്ധവും കളിയാക്കലും സഹിക്കാൻ കഴിയാതായപ്പോഴാണ് മാനു ആ തീരുമാനമെടുത്തത്.
ഇനി നോക്കിയിട്ട് കാര്യമില്ല. ഒരു കാറ് വാങ്ങുക തന്നെ.
അതിന് മുന്നോടിയായി ആദ്യം ഡ്രൈവിംഗ് പഠിക്കണം.
സ്വന്തമായൊരു ചെങ്കൽ ക്വാറി നടത്തുകയാണ് മാനു .
അത്യാഡംബരത്തിനൊന്നുമില്ലെങ്കിലും തരക്കേടില്ലാത്ത വരുമാനമുണ്ടവന് .
മക്കളുടെ കൂട്ടുകാരുടെ വീട്ടിലൊക്കെ നാലു ചക്രവാഹനങ്ങളുണ്ട്.
ഭാര്യയുടെ കൂട്ടുകാരുടെ കാര്യവും അങ്ങനെ തന്നെ.
തനിക്കുള്ളത് ഒരു ബൈക്കാണ്.
സത്യം പറഞ്ഞാൽ കാറ് വാങ്ങാൻ കഴിവില്ലാഞ്ഞിട്ടല്ല. കാറോടിക്കാൻ മാനുവിന് ഭയങ്കര പേടിയാണ്.
ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
മക്കളുടെ കളിയാക്കലാണിപ്പോൾ അതിലേറെ അവന് പേടി.
ഭാര്യയാണെങ്കിൽ തീരെ സ്വൈരം തരുന്നു മില്ല.
അങ്ങനെയാണ് സ്വന്തമായി ജീപ്പുള്ള സൈദിനെ മാനു സമീപിച്ചത്.
“സൈദേ..
യെടാ ഞാനൊര്
കാറ് മാങ്ങാൻ
തീരുമാനിച്ചു.
അയ്ന് ജ്ജ് ഞ്ഞ്യൊന്ന് സഹായിച്ചണം.”
“അയ്നെന്താ
മാന്വോ.
അൻ്റേക്കെ ഇശ്റ്റം പോലെ കായില്ലേ…?
ജ്ജ് മാങ്ങിക്കോ.. അയ്നെന്തിനാ അൻക്ക് ഞ്ചെ സഹായം? ”
” കാറ് മാങ്ങണങ്കി
ഡ്രൈവിംഗ് പട്ച്ചണ്ടേ..? ഇനിക്കതറീലല്ലോ …
അയ്നാണ് ഇനിക്ക് അൻ്റെ സഹായം.”
“അദ് ഞാൻ പടിപ്പിച്ച് തെര. അയ്ന് ജ്ജ് ബേജാറാകണ്ട.”
അങ്ങനെ ഡ്രൈവിംഗ് പഠനം തുടങ്ങി.
ഒന്നാം ദിവസം.
സൈദിൻ്റെ വീട്ടിലേക്ക് പത്തടി വീതിയിൽ
ഒരു കോൺക്രീറ്റ് റോഡാണ്.
ഇരുവശവും മതിൽ കെട്ടിത്തിരിച്ചിരിക്കുന്ന വീടുകൾ.
മാനുവാണ് ഡ്രൈവിംഗ് സീറ്റിൽ.
” ഇത് ഫസ്റ്റ് .
ഇദ് സെക്കൻ്റ് .
ഇത് തേഡ്.
ഇത് റിവേയ്സ്.
ഇത് ന്യൂട്ര്.
മൻസിലായോ ..?”
സൈദ്,
മാനുവിനെ ഗിയറുകൾ പഠിപ്പിക്കുകയാണ്.
മാനു തലയാട്ടി.
“ന്നാ ഞ്ഞി
ആദ്യം ക്ലച്ച് ചവ്ട്ടി ,
വണ്ടി
ന്യൂട്രാക്കി ചാട്ടൾക്ക്.”
മാനു വണ്ടി സ്റ്റാർട്ട് ചെയ്തു.
“ക്ലച്ച്, അമർത്തിച്ചവിട്ടീങ്ങാണ്ട് ബെല്ലെ
ഫസ്റ്റ്ക്ക് ഇട്. ”
സൈദിൻെറ നിർദ്ദേശമനുസരിച്ച് മാനു ഗിയർ ഫസ്റ്റിലേക്കിട്ടു.
“ഞ്ഞി.. ബെല്ലെ.. വളരെ പദ്ക്കെ
ക്ലച്ച്മ്മന്ന് കാല്ട്ത്ത് ആക്സിലേറ്ററ് കൊട്ക്ക്.”
സൈദിൻ്റെ നിർദ്ദേശം.
മാനുവിൻ്റെ
മനസ്സിൽ സൈദിൻ്റെ ആ നിർദ്ദേശം അക്ഷരംപ്രതി അനുസരിക്കണമെന്ന് തന്നെയായിരുന്നു.
പക്ഷെ, വെപ്രാളത്തിൽ അവൻ്റെ കൈകൾക്കും കാലുകൾക്കും
വേഗത കുറച്ച് കൂടിപ്പോയി.
ഗിയർ മാറ്റലും ക്ലച്ചിൽ നിന്ന് കാലെടുക്കലും ആക്സിലേറ്റർ കൊടുക്കലും ഒരുമിച്ചായിപ്പോയി.
വണ്ടി സൈദിൻ്റെ അയൽവാസി മജീദിൻ്റെ മതിൽ ലക്ഷ്യമാക്കി ഒരു കുതിരയെപ്പോലെ കുതിച്ചു ചാടി.
“പ്ധോ…!!”
മതിലിൻ്റെ ഒരു ഭാഗം പൊളിഞ്ഞു വീണു.
ശബ്ദം കേട്ട് നാല് ഭാഗത്തു നിന്നും ആളുകൾ ഓടിക്കൂടി.
വീടിനകത്ത് നിന്ന് മജീദ് ഓടിയിറങ്ങി വന്നു.
“എത്താ മാന്വോ
ഇജ്ജീ കാട്ടീക്ക്ണ്.?”
മജീദ് ദേഷ്യത്തോടെ ചോദിച്ചു.
“മജ്യേ..
ഞ്ചേക്കെ പറ്റിപ്പോയി.
വണ്ടി ഇട്ത്തത് കൊറച്ച്
ഏറിപ്പോയി .”
മാനു ജാള്യത നിറഞ്ഞ മുഖത്തോടെ ക്ഷമാപണം നടത്തി.
“ഞ്ഞി എന്താപ്പൊ കാട്ട്വാ…?”
“ഒന്നും കാട്ടാന്ല്ല .
ഇച്ച് പൊളിഞ്ഞെ
ആ മതിലിൻ്റെ കായി ജ്ജ്ങ്ങട്ട് തന്നാ മതി. അല്ലെങ്കിലും
സ്ലോട്ടർ മരത്തിന് വളമ ഇട്ട്ട്ട് എന്താപ്പഞ്ഞി കാര്യം..?
ഈ പ്രായത്തിലാപ്പൊ
മാന്വോജ്ജ് ഡ്രൈവിംഗ്
പട്ച്ച്ണത് .?”
മജീദ് നല്ല ദേഷ്യത്തിലാണെന്ന് മാത്രമല്ല മാനു ഡ്രൈവിംഗ് പഠിക്കുന്നത് മജീദിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടുമില്ല.
“അദ് പോട്ടെ മജ്യേ .
കായി മാനു തെരും. ഓന് ഒരബദ്ധം പറ്റ്യേതല്ലേ….?”
സൈദ് മജീദിനെ തണുപ്പിച്ചു.
അങ്ങനെ നാട്ടു മധ്യസ്ഥതയിൽ ഒരു സംഖ്യ പറഞ്ഞ് മതിലിന് നഷ്ടപരിഹാരമായി ആ തുക മാനു മജീദിനെ ഏൽപ്പിച്ചു.
അങ്ങനെ അന്നത്തെ ഡ്രൈവിംഗ് പഠനം അവസാനിച്ചു.
പിറ്റേന്ന് രാവിലെ.
ഡ്രൈവിംഗ് പഠനം രണ്ടാം ദിവസം.
മെയിൻറോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച് വെട്ടിച്ച് വെപ്രാളത്തോടെ വണ്ടിയോടിച്ച് വരികയാണ് മാനു .
നിർദ്ദേശങ്ങളുമായി തൊട്ടടുത്ത്
സൈദുമുണ്ട്.
” യെത്തിനാ മാന്വോ ജ്ജ്ങ്ങനെ വണ്ടി വെട്ടിച്ച്ണ്. ?”
” പെരുംകുണ്ട് ണ്ടെയ്. കണ്ട്ലേജ്ജ് …?”
“ഔ..
ന്നെട്ട് ഇങ്ങനെ വെട്ടിച്ചിട്ടും
ഒറ്റക്കുണ്ടും ജ്ജ്
ഒയ് വാക്ക്ണ്ല്ലല്ലോ? എല്ലാ കുണ്ട്ലും
ചാട്ണ് ണ്ടല്ലോ ഞമ്മളെ വണ്ടി.?”
“അതാക്ക്ണ്
വല്ല്യോര് കുണ്ട്..!”
പെട്ടെന്ന് സൈദ് ഒരു വലിയ കുഴി കാണിച്ചതും മാനു വണ്ടി വെട്ടിച്ചതും ഒരുമിച്ചായിരുന്നു. വണ്ടി നിയന്ത്രണം വിട്ട് ഹമീദാജിയുടെ മതിലിലേക്ക് ഇടിച്ചു കയറി.
“ബ്ധോം … ”
ഹമീദാജിയുടെ മതിലിൻ്റെ ഒരു വശം തകർന്നു വീണു.
കട്ടൻ ചായയും കുടിച്ച് സിറ്റൗട്ടിലിരിക്കുന്ന ഹമീദാജി ഭയന്നു പോയി.
ആളുകൾ അവിടെയും ഓടിക്കൂടി.
ഇനിയെന്തു ചെയ്യും എന്ന ഭാവത്തിൽ മാനു സൈദിനെ നോക്കി.
“നോക്കീറ്റ് കാര്യല്ല
മാന്വോ .
മതിലിൻ്റെ കായി കൊട്ക്ക്വെന്നെ.”
മധ്യസ്ഥൻമാരുടെ ചർച്ചയിൽ ഉരുത്തിരിഞ്ഞ ഒരു സംഖ്യ അവിടെയും പ്രശ്നപരിഹാരമായി.
അന്ന്
ഉച്ചക്ക് ശേഷം .
“പൊന്നാരഞ്ചെ
മാന്വോ …
ജ്ജെന്തിനാ
ഇങ്ങനെ വെരഗ്ണ്.?
ആ സ്റ്റാരിങ്ങ്മ്മെ അങ്ങനെ കെട്ടി മർഞ്ഞ് ബെലം പുട്ച്ചണ്ട…!!”
“ആ ഗീറ് അങ്ങനെ അളക്കിപ്പറ്ച്ചല്ലേ
മാന്വോ .
അത് ബെല്ലെ മാറ്റ്യാ മദിജ്ജെയ്.. ”
അങ്ങനെ സൈദിൻ്റെ കർശനമായ ശിക്ഷണത്തിൽ
ഡ്രൈവിംഗിൻ്റെ ഒരു വിധം ബാലപാഠങ്ങൾ മാനു പഠിച്ചു.
വളരെ ഭംഗിയായി ജീപ്പ് ഓടിച്ചു വരികയാണ് മാനു .
പെട്ടെന്നാണ് വഴിയരികിൽ കെട്ടിയിരുന്ന കുഞ്ഞാപ്പാൻ്റെ പോത്ത് വിറളി പിടിച്ച് ജീപ്പിന് മുന്നിലേക്ക് ചാടിയത്.
പോത്തിനെ രക്ഷിക്കാനുള്ള മാനുവിൻ്റെ ശ്രമം ബീരാനിക്കയുടെ പുതിയ മതിലാണ് തകർത്തത്.
സ്വാഭാവികമായും അവിടെയും ആളുകൾ കൂടി .
” അല്ല മാന്വോ
യെന്താപ്പോ
അൻ്റെ തീര്മാനം.?”
എളിയിൽ കയ്യും കുത്തി പൊളിഞ്ഞ് വീണ മതിലിലേക്കും നോക്കി വിഷണ്ണനായി നിൽക്കുന്ന മാനുവിനോട് ബീരാനിക്ക ചോദിച്ചു.
“ബീരാക്കാ…
ഞാനൊന്നും പറീണ് ല്ല.
ഞ്ചേക്കെ പറ്റ്യെ
പാൾട്ടാണല്ലോ.?
ങ്ങള് പറീം.
ഞാനെന്താ ചെയ്യണ്ട്യേദ് …?
എന്താപ്പൊ ഞാം ങ്ങക്ക് തെരണ്ട്യേത്..?”
ബീരാനിക്ക പൊളിഞ്ഞ് വീണ് കിടക്കുന്ന മതിലിലേക്ക് മൊത്തം ഒന്ന് കണ്ണോടിച്ച് നോക്കി.
എന്നിട്ട് പറഞ്ഞു.
“മാന്വോ .
ഞാം
ഞ്ഞിപ്പൊ അന്നോട് അങ്ങട്ടും ഇങ്ങട്ടും ഒന്നും പറീണ്ല്ല.
ജ്ജ്പ്പൊ യിന്നും
ഇന്നലീം ആയിറ്റ് മൂന്നാമത്തെ മദിലാണല്ലോ
ഈ
പൊൾച്ച്ണദ്.?
ഒര് മദില് പൊൾച്ചാ അൻ്റെക്കെ എത്തരേപ്പൊ റെയ്റ്റ്..?
യെല്ലാര്ക്കും കൊട്ക്ക്ണദ് ഇജ്ജ് ഇന്ക്കും തന്നള .!!
ന്ത്യേയ്..?”
മതില് പൊളിച്ചതിന് ഫിക്സ്ഡ് റേറ്റ് ചോദിച്ച ബീരാനിക്കയുടെ മുഖത്തേക്ക് ദയനീയമായി നോക്കി നിൽക്കുന്ന മാനുവിൻ്റെ മുഖം കണ്ട സൈദിന് ഉള്ളിൽ ചിരി പൊട്ടി.
സാക്കിർ – സാക്കി
നിലമ്പൂർ
About The Author
No related posts.